എ എം എൽ പി എസ് കരിമല/പ്രവർത്തനങ്ങൾ/2026-27
ലോക പരിസ്ഥിതി ദിനം
കപ്പുറം കാർബൺ ന്യൂട്രൽ ഗ്രാമമാക്കാൻ: കരിമല എ.എം.എ.ൽ.പി സ്കൂളിലെ കൊച്ചു കുട്ടികൾ രംഗത്ത്

വട്ടോളി ബസാർ: വായു മലിനീകരണവും ആഗോള താപനവും വർദ്ധിച്ചുവരുന്ന ഇന്നത്തെ സാഹചര്യത്തിൽ, പരിസ്ഥിതി സംരക്ഷണവും സുസ്ഥിര വികസനവും ലക്ഷ്യമാക്കി കപ്പുറം ഗ്രാമത്തെ മാതൃകാ കാർബൺ ന്യൂട്രൽ ഗ്രാമമാക്കാൻ വിവിധ പദ്ധതികളുമായി കരിമല എ.എം.എ.ൽ.പി. സ്കൂൾ. മാതൃഭൂമി സീഡ് ക്ലബ്ബുമായി ചേർന്നാണ് 'കപ്പുറം കാർബൺ ന്യൂട്രൽ ഗ്രാമം ബോധവൽക്കരണ പദ്ധതി'യുമായി സ്കൂളിലെ കൊച്ചുകുട്ടികൾ മുന്നിട്ടിറങ്ങുന്നത്.
അന്തരീക്ഷ വായു സന്തുലിതമായി നിലനിർത്തുന്നതിന് പുകയും പ്ലാസ്റ്റിക് മലിനീകരണവും കുറയ്ക്കുക, സൗരോർജ്ജ വൈദ്യുത ഉപയോഗം, ഇലക്ട്രിക് വാഹനങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുക, കൂടുതൽ മരങ്ങൾ നട്ടുപിടിപ്പിക്കുക എന്നിവയിലൂടെ വായു ശുദ്ധമാക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ശുദ്ധവായു, ശുദ്ധജലം, ആരോഗ്യകരമായ ജീവിതം, പ്രകൃതി സംരക്ഷണം എന്നിവ ഉറപ്പാക്കാൻ കാർബൺ ന്യൂട്രൽ ഗ്രാമങ്ങൾ വലിയ പങ്കുവഹിക്കുമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് ഉണ്ണികുളം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ . ആർ. കെ ഇബ്രാഹിം മാസ്റ്റർ അഭിപ്രായപ്പെട്ടു.
വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ, നാട്ടുകാർ, സാമൂഹ്യ-സാംസ്കാരിക സംഘടനകൾ എന്നിവരെയെല്ലാം ഒന്നിപ്പിച്ചു കൊണ്ട് ജനകീയ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
യോഗത്തിൽ പിടിഎ പ്രസിഡണ്ട് ശ്രീ അബ്ദുല്ലത്തീഫ് അധ്യക്ഷത വഹിച്ചു. എസ് ആർ ജി കൺവീനർ കെ സർജാസ് മാസ്റ്റർ പദ്ധതി വിശദീകരിച്ചു. എച്ച് എം മൈമൂനത്ത് എം ഇ സ്വാഗതം പറഞ്ഞ ചടങ്ങിൽ സതി ടീച്ചർ, അസീം അലി, ജസീൽ കെ പി, നിഷ പി, ജാസ്മിൻ എന്നിവർ സംസാരിച്ചു