എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/കുട്ടികളുടെ നാട്ടൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളുടെ നാട്ടൂട്ടം

വിദ്യാലയങ്ങളിൽ എഡ്യുഫെസ്റ്റ് നടത്താനും രക്ഷിതാക്കളെ പഠനപ്രവർത്തനങ്ങളും മികവുകളും നേരിൽ ബോധ്യപ്പെടുത്താനും ബി ആർ സി തലത്തിൽ നിർദേശമുണ്ട്. ആ നിർദേശത്തെ നമ്മൾചർച്ച ചെയ്ത് വിപുലപ്പെടുത്തി.

2016 മാർച്ച് 8 മുതൽ സ്കൂൾ പരിസരത്തെ 7 പ്രാദേശിക മൂലകളിൽ പകലും മുഴുവൻ കുട്ടിയിലെ മികവു കണ്ടെത്താനുള്ള മികവുത്സവങ്ങൾ. രാത്രി കുഞ്ഞുങ്ങളുടെ ഒരു സംഗീതശിൽപവും കലാപരിപാടികളും. എല്ലാ കുട്ടികളും സ്റ്റേജിൽ പരിപാടി അവതരിപ്പിക്കുന്നു. ഓരോ പ്രദേശത്തെയും നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പരിപൂർണ സഹകരണത്തോടെ.

മികച്ച കുട്ടി മിഥ്യയാണ്, കുട്ടിയിലെ മികവ് സത്യമാണ് എന്ന മുദ്രാവാക്യത്തിലൂന്നിയാണ് ഞങ്ങളീ പരിപാടി നടത്തുന്നത്. ഞങ്ങളുടെ വിദ്യാലയത്തിൻറെ അഭിമാനം എന്ന് പറഞ്ഞ് ഒരു ബോർഡ് ഊർങ്ങാട്ടിരി സ്കൂളിൻറെ മുന്നിൽ പൊന്താത്തതിൻറെ കാരണവും അതു തന്നെയാണ്. ചിലമേഖലകളിലെ അറിവും കഴിവു മാത്രമേ മേളകളിൽ അളക്കുന്നുള്ളൂ. മറ്റു പല മേഖലകളിൽ കഴിവുള്ളവരാണ് മറ്റു കുട്ടികളെല്ലാവരും. ആ മേഖലകളിൽ മത്സരമുണ്ടാകുമ്പോഴല്ലേ അവർ വിജയിക്കൂ. അങ്ങനെയുള്ളവർ മികച്ചവരല്ലേ, അല്ലെങ്കിൽ അവർ വിദ്യാലയത്തിൻറെ അഭിമാനമല്ല എന്നു പറയാനാവുമോ. ഇങ്ങനെയുള്ളവർക്ക് ഒരു ആത്മവിശ്വാസം ലഭിക്കാൻ പഠനത്തിൽ മുന്നേറാൻ ചില മേഖലകളിൽ‍ ഒന്നാം സ്ഥാനം ആവശ്യമാണ്. കാരണം താൻ കഴിവില്ലാത്തവനല്ല എന്ന് കുട്ടിക്ക് തോന്നണം. ഉദാഹരണത്തിന്, ഒരു പേപ്പറിൽ ഇടത്തോട്ടും വലത്തോട്ടും എഴുതുന്ന ഒരു മത്സരം വെച്ചാൽ സ്കൂളിൽ ഒരൊറ്റ കുട്ടിയേ അതിൽ വിജയിക്കൂ. അജ്നാൻ. അവൻ തലതിരിച്ചെഴുതാൻ മിടുക്കനാണ്. ഇതുപോലെ ഒരുപാട് പ്രവർത്തനങ്ങൾ.

അങ്ങനെ ഈ 7 ദിവസം തീരുമ്പോഴേക്ക് എല്ലാകുട്ടികളും ഒന്നാം സ്ഥാനക്കാരാകുന്നു, സമ്മാനിതരാവുന്നു.

ഒരിക്കൽകൂടി ഹൃദയത്തിൽ നിന്നും ഞങ്ങൾ ആവർത്തിക്കുന്നു. മികച്ച കുട്ടി മിഥ്യയാണ്, കുട്ടിയിലെ മികവ് സത്യമാണ്.

മുൻപത്തെ പേജിലേക്ക് പോവാം