എ.എം.എൽ.പി.എസ്. വില്ലൂർ/എന്റെ വിദ്യാലയം
ഓർമ്മയിലെ എൻ്റെ വിദ്യാലയം
അംന ഫാത്തിമ . പി
എൻറെ വിദ്യാലയം എ എം എൽ പി സ്കൂൾ വില്ലൂർ.. ഒരു സ്നേഹത്തിൻ്റെ ലോകമായിരുന്നു.ജീവിതത്തിലെ പല അനുഭവങ്ങളും നമ്മൾ മറന്നു പോകാറുണ്ട് , പക്ഷേ... ബാല്യകാല സ്കൂൾ ജീവിതം നമ്മുടെ ഹൃദയത്തിൽ എന്നും മായാത്ത ഒരോർമ്മയായിട്ടാണ് നിലനിൽക്കുന്നത്. ഞാൻ എന്നും ഓർക്കുന്നു എന്റെ അധ്യാപകരുടെ സ്നേഹവും പ്രോത്സാഹനവും. എളിമയും സ്നേഹവും നിറഞ്ഞ ഈ വിദ്യാലയമാണ് എനിക്ക് നല്ല ജീവിതത്തിന് വഴികാട്ടിയത്.
ഞാൻ ജനിച്ചു വളർന്ന നാടായ ചെറുകുന്ന് നിന്നും താമസം മാറിയാണ് ഞങ്ങൾ ഉദരാണിയിൽ എത്തിയത്. അതൊരു ഏപ്രിൽ മാസം ആയിരുന്നു. അങ്ങനെ ജൂൺ കടന്നുവന്നു, മനസ്സിൽ വല്ലാത്ത ഒരു പേടി ,പുതിയ സ്കൂൾ ... ഇനി പുതിയ കൂട്ടുകാർ... പുതിയ അധ്യാപകർ... ഓർക്കും തോറും മനസ്സിന് വല്ലാത്ത പേടി തോന്നിയിരുന്നു.
അങ്ങനെ ജൂൺ 1 , മഴയുള്ള ദിവസമായിരുന്നു. പുത്തൻകുടയും ബാഗുമായി എൻ്റെ ഉപ്പയുടെ കൂടെ വില്ലൂർ സ്കൂളിൻ്റെ മുറ്റത്തെത്തി.സ്കൂൾ മുറ്റത്തെത്തിയപ്പോൾ മനസ്സിൽ വല്ലാത്തൊരു ആദിയായിരുന്നു. നാലാം ക്ലാസിലേക്ക് ആണ് ഞാൻ വന്നത്. സ്കൂളിൽ പ്രവേശനോത്സവം ആയിരുന്നു. ചില കുട്ടികൾ എന്നെ പരിചയപ്പെട്ടു. മൂന്നുവർഷം ഒന്നിച്ച് കളിച്ചും രസിച്ചും നടന്നിരുന്ന കൂട്ടുകാരെ എനിക്ക് നഷ്ടമായ പോലെ..., അതൊരു വേദനയായി തോന്നി.ഇനി പുതിയ തുടക്കം, പുതിയ കൂട്ടുകാർ''ഞാൻ മനസ്സിൽ മന്ത്രിച്ചു. പിന്നീടുള്ള ദിവസങ്ങൾ നാലാം ക്ലാസിൽ... കുട്ടികളെല്ലാം നല്ല കൂട്ടായി, കളിയിലും ചിരിയിലും ,പഠനത്തിലും എല്ലാം ഒന്നിച്ച് ..ക്ലാസ് അധ്യാപകനായി ഞങ്ങളുടെ പ്രിയപ്പെട്ട സിദിൻ മാഷും.
ചില അനുഭവങ്ങൾ നമുക്ക് മറക്കാനാവാത്ത ഒന്നായിരിക്കും. അത് ജീവിതത്തിൽ നല്ലൊരു പാഠവും ആയിരിക്കും. എനിക്കുണ്ടായ ഒരു അനുഭവം ഞാൻ ഇവിടെ കുറിക്കുന്നു... ഞാൻ വന്ന രണ്ടാം ദിവസം ഞങ്ങളുടെ ക്ലാസ് അധ്യാപകനായ സിദിൻ മാഷ് കവിത എഴുതാൻ പറഞ്ഞു ..ഞാൻ അത് എഴുതുകയായിരുന്നു. എഴുതുന്നതിനിടയിൽ 'ക' എന്ന അക്ഷരം തെറ്റിയപ്പോൾ ഞാനത് വെട്ടിക്കറുപ്പിച്ചു. അത് കണ്ട സിദിൻ മാഷ് അത്യാവശം നല്ലൊരു അടി തന്നു .നല്ല വേദനയുണ്ടായിരുന്നു. എന്നിട്ട് മാഷ് പറഞ്ഞു തെറ്റിയാൽ ഒരു വര മാത്രം വരക്കുക ഇങ്ങനെ ചെയ്യരുതെന്ന് ഉപദേശിക്കുകയും ചെയ്തു . ഇത് പിന്നീട് എനിക്കൊരു നല്ല പാഠമായാണ് തോന്നിയത്. ഇന്നും തെറ്റ് വരുമ്പോൾ അതു മായ്ക്കുന്നതിന് മുമ്പ് ആ സംഭവം ഞാൻ ഓർക്കാറുണ്ട് . അന്ന് വേദനിച്ചപ്പോൾ കരച്ചിൽ വന്നെങ്കിലും ഇന്ന് അത് മുമ്പോട്ടുള്ള ജീവിതത്തിലെ നല്ലൊരു പാഠം കൂടിയാണെന്ന് മനസ്സിലായി. എഴുത്തിലെ തെറ്റിൽ മാത്രമല്ല ജീവിതത്തിലെ പല തെറ്റുകളിലും അതൊരു നല്ല പാഠമായിട്ട് എനിക്ക് തോന്നി. അധ്യാപകൻ ഒരു പിതാവ് ആവുകയും അധ്യാപിക ഒരു മാതാവ് ആവുകയും ചെയ്യുന്ന കാലഘട്ടമാണിത്. ഓരോ ക്ലാസ് മുറിയും പാഠപുസ്തകങ്ങൾ മാത്രം പഠിപ്പിക്കുന്നതല്ല ...ഓരോ കുട്ടികളെയും അനുസരണയും അച്ചടക്കവും പഠിപ്പിക്കുന്ന ഒരു വീട് തന്നെയാണ് നല്ല വിദ്യാലയങ്ങൾ .എൻ്റെ വിദ്യാലയവും നല്ലൊരു വീടു തന്നെയായിരുന്നു.
സ്കൂളിലെ ഓരോ അധ്യാപകരും എനിക്ക് പ്രിയപ്പെട്ടവരായി മാറി. അന്ന് ഹെഡ്മാസ്റ്ററും മാനേജരുമായ അഷ്റഫ് മാഷ് ഞങ്ങളുടെ നാട്ടുകാരനും എൻ്റെ ഉപ്പയെ കൂടുതൽ അറിയുന്ന ആളുമായിരുന്നു .അങ്ങനെ മാഷും നല്ല കൂട്ടായി ... പിന്നെ അറബിക് സുമയ്യ ടീച്ചറും ഇംഗ്ലീഷിന് സൽവ ടീച്ചറും ഒരുപാട് പ്രിയപ്പെട്ടവരായിരുന്നു.
ഇംഗ്ലീഷും കൂടുതൽ മെച്ചപ്പെട്ടത് ഇവിടെ വന്നതിന് ശേഷമാണ്. ആഴ്ച്ചയിൽ നടത്തുന്ന Todays words അതിന് ഒരുപാട് സഹായകമായി.
മെഗാ ക്വിസ് തുടങ്ങിയത് ഞാൻ വന്ന വർഷമായിരുന്നു ..അത് വളരെ മനോഹരമായി കണ്ടക്റ്റ് ചെയ്തിരുന്നത് ഏലിയാമ്മ ടീച്ചർ ആയിരുന്നു എല്ലാ വെള്ളിയാഴ്ചയും മെഗാ ക്വിസിന് പോകുന്നത് വളരെ സന്തോഷമുള്ള ഒന്നായിരുന്നു . കാരണം തികച്ചും വ്യത്യസ്തമായ ഇത്തരം പ്രവർത്തനങ്ങൾ ഒക്കെ എനിക്ക് ലഭിച്ചത് ഈ വില്ലൂർ സ്കൂളിൽ വന്നതിനുശേഷം മാത്രമാണ്. റിഥം റേഡിയോ... റിഥം വിഷൻ...
എൽ പി സ്കൂളിൽ ഒരു യൂട്യൂബ് ചാനൽ.. ഇതൊക്കെ എനിക്ക് വളരെ കൗതുകമായിരുന്നു. എനിക്കും അതിൽ അവതരിപ്പിക്കാൻ അവസരം കിട്ടിയിട്ടുണ്ട്.
കലാകായിക മേളകളിലും പ്രവർത്തി പരിചയമേളകളിലും വില്ലൂർ സ്കൂൾ വളരെ മുൻപന്തിയിൽ ആയിരുന്നു. എനിക്കും അതിലൊക്കെ പങ്കെടുക്കാൻ അവസരം കിട്ടിയിട്ടുണ്ട്. അത് വലിയ ക്ലാസുകളിലും എനിക്ക് ഉപകാരപ്പെട്ടിട്ടുണ്ട്.
എല്ലാ കുട്ടികൾക്കും ഏറ്റവും പ്രിയപ്പെട്ട ഒന്നായിരിക്കും അവർക്ക് ലഭിക്കുന്ന ഉച്ചഭക്ഷണം . എനിക്കും ഏറ്റവും പ്രിയപ്പെട്ട ഒന്നായിരുന്നു എൻ്റെ സ്കൂളിൽ ഹഫ്സാത്ത തയ്യാറാക്കുന്ന ഉച്ചഭക്ഷണം . അന്ന് അത് എത്ര ആസ്വദിച്ചിട്ടാണ് കഴിച്ചിരുന്നത് .ഞാനും കൂട്ടുകാരും ഒറ്റക്കെട്ടായി ഇരുന്നു ഭക്ഷണം പങ്കുവെക്കുന്ന ആ സമയം സന്തോഷം നിറഞ്ഞതായിരുന്നു. ഇന്നും ആ ഉച്ചഭക്ഷണത്തിന്റെ രുചി ഞാൻ അറിയുന്നുണ്ട്.ഇന്നും വില്ലൂർ സ്കൂളിൻ്റെ പാചകക്കാരിയായി ഹഫ്‌സാത്ത ഉണ്ട്. ഇനിയും കുറെ തലമുറയ്ക്ക് അഫ്സത്തയുടെ ഭക്ഷണം രുചിച്ചറിയാൻ കഴിയട്ടെ.
ഞാൻ ഇന്ന് പ്ലസ് ടു സയൻസ് വിദ്യാർത്ഥിയാണ്. നാലാം ക്ലാസ് കഴിഞ്ഞപ്പോയെ എനിക്ക് സയൻസിനോട് വളരെ താല്പര്യമായിരുന്നു. ഞങ്ങളുടെ സിദിൻ മാഷിൻ്റെ പരിസര പഠന ക്ലാസ് അന്നെനിക്ക് വളരെ ഇഷ്ടപ്പെട്ടതായിരുന്നു. പരിസര പഠനം എടുക്കുമ്പോൾ പാഠപുസ്തകത്തിന് പുറത്തുള്ള ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നിരുന്നു . ആ താൽപര്യം പിന്നെ യുപിതലത്തിലും ഹൈസ്കൂൾ തലത്തിലും എനിക്ക് സയൻസിൽ നല്ല മാർക്ക് ലഭിക്കാൻ സഹായകമായി. പിന്നീട് എൻ്റെ ലക്ഷ്യം സയൻസ് പഠിക്കണം എന്നതായിരുന്നു .അതിന് തുടക്കം എൻ്റെ ഈ വിദ്യാലയവും എൻ്റെ നാലാം ക്ലാസ്സും എൻ്റെ പ്രിയ അധ്യാപകനുമാണ്.
ഞാൻ പഠിച്ച 2017 ൽ നിന്നും ഇന്ന് ഈ വിദ്യാലയം ഹെഡ്മാസ്റ്റർ സിദിൻ മാഷിൻ്റെ നേതൃത്വത്തിൽ വ്യത്യസ്തമായ തനതായ പ്രവർത്തനങ്ങളിലൂടെയും, അക്കാദമിക മുന്നേറ്റത്തിലൂടെയും ജില്ലയിൽ ഏറ്റവും മികച്ച തിളക്കമാർന്ന വിദ്യാലയമായി മുമ്പോട്ട് കുതിക്കുന്നു....
എൻ്റെ ബാല്യത്തിന്റെ സ്വർണ്ണത്താളുകളിൽ വിലയിരുത്താവുന്ന അവസ്മരണീയമായ അനുഭവങ്ങളാണ് എൻ്റെ എൽ പി വിദ്യാലയത്തിൽ ഞാൻ അനുഭവിച്ചത്. അധ്യാപകരുടെ സ്നേഹവും സഹപാഠികളുടെ കൂട്ടായ്മയും കളികൾ, ഉത്സവങ്ങൾ തുടങ്ങിയവയെല്ലാം എൻറെ മനസ്സിൽ മായാതെ നിൽക്കുന്നു. ഈ ഓർമ്മകളിൽ ഇന്നും എനിക്ക് ഉല്ലാസവും ആത്മവിശ്വാസവും നൽകുന്നു. വിദ്യാലയത്തിന്റെ ആ തുടക്കം എന്നും ഹൃദയത്തിൽ തിരയായി നിലനിൽക്കും