Schoolwiki സംരംഭത്തിൽ നിന്ന്
മലയാളി മറക്കുന്ന ശുചിത്വശീലങ്ങൾ
മലയാളികൾ ശുചിത്വത്തിൽ വളരെ മുന്നിലാണ് എന്നാണ് പൊതുവെ കരുതപ്പെടുന്നത് .എന്നാൽ വ്യക്തിശുചിത്വത്തിന്റെ കാര്യത്തിൽ മാത്രമേ മലയാളി അല്പമെങ്കിലും ശ്രദ്ധ ചെലുത്തുന്നുള്ളു എന്നതാണ് സത്യം .നാം മനസ്സിലാക്കേണ്ട ആദ്യത്തെ കാര്യം ശുചിത്വം വ്യക്തിതലത്തിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല എന്നതാണ് .ഈ അവബോധമില്ലാത്തത് കൊണ്ടാണ് സ്വന്തം വീട്ടിലെ ഏതു ചവറും പൊതുസ്ഥലത്തും , എന്തിന് , ജലസ്രോതസ്സുകളിൽ പോലും തള്ളാൻ നാം മടിക്കാത്തത് .ഒരു പ്രളയത്തോടെ എങ്കിലും നാം പഠിക്കും എന്ന് കരുതിയവരുടെ പ്രതീക്ഷകളെ കാറ്റിൽ പറത്തി അടിഞ്ഞുകൂടിയ മാലിന്യങ്ങൾ വീണ്ടും നദികളിൽ തള്ളിയ നമ്മുക്ക് എങ്ങനെ സാക്ഷരർ എന്ന് അഭിമാനിക്കാനാവും ?
മലയാളി മറന്നു തുടങ്ങിയ ശുചിത്വപാഠങ്ങളെ ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു ഈ കൊറോണക്കാലം . രണ്ടു നേരം തേച്ചു കുളിച്ചിരുന്നവനെ 'നാടൻ ' എന്ന് പുച്ഛിക്കുന്ന ന്യൂ ജൻ 'ഫ്രീക്കന്മാരും ', ജലവും മണ്ണും വായുവും മലിനമാക്കുന്ന വൻ വ്യവസായശാലകളുടെ ഉടമകളും ,'കാവ് തീണ്ടരുത്' എന്നു പറഞ്ഞ കാരണവന്മാരെ അന്ധവിശ്വാസികളായി മുദ്ര കുത്തിയവരും മാറി ചിന്തിക്കേണ്ടിയിരിക്കുന്നു .കൈകൾ കഴുകുക ,മുഖം മറച്ചു ചുമയ്ക്കുക , പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക , രണ്ടു നേരം കുളിക്കുക ,എന്നിങ്ങനെ വ്യക്തിശുചിത്വത്തിന്റെ ബാലപാഠങ്ങൾ കൊറോണ വൈറസ് നമ്മെ വീണ്ടും പഠിപ്പിക്കുകയാണ് .
ഗംഗാ നദിയിലെയും ബ്രഹ്മപുത്രയിലെയും ജലം തെളിയാൻ കോടികളുടെ പദ്ധതികൾ വേണ്ട എന്നും ,ഡൽഹിയിലെ വായുമലിനീകരണം കുറയ്ക്കാൻ നൂതന സാങ്കേതികവിദ്യകൾ തേടേണ്ട എന്നും ,മറിച് ,വ്യവസായശാലകളും പൊതുജനങ്ങളും ഒന്ന് മനസ്സുവെച്ചാൽ മതിയെന്നും കാലം ഇപ്പോൾ തെളിയിച്ചു കഴിഞ്ഞു .പരിസരശുചിത്വം പാലിക്കാൻ നാം ആദ്യം ചെയ്യേണ്ടത് മലിനീകരണം കുറയ്ക്കുക എന്നതാണ് .അതിനായി നാം ഉപഭോഗം കുറയ്ക്കണം .
പുനരുപയോഗം വർധിപ്പിക്കണം .മാലിന്യം ശരിയായ രീതിയിൽ നിർമാർജനം ചെയ്യണം .ജൈവമാലിന്യങ്ങൾ വളമാക്കി മാറ്റുക വഴി രാസവളങ്ങളുടെ ഉപയോഗം കുറയ്ക്കാനും അങ്ങനെ പരിസ്ഥിതി മലിനീകരണം കുറക്കാനും സാധിക്കും .വാഹങ്ങളുടെ പുകപരിശോധന കർശനമായി നടപ്പാക്കണം .ഫാക്ടറികളിൽ നിന്നും പുറന്തള്ളുന്ന മാലിന്യം പ്രകൃതിയിലേക്ക് തുറന്നുവിടും മുൻപ് ശരിയായി സംസ്കരിക്കണം .ആവശ്യമെങ്കിൽ പുതിയ നിയമസംവിധാനങ്ങൾ കൊണ്ടുവരികയും നിലവിൽ ഉള്ളത് നടപ്പാക്കുകയും വേണം .പഞ്ചായത്ത് തലത്തിൽ പ്രവർത്തനങ്ങൾ കൂടുതൽ ഉർജ്ജിതമാക്കുകയും വേണം .
ഇന്നത്തെ ഈ സാഹചര്യത്തിൽ രാപകലില്ലാതെ, നമ്മുക്ക് വേണ്ടി സ്വന്തം ജീവൻ പണയപ്പെടുത്തി പ്രവർത്തിക്കുന്ന ഡോക്ടർമാർക്കും, നഴ്‌സ്മാർക്കും, ആശുപത്രി ജീവനക്കാർക്കും, ആരോഗ്യപ്രവർത്തകർക്കും, പോലീസുകാർക്കും ,മറ്റ് ആവശ്യ സേവനങ്ങൾ നല്കുന്നവർക്കും, സർവോപരി കേരള സർക്കാരിനും നന്ദി പറയാൻ വാക്കുകളില്ല . അതേ സമയം ഭാവിയിൽ ഇതിലും ഭയാനകമായ സാംക്രമിക രോഗങ്ങൾ ഉണ്ടാകാതിരിക്കാൻ , ശുദ്ധജലവും ശുദ്ധവായുവും യഥേഷ്ടം ലഭിക്കുന്ന ആരോഗ്യകരമായ ഒരു ജീവിതസാഹചര്യം പുതുതലമുറയ്ക്ക് സമ്മാനിക്കാൻ ,ശുചിത്വം -വ്യക്തിതലത്തിലും സാമൂഹ്യതലത്തിലും - നമ്മുക്ക് പാലിക്കാം .
തട്ടിൻപുറത്തെവിടെയോ പൊടിപിടിച്ചു കിടക്കുന്ന ഓട്ടുകിണ്ടിക്കൊപ്പം ഇനിയും ചിതലരിച്ചിട്ടിലാത്ത പഴമയുടെ ചില നല്ല പാഠങ്ങളും മാറാല പിടിച്ചു തുടങ്ങിയ ചില നല്ല ശീലങ്ങളും നമ്മുക്ക് വീണ്ടെടുക്കാം .
ഈ കാലവും കടന്നുപോകും ....നാം വീണ്ടും അതിജീവിക്കും ...എങ്കിലും ഈ ലോക്ക്ഡൗൺ പഠിപ്പിച്ച ചില ജീവിതപാഠങ്ങൾ നമ്മുക്ക് എന്നും ഓർത്തു വെക്കാം ...
സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 12/ 12/ 2023 >> രചനാവിഭാഗം - ലേഖനം
|