എ.യു.പി.എസ്.എഴുവന്തല നോർത്ത്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കൊയ്‌ത്തുപാട്ടിന്റെയും ഞാറ്റുപാട്ടിന്റെയും ഈരടികൾ ഈണത്തിൽ പാടി വരിവരിയായി കറ്റകളും ചുമന്നു നീങ്ങുന്ന കർഷകരും അനുഷ്ഠാനങ്ങളുടെ താളലയങ്ങളും അനുഗ്രഹീതമാക്കിയ പ്രദേശമാണ് നെല്ലായ. പാണ്ഡവർ നീരാട്ടിനിറങ്ങിയെന്ന് പറയുന്ന കുന്തിപ്പുഴ വടക്കു ഭാഗത്തായി ഒഴുകി കൊണ്ടിരിക്കുന്നു. രാമഞ്ചാടി എന്നറിയപ്പെടുന്ന പുഴയോരത്തു ശ്രീരാമൻ ചാടിയതായി പറയപ്പെടുന്നു.

വടക്ക് ആലിപ്പറമ്പും പടിഞ്ഞാറ് മുതുകുറുശ്ശിയും കുലുക്കല്ലൂരും കിഴക്ക് ചെർപ്പുളശ്ശേരിയും തെക്ക് ചളവറ, വല്ലപ്പുഴ പഞ്ചായത്തുകളുമാണ്. പഴയ മലബാറിന്റെ ഭാഗമായിരുന്ന ചരിത്ര രേഖകളുടെ അഭാവം പൗരാണിക കാലഘട്ടത്തിലേക്ക് വെളിച്ചം വീശുന്നില്ല. പഴയ നന്നങ്ങാടികളും ക്ഷേത്രങ്ങളുടെ മാതൃകയും പഠന വിധേയമാക്കേണ്ടതുണ്ട്. രാജവാഴ്ചയുടെ കാലത്തു സാമൂതിരി രാജാവിന്റെ ഭരണത്തിൻ കീഴിലായിരുന്നു ഈ പ്രദേശം. പടിഞ്ഞാറേ കോവിലകം വഴി ഇവിടുത്തുകാർ കരം കൊടുത്തിരുന്നതായി കാണുന്നു. സ്വതന്ത്ര സമര പ്രസ്ഥാനങ്ങളിൽ മുന്നണി പോരാളികളായിരുന്ന എ ആർ തിരുമിൽപ്പാട്, കൃഷ്‍ണൻ കുട്ടി വാര്യർ, ഗോധൻ ഭട്ടതിരിപ്പാട് എന്നിവർ ഗാന്ധിജിയുടെ സ്വാതന്ത്രസമരത്തോടൊപ്പം പ്രവർത്തിച്ചിരുന്നു. ഉപ്പുസത്യാഗ്രഹം, ക്ഷേത്രപ്രവേശന സമരം, ഖാദിപ്രസ്ഥാനം, വിദേശ വസ്‌ത്രപരിഷ്‌കരണം, നിസ്സഹകരണപ്രസ്ഥാനം എന്നീ സമരങ്ങളിലും ഇവരുടെയും മറ്റുകാരണവന്മാരുടെയും സജീവ പങ്കാളിത്തം സ്മരണീയമാണ്. കാവുവട്ടം അയ്യപ്പൻ കാവിലെ കുളത്തിൽ കുളിക്കാനുള്ള അവകാശത്തിനായി പോരാട്ടം നടത്തിയ കാരുവത്തിൽ കുഞ്ചുവിനെ പോലെയുള്ളവർ ഈ പഞ്ചായത്തിലാണ്.

ഖിലാഫത്തു സമരത്തിൽ പങ്കെടുത്ത കിഴക്കുപറമ്പിൽ കുഞ്ഞാലി മൊല്ല, അവിഞ്ഞിക്കാട്ടിൽ മുല്ലമാർ വീട്ടിൽ അലവി മുസ്‌ലിയാർ, കുന്നുംമ്പാറ കുഞ്ഞിമൊയ്തീൻ ഹാജി, നാലകത്ത് മൊയ്‌തീൻ, ഇളവൻ പറമ്പിൽ രവകുട്ടി വാഗൺട്രാജടിയിൽ കൊല്ലപ്പെട്ട മുതുകുറുശ്ശി അയമു തുടങ്ങിയവർ ദേശീയ സ്വാതന്ത്രസമര പോരാട്ടത്തിൽ നെല്ലായക്ക് സ്ഥാനം നേടി കൊടുത്തിട്ടുണ്ട്. കർഷകസമരങ്ങളുടെ വേലിയേറ്റ നാളുകളിൽ ഇ പി ഗോപാലൻ, പി വി കുഞ്ഞുണ്ണി നായർ പിൽകാലത്ത് നെല്ലായ ഉൾപ്പെടെയുള്ള ശ്രീകൃഷ്‌ണപുരം പഞ്ചായത്തിലെ MLA ആയിരുന്ന സി ജി പണിക്കർ ഇരുമ്പാലശ്ശേരിയിലെ അപ്പു നെടുങ്ങാടി എന്നിവരുടെ പ്രവർത്തനങ്ങളിൽ ഒന്നായിരുന്നു നെല്ലായ ഗ്രാമം. ഒരു ന്യുനപക്ഷത്തിനുമാത്രം പ്രാബ്യമായിരുന്ന വിദ്യാഭ്യാസത്തെ ജനകീയവത്കരിച്ച് ഇന്നത്തെ സ്ഥിതിയിലാക്കിയതിനു പുറകിൽ ഒരു ചരിത്രമുണ്ട്. പാലക്കാട് ജില്ലയിലെ വള്ളുവനാടൻ ഗ്രാമങ്ങളിൽ സാംസ്‌കാരികമായി ഉന്നത നിലവാരം പുലർത്തുന്ന പഞ്ചായത്തുകളിൽ ഈ സ്ഥാനം നെല്ലായ പഞ്ചായത്തിനും അവകാശപ്പെടാവുന്നതാണ് . പഞ്ചായത്തിൽ ആദ്യകാലങ്ങളിൽ കുടിപ്പള്ളിക്കൂടങ്ങളും എഴുത്തുപള്ളിക്കൂടങ്ങളും ഉണ്ടായിരുന്നു. വിദ്യാഭ്യാസ കേന്ദ്രങ്ങൾ സാമ്പത്തികമായി ഉയർന്ന കുടുംബത്തിലെ കുട്ടികളെ അവരുടെ വീടുകളിൽ പോയി പഠിപ്പിക്കുന്ന സമ്പ്രദായം നിലവിലുണ്ടായിരുന്നു. പ്രതിഫലേച്ച കൂടാതെയാണ് കുടിപ്പള്ളിക്കൂടങ്ങളിൽ പലതും വിദ്യാലയങ്ങളായി രൂപപ്പെട്ടു. വിദ്യാഭ്യാസ രംഗത്തു നേതൃത്വപരമായ പങ്കുവഹിച്ചത് എഴുത്തച്ഛൻ സമുദായത്തിൽപ്പെട്ടവരായിരുന്നു. വിദ്യാഭ്യാസ കാര്യത്തിൽ പിന്നോക്കം നിന്നിരുന്ന മുസ്ലിം ജനവിഭാഗവും വിദ്യാഭ്യാസം നേടുന്നതിൽ ബോധപൂർവ്വമായ ശ്രമം ആരംഭിച്ചു. ഓത്തുപള്ളിക്കൂടങ്ങൾ വഴിയായിരുന്നു ഈ ശ്രമം. വേദപഠനത്തിനായി സ്ഥാപിക്കപ്പെട്ട ഇത്തരം ഓത്തുപള്ളിക്കൂടങ്ങൾ പിൽക്കാലത്തു മദ്രസകളും അറബി കോളേജുകളുമായി രൂപാന്തരപ്പെട്ടു. സ്ത്രീവിദ്യാഭ്യാസ സാർവത്രികമായിരുന്നില്ല. 1958ൽ സ്ഥലം MLA ആയിരുന്ന മുഖ്യമന്ത്രി ഇ.എം.എസ് മാരായമംഗലം ഹൈസ്‌കൂളിന്റെ ഉദ്‌ഘാടനം നിർവഹിച്ചു. പുറയന്നൂർമനയുടെ ഒരു ഭാഗം പൊളിച്ചു മാറ്റിയാണ് ഈ സ്ഥാപനം നിർമ്മിച്ചത്. കുന്തിപ്പുഴയുടെ തീരത്തു ആലിപ്പറമ്പ്, ചെർപ്പുളശ്ശേരി, വല്ലപ്പുഴ, ചളവറ, കുലുക്കല്ലൂർ പഞ്ചായത്തുകളുടെ ഇടയിൽ വിദ്യാഭ്യാസകലാസാഹിത്യ രംഗത്തു ഉന്നതന്മാർക്ക് ജന്മം നൽകിയ ഗ്രാമങ്ങളിൽ ഒന്നാണിത്. കൂടുതൽ അറിയാം...