എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2019-20
2019-20 അദ്ധ്യയന വർഷത്തെ പ്രവർത്തന റിപ്പോർട്ട് ==
ആമുഖം
വർത്തമാനകാലത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ജനതയ്ക്ക് കടന്നുപോയ വഴികളും വരാനിരിക്കുന്ന പ്രതീക്ഷകളും മുന്നോട്ടുള്ള പ്രവർത്തനത്തിന് ആക്കം കൂട്ടുന്നവയാണ്. വിദ്യാഭ്യാസരംഗത്തും ആരോഗ്യരംഗത്തും ഐടി മേഖലകളിലും അങ്ങനെയങ്ങനെ വേറിട്ട മാതൃക സൃഷ്ടിച്ചു കൊണ്ടുള്ള മുന്നേറ്റം കേരള മോഡൽ ആയി മാറിയിരിക്കുന്നു.
ചരിത്രത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കുമ്പോൾ...
ലോകത്തിലെ വിവിധ കോണുകളിൽ സന്ദർശിച്ച കേരളത്തിലെത്തിയ ശ്രീ സ്വാമി വിവേകാനന്ദൻ നമ്മുടെ നാടിനെ വിശേഷിപ്പിച്ചത് ഭ്രാന്താലയം എന്നായിരുന്നു. അതിനർത്ഥം അദ്ദേഹം സഞ്ചരിച്ച മറ്റ് സ്ഥലങ്ങളെല്ലാം ഇതിനേക്കാൾ വികസനം ആയിരുന്നു എന്നല്ല. അയിത്തവും അനാചാരങ്ങളും അസമത്വവും ഉറഞ്ഞുതുള്ളിയ നാടിന്റെ പരിതാപകരമായ അവസ്ഥ കണ്ടു കൊണ്ടാണ് അദ്ദേഹം കേരളത്തെ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ചത്.
ഭ്രാന്താലയത്തിൽ നിന്നും കേരള മോഡലിലേക്കുള്ള വളർച്ചക്ക് സഹായകമായ നവോത്ഥാനനായകർ ഉഴുതുമറിച്ചിട്ട കേരള മണ്ണിന്റെ ഗ്രാമങ്ങളായ ഗ്രാമങ്ങളിൽ പൊതുവിദ്യാലയം എന്ന വിത്ത് എറിഞ്ഞതിന്റെ വിളവാണ് കേരള മോഡൽ .
എന്റെ ആവശ്യത്തിനുവേണ്ടി അല്ല സാമൂഹിക വളർച്ചയ്ക്ക് എന്നാൽ കഴിയുന്നത് എന്ന ബോധ്യത്തോടെ കൂടി പിൻതലമുറക്കാർ കെട്ടിപ്പൊക്കിയതാണ് നമ്മുടെ പൊതു വിദ്യാലയങ്ങൾ. സാമ്പത്തിക ലാഭം നോക്കാതെ അറിവ് എന്ന ശക്തി തലമുറകൾക്ക് കൈമാറണമെന്ന ചിന്തയാണ് പൊതുവിദ്യാലയ ത്തിന്റെ വളർച്ചയുടെ അടിസ്ഥാന ഘടകങ്ങളിലൊന്ന് .
ഇന്ന് എവിടെ എത്തി നിൽക്കുന്നു നമ്മുടെ വിദ്യാഭ്യാസം. ഓരോരുത്തർക്കും നടന്നെത്താവുന്ന സ്ഥലങ്ങളിൽ അംഗനവാടികൾ, പ്രൈമറി അപ്പർ പ്രൈമറി വിദ്യാലയങ്ങൾ, ഒരു പഞ്ചായത്തിൽ ഒരു ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാലയങ്ങൾ, ഒരു നിയമസഭാ മണ്ഡലത്തിൽ ഒരു കോളേജ്, താൽപര്യത്തിനനുസരിച്ച് പഠിക്കാനുള്ള തൊഴിലധിഷ്ഠിത കോഴ്സുകൾ, മെഡിക്കൽ കോളേജുകൾ, എൻജിനീയറിങ് കോളേജുകൾ... വിദ്യാഭ്യാസ വികസനം പൂർത്തിയായി എന്നല്ല ഇതിനർത്ഥം ഇനിയും കടമ്പകൾ ഏറെയുണ്ട്.
ഇതിനിടയിൽ നവലിബറൽ നയങ്ങളുടെ വരവിനെ തുടർന്ന് മേൽപ്പറഞ്ഞ വിദ്യാഭ്യാസ രീതിയിൽ നിന്നും വിദ്യാഭ്യാസ മേഖലയിലേക്ക് സ്വകാര്യസ്ഥാപനങ്ങൾ കയറി വരികയും കച്ചവട വൽക്കരണവും വർഗീയ വൽക്കരണവും കടന്നുകയറുകയും അതിന്റെ ഫലമായി പൊതു വിദ്യാഭ്യാസത്തിന് മങ്ങലേൽക്കുകയും ചെയ്തു.
ഈ ഒരു ഘട്ടത്തിലാണ് കേരളത്തെ കേരള മോഡൽ ആക്കാൻ സഹായിച്ച പൊതുവിദ്യാലയങ്ങളുടെ ഗതകാല പ്രതാപം തിരിച്ചു പിടിക്കുന്നതിനും മതനിരപേക്ഷ ജനാധിപത്യ വിദ്യാഭ്യാസത്തെ സംരക്ഷിക്കാനും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം നമ്മുടെ സർക്കാർ പ്രഖ്യാപിച്ചത്. വിദ്യാഭ്യാസരംഗത്തെ ഭൗതിക, അക്കാദമിക, സാംസ്കാരിക ഭാവങ്ങളെ കാലത്തിനനുസരിച്ചു ചരിത്രത്തോട് നീതി പുലർത്തിയും മാറ്റിയെടുക്കുകയാണ് ലക്ഷ്യം. വലിയ മാറ്റങ്ങൾ ആണ് ഇതിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളിൽ ഉണ്ടായത്. ഭൗതിക സാഹചര്യങ്ങളിൽ ഉണ്ടായ മാറ്റങ്ങൾ, അക്കാദമികമായ മുന്നേറ്റങ്ങളെയെല്ലാം പരിഗണിച്ച് ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് കഴിഞ്ഞ വർഷങ്ങളിൽ പൊതുവിദ്യാലയങ്ങളിൽ തിരിച്ചെത്തിയത്.
ജൈവവൈവിധ്യ പാർക്ക്, ഹരിതോത്സവം, ഹലോ ഇംഗ്ലീഷ്, മലയാളത്തിളക്കം, ഗണിതവിജയം, ശാസ്ത്രരംഗം, ടാലന്റ് ലാബ്, തുടങ്ങി വേറിട്ട നിരവധി അക്കാദമിക പ്രവർത്തനങ്ങളുടെ കൂടെ എല്ലാ ക്ലാസ്സുകളും ഹൈടെക് ആക്കുവാനും കഴിഞ്ഞത് യജ്ഞത്തിന്റെ നേട്ടങ്ങളാണ്.
നമ്മുടെ വിദ്യാലയവും ഈ നേട്ടങ്ങൾക്കെല്ലാം നേർ സാക്ഷിയാണ്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെയും സ്കൂളിന്റെ തനത് പ്രവർത്തനങ്ങളിലൂടെയും വേറിട്ട പ്രവർത്തനങ്ങളാണ് പാഠ്യപാഠ്യേതര രംഗങ്ങളിൽ എന്നും നമ്മുടെ വിദ്യാലയം നടത്തുന്നത്. പ്രവേശനോത്സവം മുതൽ പഠനോത്സവം വരെയുള്ള വിവിധ പരിപാടികളിൽ ഈ വൈവിധ്യത്തെ കാണാൻ നമുക്ക് കഴിയും. രക്ഷിതാക്കൾക്കും കുട്ടികൾക്കും വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് ഉള്ള ക്ലാസുകൾ, കലാമേളയിലെ യും ശാസ്ത്രമേളയിലെ യും പങ്കാളിത്തവും വിജയവും മികച്ച എൽഎസ്എസ് പരിശീലനം തുടങ്ങി പ്രവർത്തനങ്ങൾ ഏറെയാണ്. എന്തിനും ഏതിനും മുന്നിൽ നിന്ന് നയിക്കുന്ന പിടിഎ പ്രവർത്തനങ്ങളും എടുത്തുപറയേണ്ടതാണ്. സ്കൂൾ വികസനത്തിനായി തോളോട് തോൾ ചേർന്നാണ് പിടിഎ പ്രവർത്തനം നടത്തുന്നത്. സ്കൂൾ വികസന കിറ്റ് മറ്റ് വിദ്യാലയങ്ങൾക്ക് തന്നെ മാതൃകയാണ്. ഓണാഘോഷവും, കുട്ടിയോടൊപ്പം ഞാനും, ഹരിതവിദ്യാലയ പ്രവർത്തനങ്ങളെല്ലാം ഇതിൽ ചിലതുമാത്രം. നമ്മൾ ഒറ്റക്കെട്ടായി നിന്നാൽ നമ്മുടെ വിദ്യാലയത്തെ മാതൃക വിദ്യാലയങ്ങളിൽ ഒന്നാക്കി മാറ്റാൻ കഴിയും എന്നതിൽ ഒരു സംശയവുമില്ല.
പ്രിയരേ ലോകജനതയെ പിടിച്ചുകുലുക്കിയ ഒരു മഹാമാരിയെ അതിജീവിച്ചു കൊണ്ടിരുന്ന ഒരു ഘട്ടം കൂടിയാണ് കടന്നു പോയത്. അവിടെയും കേരള മോഡൽ മാതൃകയായി എന്നത് ഈ സന്ദർഭത്തിൽ എടുത്തുപറയേണ്ടതുണ്ട്. അപ്രതീക്ഷിതമായി വന്ന അവധിയും തുടർന്നുണ്ടായ സംഭവവികാസങ്ങളും കഴിഞ്ഞ അക്കാദമിക വർഷത്തെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. തുടർന്നുവരുന്ന അക്കാദമിക വർഷം ഇവ തരണം ചെയ്യാനുള്ളത് ആവട്ടെ എന്ന് ആശംസിച്ചുകൊണ്ട് പ്രവർത്തന റിപ്പോർട്ടിലേക്ക് കടക്കട്ടെ
എസ് ആർ ജി വാർഷികം
1/6/ 2019 ന് സ്കൂളിൽ
SRG,PTA എക്സിക്യൂട്ടീവ് സംയുക്ത യോഗം നടത്തി. ഒരു വർഷത്തെ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് ഫസീല പി അവതരിപ്പിച്ചു. ഉദ്ഘാടന ക്ലാസെടുത്തത് ഡോക്ടർ രജനി സുബോധ് ( ഡയറ്റ് മലപ്പുറം ) ആയിരുന്നു. ഏതൊരു സ്ഥാപനത്തിന്റെ യും ഉയർച്ചയ്ക്ക് എല്ലാവരുടെയും സഹകരണം അത്യാവശ്യമാണെന്ന് ഉദ്ബോധിപ്പിച്ചു. നമ്മുടെ മാസ്റ്റർപ്ലാനിൽ ഉള്ള കാര്യങ്ങൾ ആണ് ഈ വർഷത്തെ അധ്യാപക പരിശീലനത്തിൽ കൊടുത്തത് എന്നറിയിച്ചു. അതായത് ഓരോ കുട്ടിയേയും അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്തിക്കുക എന്നതാണ്. കൂടാതെ പഠന വിടവ് വരുത്താതെ ഓരോരുത്തരെയും ശ്രദ്ധിക്കുന്ന കാര്യവും ഓർമ്മപ്പെടുത്തി. ലണ്ടനിലെ നെയിംസ് നദി വിഷയമായ കഥ പറഞ്ഞ് അതിനെ ഏറ്റവും ശുദ്ധജല നദിയായി മാറ്റിയ എൻജിനീയറുടെ കഥ പോലെ പുതിയ ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ അധ്യാപകരും രക്ഷിതാക്കളും ഒപ്പം നിന്നാൽ വിദ്യാലയത്തെ വലിയ നിലയിൽ ആക്കാം എന്ന് ബോധ്യപ്പെടുത്തി. ചടങ്ങിൽ വാർഡ് കൗൺസിലർ ശ്രീ ടി പി സുബൈർ ഇന്നത്തെ കുട്ടികളിൽ വായന മാത്രമല്ല സംസാരം പോലുമില്ലാത്ത അവസ്ഥയാണ് മൊബൈൽഫോണുകൾ പോലെയുള്ള ഉപകരണങ്ങൾ കൊണ്ട് ഉണ്ടാകുന്നത് എന്നും അത് മാറ്റി കുട്ടികളെ നേർവഴിക്കു നയിക്കാൻ അധ്യാപക സമൂഹത്തിനെ കഴിയൂ അതിനായി നല്ല മാതൃകകൾ കൊടുക്കണം. കുട്ടികളെ നേരായി നയിക്കാൻ രക്ഷിതാക്കൾക്കും നല്ല ക്ലാസ്സുകൾ നൽകണമെന്നും അഭിപ്രായപ്പെട്ടു.
മുനിസിപ്പൽ തല പ്രവേശനോത്സവം നമ്മുടെ വിദ്യാലയത്തിൽ ആണെന്നും വിവിധ പരിപാടികളോടെ ഭംഗിയാക്കണമെന്നും തീരുമാനമെടുത്തു. ഉച്ചയ്ക്കുശേഷം വാർഷിക കലണ്ടർ ചർച്ച നടത്തി. ഈ വർഷത്തെ പ്രവർത്തന ചുമതലകൾ ഹെഡ്മാസ്റ്റർ ഓരോരുത്തർക്കായി വിഭജിച്ചു നൽകി.
പ്രവേശനോത്സവം
-
പ്രവേശനോത്സവത്തിൽ നിന്നും
-
പ്രവേശനോത്സവത്തിൽ ബി.ആർ.സി ട്രയിനർ ശ്രീ ബിനു മാസ്റ്റർ സംസാരിക്കുന്നു
-
പ്രവേശനോത്സവത്തിൽ കുട്ടികളുടെ കലാപരിപാടികൾ
-
പ്രവേശനോത്സവത്തിൽ ഹെഡ്മാസ്റ്റർ സംസാരിക്കുന്നു
നവാഗതരെ വരവേൽക്കുന്നതിന് മുന്നോടിയായി 4/6/19,5/6/19 ദിവസങ്ങളിൽ അധ്യാപകർ എത്തി സ്കൂൾ അങ്കണവും ഹാളും തോരണങ്ങൾ കൊണ്ട് അലങ്കരിച്ചു. തികച്ചും ഹരിത പ്രോട്ടോകോൾ പാലിച്ചാണ് അലങ്കാരം നടന്നത്.നവാഗതർക്കായി കൂമ്പൻ തൊപ്പിയും നിർമ്മിച്ച ലങ്കരിച്ചു.6/6/19 വ്യാഴം വിദ്യാലയങ്ങൾ തുറക്കുന്നതിനാൽ അധ്യാപകർ നേരത്തെ എത്തി എല്ലാവർക്കുമുള്ള ബലൂണുകൾ വീർപ്പിച്ചു കെട്ടി. രാവിലെ എത്തിയ രക്ഷിതാക്കളും ഞങ്ങളോടൊപ്പം കൂടി .വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും ബലൂണുകൾ ഒരുക്കി. കോട്ടക്കൽ മുനിസിപ്പാലിറ്റിയുടെ പ്രവേശനോത്സവ ഉദ്ഘാടനമാണ് നമ്മുടെ വിദ്യാലയത്തിൽ നടന്നത്. വാർഡ് കൗൺസിലർ മാത്രമേ പരിപാടിയിൽ മുനിസിപ്പാലിറ്റിയിൽ നിന്നും പങ്കെടുത്തുള്ളൂ. നവാഗതരെ വരവേൽക്കുന്നതിനായി മുതിർന്ന കുട്ടികളും അധ്യാപകരും വർണാഭമായ ബലൂണുകളും കിരീടങ്ങളും പഠന കിറ്റുകളുമായി വിദ്യാലയത്തിൽ കാത്തു നിന്നു. കൃത്യം 10.30 ന് മുതിർന്ന കുട്ടികൾ കുരുന്നുകളെ കിരീടമണിയിച്ച് നിറബലൂണുകളുമായി നാസിക് ഡോളിന്റെ അകമ്പടിയോടെ സ്കൂൾഴിയിലൂടെ ഹാളിലേക്കാനയിച്ചു. പ്രാർത്ഥനാ ഗാനത്തോടെ ഉദ്ഘാടന യോഗം ആരംഭിച്ചു.ടി.പി സുബൈർ (വാർഡ് കൗൺസിലർ) മുനിസിപ്പൽതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ബിനു മാസ്റ്റർ (BRC trainer) മുഖ്യാഥിതിയായി. പ്രവേശനോത്സവ ഗാനത്തോടൊപ്പം കുരുന്നുകൾ ബലൂണുകളുമായി അടിപ്പാടി നവാഗതരിൽ നിന്നും വേദിയിലെത്തി. ആദ്യം പാടിയ കുട്ടിക്ക് പഠനക്കിറ്റ് വിതരണം ചെയ്തത് അസീസ് മാസ്റ്റർ (BRC trainer) ഉം PTM വില്ലൂർ (പ്രവാസി വികസന സമിതി ചെയർമാൻ) ഉം ചേർന്നാണ്. കബീർ പട്ടാമ്പി ( സ്കൂൾ വികസന സമിതി ചെയർമാൻ) ആശംസകളർപ്പിച്ച് സംസാരിച്ചു.മുൻവർഷങ്ങളിലേക്കാൾ കുട്ടികൾ എത്തിയതിൽ സന്തോഷമ റി യിച്ചു. മനേജറുടെ വക കുട്ടികൾക്ക് മധുരം നൽകി. കുട്ടികളുടെയും രക്ഷിതാക്കളുടെയും നിറഞ്ഞ സദസ്സിന് ഹരമേകാൻ രക്ഷിതാക്കൾക്കായി തൽസമയ മത്സരം Gents നും Ladies നും വേറെ വേറെയായി നടത്തി. വിജയികൾക്ക് സമ്മാനവും നൽകി. വിജയികളായത് ദമ്പതികളായിരുന്നു എന്ന പ്രത്യേകതയും ഉണ്ടായി. സിദിൻ ടി സി (ഹെഡ്മാസ്റ്റർ) സ്വാഗതം പറഞ്ഞ ചടങ്ങിൽ മുഹമ്മദ് അഷ്റഫ് മാസ്റ്റർ അധ്യക്ഷം വഹിച്ചു.എലിയാമ്മ കെ.പി (SRG കൺവീനർ) നന്ദിയർപ്പിച്ചു.
ലോക പരിസ്ഥിതി ദിനം
ഇന്നത്തെ അറിവു വെച്ച് ജീവൻ നിലനിൽക്കുന്ന ഒരേയൊരു ഗ്രഹമാണ് ഭൂമി .ഇതിൽ വസിക്കുന്ന അനേക ലക്ഷം ജീവികളിൽ ഒന്നു മാത്രമാണ് മനുഷ്യൻ. മനുഷ്യന്റെ ഒടുങ്ങാത്ത ഉപഭോഗതൃഷ്ണയുടെ ഫലമായി ഭൂമി പാരിസ്ഥിതിക നാശത്തിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ് ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാർബൺ ഡൈ ഓക്സൈഡ്, മീഥേൻ, നൈട്രസ്, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂ റോ കാർബണുകൾ എന്നീ വാതകങ്ങളുടെ അളവ് കൂടി ക്കൊണ്ടിരിക്കുന്നു. ഇവ ഓസോൺ പാളികളുടെ തകർച്ചയ്ക്കു കാരണമാവുകയും തന്മൂലം ആഗോള താപനം ഉണ്ടാവുകയും ചെയ്യുന്നു. മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക അതുവഴി ആഗോള പാർസ്ഥിതിക സന്തുലനവും കാലാവസ്ഥ കാലാവസ്ഥ സുരക്ഷിതവും ഉറപ്പാക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. ഈ വർഷത്തെ പരിസ്ഥിതി സംരക്ഷണ മുദ്രാവാക്യം" വായു മലിനീകരണത്തെ പ്രതിരോധിയ്ക്കുക " എന്നതാണ്.
പ്രളയം കണ്ട നാട്ടിൽ ഇപ്പോഴും മലകൾ ഇടിക്കുമ്പോൾ കേവലം മരം നട്ട് കൈ കഴുകുക എന്നതല്ല പരിഹാരം .എങ്കിലും ഇല്ലാതാകുന്ന പച്ചപ്പിനെയും ആവാസ വ്യവസ്ഥയെയും തിരികെ പിടിക്കാനുള്ള ശ്രമമാകണം ഓരോ പരിസ്ഥിതി ദിനവും
പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ വൃക്ഷതൈ വിതരണം നടന്നു.ഓരോ കുട്ടിയും വീടുകളിൽ ആ വൃക്ഷതൈ നട്ടുപിടിപ്പിച്ചു. പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തിൽ ശുദ്ധവായു ശ്വസിക്കൽ എന്ന പ്രവർത്തനത്തിന്റെ ഭാഗമായി കോട്ടക്കൽ ഹെർബൽ ഗാർഡൻ സന്ദർശിച്ചു.നാലാം ക്ലാസിലെ 39 കുട്ടികളും നാല് അധ്യാപകരും പങ്കെടുത്ത പരിപാടിക്ക് ഹെഡ്മാസ്റ്റർ സി ദിൻ മാസ്റ്റർ ഫ്ലാഗ് ഓഫ് ചെയ്തു.
വിവിധ തരം സസ്യങ്ങളും മ്യൂസിയവും. കുട്ടികൾ കണ്ട് മനസ്സിലാക്കി. കുട്ടികൾ യാത്രയ്ക്കിടയിൽ നാലാം ക്ലാസിലെ പഠനപ്രവർത്തനത്തിന്റെ ഭാഗമായി കുളവും പാടവും സന്ദർശിച്ചു.
വായനാവാരാഘോഷം
മലയാളിയെ അക്ഷരത്തിന്റെയും വായനയുടെയും ലോകത്തേക്ക് കൈ പിടിച്ചുയർത്തിയ പി.എൻ പണിക്കരുടെ ചരമ ദിനമായ ജൂൺ 19 വായനാ ദിനമായി ആചരിക്കുകയാണ്. പി. എൻ പണിക്കർ എന്നാൽ പുതു വായിൽ നാരായണ പണിക്കർ. കൂട്ടുകാരോടൊപ്പം വീടുകൾ കയറി പുസ്തകം ശേഖരിച്ച് ജന്മനാട്ടിൽ സനാ ദന ധർമ്മം വായനശാല ആരംഭിച്ചു. ഇത് വിജയിച്ചതോടെ മറ്റ് പ്രദേശങ്ങളിലും ഇത്തരം വായനശാലകൾ രൂപപ്പെടുത്താൻ അദ്ദേഹം നേതൃത്വം കൊടുത്തു.കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലും ഗ്രന്ഥശാലകൾ രൂപീകരിക്കാനും അവ വായനാശാലയായി മാത്രം ഒതുങ്ങാതെ അതൊരു ദേശത്തെ സാംസ്ക്കാരിക കേന്ദ്രങ്ങളായി ഉയർത്താനും അദ്ദേഹത്തിന് കഴിഞ്ഞു. എഴുത്ത് പഠിച്ച് കരുത്തനാവുക, വായിച്ച് വളരുക ,ചിന്തിച്ച് പ്രബുദ്ധ രാവുക തുടങ്ങിയ മുദ്രാവാക്യങ്ങൾ കേരളത്തിന് നൽകിയതും അദ്ദേഹമാണ്.
വായനാവാരം വൈവിധ്യങ്ങളായ പ്രവർത്തനങ്ങളോടെ നമ്മുടെ സ്കൂളിൽ നടത്തുകയുണ്ടായി.19/6/19 ന് രാവിലെ അസംബ്ലിയിൽ സിദിൻ മാസ്റ്റർ വായനാദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പി.എൻ പണിക്കരെ കുറിച്ചും സംസാരിച്ചു.നാലാം ക്ലാസിലെ വിദ്യാർത്ഥിയായ ഇഷ എൻ .കെ ഇന്നത്തെ ചിന്താ വിഷയമായി വായനയുടെ പ്രാധാന്യത്തെ കുറിച്ചും പറഞ്ഞു. ശേഷം ഹെഡ്മാസ്റ്റർ സിദിൻ മാസ്റ്റർ വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തത് കുട്ടികൾ ഏറ്റ് ചൊല്ലുകയുണ്ടായി.
പുസ്തക വീട്
വായനാ വാരത്തിന്റെ ഭാഗമായി ഒന്നു മുതൽ നാല് വരെയുള്ള എല്ലാ ക്ലാസിലും പുസ്തക വീടൊരുക്കി.ഇതിലേക്കുള്ള പുസ്തകങ്ങൾ ഓരോ ക്ലാസിലെയും കുട്ടികൾ തന്നെയാണ് കൊണ്ടുവന്നത്. ഓരോ ക്ലാസിലെയും ടീച്ചറും കുട്ടികളും ചേർന്നാണ് പുസ്തക വീടൊരുക്കിയത് എല്ലാ പുസ്തകവീടുകളുടെയും പ്രദർശനവും ഉണ്ടായിരുന്നു.മലയാള പത്രങ്ങളുടെ പ്രദർശനവും നടത്തി. ഓരോ ക്ലാസിലെയും കുട്ടികൾ പത്രങ്ങൾ കണ്ട് മനസ്സിലാക്കി.മൂന്ന്, നാല് ക്ലാസുകളിലെ കുട്ടികൾ ശേഖരിച്ച സാഹിത്യകാരൻമാരുടെ ഫോട്ടോയും കുറിപ്പും ചേർത്ത് പതിപ്പ് തയ്യാറാക്കി.1 മുതൽ 4 വരെയുള്ള ക്ലാസുകളിൽ CPTA യിൽ അമ്മ വായന നടന്നു.
വായനാവാര സമാപ്തി ദിവസത്തിൽ എം.എസ് മോഹനൻ മാസ്റ്റർ വിദ്യാരംഗം പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു.അദ്ദേഹം കുട്ടികളുടെ മുന്നിൽ ആടിയും പാടിയും പ്രായത്തെ മറന്ന് മാസ്റ്റർ ഞങ്ങൾക്ക് ഏറെ കൗതുകമായി രണ്ട് മണിക്കൂർ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളെയും കളികളിലൂടെയും പാട്ടുകളിലൂടെയും പിടിച്ചിരുത്തി. ഹെഡ്മാസ്റ്റർ സി ദിൻ മാസ്റ്റർ അധ്യക്ഷൻ വഹിച്ച ചടങ്ങിൽ ഏലിയാമ്മ ടീച്ചർ സ്വാഗതവും മുഹമ്മദ് ഷരീഫ് മാസ്റ്റർ നന്ദിയും പറഞ്ഞു.
വായനക്കളരി
കോട്ടക്കൽ ജെ.സി ഐ യും നമ്മുടെ വിദ്യാലയവും സംയുക്തമായി സ്കൂൾ വിദ്യാർത്ഥികൾക്കായി 5 മലയാള മനോരമ പത്രം ഒരു വർഷത്തേക്ക് സ്കൂളിൽ ലഭ്യമാക്കും.പരിപാടിയുടെ ഉദ്ഘാടനം സ്ക്കൂൾ അസംബ്ലിയിൽ JCI കോട്ടക്കൽ പ്രസിഡണ്ട് രജീഷ് സ്കൂൾ ലീഡർക്ക് കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.JCI ഭാരവാഹി ഷിജി നായർ, മനോരമ ലേഖകൻ ഊരാളി ജയപ്രകാശ്, വികസന സമിതി ചെയർമാൻ കബീർ പട്ടാമ്പി എന്നിവർ പങ്കെടുത്തു.
സർഗവേദി
കുട്ടികളുടെ സർഗവാസനയെ പ്രോത്സാഹിപ്പിക്കാൻ വിദ്യാലയത്തിൽ എല്ലാ ആഴ്ചയും SRG നടക്കുന്ന സമയത്ത് ഒരു മണിക്കൂർ ക്ലാസിലെ വിദ്യാരംഗം കൺവീനറുടെ നേതൃത്വത്തിൽ സർഗവേദി നടക്കുന്നു. കുട്ടിയുടെ മുന്നോട്ട് വന്നുള്ള ഭയം ഇല്ലാതാക്കി നിർഭയമായി പ്രതികരിക്കുന്നതിന് പ്രാപ്തി നേടാൻ വേണ്ടിയാണ് ഇത് ക്ലാസിൽ നടത്തുന്നത്. ഒരാഴ്ചയിൽ നാലോ അഞ്ചോ കുട്ടികളെ കൊണ്ട് പാട്ട് പാടിപ്പിക്കുകയും കഥ പറയിപ്പിക്കുകയോ നൃത്തം ചെയ്യിപ്പിക്കുകയോ ചെയ്യുന്നു. അടുത്ത ആഴ്ചയിൽ അവസരം ലഭിക്കാത്തവർക്ക് അവസരം നൽകുന്നു.21/6/19 ന് സംഗീത ദിനത്തിലാണ് എല്ലാ ക്ലാസുകളിലും സർഗവേദിയുടെ ഉദ്ഘാടനം നടന്നത്.ആ എല്ലാ കുട്ടികളെ കൊണ്ടും ഓരോ പാട്ട് പാടിപിച്ചു.ഓരോ ക്ലാസിലേയും വിദ്യാരംഗം കൺവീനർമാരെ തെരഞ്ഞെടുക്കുകയും അവരിൽ നിന്ന് സ്കൂൾ കൺവീനറെ തെരെഞ്ഞെടുത്തു. നാലാം ക്ലാസിലെ അഭിരാമിനെയാണ് സ്കൂൾ വിദ്യാരംഗം കൺവീനറായി തെരെഞ്ഞെടുത്തത്.സ്കൂൾ കൺവീനർ ഓരോ ക്ലാസിലേയും സർഗവേദി ഉദ്ഘാടനം ചെയ്തു.മിമിക്രിയും പാട്ട് പാടിയും കുട്ടികളെ രസിപ്പിച്ച് അഭിരാം താരമായി.
ബഷീർ ദിനം
വിശ്വസാഹിത്യകാരനും ബേപ്പൂർ എന്ന അപരനാമത്തിൽ അറിയപ്പെടുകയും ചെയ്യുന്ന മലയാള സാഹിത്യ ലോകത്ത് സമാനതകളില്ലാതെ ജീവിത യാഥാർഥ്യങ്ങളെ ചെറുകഥകളും നോവലുകളുമാക്കി ഇതി ഹാസം രചിച്ച ബഷീറിന്റെ ചരമ ദിനമായ ജൂലൈ 5 വിവിധ പരിപാടികളുമായി സ്കൂളിൽ നടന്നു. ക്ലാസ് തലത്തിൽ ബഷീറിനെ പരിചയപ്പെടുത്തി. ബഷീറിന്റെ ഓരോ പുസ്തകങ്ങളും കുട്ടികൾക്ക് പരിചയപ്പെടുത്തിക്കൊടുത്തു. LKG ,UKG ക്ലാസിലെ കുട്ടികൾ "പാത്തുമ്മയുടെ ആട് " എന്ന നോവലിലെ കഥാപാത്രങ്ങളായ പാത്തുമ്മയുടെയും ബഷീറിന്റെയും വേഷമണിഞ്ഞ കുട്ടികൾ ഓരോ ക്ലാസും സന്ദർശിച്ചു.വൈക്കം മുഹമ്മദ് ബഷീറിനെ കുറിച്ച് ഹെഡ്മാസ്റ്റർ സിദിൻ മാസ്റ്റർ അസംബ്ലിയിൽ സംസാരിച്ചു.
നാലാം ക്ലാസിലെ കുട്ടികൾ പാത്തുമ്മയുടെ ആട് നാടകമായി അവതരിപ്പിച്ചു .ഇഷ, സന, മാജിത, ഷാൻ, സൻഹ, അൻഫിസ് എന്നിവർ കഥാപാത്രങ്ങളായി.
മഞ്ചാടി - 19 ഗണിത ശിൽപശാല
ഗണിതപഠനം ലളിതവും രസകരവും മധുകരവുമാക്കുന്നതിനായി കുട്ടികൾക്ക് ഗണിത പഠനോപകരണങ്ങൾ നിർമ്മിക്കുന്നതിനായി ഞങ്ങളുടെ സ്കൂളിലെ അമ്മമാർ ഒത്തുകൂടി. രക്ഷിതാക്കൾക്കും കുട്ടികൾക്കും ഗണിതത്തെ അടുത്തറിയാനുള്ള മഞ്ചാടി 19 ഗണിത ശിൽപ ശാല ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ 1/8/19 വ്യാഴം രാവിലെ 10 മണിക്ക് വാർഡ് കൗൺസിലർ ടി പി സുബൈർ ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ സിദിൻ മാസ്റ്റർ സ്വാഗതം ചെയ്ത ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് അനീഷ് ബാബു അധ്യക്ഷം വഹിച്ചു. സ്കൂൾ അധ്യാപിക അനുഷ ടീച്ചർ നന്ദിയും പറഞ്ഞു.
ഒതുക്കുങ്ങൽ ഹൈസ്കൂളിലെ ഫിറോസ് മാസ്റ്ററാണ് മഞ്ചാടി 19 എന്ന ഗണിത ശിൽപശാലയ്ക്ക് നേതൃത്വം നൽകിയത്. ഇരുപത്തിയഞ്ചോളം രക്ഷിതാക്കൾ കർമനിരതരായി. ഗണിത കബ്ബിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഏകദിന ഗണിത ശിൽപശാലയിൽ ഗണിത പസിലുകൾ, അബാക്കസ്, സംഖ്യാ കാർഡുകൾ, പാമ്പും കോണിയും മാജിക് ബോക്സ്, എന്നിവയുൾപ്പെടെ വിവിധ ഗ ണിതോപകരണങ്ങൾ നിർമ്മിച്ചു.ഇതിന്റെ തുടർ പ്രവർത്തനം ഓരോ കാസിലെയും CPTA യിൽ ചെയ്യുകയും ചെയ്തു.
ചാന്ദ്രദിനം
ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമയ്ക്കായി ജൂലൈ 21 ചാന്ദ്രദിനമായി ആഘോഷിക്കുന്നു.ഇത് മനുഷ്യന്റെ ഒരു ചെറിയ കാൽവെയ്പ്പ് മാനവരാശിക്ക് വലിയ കുതിച്ച് ചാട്ടവും' എന്ന ആംസ്ട്രോങ്ങിനാൽ തന്നെ വിശേഷിപ്പിക്കപ്പെട്ട ഈ സംഭവം മാനവ ചരിത്രത്തിലെ നാഴികക്കല്ലുകളിൽ ഒന്നായി വിശേഷിക്കപ്പെടുന്നു.
21/7/19 ന് അസംബ്ലിയിൽ ഹെഡ്മാസ്റ്റർ സി ദിൻ മാസ്റ്റർ ചാന്ദ്രദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും ഇപ്പോൾ ഇന്ത്യ നടത്തുന്ന ചന്ദ്രയാൻ യാത്രയെ കുറിച്ചും സംസാരിച്ചു. അസംബ്ലിയിൽ നീലാംസ്ട്രോങ്, കൽപ്പനചൗള, രാകേഷ് ശർമ്മ , യൂറി ഗഗാറിൻ എന്നിവരുടെ വേഷമണിഞ്ഞെത്തിയ കുട്ടികൾ ഏവർക്കും കൗതുകമായി. ഓരോ ക്ലാസ്സിലും ചാന്ദ്രദിന പതിപ്പ് തയ്യാറാക്കുകയും ചെയ്തു
ഹിരോഷിമ നാഗസാക്കിദിനം
1945 ഓഗസ്റ്റ് 6 ഹിരോഷിമയിൽ ബോംബ് പതിച്ച കറുത്ത ദിനം. അന്ന് ജപ്പാനിൽ വിതയ്ക്കപ്പെട്ട നാശത്തിന്റെ വിത്തുകൾ ഇന്നും അവിടെ പൊട്ടി മുളച്ച് കൊണ്ടിരിക്കുന്നു. അന്നൊരു തിങ്കളാഴ്ചയായിരുന്നു. വടക്കൻ പസഫിക് ദ്വീപിൽ നിന്നും 12 സൈനികരുമായി എനോളഗെ എന്നൊരു B29 വിമാനം പറന്നുയർന്നു.1500 മയിലുകൾക്കപ്പുറമുള്ള ജപ്പാനായിരുന്നു അതിന്റെ ലക്ഷ്യം ലിറ്റിൽ ബോയ് എന്ന് പേരിട്ട അണു ബോംബ് കൊണ്ട് ലക്ഷ്യത്തിലേക്ക് പറന്നു. ഒരു നിമിഷം കൊണ്ട് സംഭവിച്ചത് സ്വപ്നങ്ങളെല്ലാം തകർന്നടിയുന്ന ഹൃദയഭേതകമായ നിലവിളി മനുഷ്യന്റെയും മൃഗങ്ങളുടെയും കത്തിക്കരിഞ്ഞ അസ്ഥികൂടങ്ങൾ ,തുടർന്ന് മരിച്ച ആയിരക്കണക്കിന് ആളുകൾ രണ്ടാം ലോക മഹായുദ്ധം ലോകത്തിന് സമ്മാനിച്ചത്.
ഹിരോഷിമ നാഗസാക്കി ദിനങ്ങളുടെ ഭാഗമായി സ്കൂൾ അസംബ്ലിയിൽ ഒന്നാം ക്ലാസിലെ ഇൻഷ പ്രഭാഷണം നടത്തി. യുദ്ധമെന്താണെന്നും അതുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളും കുട്ടികൾക്ക് പറഞ്ഞ് മനസ്സിലാക്കി ഏലിയാമ്മ ടീച്ചർ സംസാരിച്ചു. ജപ്പാനിലെ സഡാക്കോ സസാക്കിയുടെ ജീവിത കഥ പറഞ്ഞ് സഡാക്കോയെ ഉണ്ടാക്കുന്ന വിധം ക്ലാസ് ടീച്ചേഴ്‌സ് പരിചയപ്പെടുത്തി. കുട്ടികൾ അതുണ്ടാക്കുകയും ചെയ്തു. ഇനിയൊരു യുദ്ധം വേണ്ട എന്ന സന്ദേശം കുട്ടികളിൽ എത്തിക്കാൻ സ്കൂൾ മൈതാനത്ത് നോ വാർ എന്ന് എഴുതി കുട്ടികളെ അണിനിരത്തി ആൻഫ്രാങ്കിന്റെ കഥ കുട്ടികൾക്ക് പറഞ്ഞ് കൊടുത്തു. അവൾക്ക് ഒരു കത്ത് തയ്യാറാക്കി വരാൻ മൂന്ന്, നാല് ക്ലാസിലെ കുട്ടികൾക്ക് കൊടുത്തു. അവർ തയ്യാറാക്കിയ കത്ത് പോർട്ട് ഫോളിയോയിൽ വെക്കുകയും ചെയ്തു
നാലാം ഉത്സവം - കിളിക്കുളം
വരാനിരിക്കുന്ന വേനലിനെ അതിജീവിക്കാൻ മനുഷ്യൻ മാർഗങ്ങൾ തേടുമ്പോൾ ഒരു തുള്ളി ദാഹജലത്തിനായി നെട്ടോട്ടം പറക്കുന്ന നാട്ടു കിളികൾക്ക് ഒരു കുടം ജലം കരുതുകയാണിവിടെ..
നാലാം ഉത്സവത്തിന്റെ ഭാഗമായി പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ കൊടിയ വേനലിനെ അതിജീവിക്കാൻ കിളികൾക്ക് കുടിക്കാനും കുളിക്കാനും ഒരു കുടം വെള്ളം നൽകി അവയെ സംരക്ഷിക്കുന്നതിനുള്ള കിളിക്കുളം സ്കൂൾ അങ്കണത്തിൽ ഒരുക്കി.
സ്കൂളിൽ വീട്ടിൽ കറിവേപ്പില്ലാത്ത സുഹൃത്തിന് ഉള്ളവരുടെ വീട്ടിൽ നിന്ന് ഒരു തൈ കൊടുത്തു.
സ്കൂൾ പാർലമെന്റ്
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥിതികൾ മനസ്സിലാക്കുന്നതിന് വേണ്ടി ഈ വർഷത്തെ സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് ആഗസ്റ്റ് 16 ന് ഒരു തെരെഞ്ഞെടുപ്പിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് നടത്തി. മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷൻ ഒഫീസർ ആയി പ്രവർത്തിച്ചത് ഷരീഫ് മാസ്റ്ററായിരുന്നു. സ്കൂൾ പാർലമെന്റ് ഇലക്ഷനിൽ മംഗൾയാൻ, ചന്ദ്രയാൻ എന്നിങ്ങനെ ഇരു മുന്നണികളിൽ നിന്നും സ്കൂൾ ലീഡർ, ഡപ്യൂട്ടി ലീഡർ, ആരോഗ്യ വകുപ്പ്, കൃഷി വകുപ്പ് , ആഭ്യാന്തര വകുപ്പ് എന്നീ സ്ഥാനങ്ങളിലേക്ക് പത്ത് സ്ഥാനാർത്ഥികൾ മാറ്റുരച്ചു. ഓരോ വിദ്യാർത്ഥിക്കും 5 വോട്ടുകൾ വീതം ഉണ്ടായിരുന്ന. രണ്ട് ഗ്രൂപ്പിൽ നിന്നും പത്ത് സ്ഥാനാർത്ഥികൾ മാറ്റുരച്ചപ്പോൾ ചന്ദ്രയാൻ ഗ്രൂപ്പിൽ നിന്നും ,ഫാത്തിമ സന, ഫാത്തിമ മാജിദ, ഹാദിയ, അനുഫ്, മുഹമ്മദ് ഷാൻ ,എന്നിവർ വിജയിക്കുകയും ചന്ദ്രയാൻ മുന്നണി ഭരണം പിടിച്ചെടുക്കുകയും ചെയ്തു. സ്കൂൾ അസംബ്ലിയിൽ സ്കൂൾ ലീഡറും സഹമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു
ആറാം ഉത്സവം - കായിക ദിനം
ഇന്ത്യൻ ഹോക്കിയിലേ ഇതിഹാസം ആയിരുന്ന ധ്യാൻചന്ദിന്റെ ജന്മ ദിനമായ ആഗസ്റ്റ് 29 ദേശീയ കായിക ദിനമായി ആചരിച്ചു വരുന്നു. അദ്ദേഹത്തെ ഹോക്കി യുടെ മാന്ത്രികനായിട്ടാണ് ലോകം കണ്ടിരുന്നത്. അദ്ദേഹത്തിന്റെ ഹോക്കി സ്റ്റിക്ക് മാന്ത്രിക വടിയാണോ എന്ന് സംശയിച്ച് പരിശോധിച്ച രാജ്യക്കാർ ഉണ്ടായിരുന്നു. 1956 ൽ പത്മഭൂഷൻ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. കളികളിൽ ഇറങ്ങിയ സമയത്ത് മാന്ത്രിക വടിയാണെന്ന് വിചാരിച്ച് സ്റ്റിക്ക് മാറ്റിക്കൊടുത്തിട്ട് പോലും ഹോക്കിയിൽ അത് ഭുതം കാട്ടാൻ അദ്ദേഹത്തിന് സാധിച്ചത് കൊണ്ടാണ് ഹോക്കിയുടെ മാന്ത്രികനായി അദ്ധേഹം അറിയപ്പെട്ടത്.
ആറാം ഉത്സവത്തിന്റെ ഭാഗമായി ഹോക്കി മാന്ത്രികൻ ധ്യാൻചന്ദിനെ കുട്ടികൾക്ക് പരിയയപ്പെടുത്തി . ആറാം ഉത്സവത്തിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊടുത്തു.കുട്ടികളിൽ കായിക ക്ഷമത ഉണ്ടാക്കുന്നതിനുള്ള കളികളും എയ്റോബിക്സ് പരിശീലനവും മാസ്ഡ്രില്ലും ആഴ്ചയിൽ രണ്ട് ദിവസം നടത്തി വരുന്നു.
ലോക നാട്ടറിവ്ദിനം
ആഗസ്റ്റ് 22 ലോക നാട്ടറിവ് ദിനമായിട്ടാണ് ആചരിക്കുന്നത്. ഗ്രാമീണ ജനതയുടെ അറിവാണ് നാട്ടറിവ് .പാരമ്പര്യമായി കിട്ടിയ അറിവാണത്. തലമുറകളിലൂടെ കൈമാറി വരുന്ന ഇത്തരം അറിവ് പ്രയോഗത്തിലൂടെ വികസിച്ച് കൊണ്ടിരിക്കും .പ്രകൃതിയുമായി ഇണങ്ങിച്ചേരുന്ന നാട്ടറിവ് അനുഭവങ്ങളിലൂടെയാണ് പഴമക്കാർ സ്വായത്തമാക്കിയത്. ഗ്രാമീണ ജനതയുടെ ജീവിത രീതി, വാങ്മയ രൂപങ്ങൾ തുടങ്ങി നമ്മുടെ സാംസ്ക്കാരിക സമ്പത്ത് മുഴുവൻ നാട്ടറിവിൽ പെടുന്നു. ഐതിഹ്യങ്ങളും ,നാടോടി കഥകളും ,ഭക്ഷണ രീതികളും, നാട്ടു ചികിത്സയും കൃഷിയറിവുകളുമെല്ലാം നാട്ടറിവാണ്. നമ്മുടെ ഈ അമൂല്യമായ സാംസ്കാരിക സമ്പത്തിനെ വരും തലമുറക്കായി കാത്തു സൂക്ഷിക്കേണ്ട ഉത്തരവാദിത്തവും കടമയും ഒരിക്കൽക്കൂടി ഓർമിപ്പിക്കുകയാണ് ലോക നാട്ടറിവ് ദിനം.
നാട്ടറിവ് ദിനത്തിന്റെ ഭാഗമായി നാലാം ക്ലാസിലെ കുട്ടികൾ പഴമയുടെ പൈത്യകം വിളിച്ചോതുന്ന വസ്തുക്കൾ ശേഖരിച്ചു. ഇപ്പോൾ ഉപയോഗിക്കുന്നതും പഴയ കാലത്ത് ഉപയോഗിക്കുന്നതുമായ വസ്തുക്കളുടെ പ്രദർശനം നടത്തി. വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും അത് കാണാൻ സാഹചര്യം ഒരുക്കി.പഴയ കാലത്തെ ആഭരണപ്പെട്ടി ,കിണ്ടി, ഉപ്പു കുറ്റി എന്നിവ ശ്രദ്ധേയമായി. അസംബ്ലിയിൽ ഫസീല ടീച്ചർ ലോക നാട്ടറിവിനെ കുറിച്ച് സംസാരിച്ചു
കുട്ടിയോടൊപ്പം ഞാനും
രുചിയറിയാം എഴുതാം
കുട്ടിയോടൊപ്പം ഞാനും പദ്ധതിക്ക് തുടക്കമായി. അമ്മ മാരെത്തും രുചിയറിയാൻ . സ്കൂളിൽ ഉച്ച ഭക്ഷണത്തിന്റെ രുചിയറിയാനും പാചകത്തൊഴിലാളിയായ ഹഫ്സത്തിനൊരു കൈതാങ്ങുമായിട്ടാണ് പദ്ധതി ആരംഭിച്ചത്. ഓരോ ദിവസവും ഓരോ രക്ഷിതാക്കൾ എത്തുകയും വിഭവങ്ങൾ ഒരുക്കുന്നതിന് സഹായിക്കുകയും ചെയ്തതിന് ശേഷം രുചിയെ കുറിച്ചുള്ള അഭിപ്രായങ്ങൾ അമ്മമാർ രേഖപ്പെടുത്തുകയും ചെയ്യുന്നു . പരിപാടിയുടെ അഭൗചാരികമായ ഉദ്ഘാടനം 27/8/19 ന് വാർഡ് കൗൺ സിലർ സുബൈർ ടി.പി നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് അനീഷ് ബാബു അധ്യക്ഷം വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ സിദിൻ ടി.സി സ്വാഗതവും സുമയ്യാബി നന്ദിയും രേഖപ്പെടുത്തി. കബീർ പട്ടാമ്പി, ഗീത.സി, സാജിത തുടങ്ങിയവർ സംസാരിച്ചു.
ക്രിയേറ്റിവിറ്റി പരീക്ഷ
ഉന്നത പഠന നിലവാരം പുലർത്തുന്ന കുട്ടികളെ കണ്ടെത്തുന്നതിനും എൽ എസ് എസ് പരീക്ഷയ്ക്ക് കുട്ടികളെ തെരെഞ്ഞെടുക്കുന്നതിനും വേണ്ടി നടത്തിയതാണ് ക്രിയേറ്റിവിറ്റി പരീക്ഷ. മികച്ച ചോദ്യങ്ങൾ തെരെ ഞ്ഞെടുത്ത് കൊണ്ട് ടീച്ചേഴ്സ് തയ്യാറാക്കിയ ചോദ്യപേപ്പറാണ് പരീക്ഷയ്ക്ക് നൽകിയത്. മൂന്ന് നാല് കുട്ടികളാണ് പരീക്ഷ എഴുതിയത്.എൻട്രൻസ് പരീക്ഷയ്ക്ക് തുല്യമായ പരീക്ഷയാണ് സ്കൂൾ ഹാളിൽ അരങ്ങേറിയത്. ഓരോ കുട്ടിക്കും റജിസ്റ്റർ നമ്പറും പരീക്ഷാ കോഡും ഉണ്ടായിരുന്നു. OMR ചോദ്യവും ഉത്തരക്കടലാസിൽ ബബിൾ ചെയ്യുന്ന രീതിയുമായിരുന്നു. ഓൺ ലൈനിൽ ഒരു നിശ്ചിത സമയം നൽകി റിസൾട്ട പ്രഖ്യാപിക്കുകയും ഓൺലൈൻ ആയി റിസൾട്ട് കുട്ടികൾ അറിയുകയും ചെയ്തു.
ഓണാഘോഷം ( ഓണത്തുമ്പി )
ഓണം കേരളീയരുടെ ഗതകാല സ്മരണ വെളിപ്പെടുത്തുന്ന ഉത്സവം. മാലോകരെ ല്ലാംഒന്നുപോലെ ജീവിച്ചിരുന്ന ഭൂതകാല ത്തിന്റെ ഓർമ്മപ്പെടുത്തൽ. സമൃദ്ധിയുടെയും ഐശ്വര്യ ത്തിന്റെ യും ഒരു പുതു വർഷത്തിലേക്കുള്ള പ്രതീക്ഷകൾ. മലയാളികൾ ഒരുങ്ങുകയാണ് ഒരു മനസ്സായി ഒരുമയോടെ ഓണത്തെ വരവേൽക്കാൻ പ്രളയം ഏൽപ്പിച്ച മുറിവ് ഒരു വേദനയായി തുടരുമ്പോഴും പ്രളയബാധിതരെ ഒറ്റക്കെട്ടായി ഉയർത്തി എഴുന്നേൽപ്പിച്ച മലയാളക്കരയ്ക്ക് ഓണാഘോഷവും മാതൃകയാണ്. ഓണം കേരളത്തിന്റെ ദേശീയോത്സവം ആണെങ്കിലും രാജ്യത്തിന്റെ അതിർവരമ്പുകളും കടന്ന് മലയാളി എവിടെയുണ്ടോ അവിടങ്ങളിലെല്ലാം ഓണം മത ജാതി ഭേദമന്യേ ആഘോഷിക്കുന്നു. നമ്മുടെ വിദ്യാലയത്തിലും ഓണാഘോഷം വിവിധ പരിപാടികളോടെ നടത്തി.
ഓണാഘോഷത്തിന് ഭാഗമായി 2/9/19 നമ്മുടെ വിദ്യാലയത്തെ ഹരിതവിദ്യാലയം ആയി പ്രഖ്യാപിച്ചു. അതിനു മുന്നോടിയായി നമ്മുടെ പ്രദേശത്തെ യു എഫ് എ ക്ലബ്ബംഗങ്ങൾ മുപ്പതോളം പേർ ചേർന്ന് തലേദിവസത്തെ കോരിച്ചൊരിയുന്ന മഴയത്തും വിദ്യാലയത്തെ മനോഹരമാക്കാൻ പരിസരം വൃത്തിയാക്കിയതിൽ നമുക്ക് അഭിമാനിക്കാം ഹെഡ്മാസ്റ്ററും പിടിഎ പ്രസിഡണ്ട് അനീഷ് ബാബുവും അവരോടൊപ്പം ചേർന്നു .
പൂക്കളമത്സരം
നമ്മുടെ വിദ്യാലയവും 2/9/ 19ന് രാവിലെ തന്നെ ഓൺ ആഘോഷത്തിനായി ഒരുങ്ങി. പൂക്കള മത്സരത്തോടെ പരിപാടി ആരംഭിച്ചു. എൽകെജി മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാ ക്ലാസും പൂക്കള മത്സരത്തിന് ഒരുങ്ങി. ഓരോ ക്ലാസിലെയും കുട്ടികളും രക്ഷിതാക്കളും ടീച്ചറും ചേർന്നാണ് പൂക്കളം ഒരുക്കിയത്.
സപ്ത ബാബു ഇർഷാദ് എന്നിവരുടെ വിധിനിർണയത്തിന് ഒടുവിൽ എൽ.കെ.ജി ഷീജ ടീച്ചറുടെ ക്ലാസ് ഒന്നാം, 2 A മുംതാസ് ടീച്ചറുടെ ക്ലാസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിധികർത്താക്കൾ വളരെ പ്രയാസപ്പെട്ടു വിധിനിർണയം നടത്താൻ എന്ന് അഭിപ്രായപ്പെട്ടു. കാരണം ഓരോ ക്ലാസിലെയും ഒന്നിനൊന്നു മെച്ചമായിരുന്നു. കളർ കോമ്പിനേഷൻ, ഷേപ്പ്,അട്ട്രാക്ഷൻ , ഫ്ലവർ യൂസ്ഡ് എന്നീ സൂചകങ്ങളുടെ അടിസ്ഥാനത്തിലാണ് വിധി നിർണയിച്ചത്.
മലയാളി മങ്ക
10. 45 ഓടെ പൂക്കള മത്സരം കഴിഞ്ഞപ്പോൾ കേരളീയ വേഷത്തിലെത്തിയ അമ്മമാർ അണിനിരന്നു. ശ്രീധരൻ മാഷിന്റെയും ബാബുവിന്റെയും വിധി നിർണ്ണയത്തിൽ 13 അമ്മമാരെ പിന്തള്ളി നാലാം ക്ലാസിലെ അർജുൽ രാമിന്റെ അമ്മ ഒന്നാമതെത്തി. രണ്ടാം സമ്മാനം രണ്ടു പേരായിരുന്നു.
മൈലാഞ്ചി മൊഞ്ച്
ഓണത്തിനിടയിൽ വേറിട്ട മത്സരമായി മൈലാഞ്ചി മൊഞ്ച് മത്സരം നടത്തിയപ്പോൾ മൂന്നാം ക്ലാസിലെ ഷഹ്മയും രക്ഷിതാവും ഒന്നാം സ്ഥാനം നേടി. നാലാം ക്ലാസിലെ ഇഷയും രക്ഷിതാവും രണ്ടാം സ്ഥാനത്തിന് അർഹയായി.
ഹരിത വിദ്യാലയ പ്രഖ്യാപനം
ഓണാഘോഷത്തിന് ഭാഗമായി നമ്മുടെ സ്കൂൾ ഹരിതവിദ്യാലയം ആയി പ്രഖ്യാപിച്ചു. ഇതിനായി രക്ഷിതാക്കൾ സ്കൂൾ അങ്കണത്തിൽ ഒത്തുചേർന്നു. രക്ഷിതാക്കൾക്ക് ഹരിത വിദ്യാലയം എന്ന വിഷയത്തിൽ ശ്രീധരൻ മാസ്റ്റർ നല്ലൊരു ക്ലാസ് നൽകി.
ശ്രീ ഇബ്രാഹിം വില്ലൂരിന് സ്നേഹാദരം
ഓണത്തുമ്പി വേദിയിൽ പ്രളയത്തിൽ പെട്ട് വീട് നഷ്ടപ്പെട്ട കവളപ്പാറയിലെ ജനങ്ങൾക്ക് രണ്ട് ഏക്കർ സ്ഥലം നൽകി സഹായിച്ച ഇബ്രാഹിം വില്ലൂരിനെ ആദരിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ശ്രീ സാജിത് മങ്ങാട്ടിൽ ചടങ്ങ് ഉദ്ഘാടനവും ആദരവും നിർവഹിച്ചു. വാർഡ് കൗൺസിലർ ടി പി സുബൈർ അധ്യക്ഷം വഹിച്ച ചടങ്ങിൽ പി ടി എ പ്രസിഡന്റ് അനീഷ് ബാബു,മാനേജർ മുഹമ്മദ് അഷ്റഫ് മാസ്റ്റർ, വാർഡ് മെമ്പർ ആയിഷാബി, കബീർ പട്ടാമ്പി, പി ടി എം വില്ലൂർ, മുഹമ്മദാലി കോഴിക്കോടൻ, ഹാരിസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
അദ്ധ്യാപക ദിനം
ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയും ആയ ഡോക്ടർ എസ് രാധാകൃഷ്ണന്റെ ജന്മദിനം രാജ്യമെമ്പാടും അധ്യാപകദിനമായി സെപ്റ്റംബർ അഞ്ചിന് ആചരിക്കുന്നു. നമ്മുടെ സ്കൂളിലും അധ്യാപക ദിനമായി ആചരിച്ചു.
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ ഗുരുവന്ദനം എന്നപേരിൽ ഒരുക്കിയ പരിപാടിയിൽ കുട്ടികൾ വെള്ള ഡ്രസ്സ് അണിഞ്ഞ് പാട്ടുപാടി നൃത്തം ചെയ്യുകയും അധ്യാപകരെ ആദരിക്കുകയും ചെയ്തു. കൂടാതെ കുട്ടികൾ പ്രിയപ്പെട്ട ടീച്ചർക്ക് ഒരു കത്ത് എഴുതി നൽകുകയും ചെയ്തു.
ഓസോൺ ദിനം
സെപ്റ്റംബർ 16 ലോക ഓസോൺ ദിനമായി ആചരിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലി 1998 ലാണ് ഈ ദിവസം ഓസോൺ പാളി സംരക്ഷണ ദിനമായി പ്രഖ്യാപിച്ചത്. ഓസോൺ പാളിയിൽ സുഷിരങ്ങൾ ഉണ്ടാക്കുന്ന രാസവസ്തുക്കളുടെ ഉൽപാദനവും ഉപയോഗവും കുറയ്ക്കുകയായിരുന്നു ഉടമ്പടിയുടെ ഉദ്ദേശം. ആഗോളതാപനം മൂലം ഊഷ്മാവ് ക്രമാതീതമായി വർദ്ധിക്കുകയും അന്തരീക്ഷ ബാഷ്പം ഏറുകയും ചെയ്യുമ്പോൾ അത് അന്തരീക്ഷ മേൽപാളിയെ ഓസോണിനെ അപകടത്തിലാക്കും.
ഭൂമിയുടെ കുടയായ ഓസോൺ പാളിയെ സംരക്ഷിക്കുന്നതിന്റെ ഉത്തരവാദിത്വം നാം ഓരോരുത്തരുടേതുമാണെന്ന ഓർമ്മപ്പെടുത്തലുമായി നാലാം ക്ലാസിലെ കുട്ടികൾ സ്കൂൾ അസംബ്ലി നയിച്ചു . അസംബ്ലിയിൽ ഫാത്തിമ സന ഓസോൺ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. കുട്ടികൾ ഓസോൺ പാളിയെ നശിപ്പിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള പാട്ടുപാടി.
സർവ്വേ ഗൃഹസന്ദർശനം
ഓസോൺ ദിനത്തിൽ ഉച്ചയ്ക്ക് നാല് ഗ്രൂപ്പുകളായി തിരിച്ച് കുട്ടികളെ നാല് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ ഗൃഹസന്ദർശനം നടത്തി. ഓരോ ഗ്രൂപ്പും അഞ്ച് വീടുകൾ സന്ദർശിച്ച് അതിൽ നിന്നും കിട്ടിയ വിവരം
വീട്ടിൽ കുട്ടി പഠിക്കുന്നുണ്ടോ എന്നതിന് 47% ഇല്ല 53% ഉണ്ട്, വീട്ടിൽ എസി ഉണ്ടോ എന്നതിന് 20 ശതമാനം ഉണ്ട് 80% ഇല്ല, ഫ്രിഡ്ജ് ഉണ്ടോ എന്നതിന് 87% ഉണ്ട് 13% ഇല്ല, കേരളത്തിലെ പ്രധാന പരിസ്ഥിതി പ്രശ്നമായി തോന്നുന്നത് ക്വാറി20%, ചെങ്കൽ കോറി 67%, വയൽ നികത്തൽ 13.3 ശതമാനം, മലിനീകരണം 20%, അറിയില്ല എന്ന് മറുപടി 6.8 ശതമാനം, കാലാവസ്ഥ മാറ്റത്തിന് കാരണം എന്താണ് നിങ്ങളുടെ അഭിപ്രായം അന്തരീക്ഷമലിനീകരണം 60%, ഹരിതഗൃഹ പ്രവാഹം 13.8 ശതമാനം, കാർബൺഡൈഓക്സൈഡ് 20%, അറിയില്ല എന്ന മറുപടി 6.7 ശതമാനം. നമ്മൾ ഉണ്ടാക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉത്തരവാദിത്വം മുനിസിപ്പാലിറ്റി 33.3 ശതമാനം, സംസ്ഥാന സർക്കാർ 6.8 ശതമാനം, നമുക്ക് തന്നെ 60%, വീട്ടിലെ പ്ലാസ്റ്റിക് എന്ത് ചെയ്യുന്നു കത്തിക്കുന്നു 80% വലിച്ചെറിയുന്നു 13.3 ശതമാനം, ശേഖരിച്ച് കൈമാറുന്നു 6.7 ശതമാനം,. ബയോഗ്യാസ് ഉണ്ടോ ഇല്ല 100%. ജൈവമാലിന്യങ്ങൾ സംസ്കരിക്കാൻ പ്രത്യേക സംവിധാനങ്ങൾ ഉണ്ടോ ഇല്ല 86.67 ശതമാനം ഉണ്ട് 13.3 ശതമാനം. മാലിന്യങ്ങൾ ജൈവം അജൈവം തരംതിരിക്കാറുണ്ട് 40% ഇല്ല 60%. ഈ കാലാവസ്ഥ മാറ്റത്തിൽ താങ്കൾക്ക് ആശങ്ക യുണ്ടോ? ഉണ്ട് 66.5 ശതമാനം ഇല്ല 33.3 ശതമാനം എന്നിങ്ങനെയാണ് ഈ സർവ്വേയിൽ നിന്നും കണ്ടെത്തിയ കാര്യങ്ങൾ. സർവ്വേയിൽ നിന്നും ലഭിച്ച വിവരങ്ങൾ വച്ചുനോക്കുമ്പോൾ ഭൂരിഭാഗം വീടുകളിലും പ്ലാസ്റ്റിക് കത്തിക്കുന്നു. മാലിന്യ സംസ്കരണത്തിന് മാർഗ്ഗമില്ല. അതുകൊണ്ട് ഈ പ്രദേശത്തെ സഹായിക്കാൻ സ്കൂളിന്റെ നേതൃത്വത്തിൽ മുൻസിപ്പാലിറ്റിയിൽ അപേക്ഷ വെച്ച് ഒരു മാർഗം കണ്ടെത്താൻ തീരുമാനിച്ചു.
മുളദിനം
സെപ്റ്റംബർ 18 ലോക മുള ദിനം ആയി ആചരിക്കുന്നു. മുളയുടെ പാരിസ്ഥിതികമായ പ്രസക്തിയും ഉപയോഗ്യതയും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തിൽ വേൾഡ് ഓർഗനൈസേഷൻ ആരംഭിച്ച ദിനാചരണം ആണ് മുളദിനം. മറ്റു വൃക്ഷങ്ങളെ ക്കാൾ 30 ശതമാനം അധികം ഓക്സിജൻ ഉൽപാദിപ്പിക്കുകയും കൂടുതൽ കാർബൺ ഡൈ ഓക്സൈഡിനെ വലിച്ചെടുക്കുകയും ചെയ്യുന്നവയാണ് ഇവ. ലോകത്തിലെ 111 കുടുംബത്തിൽ ആയി 1550 ഓളം ജാതി മുളകൾ ഉണ്ട്.
മുളയിലെ വൈവിധ്യം
മുള ദിനമായ സെപ്റ്റംബർ 18ന് മുളയിലെ വൈവിധ്യം എന്ന പരിപാടി സംഘടിപ്പിച്ചു. വിവിധതരം മുളകളുടെ ചിത്രപ്രദർശനവും വിവിധതരം ഉൽപ്പന്നങ്ങളും പ്രദർശിപ്പിച്ചു. മുളകൾ വെച്ചു പിടിപ്പിക്കുന്നത് മണ്ണൊലിപ്പ് തടയുന്നതിനും ഉരുൾപൊട്ടലിനെ ചെറുത്തുന്നതിനും നല്ലതാണെന്ന് കുട്ടികളെ മനസ്സിലാക്കി. മുളയരി കൊണ്ട് വിവിധ ഭക്ഷണങ്ങൾ ഉണ്ടാക്കാം എന്ന് പറഞ്ഞു കൊടുത്തു.
സ്കൂൾ കലോത്സവം അരങ്ങ് 2K19
കുട്ടികളുടെ സർഗവാസനകളെ പരിപോഷിപ്പിക്കുന്നതിന് വേണ്ടിയുള്ള വേദി യാണല്ലോ കലോത്സവങ്ങൾ.
29/9/19,30/9/19 ദിവസങ്ങളിലായി സ്കൂൾ കലോത്സവം അരങ്ങ് 2k19 എന്ന പേരിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ നടത്തി. സ്കൂൾ മാനേജർ അഷ്റഫ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ സിദിൻ ടി.സി അധ്യക്ഷം വഹിച്ചു. കലാമേള വാശിയേറിയ ഗ്രൂപ്പ് മത്സരമായിരുന്നു.
കുട്ടികളെ മൂന്ന് ഗ്രൂപ്പായി തിരിച്ച് ഓരോ ഗ്രൂപ്പിനും ടീച്ചേഴ്സിനെ യും നിയമിച്ചു. കുന്നിമണി, മിന്നാമിന്നി മഞ്ചാടി എന്നിങ്ങനെയാണ് ഗ്രൂപ്പിന് പേരിട്ടത്. വിവിധ മത്സരങ്ങളോടെ പരിപാടികൾ സ്റ്റേജിൽ അരങ്ങേറിയപ്പോൾ 134 പോയിന്റുമായി കുന്നിമണി ഗ്രൂപ്പ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. 47 പോയിന്റ് മായി മഞ്ചാടി, മിന്നാമിന്നി ഗ്രൂപ്പുകാർ രണ്ടാം സ്ഥാനം തുല്യമായി പങ്കിട്ടു. ഒന്നും രണ്ടും സ്ഥാനം നേടിയ കുട്ടികൾക്ക് സമ്മാനവിതരണവും നടന്നു. അസംബ്ലിയിൽ ഹെഡ്മാസ്റ്റർ സിദിൻ മാസ്റ്ററാണ് കുട്ടികൾക്ക് ഉപഹാരങ്ങൾ നൽകിയത്.
ലോക വിനോദ സഞ്ചാര ദിനം
യുണൈറ്റഡ് നാഷണൽ വേൾഡ് ടൂറിസം ഓർഗനൈസേഷൻ ആഹ്വാനപ്രകാരം എല്ലാ വർഷവും സെപ്തംബർ 27 ലോക വിനോദ സഞ്ചാര ദിനം ആയി ആചരിക്കുന്നു. ലോകജനതയെ വിനോദസഞ്ചാര ത്തിന്റെ പ്രാധാന്യം, ഗുണങ്ങൾ, സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ സാമ്പത്തിക മൂല്യങ്ങൾ എന്നിവയെ കുറിച്ച് അവബോധം വരുത്താനാണ് ഇത് ആഘോഷിക്കുന്നത്.
ലോക വിനോദ സഞ്ചാര ദിനത്തിന്റെ ഭാഗമായി മൂന്നാം ക്ലാസിലെ ആയിഷ അസംബ്ലിയിൽ വിനോദസഞ്ചാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. അൻഫിദ കേരളത്തിലെ അറിയപ്പെട്ട വിനോദ സഞ്ചാരിയായ സന്തോഷ് കുളങ്ങര യെ കുറിച്ചും സംസാരിച്ചു. മൂന്നാം ക്ലാസിലെ ടീച്ചർ വിനോദസഞ്ചാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വിനോദസഞ്ചാര കേന്ദ്രങ്ങളെ കുറിച്ച് കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.
ഗാന്ധിജയന്തി
ഭാരതത്തിന്റെ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബർ 2 ഗാന്ധിജയന്തി ആയി ആഘോഷിച്ചു വരികയാണല്ലോ. അദ്ദേഹത്തിന്റെ സേവനം മാർഗ്ഗത്തെ അനുസ്മരിച്ചുകൊണ്ട് കുട്ടികളും അധ്യാപകരും ചേർന്ന് സ്കൂളും പരിസരവും വൃത്തിയാക്കി. മൂന്നാം തീയതി മുതൽ പത്താം തീയതി വരെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ സേവനപ്രവർത്തനങ്ങൾ നടത്തി. ദിവസവും ഗാന്ധിജിയുമായി ബന്ധപ്പെട്ട 10 ചോദ്യങ്ങൾ മെഗാക്വിസ് ചുമതലയുള്ള ടീച്ചേഴ്സ് ഇടുകയും ഉത്തരങ്ങൾ കുട്ടികൾ കണ്ടെത്തി വന്നു ക്ലാസ് ടീച്ചേഴ്സിനെ ഏൽപ്പിക്കുകയും ചെയ്തു. ഗാന്ധി ജയന്തിയുമായി ബന്ധപ്പെട്ട വിദ്യാരംഗം പ്രവർത്തനമായ സുഗതകുമാരിയുടെ കവിത വായന ക്ലാസ് തലത്തിൽ നടത്തി.
സേവനവാര അവസാന ദിവസം 10/10/ 19ന് ഗാന്ധിജിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ച ചാർട്ട് ഒരു കുട്ടിക്ക് ഒന്ന് എന്ന രീതിയിൽ ശേഖരിച്ചു വരികയും ചാർട്ട് പ്രദർശനം നടത്തുകയും ചെയ്തു.
കുട്ടികളുടെ പഠനത്തിൽ
രക്ഷിതാക്കളുടെ പങ്ക്
.. . കുട്ടികളുടെ പഠനത്തിൽ രക്ഷിതാക്കളുടെ പങ്ക് എന്ന വിഷയത്തിൽ ഒക്ടോബർ 11 വെള്ളിയാഴ്ച ഉച്ചയ്ക്ക് 3 മണി മുതൽ 4. 30 വരെ സലീം പേരാമ്പ്ര ( വിജയഭേരി കോഓഡിനേറ്റർ ) മലപ്പുറം ക്ലാസ്സ് നൽകി. കുട്ടികളുടെ പഠനത്തിൽ അമ്മമാർ വഹിക്കേണ്ട പങ്കിനെ കുറിച്ച് വിശദമായ രീതിയിൽ രക്ഷിതാക്കൾക്ക് ഉപകാരപ്രദമായ നല്ലൊരു ക്ലാസ് ആയിരുന്നു. നൂറിൽ കൂടുതൽ രക്ഷിതാക്കൾ ക്ലാസ് കേൾക്കാൻ സ്കൂൾ ഹാളിൽ എത്തിച്ചേർന്നു. വളരെ നല്ലൊരു ക്ലാസ് ആയിരുന്നു എന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.
തപാൽ ദിനം
ഒക്ടോബർ 9 ലോകമെമ്പാടും തപാൽ ദിനമായി ആചരിക്കുകയാണ്. ഫോണും ഇന്റർനെറ്റും എല്ലാം പ്രചാരത്തിൽ വന്നതോടെ ഈ ദിനത്തിന്റെ പ്രാധാന്യം എല്ലാവരും മറന്നു കൊണ്ടിരിക്കുകയാണ്. ഹൃദയ സ്പന്ദനങ്ങളെ അക്ഷരങ്ങൾകൊണ്ട് വർണിച്ച കത്തുകളായിരുന്നു ആദ്യകാലങ്ങളിലെ സന്ദേശ വിനിമയ മാർഗം. ആ കത്തുകൾക്ക് യഥാർത്ഥത്തിൽ ജീവൻ നൽകിയത് തപാലുകൾ ആണ്.
ഒക്ടോബർ 9 നമ്മുടെ സ്കൂളിലും തപാൽ ദിനം ആചരിച്ചു. കുട്ടികൾ കൂട്ടുകാരന് ഒരു കത്ത് ഇൻലന്റിൽ എഴുതി തയ്യാറാക്കി തപാലാപ്പീസ് സന്ദർശിച്ച് അവിടെ പോസ്റ്റ് ചെയ്തു. നാലാം ക്ലാസിലെ കുട്ടികളും അധ്യാപകരും ആണ് തപാലാപ്പീസ് സന്ദർശിച്ചത്. കുട്ടികളെ സംബന്ധിച്ചിടത്തോളം ഇത് ഒരു പുതിയ അനുഭവമായിരുന്നു. ഇപ്പോഴത്തെ കുട്ടികളിൽ ഇൻലന്റ് കണ്ടിട്ടുള്ളവർ തന്നെ ആരുമില്ലായിരുന്നു. പോസ്റ്റ് ഓഫീസിൽ നിന്നും വിവിധ തരം സ്റ്റാമ്പുകൾ പരിചയപ്പെടുത്തി.
സ്റ്റാമ്പിൽ ആദ്യം പ്രത്യക്ഷപ്പെട്ട ഭാരതീയൻ മഹാത്മാഗാന്ധി ആണെന്നും എന്നാൽ ആദ്യ കേരളീയൻ ശ്രീനാരായണഗുരു ആണെന്നും അവർ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു . അതുപോലെ മണിയോർഡർ അയക്കുന്നതും ഒക്കെ പറഞ്ഞു കൊടുത്തു .
അക്ഷരദീപം ഗൃഹ ലൈബ്രറി ഉദ്ഘാടനം
വളർന്നു വരുന്ന കുട്ടികൾക്ക് വായനയിലൂടെ വളരാൻ ഒരുക്കിയ പദ്ധതിയാണ് അക്ഷരദീപം പദ്ധതി. ഒക്ടോബർ 10 ന് വൈകിട്ട് 4. 30ന് നമ്മുടെ വിദ്യാലയത്തിലെ ഇഷ നാലാം ക്ലാസ് ,ഇൻഷ ഒന്നാം ക്ലാസ് എന്നീ കുട്ടികളുടെ വീട്ടിൽ വച്ച് അക്ഷരദീപം റൂം ലൈബ്രറിയുടെ ഉദ്ഘാടനം ശ്രീ ടോമി മാത്യു നിർവ്വഹിച്ചു.
പുതുമയുള്ള പരിപാടികൾ കൊണ്ടുവരുന്നതിൽ നമ്മുടെ വിദ്യാലയത്തെ അഭിനന്ദിച്ച് സംസാരിച്ചു. ഇങ്ങനെ എത്തിക്കുന്ന പുസ്തകങ്ങൾ സൂക്ഷിക്കുന്ന ലൈബ്രറി ഷെൽഫിന് സ്കൂളിന്റെ പേരും അക്ഷരദീപം ലൈബ്രറി എന്ന സ്റ്റിക്കർ ഉണ്ടാക്കി ഒട്ടിച്ചാൽ നന്നായിരിക്കും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആ കുട്ടികളുടെ മാതാപിതാക്കൾ വലിയൊരു സ്വീകരണമാണ് ഞങ്ങൾക്കായി ഒരുക്കിയത്. കുട്ടികളെ നല്ല വായനക്കാരാ കാനായി ഒരുക്കിയ ഈ പദ്ധതിക്ക് നൂതനാശയങ്ങൾ എസ് സി ആർ ടി യിൽ കൊടുക്കുന്നത് നല്ലതാണെന്ന് ബിപി ഓ അഭിപ്രായപ്പെട്ടു.
ശാസ്ത്രമേള സബ്ജില്ലാ തലം
പുത്തൻ ചിന്തകളും ശാസ്ത്ര അനുഭവങ്ങളും ഉൾക്കൊണ്ട് ശാസ്ത്രമേളയിലും പ്രവർത്തി പരിചയ മേളയിലും വിദ്യാർത്ഥികൾ നിർമ്മിച്ച ഉപകരണങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും കണ്ടെത്തലുകളുടെയും പ്രദർശനങ്ങളിലൂടെ ഒരു യാത്ര......
നമ്മുടെ സ്കൂളിൽ നിന്നും ശാസ്ത്രമേള യിലേക്കും പ്രവർത്തിപരിചയമേള യിലേക്കും സ്കൂൾതല ശാസ്ത്ര മേളയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ മത്സരിക്കുക യുണ്ടായി. ശാസ്ത്രമേളയുടെ സയൻസ് ക്വിസ്സിൽ ഇഷാ എൻ കെ ക്ക് നാലാം സ്ഥാനം ലഭിച്ചു. ചാർട്ട് പ്രദർശനം ഇഷാ, മാജിദ എന്നിവർ ചേർന്ന് ഒരുക്കിയ ബഹിരാകാശത്ത് ഇന്ത്യ എന്ന ചാർട്ട് പ്രദർശനത്തിന് സബ് ജില്ലയിൽ ഒന്നാം സ്ഥാനം നേടാനും കഴിഞ്ഞു. ഇത് സ്കൂളിന് അഭിമാനമായ നേട്ടമായി.
ഇതിന് നേതൃത്വം നൽകിയത് ഫസീല ടീച്ചറാണ് കൂടാതെ ഇലശേഖരണം എന്നിവയ്ക്ക് എ ഗ്രേഡ് ലഭിച്ചു. വർക്ക് എക്സ്പീരിയൻസ് 10 ഇനങ്ങളിലും കുട്ടികൾ മത്സരിച്ചു ഗ്രേഡുകൾ കരസ്ഥമാക്കി. സയൻസ് വിഭാഗത്തിൽ എൽപി ഓവറോൾ നാലാം സ്ഥാനം നേടാൻ നമുക്ക് കഴിഞ്ഞു. കുട്ടികൾക്കുള്ള ഉപഹാരങ്ങൾ അസംബ്ലിയിൽ ഹെഡ്മാസ്റ്റർ സിദിൻ മാസ്റ്റർ നൽകുകയും ചെയ്തു.
മുനിസിപ്പൽ തല കലാമേള
ഒക്ടോബർ 24ന് മുനിസിപ്പൽ തല കലാമേള നടന്നു. വിദ്യാലയത്തിൽ നിന്നും കുട്ടികളെ പങ്കെടുപ്പിച്ച തിൽ ജനറൽ വിഭാഗത്തിൽ മലയാള പ്രസംഗം, കടങ്കഥ എന്നിവയിൽ A ഗ്രേഡോടെ ഒന്നാം സ്ഥാനവും, മോണോ ആക്ട് ദേശഭക്തിഗാനം എന്നിവയിൽ A ഗ്രേഡോടെ രണ്ടാംസ്ഥാനവും ലഭിച്ചു . കഥാകഥനം, മലയാളം പദ്യം ചൊല്ലൽ എന്നിവയിൽ എ ഗ്രേഡോടെ സെലക്ഷൻ ലഭിച്ചു.
അറബിക് കലാമേളയിൽ അറബിക് പദ്യം ചൊല്ലൽ ഒന്നാം സ്ഥാനവും ആംഗ്യ പാട്ടിൽ എ ഗ്രേഡ് സെലക്ഷനും ലഭിച്ചു. മികച്ച വിജയം നേടിയവർ ഇഷ, ഇഷ ഫാത്തിമ, ഹാദിയ, ജിസ്ന, മാജിദ, അന്നാ നാസി, ഫാത്തിമ സന, ഷഹാന, ആയിഷ ഷിറിൻ, ഫാത്തിമ ഹന്ന, ജസ അസ്ലം എന്നിവരാണ്. ഇവർക്കുള്ള സർട്ടിഫിക്കറ്റും ട്രോഫിയും അസംബ്ലിയിൽ നൽകുകയുണ്ടായി .
കേരളപ്പിറവി ദിനം
നവംബർ 1 കേരളപ്പിറവി ദിനം. 1956 നവംബർ ഒന്നിന് കേരളം രൂപീകരിക്കുന്നത് തന്നെ ഭാഷയെ അടിസ്ഥാനമാക്കിയാണ്. ഭൂമിശാസ്ത്രപരമായ അതിർത്തിയെയും നാട്ടുരാജ്യങ്ങളായി ഭിന്നിച്ചു നിന്നിരുന്ന രാഷ്ട്രീയ ഭൂപടത്തെ നിരാകരിച്ച ഭാഷയെന്ന ഏകമാന ത്തിലേക്ക് പുനർ നിർണയിച്ചത് നമ്മുടെ മലയാളമാണ്. മാതൃഭാഷയെന്ന നിലയിൽ ലോകത്തിൽ 26 മത്തെ സ്ഥാനമാണ് മലയാളത്തിനുള്ളത്. എല്ലാ ജനതയും അവരുടെ മാതൃഭാഷയെ സ്നേഹിക്കുകയും ബഹുമാനിക്കുകയും അതിലൂടെ പുരോഗതിയിലേക്ക് കുതിക്കുകയും ചെയ്യുന്നു. മലയാളഭാഷ ഇല്ലാതാകുമ്പോൾ ഒരു സമൂഹം എന്ന നിലയിലുള്ള നമ്മുടെ നിലനിൽപ്പാണ് ഇല്ലാതാകുന്നത്. മാതൃഭാഷയ്ക്ക് വേണ്ടിയുള്ള വാദം മറ്റ് ഭാഷകൾക്ക് എതിരുമല്ല. മാതൃഭാഷയെ സംരക്ഷിക്കേണ്ട ചുമതല നാം ഓരോരുത്തർക്കും ആണ്.
അമ്മ മലയാളം
4/11/19 തിങ്കളാഴ്ച രാവിലെ 10.30 ന് കേരളപ്പിറവി ദിനത്തിന്റെ ഭാഗമായി വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ അമ്മ മലയാളം ക്യാമ്പയിൻ ആരംഭിച്ചു. പരിപാടി വാർഡ് കൗൺസിലർ ടി പി സുബൈർ ഉദ്ഘാടനം ചെയ്തു. ഇന്ത്യനൂർ സ്കൂളിലെ ഗായത്രി ടീച്ചർ ശില്പശാലയ്ക്ക് നേതൃത്വം നൽകി. 3, 4 ക്ലാസ്സിലെ കുട്ടികൾക്കായി അമ്മ മലയാളം എന്ന വിഷയത്തെ കുറിച്ച് നല്ലൊരു ക്ലാസ് നൽകി. ശേഷം പാട്ടുകളും കഥകളും കൊണ്ട് കുട്ടികളെ രസിപ്പിച്ചു. പരിപാടി ഫെബ്രുവരി 21 വരെ തുടരും.
അറിവിലൂടെ ആരോഗ്യം വിദ്യാർത്ഥികളും വാക്സിനേഷനും
അറിവിലൂടെ ആരോഗ്യം പദ്ധതിക്ക് തുടക്കമായി. ആരോഗ്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടിയുടെ പഠനത്തോടൊപ്പം അമ്മമാർക്കും ആരോഗ്യ ക്ലാസുകൾ തുടങ്ങി. 7/11/ പത്തൊമ്പതിന് വിദ്യാർത്ഥികളും വാക്സിനേഷനും എന്ന വിഷയത്തിൽ ഡോക്ടർ അനീഷ യുടെ നേതൃത്വത്തിൽ ആരോഗ്യ ക്ലാസ് സ്കൂൾ ഹാളിൽ നടത്തുകയുണ്ടായി. അൻപതോളം രക്ഷിതാക്കൾ പങ്കെടുത്ത ക്ലാസ്സിൽ ഘട്ടംഘട്ടമായി പ്രതിരോധകുത്തിവെപ്പ് നെക്കുറിച്ച് രക്ഷിതാക്കൾക്ക് വിശദീകരിച്ചു കൊടുത്തു. കുത്തിവെപ്പ് എടുക്കാത്തത് കൊണ്ടുണ്ടാകുന്ന രോഗങ്ങളെയും രോഗികളെയും ചിത്രീകരണത്തിലൂടെ രക്ഷിതാക്കൾക്ക് കാണിച്ചുകൊടുത്തു.
രക്ഷിതാക്കളുടെ സംശയങ്ങൾക്കുള്ള മറുപടിയും നൽകി. വളരെ നല്ലൊരു ക്ലാസ്സ് ആയിരുന്നെന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. ഹെഡ്മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഏലിയാമ്മ ടീച്ചർ നന്ദിയും രേഖപ്പെടുത്തി
ശിശുദിനാഘോഷം
ആധുനിക ഇന്ത്യയുടെ ശിൽപിയും ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയുമായ ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമായ നവംബർ 14 ദേശീയ ശിശുദിനമായി ആഘോഷിച്ചു വരുന്നു.
14/11/19 കുട്ടികളുടെ പ്രിയങ്കരനായ ചാച്ചാജിയുടെ ജന്മദിനമായ ശിശുദിനം വർണ്ണാഭമായ പരിപാടികളോടെ നടത്തുകയുണ്ടായി. രാവിലെ അസംബ്ലിയിൽ സ്കൂളിലെ ഭൂരിഭാഗം കുട്ടികളും ചാച്ചാജിയുടെ വെള്ള വസ്ത്രവും മാറിൽ റോസാപ്പൂവും അണിഞ്ഞെത്തിയ ത് വളരെ മനോഹരമായ കാഴ്ചയായി. നമ്മുടെ പ്രഥമ പ്രധാനമന്ത്രിയെ കുറിച്ച് അസംബ്ലിയിൽ മാസ്റ്റർ കുട്ടികളോട് സംസാരിച്ചു. അതിനുശേഷം ഉദരാണി വരെ സ്കൂളിൽനിന്നും റാലി നടത്തി.
മുദ്രാഗീതങ്ങളും ശിശുദിന ഗാനങ്ങളും റാലിക്ക് മാറ്റുകൂട്ടി. സ്കൂളിൽ നിന്നും റാലി സമയത്ത് ഒന്നാംക്ലാസിലെ മുഹമ്മദ് മുജ്തബ യുടെ രക്ഷിതാക്കൾ കുട്ടികൾക്ക് ഈന്തപ്പഴം നൽകി. അന്നേദിവസം കുട്ടികൾക്ക് മധുരം നൽകി. ക്ലാസ് തലത്തിൽ ശിശു ദിന ഗാനങ്ങൾ ശേഖരിച്ച് പതിപ്പ് തയ്യാറാക്കി.
സർഗാത്മക ബാല്യം യൗവനത്തിന്റെ കരുത്ത്
. കേരള പിറവി ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ സർഗാത്മക ബാല്യം യൗവനത്തിന്റെ കരുത്ത് എന്ന പേരിൽ10 ശില്പശാലകൾ നടത്താൻ തീരുമാനിച്ചു. പഠന പ്രവർത്തനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളും കുട്ടികളിൽ വളർത്തേണ്ടതുണ്ട്. എങ്കിൽ മാത്രമേ അവരുടെ സർഗാത്മകത ഉണ്ടാകൂ.. എന്ന തിരിച്ചറിവോടെ ആരംഭിച്ചതാണ് ഈ പ്രവർത്തനം. വിവിധ ശില്പശാലകൾ കുട്ടികളിൽ പല മൂല്യബോധ ങ്ങളും സൃഷ്ടിക്കും. ഭാവിയിൽ അത് അവർക്ക് കരുത്ത് പകരുക തന്നെ ചെയ്യും. ഒന്നാം ദിവസം എന്റെ ഭാഷ മലയാളം എന്ന വിഷയത്തെക്കുറിച്ച് ഇന്ത്യനൂർ സ്കൂളിലെ ഗായത്രി ടീച്ചർ ക്ലാസ്സെടുത്തു .
20/11/ 19ന് ഇതിന്റെ രണ്ടാമത്തെ ശില്പശാല നാലാം ക്ലാസിലെ മുഹമ്മദ് ബിലാലിനെ ഉമ്മ നാലാം ക്ലാസ്സിലെ കുട്ടികൾക്കായി പേപ്പർ ക്രാഫ്റ്റ് ശിൽപശാല നൽകുകയുണ്ടായി. വൈകീട്ട് 3 മുതൽ 4 മണി വരെയായിരുന്നു പരിപാടി. വളരെ മനോഹരമായ പൂക്കളുടെ നിർമ്മാണം ആണ് അവർ പരിചയപ്പെടുത്തിയത്.
22/11/ 19 വെള്ളിയാഴ്ച സർഗാത്മക ബാല്യം യൗവ്വനത്തിന്റെ കരുത്ത് എന്ന പരിപാടിയുടെ മൂന്നാം ശില്പശാല നാലാം ക്ലാസിലെ കുട്ടികൾക്ക് ഏലിയാമ്മ ടീച്ചർ കഥ നിർമ്മാണം ശില്പശാല നടത്തി.
25/11/ 19 ലെ ഇതിന്റെ നാലാം ശില്പശാല മൂന്നാം ക്ലാസിലെ ടീച്ചർ നാലാം ക്ലാസ്സിലെ കുട്ടികൾക്കായി ചിത്രത്തുന്നൽ പരിചയപ്പെടുത്തുകയും പൂവ് തുന്നുകയും ചെയ്തു.
26/11/ 19ന് മൂന്നാം ക്ലാസിലെ ഹൻബൽ നിഷാദ് എന്ന കുട്ടിയുടെ രക്ഷിതാവ് മൂന്നാം ക്ലാസ്സിലെ കുട്ടികൾക്കായി ലൈനിംഗ് തുണി, സോക്സ് ഉപയോഗിച്ചുള്ള പൂക്കൾ നിർമ്മാണം നടത്തി.
സ്കൂൾ ദിനം
നമ്മുടെ വിദ്യാലയം കേവലം 20 സെന്റ് സ്ഥലത്ത് തുടങ്ങിയ കെട്ടിടത്തിൽ കഴിഞ്ഞിരുന്ന കാലം, കുട്ടികൾക്ക് കളിക്കാനോ സ്വതന്ത്രമായി ഇടപെടാൻ ഒന്നും കഴിഞ്ഞിരുന്നില്ല. നമുക്ക് എട്ട് ഡിവിഷനുകൾ ഉണ്ടായപ്പോൾ രണ്ട് അധ്യാപകർക്ക് നിയമനം ലഭിക്കാതിരുന്നത് ഒരേക്കർ സ്ഥല സൗകര്യം ഇല്ലാത്തത് കൊണ്ടാണെന്ന് ബോധ്യപ്പെട്ടപ്പോൾ മാനേജർ ഒരേക്കർ സ്ഥലം വാങ്ങി നിർമ്മിച്ച കെട്ടിടത്തിലേക്ക് ഏറെ ത്യാഗം അനുഭവിച്ച് എത്തിയ ദിനമാണ് നവംബർ 24. അതിന്റെ സ്മരണയ്ക്കായി എല്ലാവർഷവും സ്കൂൾ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു വരുന്നു. ഈ വർഷവും സ്കൂളിൽ രക്ഷിതാക്കൾക്കായി ഒരുയമണ്ടൻ കേക്ക് എന്ന പേരിൽ പരിപാടി സംഘടിപ്പിക്കുകയുണ്ടായി.
ഒരു യമണ്ടൻ കേക്ക്
26/11/19 ചൊവ്വാഴ്ച വിദ്യാലയം പുതിയ കെട്ടിടത്തിലേക്ക് മാറിയതിന്റെ ഓർമ്മ പുതുക്കാൻ സ്കൂൾ ദിനമായ 24 /11/19 അവധി ദിനമായതിനാൽ26/11/ 19ന് രക്ഷിതാക്കൾക്കായി ഒരു എമണ്ടൻ കേക്ക് എന്നപേരിൽ കേക്ക് നിർമാണ ശില്പശാല നടത്തുകയുണ്ടായി. വ്യത്യസ്തമായ മൂന്ന് കേക്കുകൾ നിർമ്മിക്കുന്ന വിധം പത്തോളം രക്ഷിതാക്കളെ പങ്കെടുപ്പിച്ച് മുംതാസ് ടീച്ചർ നയിച്ചു. ശിൽപ്പശാല മാനേജർ ശ്രീ മുഹമ്മദ് അഷ്റഫ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാലയം ഇങ്ങോട്ട് എത്തിയ ത്യാഗവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി സുമയ്യ ടീച്ചർ അധ്യക്ഷയായി. മുഴുവൻ കുട്ടികൾക്കും മിഠായി വിതരണം ചെയ്തു.
പ്രതിഭാദരം
നമ്മുടെ വിദ്യാലയത്തിന് അടുത്ത് അറിയപ്പെടാതെ ഒട്ടനവധി കഴിവുകളുള്ള ധാരാളം പ്രതിഭകൾ ഉണ്ട്. അവരെ അന്വേഷിച്ച് ആദരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം പ്രതിഭാദരം നടന്നത്. ഇതിനായി വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയും ചിത്രകലാ അധ്യാപകനും ശില്പിയുമായ ശ്രീ സുഭാഷ് ചാലിലിനെ ആദരിക്കുന്നതിനായി 15 വിദ്യാർത്ഥികളും, ഹെഡ്മാസ്റ്ററും, 4 അധ്യാപകരും,പിടിഎ പ്രസിഡണ്ടും, പ്രദേശത്തെ കുറച്ച് രക്ഷിതാക്കളും ചേർന്നാണ് വീട്ടിൽ പോയത്. കുട്ടികൾ പൂച്ചെണ്ടും പുസ്തകങ്ങളുമായി അദ്ദേഹത്തെ ആദരിച്ചു. അദ്ദേഹത്തിന്റെ പഠനകാലം മുതലുള്ള കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞു. കുട്ടികൾക്കായി ഒരു മുയലിനെ ഉണ്ടാക്കാൻ ആവശ്യപ്പെട്ടപ്പോൾ മിനുട്ടുകൾ കൊണ്ട് അദ്ദേഹം അത് ചെയ്തു കൊടുത്തു. അദ്ദേഹത്തിന്റെ മാതാപിതാക്കളും കുടുംബാംഗങ്ങളും നമ്മൾ ചെയ്തത് നല്ലൊരു കാര്യമാണ് എന്ന് അഭിപ്രായപ്പെട്ടു. ചിത്രരചനയും ശില്പ നിർമ്മാണവും എല്ലാം ഗുജറാത്തിലാണ് അദ്ദേഹം പഠിച്ചത് എന്ന് പറഞ്ഞു. എങ്കിലും ഇതുവരെ അറിയപ്പെടാൻ നാട്ടിൽ പോലും കഴിഞ്ഞിട്ടില്ല. എന്തുകൊണ്ടും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം വളരെ നന്നായി എന്ന് ഞങ്ങൾക്കും മനസ്സിലായി.
ലോക ഭിന്ന ശേഷി ദിനം
ഡിസംബർ 3 ലോക ഭിന്നശേഷി ദിനം ആയി ആചരിക്കുകയാണ്. ഭിന്നശേഷി വിഭാഗത്തിൽ പെടുന്നവരുടെ അവകാശങ്ങളെക്കുറിച്ചും ആനുകൂല്യങ്ങളെ കുറിച്ചും ഇവർ സമൂഹത്തിന്റെ ഭാഗമാണെന്ന് പൊതു സമൂഹത്തെ ബോധവൽക്കരിക്കുന്നതിനുമാണ് ലോക ഭിന്നശേഷി ദിനം ആചരിക്കുന്നത്. സമൂഹത്തിൽ അവർ നേരിടുന്ന എല്ലാവിധ പ്രയാസങ്ങളെയും പരമാവധി ഉന്മൂലനം ചെയ്തു അവരെ സാധാരണ ജീവിതത്തിലേക്ക് നയിക്കുക എന്ന ലക്ഷ്യം കൂടി ഈ ദിനാചരണത്തിന് ഉണ്ട് .
നമ്മുടെ വിദ്യാലയത്തിലും ഭിന്നശേഷിദിനം ആചരിക്കുകയുണ്ടായി. 9/12/ 19ന് അസംബ്ലിയിൽ ഭിന്നശേഷി കുട്ടികളായ അർഷദ്, ശിഫ എന്നിവർ പാട്ടുപാടി. ഹോം സ്റ്റഡി യിലുള്ള മുനവ്വറ ഫർഹ ത്തിന് നാലാംക്ലാസിൽ കൊണ്ടു വന്ന് ഐ സി ടി യിൽ വീഡിയോ ഇട്ടും കുട്ടികൾ പാട്ടുപാടിയും മറ്റും സന്തോഷിപ്പിച്ചു. കുട്ടികൾ അവൾക്ക് മധുരം നൽകി. രണ്ടുമണിക്കൂറോളം കുട്ടികളോടൊപ്പം ചിലവഴിച്ചു.
ക്രിസ്തുമസ് ആഘോഷം
ലോകത്തിലെ ഏറ്റവും വലിയ ആഘോഷമാണ് ക്രിസ്തുമസ്. യേശുവിന്റെ ജന്മദിനമായ ഡിസംബർ 25ന് ലോകമെങ്ങും ക്രിസ്തുമസ്സായി ആഘോഷിക്കുന്നു. യേശു ജനിച്ച സമയം ആട്ടിടയന്മാർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട മാലാഖമാർ ഇങ്ങനെ പാടി " അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം,ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം". ഇതുതന്നെയാണ് ക്രിസ്തുമസ് നൽകുന്ന സന്ദേശം.
19/12/19 വ്യാഴം സ്കൂൾ അങ്കണത്തിൽ ക്രിസ്തുമസ് പരിപാടികൾ നടത്തി. ക്രിസ്തുമസ് ദിനത്തിന്റെ ഭാഗമായി പുൽക്കൂട്, ക്രിസ്മസ് ട്രീ എന്നിവ ഒരുക്കി. ഡിസംബർ ആദ്യമേ നക്ഷത്രം തൂക്കി. കരോൾ സംഘം ഗാനാലാപനം നടത്തി ക്രിസ്തുമസ് ഫാദറുമായി സ്കൂൾ അങ്കണത്തിൽ എത്തി. ഓരോ ക്ലാസിലെയും കുട്ടികൾ വീട്ടിൽ നിന്നും ഉണ്ടാക്കി വന്ന കേക്ക് പ്രദർശനത്തിനായി സ്കൂൾ അങ്കണത്തിൽ നിരത്തിവച്ചു. ക്രിസ്മസ് പാപ്പായും ഹെഡ്മാസ്റ്ററും ചേർന്ന് കേക്ക് മുറിച്ചു. കുട്ടികൾക്കെല്ലാം കേക്ക് വിതരണം ചെയ്തു. ഉച്ചയ്ക്ക് എല്ലാവർക്കും ചിക്കൻബിരിയാണി നൽകി. ഉച്ചയ്ക്കുശേഷം കരോൾ സംഘം ഗാനവുമായി അടുത്തുള്ള അംഗനവാടിയിൽ എത്തി. കുട്ടികൾക്ക് ബലൂണും ക്രിസ്മസ് കേക്കും നൽകി തിരിച്ചു. ഉച്ചഭക്ഷണത്തിന് പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളും ഉണ്ടായിരുന്നു. അങ്ങനെ ക്രിസ്മസ് കെങ്കേമമായി ആഘോഷിക്കുവാൻ സാധിച്ചു.
Winter English fest 2k19
പൊതുവിദ്യാലയങ്ങൾ വളരെയധികം മെച്ചപ്പെട്ടു വരുന്നു എന്ന് സമൂഹത്തിന് ബോധ്യപ്പെട്ടു തുടങ്ങിയ ഈ കാലഘട്ടത്തിൽ അൺ എയ്ഡഡ് സ്കൂളുകളിൽ നിന്നും ധാരാളം കുട്ടികൾ പൊതുവിദ്യാലയത്തി ലേക്ക് എത്തിയിട്ടുണ്ട്. നമ്മുടെ വിദ്യാലയത്തിലേക്കും ഇതുപോലെ കുട്ടികൾ എത്തിയിട്ടുണ്ട്. രക്ഷിതാക്കൾ മാതൃഭാഷയെ സ്നേഹിക്കുന്നവർ ആണെങ്കിലും ഇംഗ്ലീഷ് സംസാരിക്കാൻ കഴിയുന്നവർ ആയിരിക്കണം തങ്ങളുടെ കുട്ടികൾ എന്ന ആഗ്രഹം അവർക്കുണ്ട്.
ഇന്നത്തെ പഠന രീതിയനുസരിച്ച് ഒന്നാം ക്ലാസ് മുതൽ ഇംഗ്ലീഷ് പഠനം ഉള്ളതുകൊണ്ട് കുട്ടികൾ ഇംഗ്ലീഷ് പറയാനും എഴുതാനും വായിക്കാനും ഒക്കെ പ്രാപ്തരാവുന്നുണ്ട്. ഇത് രക്ഷിതാക്കളെ ബോധ്യപ്പെടുത്തുന്നത് നമ്മുടെ കടമയാണ്. ഈ ലക്ഷ്യം മുൻനിർത്തി ഒരു ദിവസം നീണ്ടു നിന്ന, winter English fest 2k 19 എന്ന പേരിൽ ഇംഗ്ലീഷ് ഫസ്റ്റ് 29/12/ 19ന് സ്കൂളിൽ നടത്തി. എൽകെജി മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ ഇംഗ്ലീഷ് ഫെസ്റ്റ് നടത്തി. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം വിനീത് സർ നടത്തി. കുട്ടികളുടെ 15മിനിറ്റ് ഇംഗ്ലീഷിൽ സംസാരിച്ചു.
ഒഡീസി നൃത്തം
വിവിധ നൃത്ത രൂപങ്ങളെ
പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ' സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ ഒഡീസി നൃത്തം അവതരിപ്പിക്കുകയുണ്ടായി. നൃത്തം അവതരിപ്പിച്ചത് കൊൽക്കത്തയിലെ നർത്തകി ശതാബ്ദി മാലിക്കാണ്. ഒഡീസി നൃത്ത രൂപത്തിലെ മുദ്രകൾ എല്ലാം കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുക്കുകയും അത് കുട്ടികളെ കൊണ്ട് നൃത്തം ചെയ്യിപ്പിക്കുകയും ചെയ്തു. കൗതുകവും രസകരവുമായി.
സ്കൂൾ കായികമേള
കുട്ടികളുടെ ശാരീരികവും മാനസികവും ബുദ്ധിപരവുമായ വികാസത്തിനു വേണ്ടിയാണല്ലോ കായികമേളകൾ സംഘടിപ്പിക്കുന്നത്. നമ്മുടെ വിദ്യാലയത്തിൽ ജനുവരി14/1/ 20ന് കായികമേള നടത്തുകയുണ്ടായി. കുട്ടികളെ കുന്നിമണി മഞ്ചാടി മിന്നാമിന്നി എന്നീ ഗ്രൂപ്പുകളായി തിരിക്കുകയും ഈ മൂന്ന് ഗ്രൂപ്പുകളുടെ മാർച്ച് ഫാസ്റ്റ് ഓടെ ആരംഭിച്ചു. കായിക മേളയുടെ ഉദ്ഘാടനം കൊടിയുയർത്തി ഹെഡ്മാസ്റ്റർ നിർവഹിച്ചു. ലോങ്ജമ്പ് ഒഴികെയുള്ള എല്ലാ ഇനവും നാലുമണിയോടെ പൂർത്തിയാക്കിയപ്പോൾ 40 പോയിന്റ് നേടി മിന്നാമിന്നി ഗ്രൂപ്പ് ഒന്നാം സ്ഥാനവും, 35 പോയിന്റ് നേടി കുന്നിമണി രണ്ടാം സ്ഥാനവും, 22 പോയിന്റ് നേടി മഞ്ചാടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് ഓൺ ദി സ്പോട്ടിൽ മെഡലുകൾ വിതരണം ചെയ്തു.
വിദ്യാലയത്തിലേക്ക് ഒരു ലാപ്ടോപ്പ്
നമ്മുടെ വിദ്യാലയത്തിന്റെ ഓഫീസ് ആവശ്യങ്ങൾക്കായി ഇവിടത്തെ സ്റ്റാഫ് എല്ലാവരും ചേർന്ന് ഒരു ലാപ്ടോപ്പ് വാങ്ങി. സീനിയർ അസിസ്റ്റന്റ് ഏലിയാമ്മ ടീച്ചർ ഹെഡ്മാസ്റ്റർക്ക് ലാപ്ടോപ്പ് കൈമാറി. എല്ലാ അധ്യാപകരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ലോകമാതൃഭാഷാദിനം
മനുഷ്യൻ അടങ്ങുന്ന ജീവികൾക്ക് തമ്മിൽ ആശയ വിനിമയം നടത്താനുള്ള മാധ്യമങ്ങൾക്കാണ് ഭാഷ എന്നുപറയുന്നത് . ആശയവിനിമയത്തിന് അപ്പുറം സമൂഹത്തിന്റെ സത്വത്തെയും സംസ്കാരത്തെയും ഉൾക്കൊള്ളുന്ന ഒന്നാണ് ഭാഷ. മലയാളഭാഷ മലയാളികൾക്ക് അമ്മയാണ്. അമ്മയോടുള്ള സ്നേഹവും കരുതലും ഒക്കെ മാതൃഭാഷയായ മലയാളത്തോടും നാം കാണിക്കണം . 2013ലാണ് മലയാളഭാഷയ്ക്ക് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചത്. അതിൽ അഞ്ചാം സ്ഥാനമാണ് മലയാളത്തിനുള്ളത്. ഫെബ്രുവരി 21 ന് ആണ് ലോക മാതൃഭാഷാ ദിനമായി ആചരിക്കുന്നത്. " അതിർത്തികൾ ഇല്ലാതെ ഭാഷകൾ " എന്നതാണ് ഈ വർഷത്തെ പ്രമേയം.
ഫെബ്രുവരി 21ന് സ്കൂൾ അസംബ്ലിയിൽ മാതൃഭാഷയെക്കുറിച്ച് മൂന്നാം ക്ലാസിലെ ആയിഷ പ്രസംഗിച്ചു. മധുരം മലയാളം എന്ന സംഘ ഗാനവും എന്റെ ഭാഷ എന്ന കവിതയും കുട്ടികൾ ചൊല്ലുക യുണ്ടായി.
കുടുംബ മാഗസിൻ
പ്രസിദ്ധീകരണം
മാതൃഭാഷാ ദിനത്തിന്റെ ഭാഗമായി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ വിദ്യാർത്ഥികൾ 300 കുടുംബ മാഗസിനുകൾ പ്രസിദ്ധീകരിച്ചു. സ്കൂളിലെ എൽകെജി മുതൽ നാലാം ക്ലാസ് വരെയുള്ള വിദ്യാർഥികളും രക്ഷിതാക്കളും ചേർന്നാണ് മാഗസിൻ ഒരുക്കിയത് .
കൂട്, ഓലപ്പീപ്പി, ആദ്യാക്ഷരം, പുലരി, വേഴാമ്പൽ, കളിവീട്, സ്നേഹവീട്, മരുപ്പച്ച തുടങ്ങി 300 പേരുകളിലാണ് പുസ്തകങ്ങൾ തയ്യാറാക്കിയത്. കഥാകൃത്തും മാധ്യമപ്രവർത്തകനുമായ രമേശ് ആതവനാട് പ്രകാശനം ചെയ്തു. മുരളീധരൻ കോലത്ത് മുഖ്യാതിഥിയായിരുന്നു . പിടിഎ പ്രസിഡണ്ട് അനീഷ് ബാബു അധ്യക്ഷം വഹിച്ചു. വാർഡ് കൗൺസിലർ ടി പി സുബൈർ, എം കെ മുഹമ്മദ് അഷറഫ്, കെബീർ പട്ടാമ്പി, എം മുഹമ്മദ് ശരീഫ് തുടങ്ങിയവർ പ്രസംഗിച്ചു
പാഠം ഒന്ന് പാടത്തേക്ക്
ഏതൊരു തൊഴിലിനും അതിന്റേതായ മഹത്വമുണ്ട്. എന്നാൽ കൃഷി ഏത് തൊഴിലിനോടൊപ്പവും സംസ്കാരമായി വളർത്തിയാൽ നല്ല ഭക്ഷണം കഴിക്കാം എന്ന ആശയം കുട്ടികളിൽ എത്തിക്കുന്നതിൽ നമ്മുടെ വിദ്യാലയത്തിൽ കുട്ടികൾക്ക് കൃഷി മനസ്സിലാക്കാനായി ഒരു കാർഷിക ക്ലബ് രൂപീകരിച്ചിട്ടുണ്ട്. അവരുടെ നേതൃത്വത്തിൽ പച്ചക്കറികളും മറ്റും സ്കൂളിൽ ഉണ്ടാക്കി വരുന്നു. പല കുട്ടികളും നെൽകൃഷി കണ്ടിട്ടില്ല. അതുകൊണ്ട് കുട്ടികളെ പാടത്തെ കൃഷി കാണിക്കാറുണ്ട്. എന്നാൽ ഈ വർഷം സർക്കാർ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ എല്ലാ പഞ്ചായത്തും കൃഷിഭവനും ചേർന്ന് ഒരുദിവസം പാടത്തിറങ്ങി ഞാറുനടീൽ നടത്തി. കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലേയും കുട്ടികളെ പങ്കെടുപ്പിച്ചു. നമ്മുടെ മുനിസിപ്പാലിറ്റിയും കൃഷിഭവനും ചേർന്ന് കാവതികളം പാടത്ത് ഞാറ് നടീൽ സംഘടിപ്പിച്ചു . നമ്മുടെ കുട്ടികളും പാടത്തിറങ്ങി ഞാറുനട്ടു. കുട്ടികൾക്ക് ഇത് പുതിയൊരു അനുഭവമായി മാറി. ഹെഡ്മാസ്റ്റർ സിദിൽ ടി.സി, മുഹമ്മദ് ശരീഫ്, മൊയ്തീൻ കുട്ടി, ഫസീല എന്നിവർ നേതൃത്വം നൽകി.
പഠനോത്സവ വിളംബര ജാഥ
നമ്മൾ നെൽ കൃഷി ചെയ്യുമ്പോൾ കൊയ്ത്തു നടത്താറില്ലേ? അതൊരു കൊയ്ത്തുൽസവമല്ലേ? അതുപോലെ വിദ്യാർത്ഥികൾ പഠിച്ച കാര്യങ്ങളുടെ ഉത്സവമാണ് പഠനോത്സവം. അതിനായി മാർച്ച് പത്താം തീയതി ചൊവ്വാഴ്ച നമ്മുടെ വിദ്യാലയത്തിൽ വെച്ച് വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെയും പഠനനേട്ടങ്ങൾ ഞങ്ങൾ രക്ഷിതാക്കളുടെ മുമ്പിൽ അവതരിപ്പിക്കുകയാണ് . അതിന്റെ മുന്നോടിയായി എല്ലാ പ്രദേശത്തെയും എല്ലാവരെയും ക്ഷണിക്കാൻ വേണ്ടി ഞങ്ങൾ മാർച്ച് 3 മുതൽ 6 വരെ തീയതികളിലായി വൈകുന്നേരം 7 മണിക്ക് വിളംബരജാഥ സംഘടിപ്പിക്കുകയുണ്ടായി.
വലിയപറമ്പ് പാപ്പായി സബാൻ
പഠനോത്സവ വിളംബര ജാഥ യുടെ ആദ്യ ദിവസമായ മാർച്ച് 3 ചൊവ്വാഴ്ച വലിയപറമ്പ്,പാപ്പായി, സബാൻ എന്നീ പ്രദേശങ്ങളിലെ കുട്ടികൾ വലിയപറമ്പ് ടൗണിൽ വൈകുന്നേരം 7 മണിക്ക് കയ്യിൽ ദീപശിഖയുമായി ഒത്തുചേർന്നു. ടൗണിൽ നല്ലൊരു ജനക്കൂട്ടം തന്നെ ഉണ്ടായിരുന്നു. ചടങ്ങ് ബിപിഒ ടോമി മാത്യു സാർ ഉദ്ഘാടനം ചെയ്തു. മാനേജർ അഷ്റഫ് മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ വാർഡ് കൗൺസിലർ സുബൈർ ടിപി അധ്യക്ഷം വഹിച്ചു. വിശദീകരണം നടത്തിയത് അംന ഫാത്തിമ യായിരുന്നു. ഹെഡ്മാസ്റ്റർ സിദിൻ ടി.സിയും സംസാരിച്ചു. കുട്ടികൾ ഒന്നിച്ച് പാട്ട് പാടി. അഷ്റഫ് മാസ്റ്റർ ഫ്ളാഗ് ഓഫ് ചെയ്തു. ശേഷം വലിയപറമ്പിൽ നിന്ന് പാട്ട് പാടിയും മുദ്രാ ഗീതവും ആയി പാപ്പായിലേക്ക് പുറപ്പെട്ടു . അവിടെ പ്രസംഗിച്ചത് മിർസ ഫാത്തിമയാണ്. സമാപന സ്ഥലമായ പാപ്പായിയിൽ ഫ്ലാഗ് ഓഫ് ചെയ്തത് അവിടത്തെ ഒരു ഉമ്മയായിരുന്നു. അവിടെ സ്വീകരണത്തിന് ആയി ഒത്തിരി രക്ഷിതാക്കളും നാട്ടുകാരും ഉണ്ടായിരുന്നു. ഇത്രയും ആളുകൾക്കുള്ള വെള്ളവും സ്നാക്സും അവർ വീടുകളിൽ തന്നെ ഉണ്ടാക്കിയിരുന്നു.
ഉദരാണിപ്പറമ്പ
പഠനോത്സവ വിളംബര ജാഥ യുടെ രണ്ടാംദിവസമായ മാർച്ച് 4 ബുധനാഴ്ച ഉരാണി പ്രദേശത്തുള്ള മുഴുവൻ കുട്ടികളും രക്ഷിതാക്കളും നമ്മുടെ സ്കൂൾ അങ്കണത്തിൽ വൈകുന്നേരം 7മണിക്ക് കയ്യിൽ ദീപശിഖയുമായി ഒത്തുചേർന്നു. പാട്ടുപാടിയും ദഫ്മുട്ടും ആയി ജാഥ ഉദരാണി കുളത്തിലെ സമീപത്തുള്ള വീട്ടിൽ എത്തിച്ചേർന്നു. ചടങ്ങ് രമേശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഇഷാ സ്വാഗതം ചെയ്ത ചടങ്ങിൽ വാർഡ് കൗൺസിലർ സുബൈർ ടി പി ആശംസകളർപ്പിച്ചു. അധ്യക്ഷ പ്രസംഗം നടത്തിയത് ഇഷ എൻ.കെ ആയിരുന്നു . ഹെഡ്മാസ്റ്റർ സിദിൻ ടി.സിയും സംസാരിച്ചു. തുടർന്ന് കുട്ടികളുടെ ഏറോബിക്സ് ഉണ്ടായിരുന്നു. നാലാം ക്ലാസ് വിദ്യാർഥിയായ മിഥുൻ ന്റെ അച്ഛൻ ഫ്ലാഗ്ഓഫ് ചെയ്തു . ശേഷം സൻഹ നന്ദിയും പറഞ്ഞു. രക്ഷിതാക്കൾ വീട്ടിൽനിന്ന് ഉണ്ടാക്കി വന്ന സ്നാക്സ് എല്ലാവർക്കും വിതരണം ചെയ്തു.
-
വിവിധ കേന്ദ്രങ്ങളിൽ നടന്ന കൊടി ഉയർത്തൽ ചടങ്ങ്
-
ടോമി മാഷ് സംസാരിക്കുന്നു
-
വിളംബര ജാഥയിൽ നിന്ന്
-
കോട്ടൂർ എൽ.പി യിലെ രമേശൻ മാസ്റ്റർ ഉദ്ദരാണി കേന്ദ്രത്തിൽ സംസരിക്കുന്നു
വില്ലൂർ
പഠനോത്സവ വിളംബര ജാഥ യുടെ മൂന്നാംദിവസമായ മാർച്ച് 5 വ്യാഴാഴ്ച വില്ലൂർ പ്രദേശത്തുള്ള മുഴുവൻ കുട്ടികളും രക്ഷിതാക്കളും വൈകുന്നേരം 7മണിക്ക് വട്ടപ്പാറയിൽ എത്തിച്ചേർന്നു. വട്ടപ്പാറയിൽ നിന്ന് തുടങ്ങിയ ജാഥ കല്ലട കുട്ടിപ്പ ഹാജിയുടെ വീട്ടിൽ എത്തിച്ചേർന്നു . ചടങ്ങ് നാണി ഉദ്ഘാടനം ചെയ്തു. അഭിരാം സ്വാഗതം ചെയ്ത ചടങ്ങിൽ വാർഡ് കൗൺസിലർ സുബൈർ ടി പി യും, പിടിഎ പ്രസിഡണ്ട് അനീഷ് ബാബുവും, മുഹമ്മദലിയും ആശംസകളർപ്പിച്ചു. അധ്യക്ഷ പ്രസംഗം നടത്തിയത് മാജിത യായിരുന്നു. ഹെഡ്മാസ്റ്റർ സിദിൻ ടി.സിയും സംസാരിച്ചു. പരിപാടിക്ക് മനോഹരമായ സ്വാഗത നൃത്തം ഉണ്ടായിരുന്നു. അഭിരാമിന്റെ മിമിക്രിയും ഉണ്ടായിരുന്നു. രക്ഷിതാക്കൾ വീട്ടിൽ നിന്ന് ഉണ്ടാക്കി കൊടുന്ന സ്നാക്സും വെള്ളവും എല്ലാവർക്കും വിതരണം ചെയ്തു .
അരിച്ചോൾ
പഠനോത്സവ വിളംബര ജാഥ യുടെ നാലാം ദിവസമായ മാർച്ച് 6 വെള്ളിയാഴ്ച അരിച്ചോൾ പ്രദേശത്തുള്ള മുഴുവൻ കുട്ടികളും രക്ഷിതാക്കളും വൈകുന്നേരം 7മണിക്ക് കയ്യിൽ ദീപശിഖയുമായി അരിച്ചോളിൽ എത്തിച്ചേർന്നു. അവിടുന്ന് അഷ്റഫ് മാഷ് പഠനോത്സവ ത്തെ കുറിച്ച് സംസാരിച്ചു. അവിടെ നിന്നും പാട്ട് പാടിയും മുദ്രാഗീതവുമായി നിരപറമ്പ് വടക്കേതിൽ മൂസാക്കയുടെ വീട്ടിൽ എത്തിച്ചേർന്നു . ചടങ്ങ് അബൂബക്കർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഷെമീന സ്വാഗതം പറഞ്ഞ ചടങ്ങിൽ സുബൈർ ടി പി യും അഷ്റഫ് മാഷും ആശംസകളർപ്പിച്ചു. അധ്യക്ഷ പ്രസംഗം നടത്തിയത് മാജിത യായിരുന്നു. ഹെഡ്മാസ്റ്റർ സിദിൻ ടി.സിയും സംസാരിച്ചു. അവിടത്തെ ക്ലബ് ഭാരവാഹി റാഫിയും മൊയ്തീൻകുട്ടി യും സംസാരിച്ചു. ശേഷം വെള്ളവും സ്നാക്സും എല്ലാവർക്കും വിതരണം ചെയ്തു.
രക്ഷിതാക്കളുടെ കൈത്താങ്ങിലൂടെ സ്കൂൾ വികസനം
നമ്മുടെ വിദ്യാലയത്തിന്റെ വികസനത്തിനായി രക്ഷിതാക്കൾക്ക് ഒരു കൈത്താങ്ങ്. അവർക്കൊരു തൊഴിൽ ലക്ഷ്യം വെച്ചു കൊണ്ട് നമ്മൾ തുടങ്ങിവെച്ച താണ് വികസന കിറ്റ് എന്ന ആശയം. 22 രക്ഷിതാക്കൾക്ക് വികസന കിറ്റിലെ ആറ്ഉ ൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന വിധം സ്കൂളിൽ വെച്ച് കാണിച്ചുകൊടുക്കുകയും അതിന്റെ പാക്കിംഗ് നടത്താനും ലേബൽ ഒട്ടിക്കാനും ഒക്കെ പരിശീലനം നൽകുകയുണ്ടായി. ഇതിനെ നേതൃത്വം നൽകിയത് സത്യൻ കായണ്ണ ആണ്. വികസന കിറ്റിലെ എണ്ണ കാച്ചിയത് വൈദ്യർ രാജഗോപാലൻ കായണ്ണ യാണ്. ഫെബ്രുവരി 25, 26, 27,28 തീയതികളിൽ ആയി പരിശീലനവും പാക്കിങ്ങും നടത്തി.
ഇരുപത്തിനാലാം തീയതി തൊഴിൽ പരിശീലനത്തിന്റെ ലോഗോ പ്രകാശനം പിടിഎ ജനറൽ ബോഡി യിൽ മുനിസിപ്പൽ ചെയർമാൻ കെ കെ നാസർ നിർവഹിച്ചു. അദ്ദേഹം ഈ സംരംഭത്തെ നല്ലതുപോലെ അഭിനന്ദിച്ച് സംസാരിച്ചു. ഇത് കുടുംബശ്രീയുമായി ബന്ധിപ്പിച്ച് മാർക്കറ്റിംഗ് തരാമെന്ന് പറഞ്ഞു. 17/3/20 ന് വികസന കിറ്റിന്റ ആദ്യവില്പന മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാജിത് മങ്ങാട്ടിൽ കുഴിക്കാടൻ മുഹമ്മദലിക്ക് നൽകി . ഇത് എല്ലാ സ്കൂളിലും നടപ്പിൽ വരുത്തിയാൽ നന്നായിരിക്കും. അതിനെ ശ്രമിക്കുമെന്നും അഭിപ്രായപ്പെട്ടു.
സ്കൂൾ വികസനത്തിന് അരലക്ഷം രൂപ ശേഖരിച്ച് രക്ഷിതാക്കൾ
കോട്ടക്കൽ: എ.എം.എൽ.പി സ്കൂൾ വില്ലൂരിലെ രക്ഷിതാക്കൾ ജനകീയ ബദൽ ഉൽപ്പനങ്ങൾ നിർമ്മിച്ച് സ്കൂൾ വികസനത്തിനായി കണ്ടെത്തിയത് അരലക്ഷം രൂപയോളം. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായിട്ടാണ് വേറിട്ട രീതിയിൽ വികസനത്തിനായി പണം സ്വരൂപിച്ചത്. സ്വദേശ് എന്ന പേരിൽ ഒരു കൂട്ടായ്മ ഉണ്ടാക്കി സ്കൂളിൽ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട ഇരുപത് രക്ഷിതാകൾക്ക് മൂന്ന് ദിവസം പരിശീലനം നൽകിയാണ് ആറ് ഉൽപ്പന്നങ്ങൾ നിർമിച്ചത്
. സ്വദേശ് കേശ ധാര വെളിച്ചണ്ണ, ഗ്രാമീൺ പായസ കിറ്റ്, ഗ്രാമീൺ ദാഹശമനി, സ്വദേശി താളിപ്പൊടി, മുൾട്ടാണി മിട്ടി എന്നീ ഉൽപ്പനങ്ങളാണ് നിർമ്മിച്ചതും പാക്കറ്റിംഗ് ആക്കിയതും എല്ലാം രക്ഷിതാക്കൾ.ഉൽപ്പനങ്ങൾ വികസന കിറ്റാക്കി ഓരോ കിറ്റ് സ്കൂളിലെ രക്ഷിതാക്കൾ വാങ്ങുന്ന രീതിയിൽ ആണ് പദ്ധതി ആസൂത്രണം
ചെയ്തത്.അപ്രതീക്ഷിതമായി ലോക്ക്ഡൗൺ വന്നെങ്കിലും ഉണ്ടാക്കിയ മുഴുവൻ കിറ്റുകളും രക്ഷിതാക്കളും ,അധ്യാപകരും ,വികസന സമിതി അംഗങ്ങളും ചെലവഴിച്ച വഴിയാണ് ഇത്രയും സംഖ്യ സ്കൂളിന് ലഭിച്ചത്.സ്കൂളിൽ പൂന്തോട്ട നിർമ്മാണത്തിന് ഫണ്ട് ഉപയോഗിക്കും.കിറ്റിന്റെ
ആദ്യ വിതരണ ഉദ്ഘാടനം നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ സാജിദ് മങ്ങാട്ടിൽ നിർവ്വഹിച്ചു.പ്രധാന അധ്യാപകൻ ടി.സി സിദിൻ അധ്യക്ഷം വഹിച്ചു പരിശീലനം ലഭിച്ച രക്ഷിതാക്കൾ ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കാനുള്ള ഒരുക്കങ്ങൾ നടത്തുകയാണ് ഇപ്പോൾ