എൽ എഫ് യു പി എസ് മാനന്തവാടി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്‌കൂൾ ചിത്രം

മാനന്തവാടി ഇടവക വികാരിയായിരുന്ന റവ. ഫാദർ ലോംബർഡീനി 1929 മെയ് അഞ്ചാം തീയതി പള്ളിവക സ്ഥലത്ത് ലിറ്റിൽ ഫ്ലവർ ഗേൾസ് ഹയർ സ്കൂളിന് തുടക്കം കുറിച്ചു. ഈ വിദ്യാലയത്തിലെ 5 ക്ലാസുകളിൽ 4 എണ്ണത്തിന് 1932 മെയ് 16ന് അംഗീകാരം ലഭിച്ചു. വിദ്യാഭ്യാസ മേഖലയിൽ പ്രശസ്തമായ വിധം സേവനമനുഷ്ഠിച്ചു വന്നിരുന്ന അപ്പസ്തോലിക് കാർമലിന് പ്രസ്തുത സ്ഥാപനം വിട്ടുകൊടുക്കാൻ ഫാദർ ലോംബർഡീനി ആഗ്രഹിച്ചു. അങ്ങനെ കോഴിക്കോട് രൂപത ബിഷപ്പിൻ്റെയും ഇടവക വികാരി യുടെയും തദ്ദേശവാസികളുടെ യും അഭ്യർത്ഥന മാനിച്ച് 64 വിദ്യാർഥികളോടു കൂടിയ ഈ വിദ്യാലയം അപ്പസ്തോലിക് കാർമൽ ഏറ്റെടുത്തു. സി. മിൽബാഗ യായിരുന്നു ആദ്യത്തെ സുപ്പീരിയർ ഉം ഹെഡ്മിസ്ട്രസ്സും.

1932 സെപ്റ്റംബർ വരെ ദേവാലയ സ്ഥലത്തുതന്നെ ക്ലാസ്സുകൾ നടന്നു. ഒക്ടോബർ മാസത്തിൽ പുതുതായി നിർമ്മിച്ച കോൺവെൻറ് ലേക്ക് ക്ലാസ്സുകൾ മാറ്റുകയും ബോർഡിങ്, ഓർഫനേജ് ബ്ലോക്കുകൾ തുടങ്ങിയവയുടെ നിർമ്മാണം പൂർത്തിയാക്കുകയും ചെയ്തു. സർക്കാർ സഹായമില്ലാതെ സ്കൂളിൻറെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുക പ്രയാസമായിരുന്നു. 1937 മെയ് മൂന്നാം തീയതി ഒരു കളി സ്ഥലത്തെയും സ്കൂൾ കെട്ടിടത്തിൻ്റെയും നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി. ഗവൺമെൻറ് സഹായമില്ലാതെതന്നെ പൂർത്തിയാക്കിയ ഈ കെട്ടിടത്തിൽ മെയ് ഇരുപതാം തീയതി യോടെ ക്ലാസുകൾ ആരംഭിക്കുകയും ചെയ്തു.

ഈ വിദ്യാലയം ക്രമാനുഗതമായി വളർന്നു കൊണ്ടിരുന്നു. V, Vl, Vll ക്ലാസുകൾക്ക് യഥാക്രമം 1933, 1934, 1936 വർഷങ്ങളിൽ അംഗീകാരം ലഭിക്കുകയുണ്ടായി. പെൺകുട്ടികൾക്കായി ഈ പ്രദേശത്തുള്ള ഏക സ്ഥാപനം ആയിരുന്നു ഇത്. ഈ വിദ്യാലയത്തിലെ ഭൂരിഭാഗം വിദ്യാർത്ഥികളും കത്തോലിക്കരും സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്നവരുമായിരുന്നു.

ഈ വിദ്യാലയത്തിലെ ആദ്യ ഇൻസ്പെക്ഷൻ നടന്നത് 1937 ജൂലൈ മാസത്തിലായിരുന്നു . അന്ന് പരിശോധകയായി വന്ന മിസ്സ്. പി. ടി. ലക്ഷ്മി തൻ്റെ റിപ്പോർട്ടിൽ ഇങ്ങനെ എഴുതി.," ഈ വിദ്യാലയം ഈ പിന്നോക്ക മേഖലയിൽ ഒരനുഗ്രഹമായി വിടർന്നു പരിലസിക്കുന്നു." അതെ അവരുടെ വാക്കുകൾ സമയത്തിൻറെ പൂർണ്ണതയിൽ യാഥാർഥ്യമായി.

1955 കാലഘട്ടത്തിൽ വിദ്യാഭ്യാസ വകുപ്പിൻ്റെ നിർദേശപ്രകാരം ആൺകുട്ടികൾ കൂടി ഇവിടെ പ്രവേശനം നൽകി തുടങ്ങി. 1995 ജൂണിൽ സമാന്തര ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചു. ആയിരത്തോളം വിദ്യാർത്ഥികളും 24 അധ്യാപകരും ഉള്ള ഈ വിദ്യാലയത്തിൽ 2001- ൽ കമ്പ്യൂട്ടർ ലാബ് സ്ഥാപിക്കപ്പെട്ടു. 2015-ൽ LKG/UKG ക്ലാസുകളും ആരംഭിച്ചു . കുട്ടികളുടെ എണ്ണത്തോടൊപ്പം അവരുടെ സാംസ്കാരിക നിലവാരവും വർദ്ധിക്കുവാൻ അധ്യാപകരും രക്ഷിതാക്കളും പൊതു ജനങ്ങളും നല്ലനിലയിൽ സഹകരിച്ചു വരുന്നു. ഞങ്ങളെ ഏൽപ്പിച്ചിരിക്കുന്ന കുഞ്ഞുങ്ങളുടെ സമഗ്ര വികസനമാണ് ഞങ്ങളുടെ പ്രവർത്തന ലക്ഷ്യം.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം