എ.യു.പി.എസ് പൂക്കോട്ടുംപാടം/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ അമരമ്പലം പഞ്ചായത്തിലെ പൂക്കോട്ടുംപാടം പട്ടണത്തിന്റെ ഹൃദയഭാഗത്ത് പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്ന എയ്ഡഡ് വിദ്യാലയമാണ് എ.യു.പി സ്കൂൾ ..
പ്രാഥമിക വിദ്യാലയം എന്ന നിലക്ക് പൂക്കോട്ടുംപാടത്തുകാർക്ക് വലിയൊരു ആശാ കേന്ദ്രമായി മാറിയ വിദ്യാലയത്തിന് വർഷങ്ങളുടെ ചരിത്രവും പാരമ്പര്യവുമുണ്ട്.
സമൂഹത്തിലെ ഉന്നതരായ പലർക്കും ആദ്യാക്ഷരം കുറിക്കാനായ വിദ്യാലയത്തിന്റെ നാൾവഴികൾ പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് ഒരിക്കലും മായ്ക്കാനാവാത്ത ഏടുകൾ തുന്നിച്ചേർത്തതാണ് .
1940 കളിൽ മണ്ണിൽ മൊല്ലാക്കയുടെ നേതൃത്വത്തിൽ നിലവിൽ സ്കൂൾ നിലകൊള്ളുന്ന സ്ഥലത്ത് ഓത്തുപള്ളി സജീവമായി നടന്നിരുന്നു .ഓത്തു പള്ളി സമയം കഴിഞ്ഞാൽ അടുത്തൊന്നും പള്ളിക്കൂടം ഇല്ലാതിരുന്നതിനാൽ കുട്ടികൾ വീട്ടിൽ വെറുതെ ഇരിക്കുകയായിരുന്നു .മണ്ണിൽ മൊല്ലാക്കയുടെ വിശാലമനസ്കത കൊണ്ട് ഓത്തു പള്ളി സമയം കഴിഞ്ഞാൽ അദ്ദേഹം കുട്ടികളെ എഴുത്തും വായനയും പഠിപ്പിച്ചു .ഇത് അക്ഷരാഭ്യാസം നേടാനുള്ള കുട്ടികളുടെ സംഗമ വേദിയായി മാറി.
ഇത് ശ്രദ്ധയിൽപ്പെട്ട അന്നത്തെ വിദ്യാഭ്യാസ ഓഫീസർ ഈ പ്രദേശത്തേ സ്കൂളിന്റെ ആവശ്യകത പരിഗണിച്ച് ഒരു പള്ളിക്കൂടം അനുവദിച്ചു .
1951 ൽ എൽ പി സ്കൂളായി നിലവിൽ വരികയും പുലത്ത് മമ്മദ് ഹാജി എന്ന മഹാമനസ്കൻ മദ്രസ്സക്ക് അനുവദിച്ച സ്ഥലത്തു രാവിലെ 10 മണിവരെ മദ്രസ്സയും ശേഷം സ്കൂളിന്റെ സമയമായും നിജപ്പെടുത്തി. അതിപ്പോഴും തുടർന്നുകൊണ്ടേയിരിക്കുന്നു .
വിദ്യാലയത്തിന്റെ പ്രഥമ അദ്ധ്യാപകനായി വണ്ടൂരിലെ ഗോവിന്ദൻ മാസ്റ്റർ ആണ് ചാർജ്ജെടുത്തത് .പിന്നീട് എടവണ്ണയിലെ മുഹമ്മദ് മാസ്റ്റർ ,തുടങ്ങി പ്രമുഖരായ ആളുകൾ ഈ സ്ഥാനം അലങ്കരിച്ചു ... നിലവിൽ ഫസൽഹഖ് മാസ്റ്റർ സ്കൂളിന്റെ ഹെഡ്മാസ്റ്റർ ആയി നയിച്ചുകൊണ്ടിരിക്കുന്നു .
എൽ.പി സ്കൂൾ ആയി തുടക്കം കുറിച്ച സ്ഥാപനത്തിന് 1982 ൽ അപ്പർ പ്രൈമറി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു .
വിവരസാങ്കേതിക വിദ്യയുടെ വിസ്ഫോടനം നടന്നപ്പോൾ 2003 ൽ നമ്മുടെ വിദ്യാലയത്തിലും ഐ.ടി വിദ്യാഭ്യാസം സമാരംഭം കുറിക്കാനായി .2017 ൽ വലിയ കമ്പ്യൂട്ടർ ലാബാക്കി വിപുലീകരിച്ചു.ഇത് ഐ ടി വിദ്യാഭ്യാസ രംഗത്ത് വിദ്യാലയത്തിൻ്റെ പുതിയ കാൽവെപ്പായി . 2011 -12 വർഷം മുതൽ മാപ്പിള കലണ്ടറിൽ നിന്നും ജനറൽ കലണ്ടറിലേക്ക് സ്കൂൾ മാറുകയും നിലവിൽ 1200 ഓളം കുട്ടികളും 40 ഓളം അധ്യാപകരും ഉള്ള വലിയ വിദ്യാഭ്യാസ സമുച്ചയമായി നമ്മുടെ വിദ്യാലയം മാറി.