എ.കെ.ജി.മെമ്മോറിയൽ എച്ച് .എസ്.എസ് .പിണാറായി/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


ജൂൺ 5 ലോക പരിസ്ഥിതി ദിനം

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾ സ്കൂളിലും വീടുകളിലും വൃക്ഷത്തൈകൾ നട്ടു. പരിസ്ഥിതി ദിന പോസ്റ്റർ രചനാ മത്സരം നടത്തി. എൻ സി സി യുടെ നേതൃത്വ‍ത്തിൽ നെൽവിത്ത‍ുകൾ പാകി.

ജൂൺ 19 വായനാദിനം

സ്കൂളിലെ ഈ വർഷത്തെ വായനാദിനം ഒരുപാട് പ്രത്യേകതകൾ നിറഞ്ഞ ഒന്നായിരുന്നു.. ഇത്തവണത്തെ വായനാദിനം കുട്ടികൾ തന്നെ conduct ചെയ്തു. സ്വാഗതം മുതലിങ്ങോട്ട് നന്ദി പറച്ചിൽ വരെ അവര് വളരെ ഭംഗിയായി നിർവ്വഹിച്ചു. ഞങ്ങൾ വെറും കാഴ്ച്ചക്കാരായിരുന്നു. അതുപോലെ തന്നെ വളരെ നാളത്തെ പിടി.എ ഉൾപ്പെടെയുള്ള അധ്യാപക സുഹൃത്തുക്കളുടെ "തുറന്ന ഒരു വായനാമുറി " എന്ന സ്വപ്നവും സാക്ഷാത്ക്കരിക്കപ്പെട്ട ഒരു വിശേഷ ദിനം കൂടിയാണ്. മലയാളിയുടെ കാവ്യ മനസ്സിൽ അനിർവ്വചനീയമായ അനുഭൂതി നിറച്ച "പൂതപ്പാട്ട് "എന്ന കഥാകവിതയുടെ മനോഹരമായ ദൃശ്യാവിഷ്ക്കാരവും നടന്നു. അതോടൊപ്പം നാടൻ പാട്ട് ആലാപനവും, മദ്യവും മയക്കുമരുന്നും വരുത്തുന്ന ദുരന്തങ്ങളെ ജാഗ്രതയോടെ കാണേണ്ടതുണ്ട് എന്ന വലിയ സന്ദേശം നൽകുന്ന സ്കിറ്റും, മികച്ച രീതിയിൽ അവതരിപ്പിക്കപ്പെട്ടു. നമ്മുടെ കുഞ്ഞുങ്ങൾ എന്തെല്ലാം കഴിവുകൾ ഉള്ളവരാണ് !. എന്താണ് കഴിവെന്ന് തിരിച്ചറിയുകയേ വേണ്ടൂ.കണ്ടെത്തിക്കഴിഞ്ഞ് അവർക്ക് ഒരു കൈത്താങ്ങ് കൊടുക്കുക. അവർ കൊടുമുടികൾ കീഴടക്കും. വായനദിനം ഉദ്ഘാടനം മലയാളത്തിൻ്റെ പ്രിയപ്പെട്ട എഴുത്തുകാരൻ ടി.പി.വേണുഗോപാലൻ മാഷാണ് നിർവ്വഹിച്ചത്. സ്കൂളിൻ്റെ ചിത്രകലാ അധ്യാപകനായ ലെസിൻ മാഷ് വായനമുറിയുടെ ചുമരിൽ വരച്ച പി.എൻ പണിക്കരുടെ ചിത്രം മുഖ്യാതിഥി ശ്രീ. കോങ്കി രവി അനാച്ഛാദനം ചെയ്തു. പിണറായി പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. കെ.കെ.രാജീവൻ അദ്ധ്യക്ഷനും ആയിരുന്നു.പരിപാടി തീരുംവരെ ആഹ്ലാദത്തോടെ കുഞ്ഞുങ്ങളോടൊപ്പം ചേർന്നു നിന്ന പി.ടി എ പ്രസിഡൻ്റ് കോമത്ത് രാജൻ മാഷ് ,മികച്ച നാടക കലാകാരൻ കൂടിയായ ശ്രീ. അനിൽ കുമാർ എന്നിവർ പങ്കെടുത്തു.

ജൂൺ 21 അന്താരാഷ്ട്ര യോഗാ ദിനം

അന്താരാഷ്ട്ര യോഗ ദിനം ആചാരിക്കുന്നതിന്റെ ഭാഗമായി യോഗ പരിശീലനം നേടിയ കുട്ടികളും സന്നദ്ധ സംഘടനയിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികളും യോഗ പരിപാടിയിൽ പങ്കെടുത്ത‍ു.

ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം

ലഹരി വിരുദ്ധ കൂട്ടായ്മ _____ ലോക ലഹരി വിരുദ്ധ ദിനത്തിൻെറ ഭാഗമായി പിണറായി എ.കെ.ജി മെമ്മോറിയൽ ഗവൺമെൻറ് ഹയർ സെക്കൻററി സ്കൂളിൽ 'വിമുക്തി ക്ലബി'ൻെറ ആഭിമുഖ്യത്തിൽ 'ലഹരി വിരുദ്ധ കൂട്ടായ്മ' സംഘടിപ്പിച്ചു.വിദ്യാലയത്തിലെ മുഴുവൻ വിദ്യാർഥികളും പങ്കെടുത്ത ലഹരി വിരുദ്ധ കൂട്ടായ്മ എക്സൈസ് പ്രിവൻറീവ് ഓഫീസർ ശ്രീ.സമീർ ധർമ്മടം, ലഹരി വിരുദ്ധ സന്ദേശം നൽകി ഉദ്ഘാടനം ചെയ്തു.പ്രധാന അധ്യാപകൻ ശ്രീ.കെ.സുരേന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.എക്സൈസ് ഇൻസ്പെക്ടർ ശ്രീ.ബാബുരാജ് വിദ്യാർഥികൾക്കായി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും,പരിമിതികളെ അതിജീവിച്ച് ഹയർസെക്കൻററി വിദ്യാർഥി അഥർവ് വരച്ച ചിത്രങ്ങളുടെ സമാഹാരം ഏറ്റുവാങ്ങുകയും ചെയ്തു.'ലഹരിക്കെതിരെ നവകേരളം' എന്ന മുദ്രാവാക്യമുയർത്തിപ്പിടച്ച് സംസ്ഥാന സർക്കാർ പുറത്തിറക്കിയ 'ലഹരി വിരുദ്ധ സന്ദേശ പത്രിക' വിദ്യാർഥികൾക്കു വേണ്ടി എക്സൈസ് ഇൻസ്പെക്ടറിൽ നിന്നും വിമുക്തി സിക്രട്ടറി കുമാരി പി.പാർവതി ഏറ്റുവാങ്ങി. 'ലഹരി വിരുദ്ധ പ്ലക്കാർഡ് നിർമ്മാണ മത്സര'ത്തിൽ ഒന്നാം സ്ഥാനം നേടിയ നിതാര.കെ,രണ്ടാം സ്ഥാനം നേടിയ റിതിക എസ് അനീഷ്,മൂന്നാം സ്ഥാനം നേടിയ അനയ ശ്രീൻ എന്നിവരെ വേദിയിൽ വച്ച് അനുമോദിച്ചു.ചടങ്ങിൽ വിമുക്തിയുടെ സ്കൂൾതല ചാർജുള്ള അധ്യാപകൻ ശ്രീ.എം.എ.അനിൽകുമാർ സ്വാഗതവും,വിമുക്തി ക്ലബ് പ്രസിഡൻറ് പി.റിതുനന്ദ് നന്ദിയും പറഞ്ഞു.തുടർന്ന് ഹൈസ്കൂളിലേയും-ഹയർസെക്കൻററിയിലേയും വിദ്യാർഥികൾ അവതരിപ്പിച്ച ലഹരി വിരുദ്ധ സന്ദേശമുൾക്കൊള്ളുന്ന നാടകവുമുണ്ടായി.

ജൂലൈ 5 ബഷീർ ദിനം

പിണറായി എ.കെ.ജി മെമ്മോറിയൽ ഗവൺമെൻറ് ഹയർ സെക്കന്ററി സ്കൂളിലെ ഹയർസെക്കൻററി വിഭാഗം 'മലയാളവേദി' യുടെ ആഭിമുഖ്യത്തിൽ,ബഷീർ ദിനമായ ജൂലൈ 5ന് 'എഴുത്തുകാരെ തിരിച്ചറിയാം... സമ്മാനം നേടാം' എന്ന പേരിൽ ഹൈസ്കൂൾ-ഹയർസെക്കൻററി വിദ്യാർഥികൾക്കായി മത്സരപരിപാടി സംഘടിപ്പിച്ച‍ു. പോസ്റ്റർ രചനാ മത്സരം നടത്തി.

വേറിട്ട ഉദ്യമമായി... 'ഓണത്തിനൊരു കൊട്ടപ്പൂവ്!..

നാടും-പ്രാദേശിക ഭരണനേതൃത്വവും ഒരു വിദ്യാലയത്തിൽ പ്രകൃതി സ്നേഹത്തിൻെറ വിത്തുപാകാൻ ശ്രമിച്ചാലോ?.. കാർഷികവൃത്തിയുടെ പന്ഥാവിലേക്ക് നയിക്കപ്പെടാൻ വിദ്യാർഥി മനസ്സുകൾക്കു മുന്നിൽ പ്രചോദനത്തിൻെറ പകരം വയ്ക്കുവാനില്ലാത്ത മാതൃകയായിത്തീർന്നാലോ?..പിണറായി പഞ്ചായത്തിൻേറയും,പിണറായി കൃഷിഭവൻേറയും, വിദ്യാലയത്തിലെ എൻ.സി.സി യൂണിറ്റിൻേറയും സംയുക്താഭിമുഖ്യത്തിൽ എ.കെ.ജി മെമ്മോറിയൽ ഗവൺമെൻറ് ഹയർസെക്കൻററി സ്കൂളിൽ ആരംഭിച്ച 'ഓണത്തിനൊ രു കൊട്ടപ്പൂവ്' പദ്ധതി പ്രകാരമുള്ള മല്ലികത്തൈ നടീൽ കർമ്മം ഈ ബൃഹത്താശയത്തെ സാക്ഷ്യപ്പെടുത്തുന്നു!..പിണറായി പഞ്ചായത്തിൻെറ സഹായത്തോടെ പിണറായി കൃഷിഭവൻ അനുവദിച്ച അഞ്ഞൂറോളം മല്ലികത്തൈകളാണ് പിണറായി എ.കെ.ജി സ്കൂളിലെ എൻ.സി.സി കേഡറ്റുകൾ വിദ്യാലയത്തിൻെറ മനോഹരമായ പുതിയ ബിൽഡിംഗിൻെറ ഏറ്റവും മുകളിലത്തെ ടെറസിൽ കണ്ണിന് കുളിരു പകരും രീതിയിൽ വിതച്ചിരിക്കുന്നത്...കഴിഞ്ഞ വർഷങ്ങളിൽ ഇതേ രീതിയിൽ വിതച്ച ചെണ്ടുമല്ലി, ചീര,വെണ്ട,തക്കാളി,മുളക് തുടങ്ങിയവയുടെ വിളവെടുപ്പ് വിജയത്തിൽ നിന്നും കൂടുതൽ പ്രചോദനം ഏറ്റുവാങ്ങിയാണ് പിണറായി പഞ്ചായത്തും-എ.കെ.ജി സ്കൂളും വിദ്യാലയ ടെറസിൽ മല്ലികത്തോട്ടത്തിൻെറ ദൃശ്യചാരുതയ്ക്ക് വേദിയൊരുക്കി ഈ വർഷം മുന്നോട്ടു പോകുന്നത്. 'ഓണത്തിനൊരു കൊട്ടപ്പൂവ്'- മല്ലികത്തൈ നടീൽ കർമ്മത്തിൻെറ ഔപചാരികമായ ഉദ്ഘാടനം കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ.കോങ്കി രവീന്ദ്രൻ നിർവഹിച്ചു.പിണറായി പഞ്ചായത്ത് പ്രസിഡൻറ് ശ്രീ.കെ.കെ.രാജീവൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ ശ്രീമതി. എം.ദീപ്തി,മുൻ പ്രിൻസിപ്പാൾ ശ്രീമതി.ആർ.ഉഷാനന്ദിനി,പി.ടി.എ പ്രസിഡൻറ് ശ്രീ.രാജൻ കോമത്ത്,പ്രിൻസിപ്പാൾ ഇൻ ചാർജ് ശ്രീമതി.ചേതന ജയദേവ്,സ്റ്റാഫ് സിക്രട്ടറി ശ്രീ.കെ.ബിജോയി,ശ്രീമതി. ആശാദീപ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.ചടങ്ങിൽ പ്രധാന അധ്യാപകൻ ശ്രീ.കെ.സുരേന്ദ്രൻ സ്വാഗതവും,പദ്ധതി പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ശ്രീ.എൻ.രാജീവൻ നന്ദിയും പറഞ്ഞു.

വെള്ളപ്പൈൻ മരം

വന മഹോത്സവത്തിന്റെ ഭാഗമായി പശ്ചിമഘട്ടത്തിലെ വംശനാശ ഭീഷണി നേരിടുന്ന സ്ഥാനീയ സസ്യമായ വെള്ളപ്പൈൻ മരത്തിന്റെ വിത്തുകൾ ശേഖരിച്ച് ഈ വിത്തുകൾകൊണ്ട് സ്കൂളിൽ നഴ്സറി തയ്യാറാക്കി നഴ്സറിയിലെ ചെടികൾ സ്കൂളുകൾക്കും കോളേജുകയ്ക്കും വിതരണം ചെയ്യാൻ തീര‍ുമാനിച്ച‍ു. ഈ മരത്തിന്റെ തൊലിയിൽ നിന്നും ലഭിക്കുന്ന വെള്ളക്കുന്തിരിക്കം പുകയ്ക്കാനും കൊതുക് നിവാരണത്തിനും ഉപയോഗിക്കുന്നു. ധാരാളം ഔഷധഗുണങ്ങും ഉണ്ട്.

ജൂലൈ 21 ചാന്ദ്രദിനം

ഡോക്യുമെന്ററി പ്രദർശനം, റോക്കറ്റ് നിർമ്മാണ മത്സരം, ചാന്ദ്രദിന ക്വിസ് ഇവ നടത്തി.

ജൂലൈ 27 ഭക്ഷ്യ മേള "Safe food for better tomorrow

ഇലക്കറികൾ, പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ ഇവ കൊണ്ടുള്ള വിഭവങ്ങൾ തയ്യാറാക്കി കൊണ്ടുവന്നു ക്ലാസ് അടിസ്ഥാനത്തിൽ മത്സരം നടത്തി.ഉദ്ഘാടനം ശ്രീ.കോങ്കി രവീന്ദ്രൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ നിർവഹിച്ച‍ു. പിടിഎ പ്രസിഡണ്ട് ശ്രീ രാജൻ കോമത്ത് ചടങ്ങിൽ പങ്കെടുത്തു.

ജൂലൈ 28 പ്രകൃതിസംരക്ഷണ ദിനം

ജൈവവൈവിധ്യ ആൽബം നിർമ്മാണ മത്സരം, വൃക്ഷത്തൈ നടൽ സ്കൂളിലും വീടുകളിലും

"എഴുത്ത് ഒരു സമരമുറയാണ് "- അംബികാസുതൻ മാങ്ങാട്

പിണറായി,എ.കെ.ജി മെമ്മോറിയൽ ഗവ: ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയും വെണ്ടുട്ടായി പൊതു ജന വായനശാലയും സംയുക്തമായി പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തുമായ ഡോ: അംബികാസുതൻ മാങ്ങാടുമായി സർഗ്ഗ സംവാദം നടത്തി. മുതിർന്ന സാഹിത്യകാരൻമാരുമായി വിദ്യാർത്ഥികൾ തുടർച്ചയായി നടത്തുന്ന സംവാദപരിപാടിയായ 'കാൽപാടുകൾ " എന്ന പരിപാടിയുമായി ബന്ധപ്പെട്ടാണ്'-സാഹിത്യസംവാദം നടത്തിയത്. കാസർകോഡുള്ള അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് വിദ്യാർഥികൾ അദ്ദേഹവുമായി സംവദിച്ചത്‌. എട്ടാം തരത്തിൽ പഠിക്കുന്ന പ്രകൃതിസംരക്ഷണവുമായി ബന്ധപ്പെട്ട "രണ്ടു മത്സ്യങ്ങൾ" എന്ന അദ്ദേഹത്തിന്റെ കഥയെ അടിസ്ഥാനമാക്കിയും അദ്ദേഹത്തിന്റെ രചനാ ലോകത്തിലൂന്നിയുമാണ് സംവാദം പുരോഗമിച്ചത്.എഴുത്ത് വലിയൊരു സമരമുറയാണെന്നും നാം എന്നും വേട്ടയാടപ്പെടുന്ന ഇരകളുടെ കൂടെ, ഹൃദയപക്ഷത്താ നിലകൊള്ളേണ്ടതെന്നും അദ്ദേഹം പറഞ്ഞു.എൻഡോസൾഫാൻ ദുരിത മേഖലയെക്കുറിച്ചും അവരനുഭവിച്ചുകൊണ്ടിരിക്കുന്ന തീരാ ദുരിതത്തെക്കുറിച്ചും അങ്ങനെ പ്രവർത്തിക്കുമ്പോൾ നേരിടേണ്ടി വന്ന വൈതരണികളെക്കുറിച്ചും കുട്ടികളോട് മനസ്സ് തുറന്ന് സംവദിച്ചു. സ്കൂൾ വിദ്യാരംഗം കോർഡിനേറ്ററായ സമന്വിത, ഷർമ്മിഷ്ഠ, തൃതീയ, അന്വയ തുടങ്ങിയ വിദ്യാർത്ഥികൾ ചർച്ചയെ മുന്നോട്ട് നയിച്ചു. പ്രധാന അധ്യാപകൻ കെ സുരേന്ദ്രൻ, വായനശാലാ പ്രസിഡൻ്റ് പി.വിനോദൻ, സീനിയർ അസിസ്റ്റൻ്റ് തങ്കമണി, വിദ്യാരംഗം ,കോർഡിനേറ്റർ വി.റീന, ആശാദീപ, എം.എ.അനിൽകുമാർ, സക്കിയ, എൻ സന്ധ്യ എന്നീ അധ്യാപകർ പരിപാടിക്ക് നേതൃത്വം കൊടുത്തു.