വായനദിനം ഉദ്ഘാടനം

കഥയും,പാട്ടും,പുസ്തക പരിചയവുമായി വായനദിന പരിപാടിയുടെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും ഉദ്ഘാടനം നിർവ്വഹിക്കപ്പെട്ടു

മിഥുനപെയ്ത്തിൻ്റെ ചെറു ഇടവേളയിൽ ചെറുവെയിൽ സമ്മാനിച്ച ഉച്ചനേരത്ത് സ്കൂൾ ഹാളിലും പരിസരത്തും വായനയുടെ സൗരഭ്യം പരത്തി ഉദ്ഘാടനം ആഘോഷമായി. ഉച്ചനേരത്ത് കുട്ടികൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു വായിച്ചു വളരും ഞങ്ങൾ ചിന്തിച്ചു വിവേകം നേടും ഞങ്ങൾ .

2024-25 വർഷത്തെ വായനദിനത്തോടൊപ്പം വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും ഉദ്ഘാടനം സാഹിത്യകാരനും ഡയറ്റ് ലക്ചറുമായ ശ്രീ.വിനോദ്കുമാർ പെരുമ്പള നിർവ്വഹിച്ചു.

ശ്രീലത ടീച്ചർ സ്വാഗതം പറഞ്ഞു. ജി.രാജേഷ്ബാബു അധ്യക്ഷം വഹിച്ചു. ഡോ.എം.നാരായണൻനായർ, എം.ആർ ശുഭ,എം. ഗംഗാധരൻ, കെ.പുരുഷോത്തമൻ, മാസ്റ്റർ ദേവജിത്ത്,കുമാരി വേദസ്മൃതി എന്നിവർ ആശംസ നേർന്നു. രാംദാസ് പി നന്ദി രേഖപ്പെടുത്തി. വായന ക്വിസ്,ലൈബ്രറിയിലേക്കുള്ള പുസ്തക സമാഹരണം, വായന പതിപ്പ് പ്രദർശനം, എന്നിവയും നടന്നു.

ബഷീർ ദിനവും അമ്മാവായനയും 05/07/2024

കഥയുടെ സുൽത്താനെ കൗതുകത്തോടെ കേട്ടറിഞ്ഞ് കുറ്റിക്കോൽ എ.യു.പി സ്കൂളിലെ കഥാതൽപരരായ കുട്ടികൾ.

അമ്മവായനയുമായി ബഷീർദിനത്തെ അവിസ്മരണീയമാക്കാൻ സംഘാടന സഹകരണവുമായി കുറ്റിക്കോൽ നെരുദ ഗ്രന്ഥാലയം.

കൈകോർത്ത് കാതോർത്ത് ദിനാചരണത്തിൽ സജീവമായി വിദ്യാരംഗം കലാസാഹിത്യ വേദി.

ലളിതവായനയുടെയും ഹാസ്യവരികളുടെയും സ്വതസിദ്ധശൈലിയുടെയും ഉടമയായ ബേപ്പൂർ സുൽത്താൻ എന്ന വൈക്കം മുഹമ്മദ് ബഷീർ എന്ന കഥാകാരനെ അനുസ്മരിക്കാൻ ചേർന്ന ബഷീർദിന പരിപാടിയുടെയും അമ്മവായന പദ്ധതിയുടെയും ഉദ്ഘാടനം താലൂക്ക് ലൈബ്രററി കൗൺസിൽ അംഗവും കാസർഗോഡ് താലൂക്ക് ഡെപ്യൂട്ടി തഹസിൽദാറുമായ ശ്രീ. ജി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.

ബഷീർകഥാപാത്രങ്ങളെ ഉൾകൊള്ളിച്ചുള്ള ഗാനാലാപനത്തിലൂടെ ബഷീർ അനുസ്മരണ സന്ദേശം ഹക്കീം മാസ്റ്റർ കൈമാറി.

ഡോക്യുമെൻ്ററി പ്രദർശനം, പോസ്റ്റർ പ്രദർശനം, എന്നിവയും നടന്നു.

കുട്ടികളുടെയും അമ്മമാരുടെയും പ്രതിനിധികൾ വായനാനുഭവം പങ്ക് വെച്ചു.

അമ്മവായനക്ക് തുടക്കം കുറിച്ച് നെരുദ ഗ്രന്ഥാലയം രക്ഷിതാക്കൾക്ക് പുസ്തകം വിതരണം ചെയ്തു.