പച്ചപ്പു നിറഞ്ഞ വയലുകളും വറ്റാത്ത ജല സമൃദ്ധിയുള്ള കുളങ്ങളും ചെറിയ തോടുകളും ചെറുപുഴയും ചാലിയാറും ചെക്കുന്നു മലയും ഉമ്മ വയ്ക്കുന്ന വടക്കുംമുറി എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. പഴമക്കാർ  പോത്തുംവെട്ടി എന്നും വിളിക്കാറുണ്ട് .കൊയപ്പത്തൊടിക്കാരുടെ നൂറുകണക്കിന് വരുന്ന കന്നുകാലികളെ കെട്ടുന്ന സ്ഥലമായിരുന്നത് കൊണ്ടാണത്രെ അങ്ങനെ വിളിക്കുന്നത്. അരീക്കോടിന്റെ വടക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രദേശമായത് കൊണ്ടാണത്രെ വടക്കുംമുറി എന്ന പേര് വന്നത്. കർഷകരും കർഷകത്തൊഴിലാളികളുമാണ് ഇവിടുത്തെ ജനങ്ങളിൽ കൂടുതലും ഗൾഫ് മേഖല തുറന്നപ്പോൾ അവിടേക്ക് തൊഴിൽ തേടി പോയവർ മുഖേന പ്രദേശം പഴയ അരിഷ്ടതകളിൽ നിന്ന് പയ്യ പയ്യെ കരകയറിയിട്ടുണ്ടെങ്കിലും ഒട്ടേറെ കുടുംബങ്ങൾ സാമ്പത്തിക പരധീനതകൾ അനുഭവിക്കുന്നവരാണ്.മലപ്പുറത്തെ ജനങ്ങളുടെ ഫുട്ബാൾ ആവേശം ഇവിടെയും കാണാം വൈകുന്നേരമായാൽ പന്തുമായി ചെറ്റാലി ഗ്രൗണ്ടിലും സ്കൂൾ മുറ്റത്തും പന്തുകളിയുടെ ആരവമാണിവിടെ.സംസ്ഥാന താരങ്ങളായ സലീൽ, മാലിക്, അതു സാബിത് , റുമൈസ് കൈ തറ തുടങ്ങിയവർ ഈ പ്രദേശത്തെ പെരുമയിലെത്തിച്ചു.രാഷ്ട്രീയ പാർട്ടികൾ വീറും വാശിയും കാണിക്കാറുണ്ടെങ്കിലും നാടിന്റെ പൊതുകാര്യങ്ങളിൽ ഒറ്റമനസ്സോടെ പ്രവർത്തിക്കുന്നവരാണ്.