എ.യു.പി.എസ് തൂവൂർ തറക്കൽ/അക്ഷരവൃക്ഷം/നല്ല നാളെക്കായി

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല നാളെക്കായി


പുരാതന കാലം മുതൽ തന്നെ ശുചിത്വത്തിന്റെ കാര്യത്തിൽ മനുഷ്യർ ഏറെ ശ്രദ്ധയുള്ളവരായിരുന്നു. സാമൂഹ്യ ജീവിയെന്ന നിലയിൽ ശുചിത്വശീലം തുടർന്നുപോരുന്നവരാണല്ലോ നമ്മളും. കേവലം മറ്റുള്ളവരെ ബോധിപ്പിക്കുക എന്നതിലുപരി ഒരു സുരക്ഷിതത്വം കൂടിയാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. ആരോഗ്യം പോലെ തന്നെ വ്യക്തി എന്ന നിലയിലും സമൂഹം എന്ന നിലയിലും ശുചിത്വത്തിന് ഏറെ പ്രാധാന്യമുണ്ട്. മാത്രമല്ല, ആരോഗ്യം ശുചിത്വാവസ്ഥയുമായ് ഏറെ ബന്ധപ്പെട്ടിരിക്കുന്നു.

സാക്ഷരതയിൽ നാം ഏറെ മുന്നിൽ നില്കുന്നു എന്നവകാശപ്പെടുമ്പോഴും ശുചിത്വത്തിന്റെ കാര്യത്തിൽ നാം അത്രതന്നെ മുൻപന്തിയിലല്ല എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? വ്യക്തി ശുചിത്വത്തിന് വളരെയധികം പ്രാധാന്യം കല്പിക്കുന്ന നമ്മൾ പരിസരശുചിത്വത്തിലും പൊതുശുചിത്വത്തിലും അത്ര കണ്ടു പ്രാധാന്യം നൽകുന്നില്ല.

നമ്മളിന്നനുഭവിക്കുന്ന പല പ്രശ്നങ്ങളുടെയും അടിസ്ഥാനകാരണം ഒരുപക്ഷെ പൊതുശുചിത്വ ബോധത്തിന്റെ അഭാവമായിരിക്കാം.വായുമലിനീകരണം, ജലമലിനീകരണം, പരിസ്ഥിതി മലിനീകരണം തുടങ്ങി പല പാരിസ്ഥിതിക പ്രശ്നങ്ങളും മനുഷ്യന്റെ അമിതമായ കൈകടത്തലുകൾ മൂലം ഉണ്ടായതാണ്.പ്ലാസ്റ്റിക്, ഇലക്ട്രിക് വേസ്റ്റ് തുടങ്ങി മണ്ണിന് ദഹിപ്പിക്കാൻ കഴിയാത്തവ കുന്നുകൂടി പരിസ്ഥിതി നശിപ്പിക്കുന്നു. അതുപോലെ പ്ലാസ്റ്റിക്കുകൾ കത്തിച്ചു അന്തരീക്ഷത്തെ മലിനമാക്കുന്നു. ശുദ്ധവായു ഇല്ലാതാവാൻ അത് കാരണമാകുന്നു.അതുമൂലം പകർച്ചവ്യാധികളും പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാവാൻ കാരണമാകുന്നു. മനുഷ്യന്റെ ജീവനും നിലനില്പിനും ഇതൊരു വൻ ഭീഷണി തന്നെയാണ്.

ഇതിന്റെയൊക്കെ പരിഹാരം എന്ന നിലയിൽ സർക്കാരും പല സന്നദ്ധ സംഘടനകളും ക്രിയാത്മകമായ പല തരം പ്രവർത്തനങ്ങൾ മുന്നോട്ട് വെക്കുന്നുണ്ട്. അതിലെല്ലാം പൂർണ മനസ്സോടെ സഹകരിച്ചാൽ കുറെയൊക്കെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാം.

പ്രഖ്യാപനങ്ങളോ മുദ്രവാക്യങ്ങളോ അല്ല നമുക്ക് വേണ്ടത്. നാളെയെങ്കിലും നമ്മുടെ വീടുകൾ, ഓഫീസുകൾ, സ്ഥാപനങ്ങൾ, ഗ്രാമങ്ങൾ ശുചിത്വമുള്ളവയായിരിക്കണം.അതിന് ഓരോ വ്യക്തിക്കും ഉത്തരവാദിത്വമുണ്ട്.ഭരണസ്ഥാപനങ്ങൾക് ഉത്തരവാദിത്വമുണ്ട്. എല്ലാവരും ഒത്തൊരുമിച്ചു പ്രവർത്തിച്ചാൽ ഒരു ശുചിത്വസമൂഹമായി നമുക്ക് മാറാൻ കഴിയും.മനുഷ്യന്റെ സംസ്കാരത്തിന്റെ മുഖമുദ്രയായ ശുചിത്വത്തെ വീണ്ടും നമുക്ക് ഉയർത്തി കാണിക്കാൻ കഴിയും.

അഫ്ര സയാൻ
7 F തറക്കൽ എ .യു പി എസ് , മലപ്പുറം, വണ്ടൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം