എ.എൽ..പി എസ്. വാളക്കുളം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ എടരിക്കോട് വില്ലേജിൽ , എടരിക്കോട് പഞ്ചായത്തിലെ വാളക്കുളം - അരീക്കൽ പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. വിദ്യാഭ്യാസ പരമായി വളരെ പിന്നോക്കം നിന്നിരുന്ന വാളക്കുളം പ്രദേശത്തെ ഏക കുടിപ്പള്ളിക്കൂടമായിരുന്നു ഈ വിദ്യാലയം . 1941 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലാണ് വാളക്കുളം എ.എൽ.പി.സ്കൂൾ എന്ന പേരിൽ വിദ്യാലയം സ്ഥാപിതമായത്. ഒരു പാട് കാലങ്ങൾക്ക് മുമ്പേ പ്രവർത്തിച്ച് വരുന്ന സ്ഥാപനമാന്നെങ്കിലും ഔദ്യോഗിക അംഗീകാരം ലഭിച്ച 1941 ആണ്സ്കൂൾ സ്ഥാപിച്ച വർഷമായി കണക്കാക്കുന്നത്.

പരപ്പിൽ പരിയാരത്ത് മാധവമേനോൻ ആയിരുന്നു ഈ സ്കൂളിന്റെ സ്ഥാപക മാനേജർ . ആകെ 67 കുട്ടികളും 3 അധ്യാപകരുമാണ് അന്നുണ്ടായിരുന്നത് . കറുപ്പൻ മാസ്റ്റർ, തെയ്യൻ മാസ്റ്റർ , കുട്ടപ്പൻ മാസ്റ്റർ തുടങ്ങിയവരായിരുന്നു ആദ്യ കാല അദ്ധ്യാപകർ. പരപ്പിൽ സ്കൂൾ എന്നാണ് അക്കാലത്ത് സ്കൂൾ അറിയപ്പെട്ടിരുന്നത്.

പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ള കുട്ടികളായതു കൊണ്ട് സ്കൂളിൽ കുട്ടികളുടെ ഹാജർനില വളരെ മോശമായിരുന്നു . ഹാജറില്ലായ്മ കാരണം സ്കൂൾ സുഗമമായി നടത്തിക്കൊണ്ടു പോകാൻ മാനേജ് മെന്റിന് ഏറെ പ്രയാസം നേരിട്ടിരുന്നു . അതിനാൽ 1943 ൽ സ്കൂളിലെ അധ്യാപകനായിരുന്ന ശ്രീ ഇല്ലിക്കൽ ബീരാൻ മാസ്റ്റർക്ക് മാനേജ്മെന്റ് കൈമാറി . സ്കൂളിന്റെ ഹെഡ്മാസ്റ്റർ കൂടിയായിരുന്നു ബീരാൻ മാസ്റ്റർ . ഈ സ്കൂളിന്റെ നില നിൽപ്പിനും ഉയർച്ചക്കും വേണ്ടി അദ്ധേഹം വലിയ പരിശ്രമങ്ങൾ നടത്തിയിട്ടുണ്ട് . ശ്രീ.ബീരാൻ മാസ്റ്റർ അദ്ദേഹത്തിന്റെ റിട്ടയർമെന്റിനു ശേഷം സ്കൂൾ മാനേജ്മെന്റ് സ്ഥാനം സ്കൂളിന്റെ സ്ഥാപക മാനേജറുടെ കുടുംബത്തിൽ പെട്ട പരപ്പിൽ കേശവൻകുട്ടി മേനോനു കൈമാറാൻ തീരുമാനിച്ചു . 1972 മുതൽ പരപ്പിൽ കേശവൻ കുട്ടി മേനോൻ സ്കൂളിന്റെ മാനേജറായി .

മുൻ പ്രധാനാധ്യാപകർ

ബീരാൻ മാസ്റ്റർ, കൃഷ്ണൻ മാസ്റ്റർ, കുഞ്ഞി മുഹമ്മദ് മാസ്റ്റർ തുടങ്ങിയ പഴയ കാല അദ്ധ്യാപകരുടെ നിരന്തര പരിശ്രമത്തിന്റെ ഫലമായി 1980 കളിൽ സ്കൂളിൽ കുട്ടികളുടെ എണ്ണം ധാരാളമായി വർദ്ധിച്ചു. എന്നാൽ സ്കൂളിന് ആവശ്യമായ സ്ഥലവും സൗകര്യങ്ങളു മുണ്ടായിരുന്നില്ല.1981-ൽ ,സർക്കാരിന്റെ നിയമ പ്രകാരമുള്ള സ്ഥലവും മറ്റു സൗകര്യങ്ങളും ഇല്ലാത്ത കാരണത്താൽ സ്കൂളിന്റെ അംഗീകാരം നഷ്ടപ്പെടുന്ന അവസ്ഥ വന്നു.ഈ സമയത്ത് നാട്ടുകാർ ഒരുമിച്ചു നിന്നു കൊണ്ട് വലിയ മുന്നേറ്റം നടത്തി സ്ഥല സൗകര്യങ്ങളും മറ്റും കണ്ടെത്തിയാണ് സ്കൂളിനെ നില നിർത്തിയത്.

1981 ൽ കേശവൻ കുട്ടി മേനോൻ സ്കൂൾ മാനേജ്മെന്റ് സ്ഥാനം പി.തിത്തുട്ടി പറപ്പൂർ എന്നവർക്കു കൈമാറി . തുടർന്ന് 2002 മുതൽ സി . മറിയുമ്മ കോഡൂർ മാനേജറായി തുടരുന്നു . 1991 -ൽ ശ്രീ കുഞ്ഞി മുഹമ്മദ് മാസ്റ്റർ റിട്ടയർ ചെയ്ത ഒഴിവിൽ

ടി.ചന്ദ്രൻ മാസ്റ്റർ ഹെഡ്മാസ്റ്ററായി ചുമതലയേറ്റു. 2019 ൽ ചന്ദ്രൻ മാസ്റ്റർ ടിട്ടയർ ചെയ്തതു മുതൽ ശ്രീമതി. വഹീദ ജാസ്മിൻ ടീച്ചർ സ്കൂളിന്റെ പ്രധാന അധ്യാപികയായി തുടരുന്നു.

2010 മുതൽ നമ്മുടെ സ്കൂളിൽ ഇംഗ്ലീഷ് മീഡിയം പ്രീ- പ്രൈമറി ക്ലാസുകളും ആരംഭിച്ചു. ഇപ്പോൾ 12 അധ്യാപകരും 296 കുട്ടികളുമാണ് സ്കൂളിൽ ഉള്ളത് . ( LKG , UKG വിദ്യാർത്ഥികൾ ഇതിനു പുറമെയുണ്ട്)