സ്കൂൾ ഓർമക്കുറിപ്പ്: ഒരു തിരിഞ്ഞു നോട്ടം

ഞാൻ രാജീവ് ഗാന്ധി മെമ്മോറിയൽ സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് ഞങ്ങൾ മാത്രമല്ല, സ്കൂളും ഒരു കുട്ടിയായിരുന്നു. 10 വയസ്സ് പോലും പ്രായമില്ലാത്ത ഒരു കുട്ടി. ഞങ്ങളും വളർന്നു, സ്കൂളും വളർന്നു. ഒരുപാട് ഓ൪മകൾ സമ്മാനിച്ച വിദ്യാലയം. രാവിലെ എണീറ്റ് കുളിച്ച് ഉണങ്ങാത്ത മുടി രണ്ടു ഭാഗവും പിന്നി, മടക്കി കെട്ടി വയ്ക്കുന്നതി൯െറ ബുദ്ധിമുട്ട് നിങ്ങൾ ക്കറിയാമോ? എനിക്കറിയാം. എന്നാൽ അതൊന്നു൦ ഒന്നുമല്ല. ഓരോ ദിവസവും രാവിലെ സ്കൂളിലും തിരിച്ച് വൈകുന്നേരം വീട്ടിലും എത്തുക എന്നുള്ളതായിരുന്നു ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം. ഗുസ്തി മത്സരത്തിനു പോകുന്നതു പോലെ ഇടിയും ചവിട്ടും കുത്തും വഴക്കും കിട്ടാനും കൊടുക്കാനും തയ്യാറായിട്ടു വേണം ബസ്സിൽ കയറാൻ. ഇന്ന് സ്കൂൾ ബസ്സിൽ പോകുന്ന കുട്ടികളൊക്കെ ഭാഗ്യവാന്മാർ. പ൦ിത്തവും പരീക്ഷകളും ഒക്കെ വളരെ ഗൌരവമായി എടുത്ത ആളായിരുന്നു ഞാൻ. പഠിക്കാനുള്ളതൊക്കെ സ്കൂളിൽ വെച്ചു തന്നെ പഠിക്കുക എന്നുള്ളതായിരുന്നു എന്റെയൊരു നയം. വീട്ടിൽ ചെന്നു പ്രത്യേകിച്ച് പ൦ിത്തമൊന്നുമില്ല. പത്താം ക്ലാസിലെ കണക്ക് പരീക്ഷയിൽ ഒരു മാർക്ക് കുറഞ്ഞതിന് നിലവിളിച്ചു കരഞ്ഞ എന്നെ ഞാനിന്ന് വളരെ ജാള്യതയോടെ സ്മരിക്കുന്നു. സ്കൂളിലെ പ്രാർത്ഥന ഗ്രൂപ്പിലെ മൂന്നു പേരിൽ ഒരാളായിരുന്നു ഞാൻ. 2 പ്രാർത്ഥന കൊണ്ട് 3 കൊല്ലം തള്ളി നീക്കി, എല്ലാവരേയും വെറുപ്പിച്ച ഞങ്ങളുടെ കഴിവ് എടുത്തു പറയാതെ വയ്യ ഈ സ്കൂളിലെ എന്റെ ഓർമകളിൽ കൂടുതലും യുവജനോത്സവം, ശാസ്ത്ര ഗണിതശാസ്ത്ര മേളകൾ ഇതെല്ലാമാണ്. കലോത്സവ സീസൺ തുടങ്ങിയാൽ പിന്നെ സുഖമാണ്. പഠിത്തം എന്നൊരു പരിപാടിയില്ല. വല്ലപ്പോഴും ക്ലാസ്സിൽ കയറിയാലായി. ഫുൾ ടൈം പരിശീലനമാണ്. വല്ല ക്ലാസ്സ് പരീക്ഷയും ഉണ്ടെങ്കിൽ അത് മനപൂർവ്വം ഒഴിവാക്കാനുള്ള ഒരു സൂത്രവും കൂടിയായിരുന്നു ഇത് എന്ന രഹസ്യം ഇപ്പോൾ വെളിപ്പെടുത്തട്ടെ. എന്തൊക്കെയായാലും ഒരുപാട് മത്സരങ്ങളിൽ ഈ വിദ്യാലയത്തെ പ്രതിനിധീകരിക്കാനും, കലാതിലകം ആകാനും, മറ്റ് അംഗീകാരങ്ങൾ നേടാനും കഴിഞ്ഞത് എളിമയോടെ ഓർക്കുന്നു. സ്കൂളിനെ പറ്റി പറയുമ്പോൾ മറക്കാൻ പറ്റാത്ത കുറേപേരുണ്ട്. ചിരിക്കാനും കരയാനും കൂടെ നിന്ന കൂട്ടുകാർ, സ്നേഹവും വാത്സല്യവും അറിവും (ചിലപ്പോൾ അടിയും) വാരിക്കോരി തന്ന അധ്യാപക൪. കൃഷ്ണൻ മാഷും, സുധി മാഷും, പ്രേമദാസൻ മാഷും, രമേശൻ മാഷും പോലെ അനേകം പേർ. പേരുകൾ പറഞ്ഞാൽ പേജുകൾ നിറയും. എല്ലാവരേയും നന്ദിയോടെ സ്മരിക്കുന്നു.=ഇന്നും ഒരു കുട്ടിയുടെ അതേ ആവേശത്തോടെ ഈ സ്കൂൾ എല്ലാത്തിലും മുന്നിട്ടു നിൽക്കുന്നത് കാണുമ്പോൾ മനസ്സിൽ സന്തോഷവും അഭിമാനവും. എന്റെ വിദ്യാലയത്തിന്റെ പേരും പ്രശസ്തിയും ഇനിയുമിനിയും ഉയരങ്ങളിലെത്തട്ടെ എന്ന പ്രാർത്ഥനയോടെ ഒരു പൂർവ്വ വിദ്യാർത്ഥി. ഐശ്വര്യ മുകുന്ദൻ (സോഫ്റ്റ് വെയർ എൻജിനീയർ)

"https://schoolwiki.in/index.php?title=ഒരു_തിരിഞ്ഞു_നോട്ടം&oldid=1968349" എന്ന താളിൽനിന്ന് ശേഖരിച്ചത്