എ.യു.പി.എസ് പറപ്പൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കൂടാതെ ജില്ലാ-സബ്ജില്ലാ-പ‍ഞ്ചായത്ത്തല കലാ കായിക സാഹിത്യ മത്സരങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച് കീർത്തിമുദ്ര പതിപ്പിക്കാനും ഈ സ്ഥാപനത്തിനു ക‍ഴിഞ്ഞിട്ടുണ്ട്.ജില്ലയിൽ കിഡ്നിരോഗികൾക്കുള്ള ചികിത്സാഫണ്ടിലേക്ക് കൂടുതൽ ധനസമാഹരണം നടത്തി ജില്ലാ പഞ്ചായത്തിൽനിന്നുള്ള പ്രശംസയും സർട്ടിഫിക്കറ്റും നേടാൻ കഴിഞ്ഞ നാലു വർഷങ്ങളിലും സാധിച്ചിട്ടുണ്ട്. 2015-16 അധ്യയനവർ‍ഷത്തിൽ വിവിധ മേഖലകളിൽ മികവു പുലർത്തിയ 25 കുട്ടികൾക്ക് എക്സലൻസ് അവാർഡുകൾ നൽകുകയുണ്ടായി.ജില്ലാ-സബ്ജില്ലാ കലാ ശാസ്ത്ര കായികമത്സരങ്ങളിൽ മികച്ച നേട്ടങ്ങൾ കരസ്ഥമാക്കാനും സാധിച്ചിട്ടുണ്ട്. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് അധ്യാപകരുടെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം നൽകി വരുന്നു. ഇംഗ്ലീഷ്, ഗണിതം, മലയാളം, ഹിന്ദി എന്നീ വിഷയങ്ങൾക്ക് പ്രത്യേക പരിഗണന നൽകുന്നുണ്ട്.

പൂർവ്വ കാലംതൊട്ടേ വിദ്യാഭ്യാസമേഖലയിൽ മറ്റുള്ള പ്രദേശങ്ങളെ അപേക്ഷിച്ചു ഉന്നതനിലവാരം പുലർത്തിയിരുന്ന പറപ്പൂർ പ്രദേശം, പ്രാഥമിക വിദ്യാഭ്യാസത്തിന് ആശ്രയിച്ചിരുന്നത് വീണാലുക്കലിലെ ലോവർ പ്രൈമറി വിദ്യാലയത്തെയായിരുന്നു. എന്നാൽ ഇവിടത്തെ പഠനം പൂർത്തിയാക്കുന്ന കുട്ടികൾ ഉപരിപഠനത്തിനായി കോട്ടക്കൽ എലമെന്ററി സ്കൂളിലും തുടർന്ന് കോട്ടക്കൽ രാജാസ് ഹൈസ്കൂളിലുമാണ് ചേർന്ന് പഠിച്ചിരുന്നത്.

അന്നത്തെ ജീവിത സാഹചര്യങ്ങളിൽ ലോവർ പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കുന്ന കുട്ടികളിൽ പലർക്കും തുടർപഠനത്തിന് മറ്റുള്ള പ്രദേശങ്ങളെ ആശ്രയിക്കാൻ കഴിയാത്ത ഒരു അവസ്ഥ ഉണ്ടായിരുന്നു. ഇത് മനസ്സിലാക്കി, പറപ്പൂരിന്റെ വിദ്യാഭ്യാസ പുരോഗതി മുഖ്യ ലക്ഷ്യമാക്കി പ്രവർത്തിച്ചുവന്നിരുന്ന 1958-ൽ രൂപീകൃതമായ തർബിയത്തുൽ ഇസ്ലാം സംഘം യോഗം ചേരുകയും സംഘത്തിന് കീഴിൽ ഒരു യുപിസ്കൂൾ അനിവാര്യമാണെന്നും അത് നമ്മുടെ വിദ്യാഭ്യാസ വളർച്ചക്ക് ആക്കം കൂട്ടുമെന്ന് മനസ്സിലാക്കുകയും ചെയ്‌തതിന്റെ അടിസ്ഥാനത്തിൽ ശ്രീ. പി മുഹമ്മദ് ഹാജി, ശ്രീ. അലി ഹാജി, ശ്രീ. കെ കെ സൈതലവി ഹാജി, ശ്രീ. പി അബൂബക്കർ മാസ്റ്റർ, ശ്രീ. കുട്ടിരായിൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ 1968 ജൂൺ 1 നാണ് എ യു പി സ്കൂൾ പറപ്പൂർ എന്ന ഈ മഹത് സ്ഥാപനം രൂപം കൊണ്ടത്.

രണ്ട് ഡിവിഷനുകളിലായി 54 കുട്ടികളും ഏതാനും അധ്യാപകരുമായി തുടക്കം കുറിച്ച ഈ സ്ഥാപനം 5,6,7 ക്ലാസുകൾ മലയാളം, ഇംഗ്ലീഷ്, മീഡിയങ്ങളിലായി 24 ഡിവിഷനുകളിലായി 877 കുട്ടികളും 33 അധ്യാപകരുമായി മികച്ച ഒരു വിദ്യാലയമായി പ്രവർത്തിച്ചുവരുന്നു. പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ മൂസക്കുട്ടി മാസ്റ്ററുടെ നേതൃത്വത്തിൽ അധ്യാപകരും കുട്ടികളും രക്ഷിതാക്കളും മാനേജ്മെന്റ് കമ്മിറ്റിയും നാട്ടുകാരും ഒത്തൊരുമിച്ച് പ്രവർത്തിച്ചപ്പോൾ തുടർന്ന് ഒട്ടനവധി നേട്ടങ്ങൾ കൊയ്തെടുക്കുവാൻ ഈ സ്ഥാപനത്തിനായി. ജില്ലയിലെ തന്നെ മികച്ച സ്കൂളുകളിലൊന്നായി വളരാൻ മുൻകാലങ്ങളിൽ നിന്ന് തന്നെ സാധിച്ചിട്ടുണ്ട്. ഏറ്റവും മികച്ച സഞ്ചയിക സ്കൂൾ, കായികമേള ശാസ്ത്രമേള തുടങ്ങിയ പാഠ്യേതര മേഖലകളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച് ഖ്യാതി നേടാനും നമ്മുടെ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.

കിഡ്നി രോഗികളുടെ സഹായിക്കുന്നതിനുള്ള ഫണ്ട് ശേഖരണം അടക്കമുള്ള ജീവകാരുണ്യ മേഖലകളിൽ ഈ സ്ഥാപനം ഇന്നും മികവ് പുലർത്തി വരുന്നു. കൂടാതെ സ്കൗട്ടും ഗെയിഡ്സും റെഡ് ക്രോസ്സും ഈ വിദ്യാലയത്തിന്റെ പ്രവർത്തനത്തിന് മാറ്റുകൂട്ടുന്നു. 18 വർഷങ്ങൾക്ക് മുമ്പേ ഐടി വിദ്യാഭ്യാസത്തിനും പ്രാധാന്യം നൽകി വന്നിരുന്ന ഈ വിദ്യാലയത്തിൽ ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ സമീപപ്രദേശങ്ങളിലെ യുപിസ്കൂളുകളെ അപേക്ഷിച്ച് ഏറ്റവും മെച്ചപ്പെട്ട സൗകര്യങ്ങൾ ഉള്ളതുകൊണ്ട് തന്നെ ഉപജില്ലാ കലാമേളക്ക് മൂന്നുപ്രാവശ്യം ആതിഥ്യം വഹിക്കുകയുണ്ടായി.

ഒരു വിദ്യാലയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം അക്കാദമിക മിക്കവാണെന്ന് തിരിച്ചറിഞ്ഞ് വരുംകാലങ്ങളിൽ ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് ഏറ്റവും മികച്ച അക്കാദമിക അനുഭവങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടുകൂടി പ്രവർത്തിച്ചുവരുന്നു.