എ.എൽ.പി.എസ്. തങ്കയം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്


കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമമാണ് തൃക്കരിപ്പൂർ. തൃക്കരിപ്പൂർ പഞ്ചായത്ത് വടക്കൻ തൃക്കരിപ്പൂർ, തെക്കൻ തൃക്കരിപ്പൂർ ഗ്രാമങ്ങൾ ചേർന്നതാണ്. ഇവ പണ്ട് കർണാടക സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. 1956 നവംബർ 1-ലെ കേരളപ്പിറവിയോടെ ഈ ഗ്രാമങ്ങൾ കേരളത്തിന്റെ ഭാഗമായി.

23.31 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകൾ വടക്ക്: പിലിക്കോട്, പടന്ന പഞ്ചായത്തുകളും, കണ്ണൂർ ജില്ലയിലെ കരിവെള്ളൂർ പെരളം പഞ്ചായത്തും, തെക്ക്: കണ്ണൂർ ജില്ലയിലെ പയ്യന്നൂർ മുനിസിപ്പാലിറ്റിയും, കിഴക്ക്: കണ്ണൂർ ജില്ലയിലെ പയ്യന്നൂർ മുനിസിപ്പാലിറ്റിയും കരിവെള്ളൂർ പെരളം പഞ്ചായത്തും, പടിഞ്ഞാറ്: വലിയപറമ്പ, പടന്ന പഞ്ചായത്തുകളുമാണ്. കാസർഗോഡ് ജില്ലയുടെ തെക്കെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന തൃക്കരിപ്പൂർ പഞ്ചായത്ത്, കാർഷിക മേഖലയിൽ നോർതേൺ-മിഡ്ലാന്റ് സോണിൽപ്പെടുന്നു. ഭൂമിശാസ്ത്രപരമായി പൂർണ്ണമായും തീരപ്രദേശത്തിലുൾപ്പെടുന്ന പ്രദേശമാണ് തൃക്കരിപ്പൂർ.

കേരളപ്പിറവിക്കുമുമ്പെ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന തെക്കൻ കർണ്ണാടക ജില്ലയുടെ തെക്കെ അതിർത്തി ഗ്രാമങ്ങളായിരുന്നു വടക്കെ തൃക്കരിപ്പൂരും, തെക്കെ തൃക്കരിപ്പൂരിന്റെ ഭൂരി ഭാഗങ്ങളും ചേര്ന്നതാണ് ഇന്നത്തെ തൃക്കരിപ്പൂർ പഞ്ചായത്ത്. ഇനിയും പിറകോട്ട് പോയാൽ പഴയ നീലേശ്വരം രാജവംശത്തിന്റെ തെക്കെയറ്റത്തെ ഗ്രാമങ്ങളായിരുന്നു ഇവയെന്നു കാണാം. തൃക്കരിപ്പൂർ എന്ന സ്ഥലനാമം ഇവിടുത്തെ പുരാണ പ്രസിദ്ധമായ ചക്രവാണി ക്ഷേത്രവും തൊട്ടടുത്ത താമരക്കുളവുമായി ബന്ധപ്പെട്ട് കിടക്കുന്നു. കുളത്തിൽനിന്നും താമരപ്പൂക്കൾ പറിച്ച് ചക്രപാണിയെ അർപ്പിച്ച് മോക്ഷം നേടിയ കരീന്ദ്രന്റെ നാട് കരിപുരവും ശ്രീകരിപുരവുമായി പിന്നീട് തൃക്കരിപ്പൂരായതെന്നാണ് കരുതുന്നത്.