ഉള്ളടക്കത്തിലേക്ക് പോവുക

എ യു പി എസ് ദ്വാരക/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

ദ്വാരക എ.യു.പി സ്കൂൾ നല്ലൂർനാട്

ദ്വാരക എ.യു.പി സ്കൂളിൻ്റെ 2023-24 അധ്യയന വർഷത്തെ പ്രവർത്തന റിപ്പോർട്ട്

വിദ്യാലയ ചരിത്രം

1953-ൽ നല്ലൂർനാട് വില്ലേജ് അധികാരിയായിരുന്ന ശ്രീ സി.കെ നാരായണൻ നായരുടെ മാനേജ്മെൻ്റിൽ ആരംഭിച്ച ഈ വിദ്യാലയം 1968-ൽ തലശ്ശേരി രൂപതയ്ക്കു വേണ്ടി റവ:ഫാദർ ജോർജ് കഴിക്കച്ചാലിൽ വാങ്ങിക്കുകയും പിന്നീട് മാനന്തവാടി രൂപത സ്ഥാപിതമായപ്പോൾ ഈ വിദ്യാലയം മാനന്തവാടി കോർപ്പറേറ്റിൽ ലയിക്കുകയും ചെയ്തു.മാനന്തവാടി രൂപത മെത്രാൻ മാർ.ജോസ് പൊരുന്നേടവും സഹായമെത്രാൻ മാർ.അലക്സ് താരാമംഗലവും രക്ഷാധികാരികളായും റവ.ഫാദർ സിജോ ഇളംകുന്നപ്പുഴ കോർപ്പറേറ്റ് മാനേജരായും സേവനം ചെയ്യുന്ന മാനന്തവാടി രൂപതാ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ ഈ വിദ്യാലയം പ്രവർത്തിച്ചു വരുന്നു.

വിദ്യാലയം ഇന്ന്

റവ:ഫാദർ മാത്യു മൂത്തേടത്ത് മാനേജറായും, ശ്രീ ഷോജി ജോസഫ് പ്രധാന അധ്യാപകനായും പ്രവർത്തിക്കുന്ന വിദ്യാലയത്തിൽ 33 അധ്യാപകരും 1 അനധ്യാപകനും സേവനമനുഷ്ഠിക്കുന്നു. എൽ.പി യു.പി വിഭാഗങ്ങളിലായി കുട്ടികൾ വിദ്യ അഭ്യസിക്കുന്നു. അറബിക്, ഉറുദു, സംസ്കൃതം എന്നീ ഭാഷാ പഠന സൗകര്യം വിദ്യാലയത്തിൽ ഉണ്ട്.വിദ്യാലയത്തിൽ നിന്നും മണി മൂളി സ്കൂളിലേക്ക് സ്ഥലമാറ്റം ലഭിച്ച മഞ്ജുഷ ടീച്ചർ , സിസ്റ്റർ ഷീന കുര്യൻ, സി. ഡോൺസി എന്നിവർക്കു പകരം സി.അമ്പിളി, സി.ഷീന,സുനിൽ അഗസ്റ്റ്യൻ സാർ എന്നിവർ നിയമിക്കപ്പെട്ടു. സർവീസിൽ നിന്നും വിരമിച്ച സി. മേഴ്സി കുര്യാക്കോസിനു പകരം സി.ജിൻസിയും നിയമിതമായി.മാനസിക ശാരീരിക വെല്ലുവിളികളാൽ പഠന പിന്നാക്കാവസ്ഥയിലുള്ള കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകുന്നതിനായിBRC വഴി നിയമിതയായ ജീവ ടീച്ചറും ട്രൈബൽ വകുപ്പ് വഴി നിയമനം ലഭിച്ച രജിത ടീച്ചറും ഇവിടെ സേവനം ചെയ്യുന്നു.2023 ജൂൺ ഒന്നാം തിയതി പ്രൗഡഗംഭീരമായ പ്രവേശനോത്സവത്തോടെ നവാഗതരെ സ്വീകരിച്ചു.

PTA

ഏതൊരു വിദ്യാലയത്തിൻ്റെയും ശക്തമായ പിന്തുണ അവിടുത്തെ രക്ഷിതാക്കളുടെ പങ്കാളിത്തവും സഹകരണവുമാണ്. നമ്മുടെ വിദ്യാലയത്തിൻ്റെ ഓരോ നേട്ടങ്ങൾക്കു പിന്നിലും PTA യുടെ ശക്തമായ പിന്തുണയുണ്ട്. 1/7/2023. ന് ജനറൽ ബോഡി വിളിച്ചുചേർക്കുകയുംPTAപ്രസിഡൻ്റായി ശ്രീ ജിജേഷിനെയും MPTAപ്രസിഡൻ്റായി ശ്രീമതി സ്മിത ഷിജുവിനെയും 15 എക്സിക്യൂട്ടീവ് അംഗങ്ങളെയും യോഗത്തിൽ തെരഞ്ഞെടുത്തു.

അക്ഷരവെളിച്ചം പദ്ധതി

പഠന പിന്നാക്കാവസ്ഥയിലുള്ള കുട്ടികളെ എഴുത്തും വായനയും പരിശീലിപ്പിക്കാൻ ക്ലാസധ്യാപകരുടെ നേതൃത്വത്തിൽ പ്രത്യേകം തയ്യാറാക്കിയ മൊഡ്യൂൾ പ്രകാരം അക്ഷരവെളിച്ചം എന്ന പേരിൽ 3.30 മുതൽ 4.30 വരെ നടത്തി വരുന്നു.പഠനത്തിൽ മികവു പുലർത്തുന്നവർക്കായിLS S, USS പരിശീലനവും നൽകി വരുന്നു.കഴിഞ്ഞ അധ്യയന വർഷം 7 LS S -ഉം , 8 -USS ഉം, 2 ഗിഫ്റ്റഡും നേടാൻ കഴിഞ്ഞത് ഏറെ സന്തോഷത്തോടെ അറിയിക്കുന്നു.

ക്ലബുകൾ

കബ്ബ്, ബുൾബുൾ യൂണിറ്റുകൾ, സ്കൗട്ട് & ഗൈഡ്സ് ,ട്രാഫിക് ക്ലബ്, നല്ല പാഠം യൂണിറ്റ്, ലഹരി വിരുദ്ധ ക്ലബ്, തുടങ്ങി പതിനഞ്ചോളം ക്ലബുകൾ വളരെ ഊർജ്വസ്വലമായി വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്. കുട്ടികളിൽ വായനശീലം വർദ്ധിപ്പിക്കാൻ വായനമൂലകൾ സജ്ജമാക്കുകയും വായനസാമഗ്രികളും പത്രവും ഒരുക്കുകയും ചെയ്തു.കൂടാതെ എല്ലാ ക്ലാസ് മുറികളിലും വായനയ്ക്കായി ക്ലാസ് ലൈബ്രറികൾ സജ്ജമാണ്.സ്കൂൾ ലൈബ്രറിയിൽ നിന്നും കുട്ടികൾക്കാവശ്യമായ പുസ്തകങ്ങൾ വിതരണം ചെയ്യുകയും വായനയുടെ ലോകത്തേക്ക് കുട്ടികളെ നയിക്കുകയും ചെയ്യാൻ അധ്യാപകർ പരിശ്രമിക്കുന്നുണ്ട്.

ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം വർദ്ധിപ്പിക്കുന്നതിനായി My dictionary എന്ന പേരിൽ കുട്ടികളോരോരുത്തരും സ്വന്തമായി Dictionary തയ്യാറാക്കുകയും കൂടുതൽ വാക്കുകളും അർത്ഥവും ടpelling ഉം പഠിച്ചെടുക്കാൻ ഇത് സഹായകമാകുകയും ചെയ്യുന്നു

ഹിന്ദി ക്ലബിൻ്റെനേതൃത്വത്തിൽനിരവധി പ്രവർത്തനങ്ങൾനടത്തി വരുന്നു. കഥാരചന, കവിതാ രചന, പോസ്റ്റർ നിർമ്മാണം , കയ്യെഴുത്ത് എന്നീ മത്സരങ്ങൾ സംഘടിപ്പിക്കുകയും സുരീലി ഹിന്ദി ഉത്സവ് സംഘടിപ്പിക്കുകയും ചെയ്തു.

ലഹരി വിരുദ്ധ ക്ലബ്

സ്കൂൾ വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനും ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നതിനുമുള്ള ഒട്ടേറെ പ്രവർത്തനങ്ങൾ ലഹരി വിരുദ്ധ ക്ലബിൻ്റെ നേതൃത്വത്തിൽ നടന്നു.

ലഹരിജീവിതത്തോട് എന്ന സന്ദേശം കുട്ടികളിലെത്തിക്കാനുള്ള പരിശ്രമങ്ങളുടെ ഭാഗമായി കോളനികളിൽ ബോധവൽക്കരണം, പോസ്റ്റർ രചന, നാടകാവതരണം, കവിതാ രചനാ മുദ്രാവാക്യ രചന, ലഹരി വിരുന്ന മനുഷ്യശൃംഖല ,ലഹരി വിരുദ്ധ റാലി, ലഹരി വിരുദ്ധ സ്റ്റിക്കർ വിതരണം, നൃത്താവിഷ്കാരം, ലഹരി വിരുദ്ധ ദിന ലോഗോ തയ്യാറാക്കൽ തുടങ്ങി ധാരാളം പ്രവർത്തനങ്ങൾ സംഘടിപ്പിക്കപ്പെട്ടു. പുൾ ദ റോപ്പ് പുൾ ഔട്ട് ദ ഡ്രഗ്സ് എന്ന പേരിൽ മാനന്തവാടി ജനമൈത്രി എക്സൈസ് സ്ക്വാഡും പനമരം ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ ലഹരി വിരുദ്ധ ക്ലബും സംയുക്തമായി സംഘടിപ്പിച്ചവടംവലി മത്സരത്തിൽ ഉപജില്ലാ തലത്തിൽ ആൺകുട്ടികളുടെയും പെൺകുട്ടി കളുടെയും ടീമുകൾ ചാമ്പ്യന്മാരായി

നല്ലപാഠം യൂണിറ്റ്

നന്മയുടെ പാഠങ്ങൾ കുട്ടികളിലേക്ക് പകരാൻ നല്ലപാഠം യൂണിറ്റിൻ്റെ നേത്യത്വത്തിലുള്ള പ്രവർത്തനങ്ങളിലൂടെ സാധിച്ചിട്ടുണ്ട്. സ്കൂൾ പരിസരത്ത് നല്ലപാഠം യൂണിറ്റിൻ്റെ നേതൃത്വത്തിൽ പച്ചക്കറി കൃഷി, കാരുണ്യക്കുടുക്ക, ജീവ കാരുണ്യ പ്രവർത്തനങ്ങൾതുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തി വരുന്നു. കാരുണ്യക്കുടുക്ക വഴി സമാഹരിച്ച തുക ഉപയോഗിച്ച് നല്ലൂർ നാട് ദയ കെയർ ഹോമിലേക്ക് ഗൃഹോപകരണങ്ങൾ വാങ്ങി നൽകുകയും, നിർധനരായ കൂട്ടുകാരുടെ വീടുകളിൽ സഹായമെത്തിക്കുകയും ചെയ്തു.

നല്ല പാഠം യൂണിറ്റിൻ്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ജില്ലാതലത്തിൽ A+ കരസ്ഥമാക്കാനും സാധിച്ചു.

ആഘോഷങ്ങൾ

ഈ വർഷം ഓണം, ക്രിസ്തുമസ്, ശിശുദിനം ,അധ്യാപക ദിനം, അനധ്യാപക ദിനം, സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം, എന്നിവ PTA യുടെ നേതൃത്വത്തിൽ വ്യത്യസ്ത പരിപാടികളോടെ ആഘോഷിച്ചു. ശിശുദിനത്തോടനുബന്ധിച്ച് കുട്ടികളുടെ പ്രധാനമന്ത്രിയായി കുമാരി ഷെസഫാത്തിമയും സ്പീക്കറായി കുമാരി അനറ്റ് എൽ സ ഷിബുവും തെരഞ്ഞെടുക്കപ്പെട്ടു.

കിടപ്പു രോഗികളായ കുട്ടികളുടെ വീടുകൾ സന്ദർശിച്ച് ക്ലാസധ്യാപകർ ശിശുദിനാശംസകൾ നേർന്നു.

ജനാധിപത്യതെരഞ്ഞെടുപ്പിൻ്റെ എല്ലാ ഘട്ടങ്ങളും പാലിച്ചുകൊണ്ട്

10/7/23 ന് ഈ വർഷത്തെ സ്കൂൾ പാർലിമെൻ്റ് തിരഞ്ഞെടുപ്പ് നടന്നു.

Up വിഭാഗം സ്കൂൾ ലീഡറായി മാസ്റ്റർ മുഹമ്മദ് ഹസീബും ഡെപ്യൂട്ടി ലീഡറായി ഐഡ കാതറിനും LPവി ഭാഗം ലീഡറായി ഷെസ ഫാത്തിമ കെ-യും ഡപ്യൂട്ടി ലീഡറായി ഫഹദ് എം.കെയും തെരഞ്ഞെടുക്കപ്പെട്ടു.

യാത്രാ സുരക്ഷ

യാത്രാ സുരക്ഷയുമായി ബന്ധപ്പെട്ട് സ്റ്റുഡൻസ് ട്രാഫിക് ക്ലബ് നമ്മുടെ വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്നു. അധ്യാപകരുടെയും ട്രാഫിക് ക്ലബ് അംഗങ്ങളുടെയും ക്രിയാത്മകമായ പ്രവർത്തനം കുട്ടികളുടെ സുരക്ഷിതമായ യാത്രയ്ക്ക് സഹായകമാകുന്നു. മാത്യകാ പരമായ ഈ പദ്ധതി പൊതുജനങ്ങളുടെയും രക്ഷിതാക്കളുടെയും പ്രശംസ ഏറ്റുവാങ്ങിയിട്ടുണ്ട്.

നല്ല ശ്രോതാക്കളാകാൻ

കുട്ടികളുടെ സർഗാത്മക വാസനയെ പരിപോഷിപ്പിക്കുന്നതിനായി റേഡിയോ മറ്റൊലിയുമായി ചേർന്ന് വിവിധങ്ങളായ പരിപാടികൾ അവതരിപ്പിക്കാനുള്ള അവസരങ്ങൾ ഒരുക്കി. ശിശുദിനത്തോടനുബന്ധിച്ച് മാറ്റൊലിയിൽ കുട്ടികളവതരിപ്പിച്ച പരിപാടികളും വാർത്താ അവതരണവും മികവുറ്റതായിരുന്നു.

സ്വാതന്ത്ര്യ ദിനാഘോഷം

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കപ്പെട്ടു.H M ഷോജി ജോസഫ് പതാക ഉയർത്തുകയും സ്കൂൾ മാനേജർ റവ.ഫാദർ മാത്യു മൂത്തേടത്ത് മാർച്ച് പാസ്റ്റിൽ സല്യൂട്ട് സ്വീകരിച്ച് സ്വാതന്ത്ര്യ ദിന സന്ദേശം നൽകുകയും ചെയ്തു.വിദ്യാർത്ഥി പ്രതിനിധികളായ അനറ്റ് എൽസ ഷിബു, ഷെസ ഫാത്തിമ എന്നിവർ ആശംസകളറിയിച്ചു.

കാനറാ ബാങ്ക് ഏർപ്പെടുത്തിയ വിദ്യാജ്യോതി സ്കോളർഷിപ്പ് സീനിയർ മാനേജരായ അരുൺ ചടങ്ങിൽ വിതരണം ചെയ്തു. സ്വാതന്ത്ര്യം അമൃതാണെന്നും പാരതന്ത്ര്യം മൃതിയേക്കാൾ ഭയാനകമാണെന്നും സ്വാതന്ത്ര്യ ദിന ആഘോഷത്തിലൂടെ കുട്ടികൾ തിരിച്ചറിഞ്ഞു.

എടവക ഗ്രാമ പഞ്ചായത്തും കമ്യൂണിറ്റി സ്കിൽ പാർക്ക് മാനന്തവാടിയും സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പെയിൻ്റിംഗ് മത്സരത്തിൽ മിൻഹ ഫാത്തിമയും, ആദിദേവ് എ.എസും സമ്മാനാർഹരായി

ഈ വർഷത്തെ പ്രധാന നേട്ടങ്ങൾ

ഉപജില്ലാ കായിക മേള,കലാമേള, സംസ്കൃതോത്സവം, അറബിക് മേള, ഉറുദു ടാലൻ്റ് ഫെസ്റ്റ്, ശാസ്ത്രമേളകൾ, വിദ്യാരംഗം കലാ സാഹിത്യ വേദി സർഗോത്സവം, എന്നിവയിലും മികച്ച നേട്ടം കൈവരിക്കാൻ നമ്മുടെ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്.

ജില്ലാതല തയ്ക്വോണ്ടോ മത്സരത്തിൽ പങ്കെടുത്ത് തന്മയ ഷജിൽ രണ്ടാം സ്ഥാനത്തിനർഹയായി. സബ് ജില്ല, ജില്ലാതല കായിക മേളയിലും തന്മയഷജിൽ മികവാർന്ന വിജയം കരസ്ഥമാക്കി. സബ് ജൂനിയർ വിഭാഗം 100 മീറ്റർ റിലേ മത്സരത്തിൽ മൂന്നാം സ്ഥാനം നേടി സംസ്ഥാനതല മത്സരത്തിന് യോഗ്യത നേടി.തിരുവനന്തപുരത്ത് വച്ച് നടന്ന സംസ്ഥാനതയ്ക്വോണ്ടോ മത്സരത്തിൽ വൈനവ് ദാസ് പി.എ രണ്ടാം സ്ഥാനം നേടി

മാനന്തവാടി ഉപജില്ലാ ഗെയിംസിൻ്റെ ഭാഗമായി സബ് ജൂനിയർ ബോയ്സിനായി നടത്തിയ വോളിബോൾ മത്സരത്തിൽ നമ്മുടെ വിദ്യാർത്ഥികൾക്ക് രണ്ടാം സ്ഥാനം നേടാൻ കഴിഞ്ഞു

വോളിബോൾ, ഷട്ടിൽ ബാഡ്മിൻ്റൺ ,ഫുട്ബോൾ, ചെസ് മത്സരം, ഖോ-ഖോ, ജൂഡോ, ജുജിത് സു, എന്നീ ഗെയിംസ് ഇനങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനാർഹരാവുകയും ചെയ്തത് ഏറെ അഭിനന്ദനാർഹമാണ്

കേരള സർക്കാർ സാംസ്കാരിക വകുപ്പിനു കീഴിലുള്ള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച തളിര് സ്കോളർഷിപ്പിന് അഞ്ച് വിദ്യാർത്ഥികൾ അർഹത നേടി

ഉപജില്ലാ തലത്തിലും ജില്ലാ തലത്തിലും നടന്ന ഗണിത പൂക്കള മത്സരത്തിൽ ചൈതന്യ കെ.എം ഒന്നാം സ്ഥാനം നേടി.

വിദ്യാരംഗം കലാ സാഹിത്യ വേദി സംഘടിപ്പിച്ച സർഗോത്സവത്തിൽ ഉപജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി അഭിമാനാർഹമായ നേട്ടം കൈവരിക്കാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞു.

ഒക്ടോബർ 30, 31 തിയതികളിലായി നടന്ന ഉപജില്ലാ ശാസ്ത്രോത്സവത്തിൽ പ്രവൃത്തി പരിചയമേളയിൽ യു.പി വിഭാഗം രണ്ടാം സ്ഥാനവും എൽ.പി വിഭാഗം മൂന്നാം സ്ഥാനവും ഗണിതശാസ്ത്ര മേളയിൽ യു.പി വിഭാഗം നാലാം സ്ഥാനവും കരസ്ഥമാക്കി.

പഠനത്തിൽ മികവു പുലർത്തിയ ഓരോ ക്ലാസിലെയും വിദ്യാർത്ഥികളെ അനുമോദിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തത് ഈ വർഷത്തെ വ്യത്യസ്ത പ്രവർത്തനങ്ങളിൽ ഒന്നാണ്.

ആറാം ക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തുന്ന സാമൂഹ്യ ശാസ്ത്ര പ്രതിഭാ പരിപോഷണ പരിപാടിയായ STEPട പരീക്ഷയിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും അതുൽ കൃഷ്ണ ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

നവംബർ 15, 16, 17 ,18 തിയതികളിലായി കല്ലോടി സ്കൂളിൽ വച്ച് നടന്ന മാനന്തവാടി ഉപജില്ല സ്കൂൾ കലോത്സവത്തിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുകയും up വിഭാഗം മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. സംസ്കൃതോത്സവത്തിൽ നാലാം സ്ഥാനവും ,അറബിക് കലോത്സവത്തിൽ മൂന്നാം സ്ഥാനവും നേടാൻ നമ്മുടെ കുട്ടികൾക്ക് സാധിച്ചു.

ബത്തേരി സർവജന സ്കൂളിൽ വച്ച് നടന്ന ജില്ലാ കലാമേളയിൽ നമ്മുടെ വിദ്യാലയത്തിലെ രണ്ട് കുട്ടികൾ പങ്കെടുക്കുകയും മികച്ച വിജയം കരസ്ഥമാക്കുകയും ചെയ്തു.

കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസി ക്രിസ്തുമസിനോടനുബന്ധിച്ച് സംഘടിപ്പിച്ച ബത് ലഹേം ബീറ്റ്സ് കരോൾ ഗാന മത്സരത്തിൽ പങ്കെടുത്ത് LP വിഭാഗം കുട്ടികൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി

പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയ സംസ്കൃതം സ്കോളർഷിപ്പിന് നാല് കുട്ടികൾ അർഹരായി. സംസ്കൃത ദിനാചരണത്തോടനുബന്ധിച്ച് ഉപജില്ലാ തലത്തിൽ നടത്തിയ അഭിനയഗീതം മത്സരത്തിൽ ശിവദ മൂന്നാം സ്ഥാനം നേടി.

വാങ് മയം പ്രതിഭാ നിർണയ പരീക്ഷയിൽ ഉപജില്ലാ തലത്തിൽ ഏഴാം ക്ലാസിലെ സാനിയ സാനു രണ്ടാം സ്ഥാനം കരസ്ഥമാക്കി

ജില്ലാതലത്തിൽ നടത്തപ്പെട്ട അൽമാഹിർ അറബിക് പരീക്ഷയിൽ പങ്കെടുത്ത് അഞ്ച് കുട്ടികൾ അവാർഡിന് അർഹരായി.

ഉറുദു ടാലൻ്റ് ടെസ്റ്റിൽ അഞ്ച് കുട്ടികൾ വിജയികളായി

ശാസ്ത്ര പഠനം അന്വേഷണാത്മകവും പ്രവർത്തനാധിഷ്ഠിതവും ആക്കുന്നതിനായിBRC തലത്തിൽ നടത്തിയ സയൻസ് ക്വിസിൽ എയ്ഞ്ചൽ മരിയ Tമൂന്നാം സ്ഥാനം കരസ്ഥമാക്കി

സ്കൂൾ അസംബ്ലി

ഓരോ ക്ലാസുകാരും നേതൃത്വം നൽകി നടത്തിയ അസംബ്ലി

ഈ വർഷത്തെ വ്യത്യസ്തപ്രവർത്തനങ്ങളിൽ ഒന്നായിരുന്നു .കുട്ടികളുടെ വിവിധ പരിപാടികളോടെ എല്ലാ കുട്ടികൾക്കും അവസരങ്ങൾ നൽകി കൊണ്ടുള്ള അസംബ്ലി വേറിട്ട അനുഭവമായിരുന്നു.

2023-24 അധ്യയന വർഷത്തെ പഠനോത്സവം ഗാല@ 24 എന്ന പേരിൽ സംഘടിപ്പിച്ചു.

തനത് പ്രവർത്തനങ്ങൾ

ഒരു ദിനം ഒരറിവ് എന്ന പേരിൽ പൊതു വിജ്ഞാനം കുട്ടികളിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾ ഈ വർഷംനടന്നു.

പഠനത്തോടൊപ്പം കൈത്തൊഴിലും പരിശീലിക്കുക എന്ന ലക്ഷ്യത്തോടെ പിന്നാക്ക വിഭാഗം പെൺകുട്ടികൾക്കായി തയ്യൽ പരിശീലനവും, പിന്നാക്ക വിഭാഗം കുട്ടികൾക്കായി സൈക്കിളിംഗ് പരിശീലനവും നടത്തുകയുണ്ടായി.

മാനന്തവാടി Fire & Safety സംഘടിപ്പിച്ച നീന്തൽ പരിശീലനത്തിൽ നമ്മുടെ കുട്ടികൾ പരിശീലനം നേടി.

SEAS. Exam

വിദ്യാർത്ഥികളുടെ ഭാഷാ ഗണിതശാസ്ത്ര നിലവാരം വിലയിരുത്താനായി മൂന്ന്, ആറ് ക്ലാസുകളിലെ കുട്ടികൾക്കായി 3/ 11/ 23 ന് പരീക്ഷ നടത്തി

ക്ലാസ് PTA

ഈ അധ്യയന വർഷം വ്യത്യസ്തമായ ക്ലാസ് PTA ആണ് സംഘടിപ്പിക്കപ്പെട്ടത്.പതിവു രീതിയിൽ നിന്നും മാറി ഓരോ രക്ഷിതാവിനും കുട്ടിയ്ക്കും സമയംനിശ്ചയിക്കുകയും അധ്യാപകരെ കാണാനും ചർച്ച ചെയ്യാനുമുള്ള അവസരവും നൽകി. ഭൂരിഭാഗം രക്ഷിതാക്കളും ക്ലാസ് പി.ടി.എയിൽ പങ്കെടുക്കുകയും സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു

പഠനയാത്ര

കുട്ടികൾക്ക് വിനോദവും വിജ്ഞാനവും പകർന്നു കൊണ്ട് LP UP വിഭാഗം കുട്ടികൾക്കായി പഠനയാത്രകൾ സംഘടിപ്പിച്ചു. LP വിഭാഗത്തിലെ കുട്ടികളെ കോഴിക്കോടും UP വിഭാഗം കുട്ടികളെ മൈസൂരിലേക്കുമാണ് പഠനയാത്ര കൊണ്ടുപോയത്.

ബോധവത്ക്കരണ ക്ലാസുകൾ

മാനുഷിക മൂല്യങ്ങൾ നഷ്ടമായി കൊണ്ടിരിക്കുന്ന ഇക്കാലത്ത് കുട്ടികളുടെ സ്വഭാവ രൂപീകരണത്തിനായി സന്മാർഗപാഠ ക്ലാസുകൾ നടത്തി വരുന്നു.

ഈ വർഷം നടത്തിയ സന്മാർഗ പാഠ പരീക്ഷയിൽ പങ്കെടുത്ത് എയ്ഞ്ചൽ മരിയ റ്റി, സിയ ഫാത്തിമ വി.എൻ, ഫഹദ് എം കെ, എയ്ദ സജേഷ് എന്നീ കുട്ടികൾ സ്കോളർഷിപ്പിന് അർഹത നേടി.

6/1/ 23-ന് മൂല്യാധിഷ്ഠിത ബാല്യങ്ങൾക്കായി എന്ന പേരിൽ രക്ഷിതാക്കൾക്കായി ബോധവൽക്കരണ ക്ലാസ് നടത്തി.കല്ലോടി സെൻ്റ് ജോസഫ് യു .പി സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ ജോസ് പള്ളത്ത് ക്ലാസ് നയിച്ചു.

മാറുന്ന കാലത്തിനൊപ്പം മാറ്റങ്ങളുമായി മക്കളോടൊപ്പം ആയിരിക്കേണ്ടതിൻ്റെ ആവശ്യകത ഓരോ രക്ഷിതാവിനെയും ബോധ്യപ്പെടുത്താൻ ഈ ക്ലാസിലൂടെ കഴിഞ്ഞു.

കൗമാരക്കാരായ പെൺകുട്ടികൾക്കായി 8/9/23 ന് സ്റ്റുഡൻ്റ്സ് കൗൺസിലർ അശ്വതി കെ.വിയുടെ നേത്യത്വത്തിൽ കൗമാരക്കാരുടെ മാനസിക ആരോഗ്യവും ക്ഷേമവും - അറിയേണ്ട കാര്യങ്ങൾ എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി.

എടവക ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ശുചിത്വത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

പ്രമേഹത്തിൻ്റെ വർദ്ധിച്ചു വരുന്ന വ്യാപനത്തെക്കുറിച്ച് അവബോധം വളർത്താനും പ്രതിരോധത്തിൻ്റെയും ചികിത്സയുടെയും പ്രാധാന്യം സാധാരണക്കാരിൽ എത്തിക്കുവാനുമായി ലോക പ്രമേഹ ദിനാചരണത്തോടനുബന്ധിച്ച് സൗജന്യ പ്രമേഹ ,തൈറോയിഡ്നിർണയ ക്യാമ്പ് സംഘടിപ്പിച്ചു.

C - SMILES

മാനന്തവാടിരൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിക്ക് കീഴിലുള്ള വിദ്യാലയങ്ങളിലെ മികവുകളും, സർഗസൃഷ്ടികളും, ആഘോഷ പരിപാടികളും കോർത്തിണക്കിക്കൊണ്ടുള്ള C - SMILES ലേക്ക് മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞു.

അകാലത്തിൽ അപകടത്തെ തുടർന്ന് രക്ഷിതാവ് നഷ്ടപ്പെട്ട നിർധനരായ കുടുംബത്തിന് വീട് നിർമ്മിച്ചു നൽകാൻ കഴിഞ്ഞതിൻ്റെ ചാരിതാർത്ഥ്യത്തിലാണ് ദ്വാരക എ.യു.പി സ്കൂൾ കുടുംബം .പുലിക്കാട് പ്രദേശത്ത് നിർമ്മിച്ച മനോഹരമായ വീടിൻ്റെ വെഞ്ചരിപ്പ് കർമ്മം 13 / 11/ 23 ന് മാനന്തവാടിരൂപത മെത്രാൻ അഭിവന്ദ്യ ജോസ് പൊരുന്നേടം നിർവ്വഹിച്ചു.

ഭൗതിക സാഹചര്യം മെച്ചപ്പെടുത്തൽ

ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി പുതിയ കെട്ടിട സമുച്ചയത്തിൻ്റെ ശിലാസ്ഥാപന കർമ്മം നവംബർ 20 ന് മാനന്തവാടി രൂപത മെത്രാൻ അഭിവന്ദ്യ ജോസ് പൊരുന്നേടം നിർവ്വഹിച്ചു.

കുട്ടികൾക്ക് ശുദ്ധവും സുരക്ഷിതവുമായ കുടിവെള്ളം നൽകുന്നതിനായി വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചു.ശുദ്ധമായ കുടിവെള്ളത്തിലൂടെ കുട്ടികളുടെ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ ആരോഗ്യ ക്ലബിൻ്റെ നേതൃത്വത്തിൽ പ്യൂരിഫയർ സ്ഥാപിച്ചത്.

ദ്വാരക എ .യു .പി സ്കൂൾ അതിൻ്റെ ജൈത്രയാത്ര തുടരുകയാണ്.പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മികവു പുലർത്തി, ഭൗതിക സാഹചര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തി, സ്കൂളിൻ്റെ യശസ്സ് ഉയർത്താൻ പ്രയത്നിച്ച ,താങ്ങായി ഒപ്പം നിന്ന മാനന്തവാടിരൂപതാ കോർപ്പറേറ്റ് മാനേജ്മെൻ്റ്, മാനേജർമാർ ,പി.ടി.എ, അധ്യാപക അനധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, നല്ലവരായ നാട്ടുകാർ തുടങ്ങി എല്ലാവരെയും ഒത്തിരി നന്ദിയോടെ സ്മരിച്ചു കൊണ്ട് ഈ റിപ്പോർട്ട് നിങ്ങൾക്കു മുൻപിൽ സമർപ്പിക്കുന്നു.