എ.ബി.യു.പി.എസ്.പാറശ്ശേരി(പേരിങ്ങോട്)/അക്ഷരവൃക്ഷം/എന്റെ ലോക്ഡൗൺ അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ ലോക്ഡൗൺ അവധിക്കാലം

ഹായ്, കൂട്ടുകാരെ,

നമ്മുടെ അവധിക്കാലം കൊറോണ വൈറസ്സിൻ്റെ പിടിയിലാണല്ലോ? വീടിനുള്ളിലെ ഈ അവധിക്കാലം ഞാൻ വീട്ടിലിരുന്നു കൊണ്ടു തന്നെ ആഘോഷിക്കുന്നു. വീട്ടിലെ പാവയും, ഫോണും, ടി.വി യും ,പുസ്തകങ്ങളുമൊക്കെ ഉപയോഗിച്ചും കളിച്ചും ബോറടിച്ചാൽ ഞാൻ തിരിച്ചടിക്കും, എങ്ങിനെയെന്നോ?ബോറടി മാറ്റാനായി മുത്തശ്ശി പറഞ്ഞു തന്ന നൂറാം കോല് കളി ഞാൻ കളിക്കും.ഇത് പണ്ട് കളിച്ചിരുന്ന ഒരു കളിയാണ്. ഈയിടക്ക് പത്രത്തിലും വന്നിരുന്നതായി ഞാൻ ഓർക്കുന്നു.9 ചെറിയ ഈർക്കിലിതുണ്ടുകളും ഒരു വലിയ ഈർക്കിലി തണ്ടുമാണ് ഈ കളിക്ക് ആവശ്യം. വലിയ കോലും( നൂറാം കോൽ) ചെറിയ കോലുകളും ഒരുമിച്ച് ചെറിയ കോലുകൾ പരമാവധി വലുതിന് മുകളിൽ വരുന്ന രീതിയിൽ താഴേക്കിടണം.നൂറാം കോലിനു മുകളിൽ ചെറിയ കോലുകളൊന്നുമില്ലെങ്കിൽ ഇട്ട ആൾതോൽക്കും. തിരിച്ചാണെങ്കിൽ നൂറാം കോലിന് മുകളിലുള്ളവ മറ്റുള്ളവഇളകാതെ തോണ്ടി എടുക്കണം. മുഴുവൻ കോലുകളും അങ്ങിനെ എടുത്താൽ വിജയിക്കും. അതിനിടയിൽ ഏതെങ്കിലും കോൽ ഇളകിയാൽ തോൽക്കും. എനിക്ക് വളരെ ഇഷ്ടമുള്ള കളിയാണിത്. ക്ഷമയും സൂഷ്മതയും പരിശീലിക്കാൻ നല്ലൊരു മാർഗ്ഗം കൂടിയാണിത്. ബോറടിച്ചപ്പോൾ ഞാൻ ഈ കളിയിലൂടെയാണ് തിരിച്ചടിച്ചത്. അവധിക്കാലത്ത് ഞാൻ ചിത്രങ്ങൾ വരച്ചു. ബോട്ടിൽ ആർട്ട് ചെയ്തു. പൂച്ചെടികൾ നട്ടു. ആകെ നല്ല രസമായിരുന്നു.

എപ്പോഴും ഞാൻ വീട്ടിൽ തന്നെയൊന്നുമാവില്ല. സന്ധ്യക്ക് അമ്മായിയുടെയും അനിയത്തിയുടെയും അനിയൻ്റേയും ഒപ്പം തോട്ടിലേക്ക് പോവാറുണ്ട്. തോട്ടിൽ മാത്രമല്ല ഞങ്ങളുടെ വീടിൻ്റെ അടുത്ത് ഒരു വലിയ കുളമുണ്ട്. കുറെ വർഷങ്ങൾക്കു മുമ്പ് കാരണവൻമാർ ഉണ്ടാക്കിയതാണ്. നല്ല ആഴമാണ് ഈ കുളത്തിന് .ഞാനും അച്ഛനും അവിടെ കുളിക്കാനായി കുറെ പ്രാവശ്യം പോയിട്ടുണ്ട്. പിന്നെ ഈ അവധിക്കാലത്ത് ഞങ്ങളുടെ വീട്ടിൽ എൻ്റെ അച്ഛമ്മയുണ്ട്. എനിക്ക് അച്ഛമ്മയുടെ അടുത്തിരിക്കാൻ നല്ല ഇഷ്ടമാണ്. ഇടയ്ക്കൊക്കെ അച്ഛമ്മ പണ്ടത്തെ കാര്യങ്ങളെപ്പറ്റി എനിക്ക് പറഞ്ഞു തരും. അങ്ങിനെ ഒരിക്കൽ പറഞ്ഞു തന്നതാണ് ഞാൻ നേരത്തേ പറഞ്ഞ കളി. നല്ല രസമാണ് അതൊക്കെ കേട്ടിരിക്കാൻ. അച്ഛൻ ടി.വി,യിൽ ന്യൂസ് വയ്ക്കുമ്പോൾ കേൾക്കുന്നതു മുഴുവൻ കൊറോണ കാരണമുള്ള ദുരിതങ്ങളാണ്. ഞാൻ ആലോചിക്കുകയായിരുന്നു കോവിഡ് 19 എന്ന ഈ മാരക രോഗം എങ്ങിനെയാണ് ഈ ലോകത്ത് വന്നത്?നിപ്പ പോലുള്ള നിരവധി രോഗങ്ങൾക്ക് മരുന്ന് കണ്ടെത്തിയെങ്കിൽ ഈ രോഗത്തിന് എന്തുകൊണ്ട് മരുന്നു കണ്ടു പിടിക്കാനാകുന്നില്ല? ഇങ്ങിനെയുള്ള എൻ്റെ സംശയങ്ങൾക്ക് ഉത്തരം കിട്ടിയിട്ടില്ല. എന്തിനാണ് നമ്മൾ ഈ വിരുതനെ ഇത്ര പേടിക്കുന്നത്? മറ്റുള്ള രോഗങ്ങളെ തുരത്തിയ പോലെ വീട്ടിലിരുന്നും, അകലം പാലിച്ചും, വൃത്തിയായി കൈകഴുകിയും,തുമ്മുമ്പോഴും,ചുമക്കുമ്പോഴും, മുഖം മറച്ചും, മാസ്ക് ധരിച്ചും, നമ്മൾക്ക് ഈ മഹാമാരിയേയും തോല്പിക്കാൻ സാധിക്കും എന്ന വിശ്വാസം നമ്മളിലോരോരുത്തർക്കും ഉണ്ടാവണം. ഇതിനെക്കുറിച്ചുള്ള ഒരു ചെറിയ പാട്ടും ഞാൻ ഉണ്ടാക്കിയിട്ടുണ്ട്. അമ്മയും അച്ഛനും നന്നായിട്ടുണ്ടെന്ന് അഭിപ്രായം പറഞ്ഞു.ആ പാട്ട് ഞാൻ അവസാനം പറയാം.നമ്മുടെ അവധിക്കാലം ഈ മഹാമാരിയുടെ പിടിയിലായതിൽ എനിക്ക് നല്ല വിഷമമുണ്ട്. ഇടക്ക് ഞാൻ അച്ഛൻ്റെ കൂടെ പാടത്തേക്ക് കാടും പുല്ലും വെട്ടാനായി പോകാറുണ്ട്. നല്ല ഭംഗിയുള്ള സ്ഥലമാണത്. പച്ചപ്പു നിറഞ്ഞ പാടവും കവുങ്ങിൽ തോട്ടവുമെല്ലാം എത്ര കണ്ടാലും മതിവരില്ല.കവുങ്ങുകൾ പൂത്തതിൻ്റെ മണം മൂക്കിൽ തുളച്ചു കയറും.കാടുവെട്ടൽ കഴിഞ്ഞു വരുമ്പോൾ അവിടെയുള്ള തോട്ടിൽ കുളിക്കും. നല്ല തണുപ്പുള്ള വെള്ളമാണവിടെ. തോട്ടുവക്കത്ത് തോട്ടിലേക്ക് ചാഞ്ഞ് ഒരു കണിക്കൊന്ന നിറയെ പൂത്തുനില്പുണ്ട്. ആ കണിക്കൊന്ന പൂവ്ഞാനിറുത്തു. ഹായ്!എന്തു ചന്തം ! ഞാൻ വീട്ടിൽ ചെന്ന് അച്ഛമ്മക്ക് ആകൊന്നപ്പൂവു കൊടുത്തു. അച്ഛമ്മക്ക് വളരെ സന്തോഷമായി.

ഞങ്ങളുടെ വീട്ടിൽ വൈറ്റി എന്നു പേരുള്ള ഒരു പൂച്ചക്കുട്ടിയുണ്ട്' പിന്നെയും രണ്ടു പൂച്ചക്കുട്ടികളുണ്ടായിരുന്നു.ബ്ലാക്കി, ഗ്രേറ്റി, എന്നായിരുന്നു അവരുടെ പേര്.ആ മൂന്നു പൂച്ചക്കുട്ടികളും ഞങ്ങളുടെ വീട്ടിലാണ് ജനിച്ചത്. ജനിച്ചപ്പോൾ എൻ്റെ നടുവിരലിൻ്റെ വലുപ്പമേ അവർക്കുണ്ടായിരുന്നുള്ളൂ. ഇപ്പോൾ അവർ വലുതായി.അതിൽ ഇപ്പോൾ വൈറ്റി മാത്രമേ ഞങ്ങളുടെ വീട്ടിലുള്ളൂ. ഞങ്ങൾ എപ്പോഴും കളിക്കും.ഉറക്കത്തിൽ കുറച്ചു രാവിലെയായാൽ വൈറ്റി എൻ്റെ അടുത്ത് എന്നോടൊപ്പം കിടക്കും.പൂച്ച മാത്രമല്ല എൻ്റെ വീടിൻ്റെ ചുറ്റുവട്ടത്ത് ഒരു പാട് കിളികൾ ഉണ്ട്.ഞാനവർക്ക് ഭക്ഷണവും വെള്ളവുംവെച്ചു കൊടുക്കും. കിളികളും അണ്ണാനുമെല്ലാം അത് ഭക്ഷിക്കും. സിറ്റൗട്ടിലിരുന്ന് കിളികളുടെ കളകളാരവം കേട്ട് ആസ്വദിക്കാം.പിന്നെ എൻ്റെ വീട്ടിൽ ഒരു നായക്കുട്ടിയും ഉണ്ട്.ഞാൻ സൈക്കിൾ ഓടിക്കുമ്പോൾ അത് എൻ്റെ ഒപ്പം വരും. ഞാൻ നല്ല സന്തോഷത്തോടെ വീട്ടിലിരുന്നു കളിക്കുന്നു. ഇതാണ് എൻ്റെ അവധിക്കാലം ....


" അകറ്റിടാം അകറ്റിടാം
തുരത്തിടാംകൊറോണയെ,
കൈകഴുകിവൃത്തിയാക്കി
വീട്ടിലിരുന്നു കൊണ്ടു തന്നെ
കൊറോണയെന്ന ഭീകരനെ
വേരോടെ യകറ്റിടാം
ശ്രദ്ധയോടെ,കരുതലോടെ
മുതിർന്നവരെഅനുസരിച്ചു
കൊറോണയെമറന്നിടാം"

അഭിന.ടി.
5 A എ.ബി.യു.പി.എസ്.പാറശ്ശേരി(പേരിങ്ങോട്)
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം