എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2021 22 പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഓൺലൈൻ അധ്യയനത്തിന്റെ തുടർച്ച

കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ 2021 - 2022 അധ്യയനവർഷം വിദ്യാർത്ഥികൾക്ക് പഠനം മുടങ്ങാതിരിക്കാനും അതേ സമയം ആസ്വാദകരമാക്കിത്തീർക്കാനും മാക്കൂട്ടം എ എം യു പി സ്കൂൾ ആസൂത്രണങ്ങൾ നടത്തി. ഇതടിസ്ഥാനത്തിൽ ഗൂഗിൾ മീറ്റ്, ടീച്ച്മിന്റ്, വാട്സ് അപ്പ് എന്നീ സംവിധാനങ്ങൾ ഉപയോഗിച്ച് വിദ്യാർത്ഥികളുമായും രക്ഷിതാക്കളുമായും നിരന്തര ബന്ധം തുടർന്നു.

പ്രവേശനോൽസവം

2021 ജൂൺ 1ന് സ്‌കൂൾ വെർച്വൽ പ്രവേശനോൽസവം കുന്നമംഗലം നിയോജക മണ്ഡലം എം എൽ എ ബഹു. അഡ്വ പി ടി എ റഹീം ഉദ്ഘാടനം ചെയ്തു. കുന്നമംഗലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ. കെ ജെ പോൾ പ്രേവേശനോത്സവ സന്ദേശം നൽകി. ഹെഡ്മാസ്റ്റർ ശ്രീ. പി അബ്ദുൽ സലിം സ്വാഗതം പറഞ്ഞ പരിപാടിയിൽ പി ടി എ പ്രസിഡന്റ് ശ്രീ. വിപി സലിം അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീമതി ഷബ്ന റഷീദ്, ശ്രീമതി യു സി ബുഷ്റ, ശ്രീ. നജീബ് പാലക്കൽ, പി.ടി.എ, എം.പി.ടി.എ പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു.
പ്രവേശനോൽസവ വീഡിയോ കാണുക

പരിസ്ഥിതി ദിനം

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച ഹെഡ്മാസ്റ്റർ പി അബ്ദുൽ സലീം, പി ടി എ പ്രസിഡണ്ട് ശ്രീ വി പി സലീം, അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ സ്കൂളിൽ വൃക്ഷത്തെ നട്ടു. വിദ്യാർത്ഥികൾ അവരവരുടെ വീടുകളിൽ വൃക്ഷത്തൈകൾ നടുന്നതിന്റെ ചിത്രങ്ങൾ ക്ലാസ് വാട്സ്അപ്പ് ഗ്രൂപ്പുകളിൽ അയച്ചു. അന്നേ ദിവസം ഓൺലൈൻ ക്വിസ് മൽസരം നടത്തി വിജയികളെ അനുമോദിച്ചു.

വായനാദിനം

2021 ജൂൺ 19 ന് വായനാദിനത്തോടനുബന്ധിച്ച് ക്വിസ് മൽസരം, പുസ്തക പരിചയം, പ്ലക്കാർഡ് നിർമ്മാണം, പി.എൻ. പണിക്കർ അനുസ്മരണം എന്നിവ ഓൺലൈനായി സംഘടിപ്പിച്ചു.

അന്താരാഷ്ട്ര യോഗാദിനം

2021 ജൂൺ 21 ന് അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് ശ്രീ ജമാലുദ്ദീൻ മാസ്റ്ററുടെ നേതൃത്വത്തിൽ ഓൺലൈനായി യോഗ ക്ലാസ് നടത്തി.നല്ല ആരോഗ്യത്തിനും ചിട്ടയായ ജീവിതത്തിനും വേണ്ടി യോഗാ പരിശീലിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ക്ലാസ്സിൽ വിശദീകരിച്ചു. അതിനുശേഷം യോഗയേയും മറ്റു വ്യായാമങ്ങളെയും കുറിച്ചുള്ള വീഡിയോ പ്രസറ്റേഷൻ നടത്തി വിദ്യാർത്ഥികൾ ആവേശപൂർവ്വം യോഗയെ കുറിച്ച് മനസ്സിലാക്കുകയും യോഗ ചെയ്യുന്നതിന്റെ ഫോട്ടോയും വീഡിയോയും ക്ലാസ് അധ്യാപകർക്ക് അയച്ചുതരികയും ചെയ്തു.

വിദ്യാരംഗം

വായനവാരം സമാപനവും വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം ശ്രീമതി ഗീത ശ്രീകുമാർ നിർവഹിച്ചു. ഓൺലൈനായി നടന്ന പരിപാടിയിൽ ഹെഡ്മാസ്റ്റർ പി അബ്ദുൽ സലീം അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു .അധ്യാപകർ, പി ടി എ, എം പി ടി എ അംഗങ്ങൾ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു. കുന്ദമംഗലം ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദി വായനവാരാഘോഷം കുന്ദമംഗലം പഞ്ചായത്ത് എൽ പി വിഭാഗം പ്രസംഗത്തിൽ അസ മെഹക് ഒന്നാം സ്ഥാനം നേടി

ചാന്ദ്രദിനം

2021 ജൂലായ് 21 ന് സയൻസ്‌ ക്ലബ് ആഭിമുഖ്യത്തിൽ ചാന്ദ്രദിനാഘോഷം, ക്വിസ് മൽസരം, പ്രസംഗം, ചാർട്ട് പ്രദർശനം, റോക്കറ്റ് നിർമ്മാണം എന്നിവ ഓൺലൈനായി സംഘടിപ്പിച്ചു.

സ്വാതന്ത്ര‍്യദിനാഘോഷം

കോവിഡ് ‍‍ജാഗ്രത തുടര‍ുന്ന സാഹചര്യത്തിൽ ത‍ുടർച്ചയായ രണ്ടാം തവണയ‍ും സ്വാതന്ത്ര‍്യദിനാഘോഷം വലിയ രീതിയിൽ നടത്താൻ സാധിച്ചില്ല. വിദ്യാർത്ഥികൾ സ്കൂളിൽ എത്തിയിരുന്നില്ലെങ്കിലും എല്ലാ അധ്യാപകരും പി ടി എ പ്രതിനിധികളും സ്കൂളിലെത്തി ലളിതമായി രീതിയിൽ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പങ്കാളികളായി. ഹെഡ്മാസ്റ്റർ പി അബ്ദുൽ സലീം പതാക ഉയർത്തി. വെർച്വൽ അസംബ്ലിയില‍ൂടെ മ‍ുഴ‍ുവൻ വിദ്യാർത്ഥികള‍ൂം ആഘോഷത്തിൽ പങ്കാളികളായി. ക‍ുട്ടികൾ വീട‍ുകളിൽ പതാക ഉയർത്തുകയ‍ും വിവിധ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്‍ത‍ു.

അദ്ധ്യാപക ദിനം

സെപ്റ്റംബർ 5 അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് പ്രസംഗം, കുട്ടി ടീച്ചർ, ആശംസാ കാർഡ് നിർമ്മാണം, സ്നേഹപൂർവ്വം ടീച്ചർക്ക്(കത്തെഴുതാം), ഡോ.എസ്. രാധാകൃഷ്ണൻ(video presentation), ആശംസാ കാർഡ് നിർമ്മാണം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.

സാന്ത്വന സ്പർശം

കോവിഡ് മഹാമാരി കാലത്ത് വിദ്യാർത്ഥികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ വേണ്ടി സാന്ത്വന സ്പർശം 2021 എന്ന പേരിൽ ടെലി കൗൺസിലിംഗ് സംഘടിപ്പിച്ചു. കൗൺസിലർമാരായ ലത്തീഫ് മുട്ടാഞ്ചേരി ,ജസ്ന കെ എന്നിവരുടെ സേവനം വിദ്യാർഥികൾക്ക് ലഭ്യമാക്കി. വിദ്യാർത്ഥികൾക്ക് ഓൺലൈൻ കാലഘട്ടത്തിൽ അനുഭവപ്പെട്ട മന:സംഘർഷങ്ങൾക്ക് പരിഹാരമായിരുന്നു ടെലി കൗൺസിലിംഗ്.

ഓണാഘോഷം

2021 ഓണാഘോഷം 'കാശി തുമ്പ' എന്ന പേരിൽ ഓൺലൈനായി വിപുലമായി ആഘോഷിച്ചു. ഓണപ്പൂക്കളം, വീടുകളിലെ ഓണസദ്യ, ഓണപ്പാട്ട്, ഓണക്കളികൾ, ക്വിസ് തുടങ്ങി പരിപാടികളിൽ രക്ഷിതാക്കളുടെ സഹായത്തോടെ കുട്ടികൾ ഏറെ സന്തോഷത്തോടെയും ആവേശത്തോടെയും പങ്കെടുത്തു.


ഓണാഘോഷം വീഡിയോ കാണുക

ഗാന്ധിജയന്തി

ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി ക്വിസ് മത്സരം, വിദ്യാർത്ഥികളുടെ വീടും പരിസരവും ശുചീകരണം, ഗാന്ധിവേഷം ധരിക്കൽ തുടങ്ങി വിവിധ പരിപാടികൾ നടന്നു.

അറബി ഭാഷാ ദിനം

അന്താരാഷ്ട്ര അറബി ഭാഷാ ദിന വാരാചരണം ഡിസംബർ 13 മുതൽ 18 വരെ ഓൺലൈനായി നടത്തി. ക്വിസ് മത്സരം , വായനാമത്സരം, പദപ്പയറ്റ്, പോസ്റ്റർ ഡിസൈനിങ്, ബാഡ്ജ് നിർമ്മാണം തുടങ്ങിയ മത്സരങ്ങളിൽ വിദ്യാർത്ഥികൾ ആവേശപൂർവ്വം പങ്കെടുത്തു.


മുന്നൊരുക്കം

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വിദ്യാലയം സന്ദർശിക്കുന്നു
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വിദ്യാലയം സന്ദർശിക്കുന്നു

2021 നവംബർ 1 മുതൽ വിദ്യാലയങ്ങൾ തുറന്നുപ്രവർത്തിക്കാമെന്ന സർക്കാർ നിർദ്ദേശത്തിന്റെ അടിസ്ഥാത്തിൽ ഒന്നര വർഷമായി അടഞ്ഞുകിടക്കുകയായിരുന്ന സ്കൂളും പരിസരവും വൃത്തിയാക്കി. വിദ്യാലയം ഉൾക്കൊള്ളുന്ന വാർഡിലെ തൊഴിലുറപ്പു പദ്ധതിയിൽപ്പെട്ടവരും നാട്ടുകാരും രക്ഷിതാക്കളും അധ്യാപകരും സ്കൂൾ പി ടി എ യുടെയും മാതൃസമിതിയുടെയും നേതൃത്വത്തിൽ നൂറോളം പേർ സജീവമായി പങ്കെടുത്തു. ക്ലാസ് മുറി വൃത്തിയാക്കൽ, ബെഞ്ച് - ഡെസ്ക് എന്നിവ കഴുകൽ, ബ്ലാക്ക് ബോർഡ് വ‍‍ൃത്തിയാക്കൽ, ഗ്രൗണ്ട്, വഴി എന്നിവിടങ്ങളിലെ കാടുമൂടിക്കിടക്കുന്ന ഭാഗങ്ങൾ വെടിപ്പാക്കൽ, ശുചിമുറി, വാട്ടർ ടാങ്ക് എന്നിവയുടെ ശുചീകരണം തുടങ്ങിയവ നടന്നു. പി ടി എ യുയെ ആഭിമുഖ്യത്തിൽ വിഭവ സമൃദ്ധമായ ഭക്ഷണവും ഒരുക്കിയിരുന്നു. പൊതുവിദ്യാലയങ്ങളുടെ സംരക്ഷണം ഒരു നാട് ഏറ്റെടുക്കുന്നതിന്റെ മനോഹര കാഴ്ചയായിരുന്നു ഉൽസവാന്തരീക്ഷത്തിൽ നടന്ന വിദ്യാലയ ശൂചീകരണം.

വിദ്യാർത്ഥികൾ സ്കൂളിലെത്തിയാൽ അവർക്ക് ഉപയോഗിക്കുവാനുള്ള തെർമൽ സ്കാനർ, മാസ്ക്, സാനിറ്റൈസർ, സോപ്പ്, ഹാന്റ് വാഷ് തുടങ്ങിയവയുടെ കരുതൽ ശേഖരം ഒക്ടോബർ അവസാന വാരം തന്നെ വിദ്യാലയത്തിൽ സജ്ജമായിരുന്നു. കോവിഡ് മുൻകരുതലിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കുള്ള നിർദ്ദേശങ്ങളടങ്ങിയ പോസ്റ്ററുകൾ എല്ലാ ക്ലാസ് മുറികളിലും വരാന്തകളിലും പ്രദർശിപ്പിച്ചു.

നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി വിദ്യാർത്ഥികളെ വരവേൽക്കുന്നതിന് എല്ലാ ക്ലാസ് റൂമുകളും കളർ ബലൂണുകളും തോരണങ്ങളും തൂക്കി അലങ്കരിച്ചു. ഒന്ന്, രണ്ട് ക്ലാസുകളിലെ എല്ലാ ബെഞ്ചുകളും ഡെസ്കുകളും വിവിധ വർണങ്ങളിലുള്ള പെയിന്റടിച്ച് ആകർഷകമാക്കി. ഒരുക്കങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി കുന്നമംഗലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ ജെ പോൾ സർ, കുന്നമംഗലം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ചന്ദൻ എന്നിവർ ഒക്ടോബർ 30 ന് വിദ്യാലയം സന്ദർശിച്ചിരുന്നു.



തിരികെ വിദ്യാലയത്തിലേക്ക്

കോവി‍ഡ് മഹാമാരിയുടെ പശ്ചാത്താലത്തിൽ നീണ്ട ഇടവേളക്ക് ശേഷം വിദ്യാർത്ഥികൾ 2021 നവംബർ ഒന്നിന് ആഹ്ലാദാരവങ്ങളോടെ വിദ്യാലയത്തിലേക്കെത്തി. അധ്യാപകർ സ്കൂൾ കവാടത്തിൽ വെച്ച് വിദ്യാർത്ഥികളെ സ്വീകരിക്കുകയും തെർമൽ സ്കാനർ ഉപയോഗിച്ച് ശരീര താപനില പരിശോധിക്കുകയും സാനിറ്റൈസർ നൽകുകയും ചെയ്തു. തുടർന്ന് അവരവരുടെ ക്ലാസ് മുറികളിലേക്ക് അധ്യാപകരുടെ സഹായത്തോടെ എത്തിച്ചേർന്നു. ആദ്യ ദിനം കോവിഡ് കാല അനുഭവങ്ങൾ വിദ്യാർത്ഥികൾ ക്ലാസ് മുറികളിൽ പങ്കുവെച്ചു.

അമൃത മഹോൽസവം

സ്വാതന്ത്ര്യത്തിന്റെ അമ‍ൃത മഹോൽസവവുമായി ബന്ധപ്പെട്ട് സാമൂഹ്യശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ രാവിലെ 11 മണിക്ക് സമൂഹചിത്രരചന സംഘടിപ്പിച്ചു. സ്വാതന്ത്ര്യ സമരത്തിലെ ഉജ്ജ്വല പോരാട്ടങ്ങൾ വരകളിലും വർണങ്ങളിലും വിദ്യാർത്ഥികൾ പുനരാവിഷ്കരിച്ചു. വിദ്യാർത്ഥികൾ വരച്ച രചനകൾ വലിയ കാൻവാസിൽ സ്കൂൾ വരാന്തയിൽ പ്രദർശിപ്പിച്ചു. ഹെഡ്മാസ്റ്റർ പി അബ്ദുൽ സലീം ഗാന്ധിജിയുടെ ചിത്രം വരച്ച് പരിപാടി ഉദ്ഘാടനം ചെയ്ചു.

കൂടിക്കളി - നാടക പരിശീലനം

കോവിഡ് കാലത്ത് വിദ്യാർത്ഥികളിൽ അനുഭവപ്പെട്ട മാനസിക പിരിമുറുക്കം ലഘൂകരിക്കുന്നതിന് ക്രിസ്തുമസ് അവധിക്കാലത്ത് പി ടി എ യുടെ ആഭിമുഖ്യത്തിൽ നടത്തിയ പരിപാടിയായിരുന്നു കൂടിക്കളി. 2021 ഡിസംബർ 21, 22 തിയ്യതികളിൽ നടത്തപ്പെട്ട പ്രസ്തുത ശിൽപശാല വിദ്യാർ‍ത്ഥികളിലെ അഭിനവ പാടവം നേരത്തേ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും സഹായകരമായി. നാടക സീരിയൽ നടൻ കരീംദാസ്, സുജിത്ത് എന്നിവർ നേതൃത്വം നൽകി. പങ്കെടുത്ത വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

ഫുട്ബോൾ കോച്ചിംഗ്

വിദ്യാർത്ഥികളിൽ കായിക സംസ്കാരം വളർത്തിയെടുക്കുന്നതിന് ക്രിസ്തുമസ് അവധിക്കാലത്ത് അപ്പർ പ്രൈമറി വിദ്യാർത്ഥികൾക്ക് വേണ്ടി പത്തു ദിവസം നീണ്ടുനിൽക്കുന്ന അവധിക്കാല ഫുട്ബോൾ പരിശീലനം സംഘടിപ്പിച്ചു. സന്തോഷ് ട്രോഫി മുൻ താരം മെഹബൂബ് സർ ഉദ്ഘാടനം ചെയ്തു. പതിമംഗലം മലർവാടി ആർട്സ് & സ്പോർട്സ ക്ലബിന്റെ സഹകരണത്തോടെ നടത്തപ്പെട്ട ക്യാമ്പിൽ നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. സ്കൂൾ മിനി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സമാപന പരിപാടി കുന്നമംഗലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ ജെ പോൾ സർ ഉദ്ഘാടനം ചെയതു. ക്യാമ്പിൽ മികവു പുലർത്തിയ 63 വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പി ടി എ പ്രസിഡണ്ട് എ കെ ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. കുന്നമംഗലം ഗ്രാമ പഞ്ചായത്ത് അംഗം നജീബ് പാലക്കൽ, മലർവാടി സെക്രട്ടറി യൂസുഫ് പതിമംഗലം, അഷ്റഫ് മണ്ണത്ത്, വി പി മാസിത, എം കെ മുഹമ്മദ് എന്നിവർ സംബന്ധിച്ചു. ഹെഡമാസ്റ്റർ പി അബ്ദുൽ സലീം സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഒ കെ സൗദാബീവി നന്ദിയും പറഞ്ഞു.


ക്ലാസ് തല മൂല്യനിർണയം

2022 ജനുവരി രണ്ടാം വാരത്തിൽ ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിൽ ഇതേ വരെയുള്ള പഠന പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ ക്ലാസ് തല മൂല്യനിർണയം നടത്തി. മൂല്യ നിർണയത്തിന് വേണ്ടി എല്ലാ ക്ലാസിലേക്കും അച്ചടിച്ച ചോദ്യപേപ്പറുകൾ ഉപയോഗിച്ചു. വിദ്യാർത്ഥികൾക്ക് പരീക്ഷയുടെ സമ്മർദ്ദം ഇല്ലാതെ നടത്തി മൂല്യനിർണയത്തിന്റെ ഫലമായി അധ്യാപകർക്കും വിദ്യാർത്ഥികൾക്കും സ്വയം വിലയിരുത്താനും പിഴവുകൾ തിരുത്താനും സാധിച്ചു.

പരിചരണം പഠിക്കാം പൂമണം പരത്താം

വിദ്യാർത്ഥികളിൽ പരിസ്ഥിതി ബോധവും പൂച്ചെടികളെ പരിചരിക്കുന്നതിൽ പരിശീലനം നൽകുന്നതിന് വേണ്ടിയും സ്കൂൾ പി ടി എ യുടെ ആഭിമുഖ്യത്തിൽ നടപ്പാക്കിവരുന്ന പദ്ധതിയാണ് പരിചരണം പഠിക്കാം പൂമണം പരത്താം. പി ടി എ അംഗമായ ശ്രീനു ഈ പദ്ധതിയിലേക്ക് പൂച്ചട്ടികൾ സൗജന്യമായി നിർമ്മിച്ചു നൽകി. പദ്ധതിയുടെ ഔപചാരിക ഉൽഘാടനം പി ടി എ പ്രസിഡണ്ട് എ കെ ഷൗക്കത്തലി നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ പി അബ്ദുൽ സലീം സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഒ കെ സൗദാബീവി നന്ദിയും പറഞ്ഞു. പി ടി എ വൈസ് പ്രസിഡണ്ട് അഷ്റഫ് മണ്ണത്ത്, കെ സി ഷനിജ, പി റജ്ന, ഇ അബ്ദുൽ ജലീൽ, എം ജമാലൂദ്ദീൻ എന്നിവർ സംസാരിച്ചു.

അമ്മ സഹായം

മാക്കൂട്ടം എ എം യു പി സ്കൂൾ മാതൃസമിതിയുടെ നേതൃത്വത്തിൽ സ്കൂളി‍ലെ പാചകപ്പരയിലേക്ക് നൽകിയ പ്രഷർ കുക്കർ നൽകി. മാക്കൂട്ടം എ എം യു പി സ്കൂളിലെ അമ്മമാരുടെ സ്നേഹോപഹാരം മാതൃസമിതി പ്രസിഡണ്ട് ഇ തൻസി സ്കൂൾ ഉച്ചഭക്ഷണ കമ്മിറ്റി ചുമതലയുള്ള അധ്യാപിക പി റജ്ന ടീച്ചർക്ക് നൽകി ഉൽഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ പി അബ്ദുൽ സലീം, സ്റ്റാഫ് സെക്രട്ടറി ഒ കെ സൗദാബീവി, സി എസ് സോണിയ, സരള എന്നിവർ പങ്കെടുത്തു.

ലോക മാതൃഭാഷാ ദിനാചരണം

മാക്കൂട്ടം എ എം യു പി സ്കൂളിൽ ലോക മാത‍ൃഭാഷാ ദിനം വിപുലമായി ആചരിച്ചു. മാതൃഭാഷയുടെ സ്വാധീനവും പ്രാധാന്യവും ക്ലാസ് അധ്യാപകർ വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു നൽകി. എല്ലാ ക്ലാസുകളിലും മാതൃഭാഷാ പ്രതിജ്ഞ ക്ലാസ് ലീഡർമാർ ചൊല്ലിക്കൊടുത്തു. മാതൃഭാഷാ ദിനാചരണത്തിന്റെ സ്കൂൾ തല പരിപാടിയിൽ സ്കൂൾ ലീഡർ ഷേഹ ഫാത്തിമ പ്രതിജ്ഞ ചൊല്ലി. പൊതു പ്രവർത്തകനും സ്കൂളിലെ മുൻ ഹെഡ്മാസ്റ്ററുമായ പി മുഹമ്മദ് കോയ മാസ്റ്റർ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. പി ടി എ പ്രസിഡണ്ട് എ കെ ഷൗക്കത്തലി, എം പി ടി എ പ്രസിഡണ്ട് തൻസി ഇ, ഹെഡ്മാസ്റ്റർ പി അബ്ദൂൽ സലീം, കെ ടി ജഗദാംബ തുടങ്ങിയവർ പങ്കെടുത്തു.

അറബിക് ടാലന്റ് പരീക്ഷ

റവന്യൂ ജില്ലാതലത്തിൽ നടത്തിയ അൽ മാഹിർ അറബിക് ടാലന്റ് പരീക്ഷയുടെ സ്കൂൾ തല മത്സരം ഫെബ്രുവരി 24ന് സ്കൂളിൽ വെച്ച് ഗംഭീരമായി നടത്തി. എൽ പി തലത്തിൽ 47 വിദ്യാർഥികൾ പങ്കെടുക്കുകയും അഞ്ചു വിദ്യാർഥികൾക്ക് 70% മുകളിൽ മാർക്ക് ലഭിക്കുകയും ചെയ്തു. യുപി വിഭാഗത്തിൽ 58 വിദ്യാർത്ഥികൾ പങ്കെടുക്കുകയും 6 വിദ്യാർഥികൾക്ക് 70% മുകളിൽ മാർക്കും ലഭിച്ചു.

പുസ്തക ചങ്ങാതി

ഓരോ മാസത്തിലും വിവിധ ഭാഷകളിലുള്ള സാഹിത്യകാരന്മാരെ കുറിച്ച് പരിചയപ്പെടുത്തുകയും അവരെ കുറിച്ച് കൂടുതൽ അറിയാനുള്ള പുസ്തകങ്ങളും ഓൺലൈൻ ലൈൻ സൈറ്റുകളുടെ വിവരങ്ങൾ വിദ്യാർത്ഥികൾക്ക് കൈമാറുന്നു. പരിചയപ്പെടുത്തിയ സാഹിത്യകാരന്മാരെ കുറിച്ച് ചോദ്യങ്ങൾ നൽകുകയും ഉത്തരങ്ങൾ പെട്ടിയിൽ ഇടാൻ ആവശ്യപ്പെടുന്നു. ഇതിൽനിന്നുള്ള വിജയികളെ അതാത് മാസത്തെ പുസ്തക ചങ്ങാതിയായി പ്രഖ്യാപിക്കുന്നു. മലയാളം ,ഇംഗ്ലീഷ്, ഹിന്ദി, അറബി ,ഉർദു, സംസ്കൃതം തുടങ്ങിയ ഭാഷകളിലാണ് പുസ്തക ചങ്ങാതിയായി ഓരോ മാസവും തെരഞ്ഞെടുക്കുന്നത്.

ഉല്ലാസ ഗണിതം

ഒന്ന്, രണ്ട് ക്ലാസിലെ കുട്ടികൾക്കായി സമഗ്ര ശിക്ഷാ അഭിയാൻ ആരംഭിച്ച പദ്ധതിയാണ് ഉല്ലാസ ഗണിതം.ഓൺലൈൻ രീതിയിലായാലും ക്ലാസ് മുറിയിലായാലും കളി രീതിയിലൂടെ പഠിക്കുന്നതാണ് കുട്ടികൾക്ക് ഏറെ ഇഷ്ടം. ഗണിത പഠനം കളികളിലൂടെ അതാണ് ഉല്ലാസ ഗണിതം. ഇതിൻ്റെ ഭാഗമായി മാക്കൂട്ടം എ എം യു പി സ്കൂളിൽ 10/3/2022 വ്യാഴായ്ച ഉല്ലാസ ഗണിതം ശില്പശാലയും ഉപകരണ വിതരണവും നടന്നു. ഈ ശില്പശാല രക്ഷിതാക്കളുടെ അദ്ധ്യാപകരുടെയും പൂർണ്ണ സഹകരണത്തോടെ ഈ പദ്ധതി വൻ വിജയമാക്കാൻ സാധിച്ചു.

ക്ലാസ് തല ഫുട്ബോൾ മൽസരം

മാക്കൂട്ടം എ എം യു പി സ്കൂൾ ക്ലാസ് തല ഫുട്ബോൾ മൽസരങ്ങൾക്ക് 2022 മാർച്ച് ന് തുടക്കമായി. പി ടി എ പ്രസിഡണ്ട് എ കെ ഷൗക്കത്തലി ഉൽഘാടനം നിർവഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ പി അബ്ദുൽസലീം, പതിമംഗലം മലർവാടി ആർട്സ് & സ്പോർട്സ് ക്ലബ് പ്രതിനിധി അഷ്റഫ് കൂടത്താൾ, എം കെ മുഹമ്മദ്, കെ ടി ജഗദാംബ, എ എം ഷമീർ എന്നിവർ ആശംസകളർപ്പിച്ചു. അഞ്ചാം ക്ലാസ് സി ഡിവിഷനും ബി ‍ഡിവിഷനും തമ്മിൽ നടത്ത ഉദ്ഘാടന മൽസരത്തിൽ സി ഡിവിഷൻ വിജയിച്ചു. രണ്ടാം മൽസരത്തിൽ ആറാം ക്ലാസ് എ ഡിവിഷനും സി ഡിവിഷനും തമ്മിൽ നടന്ന മൽസരത്തിൽ സി ഡിവിഷൻ വിജയിച്ചു.