എ യു പി എസ് പി സി പാലം/അക്ഷരവൃക്ഷം/പരിസ്ഥിതി, ശുചിത്വം, രോഗ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്‌ഥിതി, ശുചിത്വം, രോഗ പ്രതിരോധം

പ്രകൃതിയാണല്ലോ നമ്മുടെ അമ്മ....... ഭൂമിയിൽ ജനിച്ചു വീഴുന്ന ഓരോ ജീവജാലങ്ങൾക്കും സമൃദ്ധമായി ജീവിക്കുവാൻ ആവശ്യമായ എല്ലാ വിഭവങ്ങളും ഈ അമ്മ ഇവിടെ ഒരുക്കി വച്ചിരിക്കുന്നു. ജലം, വായു, മണ്ണ്, വിവിധയിനം ആഹാര പദാർത്ഥങ്ങൾ എന്നിവയുടെ രൂപത്തിൽ ജീവജാലങ്ങൾക്ക് ആവശ്യമായത് ഈ മാതാവ് ഇവിടെ ഒരുക്കിയിരിക്കുന്നു. കളകളം പാടിയൊഴുകുന്ന പുഴകളും അലയടിച്ചുയരുന്ന വിശാലയായ നീലക്കടലുകളും തടാകങ്ങളും കുളങ്ങളും ഒരിക്കലും വറ്റാത്ത ജല സ്രോതസ്സുകളും.... ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന 'ആമസോൺ മഴക്കാടുകൾ' ഉൾപ്പെടെയുള്ള ഇടതൂർന്ന വനങ്ങളടങ്ങിയ ഓക്സിജൻ കലവറകളും കാലാവസ്ഥയെ നിർണ്ണയിക്കുന്നതിൽ മുഖ്യ പങ്കുവഹിക്കുന്നതും ജൈവ വൈവിധ്യത്തിന്റെ കലവറകളുമായ മാനം മുട്ടെ ഉയർന്നു നിൽക്കുന്ന പർവ്വതങ്ങൾ മുതൽ ചെറു മലനിരകൾ വരെ അടങ്ങിയ ഭൂപ്രകൃതിയും തണ്ണീർത്തടങ്ങളും കണ്ടൽക്കാടുകളുമെല്ലാം പ്രകൃതിയുടെ വിവിധ രൂപത്തിലുള്ള വരദാനങ്ങളാണ്. നാമുൾപ്പെടെയുള്ള തലമുറ സൂക്ഷിച്ച് മാത്രം ഉപയോഗിച്ച് വരുംതലമുറകൾക്കായി കരുതിവയ്ക്കേണ്ട അമൂല്യ സമ്പത്ത്.

പ്രകൃതിയിലെ ജീവജാലങ്ങൾക്ക് എല്ലാം തരുന്ന ഈ പ്രകൃതി മാതാവിന് നാം തിരിച്ചു നൽകുന്നത് എന്താണ്? വിനാശം മാത്രം.... ഭൂമിയിൽ സ്വാർത്ഥതയ്ക്കായി പ്രകൃതിയെ നശിപ്പിച്ചു കൊണ്ടു ജീവിക്കുന്ന ഒരേയൊരു ജീവിവർഗ്ഗം മാത്രമേയുള്ളൂ അത് മനുഷ്യരാണ്. മറ്റെല്ലാ ജീവജാലങ്ങളും പ്രകൃതിയ്ക്കിണങ്ങിക്കൊണ്ട് പ്രകൃതി വിഭവങ്ങൾ ചൂഷണം ചെയ്യാതെയാണ് ജീവിക്കുന്നത്. എന്നാൽ മനുഷ്യൻ എണ്ണിയാലൊടുങ്ങാത്ത ക്രൂരതകളാണ് പ്രകൃതിയോട് ചെയ്യുന്നത്.

പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങളാണ് പരിസ്ഥിതിയ്ക്ക് ഏറ്റവും കൂടുതൽ നാശം വരുത്തുന്നത്. വ്യവസായ ശാലകളിൽ നിന്നും പുറന്തള്ളുന്ന വിഷവാതകങ്ങളും ജലാശയങ്ങളിലേക്കൊഴുക്കിവിടുന്ന രാസവസ്തുക്കളടങ്ങിയ മാലിന്യങ്ങളും പരിസ്ഥിതിയ്ക്ക് വളരെയധികം ഭീഷണിയാണ്. വ്യാപകമായ വനനശീകരണവും മലനിരകളും കുന്നുകളും ഇടിച്ചു നിരപ്പാക്കുന്നതും പുഴകൾ കയ്യേറുന്നതും വയലുകൾ തണ്ണീർത്തടങ്ങൾ മുതലായവ നികത്തുന്നതും കൃഷിയിടങ്ങളിൽ രാസവളങ്ങളുടെയും കീടനാശിനികളുടെയും അമിതമായ ഉപയോഗവും അനിയന്ത്രിതമായ വാഹനപ്പെരുപ്പം മൂലം പുറന്തള്ളുന്ന കാർബൺ ഡൈ ഓക്സൈഡും ആധുനിക തലമുറയുടെ മാറി വരുന്ന ജീവിത ശൈലിയുടെ ഭാഗമായി വരുന്ന 'ഇ-വെയ്സ്റ്റുകളും'.... ഇങ്ങനെ പോകുന്നു..... പ്രകൃതിയോടുള്ള മനുഷ്യന്റെ എണ്ണിയാലൊടുങ്ങാത്ത ക്രൂരത.

മനുഷ്യനെ ഈ ക്രൂരതകൾക്കെല്ലാം പ്രേരിപ്പിക്കുന്നത് ഒന്നു കൊണ്ടും സംതൃപ്തമാകാത്ത മനുഷ്യ മനസ്സാണ്. മനുഷ്യമനസ്സ് പുതിയ പുതിയ സുഖങ്ങൾ തേടി ക്കൊണ്ടിരിക്കുന്നതിനനുസരിച്ച്‌ പരിസ്ഥിതി നാശത്തിന്റെ തോതും കൂടിക്കൂടി വരുന്നു. ഇത് മനുഷ്യ കുലത്തിനു മാത്രമല്ല ഭൂമിയിലെ സർവ്വ ജീവജാലങ്ങൾക്കും എന്തിന് ഭൂമിയുടെ നിലനിൽപ്പിനു തന്നെ ഭീഷണിയായി മാറുന്ന സാഹചര്യമാണിന്നുള്ളത്. കാർബൺ വാതകങ്ങൾ അനിയന്ത്രിതമായി പുറത്തു വിടുന്നതു മൂലമുണ്ടാകുന്ന ആഗോളതാപനം ഇതിനൊരു ഉദാഹരണമാണ്. പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുന്നതും ജലാശയങ്ങളിലേക്കും മണ്ണിലേക്കും വലിച്ചെറിയുന്നതും മനുഷ്യനും മറ്റ് ജീവജാലങ്ങൾക്കും മാരക രോഗങ്ങൾ വരുത്തി വയ്ക്കുന്നു. കൃഷിയിടങ്ങളിൽ രാസവളങ്ങളുടെയും എൻഡോ സൾഫാൻ പോലുള്ള രാസ കീടനാശിനികളുടെ ഉപയോഗം ആ പ്രദേശത്തെ ആവാസ വ്യവസ്ഥയെ തന്നെ നശിപ്പിക്കുന്നു. കാസർകോട്ടെ എൻമകജെ എന്ന സ്ഥലത്തെ ദുരന്തമുഖങ്ങൾ ഇന്നും വേദനയോടെയുള്ള ഒരു ഓർമ്മപ്പെടുത്തലാണ്. സൂര്യാഘാതം ഈയിടെയായി വളരെ കൂടിയതായി മാധ്യമങ്ങളിലൂടെ നാം അറിയുന്നു. വ്യവസായ ശാലകളിൽ നിന്നും പുറന്തള്ളുന്ന വിഷ വാതകങ്ങളും വീടുകളിലെ ഫ്രിഡ്ജുകൾ, എയർ കണ്ടീഷണറുകൾ തുടങ്ങിയവയിൽ നിന്നും പുറന്തള്ളുന്ന CFC വാതകങ്ങളും അന്തരീക്ഷത്തിലെ ഓസോൺ പാളിക്ക് വിള്ളലുകൾ ഉണ്ടാക്കുന്നതു കാരണം അൾട്രാവയലറ്റ് രശ്മികൾ ഭൂമിയിലെത്തുകയും അത് മാരകമായ പല അസുഖങ്ങൾക്കും കാരണമാവുകയും ചെയ്യുന്നു.

മനുഷ്യ കുലത്തിന്റെ പുരോഗതിക്കു സഹായിക്കുന്ന പുതിയ സാങ്കേതിക വിദ്യകളും കണ്ടെത്തലുകളും പ്രയോഗത്തിൽ വരുത്താതിരിക്കുവാൻ സാധ്യമല്ല. പക്ഷേ അത് പരിസ്ഥിതിയ്ക്ക് നാശം വരുത്താത്ത ബദൽ സംവിധാനങ്ങൾ കൂടുതലായി പ്രയോഗത്തിൽ വരുത്തിക്കൊണ്ടായിരിക്കണം എന്നതാണ് എന്റെ അഭിപ്രായം.പ്ലാസ്റ്റിക് കവറുകൾ പൂർണ്ണമായും ഒഴിവാക്കി തുണിസഞ്ചികളും പേപ്പർ സഞ്ചികളും നമുക്ക് ഉപയോഗിക്കാം. ആഘോഷാവസരങ്ങളിൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പ്ലേറ്റുകൾക്കും ഗ്ലാസുകൾക്കും പകരമായി പാള കൊണ്ടു നിർമ്മിച്ച പ്ലേറ്റുകളും കളിമൺ ഗ്ലാസുകളും ഉപയോഗിക്കാം. ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ലക്ഷക്കണക്കിന് വൃക്ഷത്തൈകളോടൊപ്പം അത്രയും തന്നെ പ്ലാസ്റ്റിക് കവറുകളാണ് പ്രകൃതിയിലേക്ക് എത്തുന്നത്. ഇതിന് ബദൽ സംവിധാനമെന്ന നിലയിൽ പാളക്കവറിൽ വൃക്ഷത്തൈകൾ വിതരണം ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. ഈ ഒരു പദ്ധതി നടപ്പിൽ വരുത്തുകയാണെങ്കിൽ അത് കുഞ്ഞു മനസ്സുകൾക്ക് നൽകാവുന്ന ഏറ്റവും നല്ല സന്ദേശവും പ്രകൃതിയ്ക്ക് നൽകാവുന്ന ഏറ്റവും നല്ല സമ്മാനവുമായിരിക്കും. വ്യവസായ ശാലകളിലെയും വീടുകളിലേയും ഊർജ്ജാവശ്യങ്ങൾ ഒരു പരിധി വരെ നിറവേറ്റുന്നതിന് നമുക്ക് സൗരോർജ്‌ജം, കാറ്റ്, തിരമാല എന്നിവയിൽ നിന്നും വൈദ്യുതി ഉൽപ്പാദിപ്പിക്കാം. കാർഷികാവശ്യത്തിനായി ജൈവ വളങ്ങളും ജൈവ കീടനാശിനികളും പരമാവധി ഉപയോഗപ്പെടുത്താം. ആധുനിക സാങ്കേതിക വിദ്യകളുപയോഗിച്ച് വ്യവസായ ശാലകളിൽ നിന്നും പുറന്തള്ളുന്ന വിഷവാതകങ്ങളുടെയും മറ്റു മാലിന്യങ്ങളുടെയും അളവ് വളരെയധികം കുറയ്ക്കാം. കളിമൺ വ്യവസായ ശാലകളിൽ നിന്നുള്ള ബാക്കി വരുന്ന കളിമണ്ണിന്റെ അവശിഷ്ടങ്ങളും പ്ലാസ്റ്റിക് വെയിസ്റ്റും ചേർത്ത് കെട്ടിട നിർമ്മാണത്തിനുള്ള കട്ടകൾ നിർമ്മിക്കാം. കൂടാതെ പ്ലാസ്റ്റിക് വെയ്സ്റ്റ് റോഡ് ടാറിങ്ങിനു വേണ്ടിയും ഉപയോഗപ്പെടുത്താം. ഇത്തരം മാതൃകകൾ വഴി പരിസ്ഥിതി നശീകരണത്തിന്റെ തോത് ഒരു പരിധി വരെ കുറയ്ക്കാം എന്നാണ് എന്റെ നിഗമനം

ഓരോ രാജ്യത്തിന്റെയും ജൈവ വൈവിധ്യം കാത്തുസൂക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വം ആ രാജ്യത്തെ ഭരണാധികാരികൾക്കാണ്. എന്നാൽ ബ്രസീലിലെ ആമസോൺ മഴക്കാടുകളുടെ ഒരു ഭാഗം സാമൂഹ്യദ്രോഹികൾ തീവെച്ച് അതിന്റെ വലിയൊരുഭാഗം കത്തിയമർന്നപ്പോഴും ബ്രസീൽ പ്രസിഡണ്ട് ജയർ ബെൽസനാരോ സാമൂഹ്യദ്രോഹികൾക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. പരിസ്ഥിതിയ്ക്ക് ഇപ്പോൾ ഏറ്റവും ഭീഷണിയായി ക്കൊണ്ടിരിക്കുന്ന ആഗോളതാപനം എന്ന പ്രതിഭാസം മിഥ്യയാണെന്നാണ് യു.എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ നിലപാട്. ഇത്തരം ഭരണാധികാരികൾക്കിടയിലാണ് പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി ആത്മാർത്ഥമായി നിലകൊള്ളുന്ന എന്റെ ഹീറോയായ ഗ്രേറ്റാ തുൻ ഭർഗിന്റെയും മറ്റു പരിസ്ഥിതി പ്രവർത്തകരായ സുനിത നാരായൺ ,ജൂലിയ ബട്ടർ ഫ്ലൈ ഹിൽ, കല്ലേൻ പൊക്കുടേൻ എന്നിവരുടെ പ്രസക്തി. കാലാവസ്ഥാ ഉച്ചകോടി നടക്കുമ്പോൾ ഡൊണാൾഡ് ട്രംപിന്നെ രൂക്ഷമായി നോക്കിയ ഗ്രേറ്റാ തുൻഭർഗിന്റെ മുഖം ഇന്നും എന്റെ മനസ്സിൽ മായാതെ കിടക്കുന്നു.

വ്യക്തി ശുചിത്വത്തിനും പരിസര ശുചിത്വത്തിനും സാമൂഹിക ശുചിത്വത്തിനും വളരെയധികം പ്രാധാന്യം നൽകേണ്ട ഒരു കാലഘട്ടത്തിലാണ് നാമിന്ന് ജീവിക്കുന്നത്. ഈ കൊറോണക്കാലത്ത് നാമോരോരുത്തരും പാലിക്കേണ്ട അനവധി ശുചിത്വ ശീലങ്ങളുണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും ജീവിത ശൈലി രോഗങ്ങളെയും നമുക്ക് നിയന്ത്രിക്കുവാൻ കഴിയും. ഭക്ഷണത്തിന് മുൻപും പിൻപും കൈകൾ നന്നായി സോപ്പിട്ടു കഴുകുക, പൊതുസ്ഥലങ്ങളിൽ പോയി തിരികെ വീട്ടിലെത്തിയാൽ കൈകാലുകൾ സോപ്പിട്ട് കഴുകേണ്ടതാണ്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും നിർബന്ധമായും മാസ്കോ ടവ്വലോ ഉപയോഗിക്കണം , നഖം വെട്ടി വൃത്തിയാക്കണം , ദിവസേന കുളിയ്ക്കണം തുടങ്ങിയവയെല്ലാം നിർബന്ധമായും പാലിക്കേണ്ട വ്യക്തി ശുചിത്വ ശീലങ്ങളാണ്.

വ്യക്തി ശുചിത്വ ശീലങ്ങൾ ഏറക്കുറെ നന്നായി പിന്തുടരുന്ന നമ്മൾ പരിസര ശുചിത്വവും പാലിക്കുന്നതിൽ ഏറെ പിന്നിലാണ് ഞാനും എന്റെ വീടും വൃത്തിയായാൽ മതിയെന്ന തെറ്റായ ധാരണയാണ് നമ്മളിൽ പലർക്കുമുള്ളത്. നമ്മുടെ വീടുകളിലെ മാലിന്യങ്ങൾ പ്ലാസ്റ്റിക് സഞ്ചികളിലാക്കി ആരും കാണാതെ അയൽക്കാരന്റെ പറമ്പിലോ പൊതുസ്ഥലങ്ങളിലോ ജല സ്രോതസ്സുകളിലേക്കോ വലിച്ചെറിയുന്ന സ്വഭാവം ഏറക്കുറെ നമ്മൾക്കെല്ലാമുണ്ട്. ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്നു എന്നവകാശപ്പെടുമ്പോഴും പരിസര-സാമൂഹിക ശുചിത്വത്തിന്റെ കാര്യത്തിൽ നാം ഏറെ പുറകിലാണെന്നാണ് നമ്മുടെ ഈ സ്വഭാവം കാണിക്കുന്നത്. തീർച്ചയായും നമ്മൾ സംസ്കാരശൂന്യമായ ഇത്തരം പ്രവൃത്തികൾ മാറ്റേണ്ടതുണ്ട്. വ്യക്തി ശുചിത്വത്തോടൊപ്പം പരിസര സാമൂഹിക ശുചിത്വവും തന്റെ ഉത്തരവാദിത്വമാണെന്ന ബോധം എല്ലാവരിലും ഉണർന്നു വരേണ്ടത് അനിവാര്യമാണ്.

ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ മാത്രം പരിസര-സാമൂഹിക ശുചിത്വബോധം ഉണ്ടാകുന്നതിൽ നിന്നും വ്യത്യസ്തമായി സ്ഥായിയായൊരു ശുചിത്വബോധം വളർത്തിയെടുക്കാൻ നാം ശ്രമിക്കേണ്ടതുണ്ട്. ഉപയോഗ ശൂന്യമായ വസ്തുക്കളുടെ കുമിഞ്ഞുകൂടലാണ് ലലിനമായി പറഞ്ഞാൽ മലിനീകരണം. എന്നാൽ ഇത്തരം വസ്തുക്കളെ നമുക്ക് മണ്ണിനെക്കും വെള്ളത്തിനെയും അന്തരീക്ഷത്തിനെയും മലിനമാക്കുന്നതിന് മുമ്പ് തരം തിരിച്ച് എത്തേണ്ട സ്ഥാനത്ത് കൃത്യമായി എത്തിച്ച് അവയെ തരം തിരിച്ച് പുനരുപയോഗം സാധ്യമാക്കാൻ കഴിയും. ഉദാഹരണമായി അറവുമാലിന്യങ്ങൾ ജൈവവളങ്ങളാക്കി മാറ്റാം. വീടുകളിൽ നിന്നുള്ള മാലിന്യങ്ങളുപയോഗിച്ച് ബയോഗ്യാസ് പ്ലാന്റ്, പൈപ്പ് കമ്പോസ്റ്റിങ്ങ് മണ്ണിര കമ്പോസ്റ്റിങ്ങ് എന്നിവ നിർമ്മിക്കാം. ഇത്തരം ചെറിയ പ്രവർത്തനങ്ങളിലൂടെ പോലും പരിസര സാമൂഹിക ശുചിത്വം ഏറക്കുറെ ഉറപ്പു വരുത്താൻ നമുക്ക് കഴിയും.

ശുചിത്വം ഒരു സംസ്കാരമായി പിന്തുടർന്നു വന്നവരായിയിരുന്നു നമ്മുടെ പൂർവ്വികർ. പക്ഷേ .... ഇടയ്ക്കെപ്പോഴോ നമുക്കതു കൈമോശം വന്നു പോയി. ദിനാചരണങ്ങളും പ്രഖ്യാപനങ്ങളും മുദ്രാവാക്യങ്ങളും മാത്രമായി ഒതുങ്ങിപ്പോകാതെ നാമോരോരുത്തരും ഉണർന്നു പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അതിന് പ്രായ ഭേദമില്ലാതെ ഓരോ വ്യക്തിക്കും ഉത്തരവാദിത്വമുണ്ട്. എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിച്ചാൽ ഒരു ശുചിത്വ സമൂഹമായി മാറാൻ നമുക്ക് കഴിയും. ഈ കൊറോണക്കാലത്ത് നമ്മളാരംഭിച്ച പുതിയ ശുചിത്വശീലങ്ങൾ എല്ലാം തന്നെ നമുക്ക് മുന്നോട്ടേക്കുള്ള കാലത്തിലേക്കും പിന്തുടരാവുന്നതാണ്.......... തീർച്ചയായും നമ്മൾ പിന്തുടരണം........

'പ്രതിരോധമാണ് പ്രതിവിധിയേക്കാൾ അഭികാമ്യം' എന്ന ഒറ്റ വാക്യത്തിൽ നിന്നു തന്നെ രോഗപ്രതിരോധത്തിന് നാം നൽകേണ്ട പ്രാധാന്യത്തെക്കുറിച്ച് വളരെ വ്യക്തമായ ഒരു മുന്നറിയിപ്പ് നൽകുന്നുണ്ട്. ശാരീരികാരോഗ്യവും മാനസികാരോഗ്യവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ശാരീരിക ആരോഗ്യം വർദ്ധിപ്പിക്കുന്നതിനു വേണ്ടി പോഷകാംശങ്ങൾ അടങ്ങിയ ഭക്ഷ്യവസ്തുക്കൾ ശീലമാക്കേണ്ടതും തിളപ്പിച്ചാറിയ ശുദ്ധജലം മാത്രം ധാരാളം കുടിക്കേണ്ടതും കുട്ടികൾ നന്നായി കളിക്കേണ്ടതും മുതിർന്നവർ വ്യായാമം ചെയ്യേണ്ടതും നന്നായി ഉറങ്ങേണ്ടതും വ്യക്തി - പരിസര-സാമൂഹിക ശുചിത്വശീലങ്ങൾ പാലിക്കേണ്ടതും വളരെ അത്യാവശ്യമാണ്. മാനസികാരോഗ്യം നിലനിർത്തുന്നതിനു വേണ്ടി അവരവരുടെ വിശ്വാസ പ്രകാരമുള്ള ധ്യാന പ്രാർത്ഥനാ രീതികൾ പിന്തുടരാവുന്നതും ഇഷ്ടപ്പെട്ട വിനോദങ്ങളിൽ ഏർപ്പെടുന്നതും വളരെ ഗുണം ചെയ്യും. ഇത്തരം ശീലങ്ങളിലൂടെയും പ്രവർത്തനങ്ങളിലൂടെയും ഒരു വ്യക്തിയുടെ രോഗപ്രതിരോധ ശേഷി വളരെയധികം വർദ്ധിപ്പിക്കാവുന്നതാണ്. കൂടാതെ പല രോഗങ്ങൾക്കെതിരെയും രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് പ്രതിരോധ കുത്തിവെപ്പുകൾ എടുക്കുക വഴി പലരോഗങ്ങളെയും നമുക്ക് നിയന്ത്രണത്തിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. ആയതിനാൽ ഒരു കുഞ്ഞ് ജനിച്ച സമയം മുതലുള്ള പ്രതിരോധ കുത്തിവെപ്പുകൾ കൃത്യമായി എടുക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്. എനിക്ക് 5 വയസ്സ് ആകുന്നതുവരെ കൃത്യമായി ഓറൽ പോളിയോ യജ്ഞത്തിന്റെ ഭാഗമായത് ഞാനിവിടെ ഓർക്കുന്നു.

ഈ കൊറോണക്കാലത്ത് പുതിയൊരു ആരോഗ്യ സംസ്കാരത്തിനു തന്നെ നമ്മൾ തുടക്കമിട്ടിട്ടുണ്ട്. കൃത്യമായ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുക-ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക, പനി, ചുമ തുടങ്ങിയ ചെറിയ അസുഖങ്ങൾക്കു പോലും സ്വയം ചികിത്സ നടത്താതിരിക്കുക. വീട്ടിലുള്ള വളർത്തുമൃഗങ്ങൾക്കും ഓമനമൃഗങ്ങൾക്കും കൃത്യമായ കുത്തിവയ്പുകൾ എടുക്കുക തുടങ്ങിയ ശീലങ്ങൾ നാം ഇനി എക്കാലവും പിന്തുടരേണ്ടതുണ്ട്. കേരളം വളരെയേറെ ജനസാന്ദ്രതയുള്ള സംസ്ഥാനമായിട്ടും സർക്കാറിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചതു കൊണ്ടാണ് കൊറോണ വ്യാപനം തടഞ്ഞു നിർത്തുവാൻ പ്രബുദ്ധ മലയാളികൾക്ക് കഴിഞ്ഞത്.പലപ്പോഴും എനിക്ക് അസുഖം വന്ന് ഡോക്ടറെ കാണുവാൻ വേണ്ടി ആശുപത്രിയിൽ പോയി എന്റെ ഊഴം കാത്തിരിക്കുമ്പോൾ ആശുപത്രിയിൽ ചികിത്സയിലുള്ള രോഗികളെ കാണാൻ ബന്ധുക്കൾ കൂട്ടമായി ആഘോഷത്തോടെ വരുന്നത് പലപ്പോഴും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. പല പകർച്ചവ്യാധികളും പെരുകുന്നതിന് ഇത് വലിയൊരു കാരണമായിത്തീരാറുണ്ട്. ഇനിയെങ്കിലും നാം ഈ സംസ്കാരം ഉപേക്ഷിക്കേണ്ടതുണ്ട് എന്നതാണ് എന്റെ ശക്തമായ അഭിപ്രായം.

ഓരോ 100 വർഷം കഴിയുമ്പോഴും അപ്രതീക്ഷിതമായി ഓരോ പുതിയ പകർച്ചവ്യാധികൾ വരുന്നു. 2020 എന്ന പുതു വർഷം പിറന്നതു തന്നെ കൊറോണ എന്ന മാരക വൈറസിന്റെ വരവോടുകൂടിയാണ്. അന്റാർട്ടിക ഒഴികെയുള്ള മറ്റെല്ലാ ഭൂഖണ്ഡങ്ങളിലും കൊറോണ വൈറസ് അതിവേഗം വ്യാപിച്ചു കൊണ്ടിരിക്കുകയാണ് വെറും 4 മാസം കൊണ്ട് ഈ മഹാമാരി ഒന്നര ലക്ഷത്തോളം പേരുടെ ജീവനെടുത്തിരിക്കുന്നു. പ്ലേഗ്, സ്പാനിഷ് ഫ്ലൂ, സാർസ്, കോളറ തുടങ്ങിയ പകർച്ചവ്യാധികളെ അതിജീവിച്ചതു പോലെ നാം കൊറോണിയെയും അതിജീവിക്കും.

പരിസ്ഥിതി സംരക്ഷണം, മികച്ച ശുചിത്വ ശീലങ്ങൾ, മെച്ചപ്പെട്ട രോഗ പ്രതിരോധ സംവിധാനങ്ങൾ എന്നിവ മനുഷ്യ കുലത്തിന്റെ മുന്നോട്ടേക്കുള്ള നിലനിൽപ്പിന് വളരെ അനിവാര്യമാണ്. നഷ്ടപ്പെട്ടതിനെക്കുറിച്ചോർത്ത് നിരാശപ്പെട്ടിട്ടോ വേവലാതി പൂണ്ടിട്ടോ കാര്യമില്ല. അവശേഷിക്കുന്ന പ്രകൃതിവിഭവങ്ങളെക്കൂടി സംരക്ഷിച്ചിട്ടില്ലെങ്കിൽ ഒരു പക്ഷേ ഭൂമിയിൽ ജീവൻ അസാധ്യമായിത്തീരും. ഈ പ്രപഞ്ചത്തിൽ മനുഷ്യൻ ഇതുവരെ ഭൂമിയല്ലാതെ വേറൊരു ജീവനുള്ള ഗ്രഹത്തെയും കണ്ടെത്തിയിട്ടില്ല. നമുക്ക് അഭയം നൽകുവാൻ നമ്മുടെ പ്രിയപ്പെട്ട ഭൂമി മാതാവ് മാത്രമേയുള്ളൂ. മണ്ണിലെ പരമാണു മുതൽ നീലത്തിമിംഗലം വരെയുള്ള ജീവികൾക്ക് ജീവിക്കാൻ വേണ്ട വാസസ്ഥലം പ്രകൃതി കനിഞ്ഞരുളിയാണ് നമുക്ക് നൽകിയിരിക്കുന്നത്. "വരുംതലമുറകൾക്ക് ജീവിക്കാനുള്ളത് ഭൂമിയിൽ ഉണ്ടെന്നും എന്നാൽ അത്യാർത്തിക്കുള്ളത് ഇല്ലെന്നും" നമ്മുടെ രാഷ്ട്ര പിതാവ് ഗാന്ധിജി പറഞ്ഞത് അടിവരയിട്ട് ഓർത്തു കൊണ്ട്‌ കോവിഡ് എന്ന മഹാമാരിയെ പ്രതിരോധിക്കുന്നതിന് സ്വന്തം ജീവൻ പോലും പണയം വച്ച് പ്രവർത്തിച്ച ഡോ.ലീവെൻ ലിയാൻ ഉൾപ്പെടെയുള്ള മുഴുവൻ ആരോഗ്യ പ്രവർത്തകരെ നമിച്ചു കൊണ്ടും നല്ലൊരു നാളേക്കായി നമുക്ക് കൈ കോർക്കാം.....എല്ലാ പ്രതിസന്ധികളെയും നാം അതിജീവിക്കുക തന്നെ ചെയ്യും.....

ആത്മിക.പി.എൽ
4 D പി.സി.പാലം എ യു പി സ്കൂൾ
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം