കട്ടക്കയത്തിൽ ചെറിയാൻ മാപ്പിള‍

ക്രൈസ്തവകാളിദാസൻ എന്നറിയപ്പെടുന്ന മലയാളമഹാകവിയാണ്‌ കട്ടക്കയം ചെറിയാൻ മാപ്പിള. അദ്ദേഹത്തിന്റെ ശ്രീയേശുവിജയം മഹാകാവ്യം മലയാളത്തിലെ മഹാകാവ്യങ്ങളുടെ കൂട്ടത്തിൽ മുഖ്യസ്ഥാനമുള്ളതാണ്.


കോട്ടയം ജില്ലയിലെ പാലായിൽ‌ 1859 ഫെബ്രുവരി 24 ന് ചെറിയാൻ മാപ്പിള ജനിച്ചു. പിതാവ്‌ കട്ടക്കയം ഉലഹൻ‌ മാപ്പിള. മാതാവ്‌ സിസിലി. പ്രാഥമിക പഠനം എഴുത്തുകളരിയിൽ‌ നിന്നും പൂർ‌ത്തിയാക്കിയ അദ്ദേഹം സംസ്‌കൃതത്തിലും വൈദ്യശാസ്ത്രത്തിലും അറിവുനേടിയിരുന്നു. അമരകോശം, രഘുവംശം, നൈഷധം, മാഘം തുടങ്ങിയ മഹാകൃതികളും സഹസ്രയോഗം, അഷ്‌ടാം‌ഗഹൃദയം തുടങ്ങിയ വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളും അദ്ദേഹം ഹൃദിസ്ഥമാക്കിയിരുന്നു. ലാളിത്യവും വിനയവും മുഖമുദ്രയാക്കി, ക്രൈസ്തവമൂല്യങ്ങളിലധിഷ്‌ഠിതമായൊരു ജീവിത രീതിയായിരുന്നു അദ്ദേഹത്തിന്റേത്. നാട്ടുനടപ്പനുസരിച്ച് 17-മത്തെ വയസ്സിൽ‌ കൂടച്ചിറവീട്ടിൽ‌ മറിയാമ്മയെ വിവാഹം ചെയ്തു. പിതാവിന്റെ അകാലമരണത്തേ തുടർ‌ന്ന് വളരെ ചെറുപ്പത്തിൽ‌ തന്നെ കുടുംബത്തിന്റെ ചുമതല ഏറ്റെടുക്കേണ്ടി വന്നു. സത്യനാദകാഹളം, ദീപിക, മലയാളമനോരമ തുടങ്ങിയ പത്രങ്ങളിൽ‌ നിരവധി കവിതകൾ‌ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. കേരളവർ‌മ്മ വലിയ കോയിത്തമ്പുരാനെ പോലെയുള്ള സാഹിത്യപ്രമുഖരുമായി നല്ല ബന്ധം പുലർ‌ത്തിപ്പോന്നിരുന്നു. 1913 -ഇൽ തുടങ്ങിയ വിജ്ഞാനരത്നാകരം എന്ന സാഹിത്യമാസികയുടെ പത്രാധിപരായി സേവനമനുഷ്‌ഠിച്ചു. മീനച്ചിൽ റബർ കമ്പനി എന്നപേരിൽ ഒരു റബർ വ്യാപാരസ്ഥാപനം തുടങ്ങന്നതിൽ അദ്ദേഹം മുഖ്യപങ്കു വഹിച്ചു. 1936 നവംബർ‌ 29 ന് അന്തരിച്ചു.

പ്രധാനകൃതികൾ

കവിതകൾ

  1. ശ്രീയേശുവിജയം - 1911-1926
  2. എസ്തേർചരിതം
  3. മാർത്തോമാചരിതം - 1908
  4. വനിതാമണി - 1915
  5. സൂസന്ന - 1928
  6. മാത്തുതരകൻ - 1924
  7. തിരഞ്ഞെടുക്കപ്പെട്ട പാത്രം - 1926
  8. ആസന്നമരണചിന്താശതകം - 1895
  9. ജൂസേഭക്തൻ - 1880

നാടകങ്ങൾ

  1. യൂദജീവേശ്വരി - 1890
  2. വില്ലാൾവട്ടം - 1894
  3. ഒലിവേർവിജയം - 1897
  4. സാറാവിവാഹം - 1902
  5. കലാവതി - 1903

ജീവചരിത്രം

  1. കട്ടക്കയം ചെറിയാൻ മാപ്പിള - ഡോ. കുരുവിള മനയാനി (D. Kuruvilla Manayani), 1955