എൽ എം എസ്സ് യു പി എസ്സ് പരശുവയ്ക്കൽ/അക്ഷരവൃക്ഷം/പിശുക്കനായ ധനികൻ

Schoolwiki സംരംഭത്തിൽ നിന്ന്
പിശുക്കനായ ധനികൻ
   ഒരു പട്ടണത്തിൽ ഒരു ധനികൻ താമസിച്ചിരുന്നു. അയാൾ ആരെയും വകവയ്ക്കാത്ത ഒരാളായിരുന്നു. മാത്രമല്ല വളരെ പിശുക്കനായിരുന്നു. അയൽക്കാരെയും, നാട്ടുകാരെയും അയാൾക്ക് ഇഷ്ടമില്ലായിരുന്നു. അയാൾക്ക് ഒരു സുന്ദരിയായ മകളുണ്ടായിരുന്നു. അവളുടെ ഏതാഗ്രഹവും അയ്യാൾ സാധിച്ചു കൊടുക്കും. പഠിക്കുവാൻ ഒരു മിടു മിടുക്കിയാണ്. അവൾക്ക് ഒരു ഡോക്ടർ ആകുവാനാണ് ഇഷ്ടം. അവളുടെ ആഗ്രഹപ്രകാരം തന്നെ പഠിപ്പിച്ചു ഒരു ഡോക്ടർ ആക്കി. 
    എന്നാൽ അവൾ ഒരു പാവമായിരുന്നു. അവളുട മനസ്സിൽ ഒരുപാടു ആഗ്രഹങ്ങളുണ്ടായിരുന്നു. അച്ഛന് ഒരുപാട് ധനമുണ്ട്. എന്നാൽ ആർക്കും ഒന്നും കൊടുക്കില്ല. മാത്രവുമല്ല ആരോടും ഒരുസ്നേഹവുമില്ല. സ്കൂളിൽ പഠിക്കുന്ന സമയത്ത് വീട്ടിൽ നിന്നും നല്ല നല്ല ആഹാരങ്ങൾ കൊടുത്തുവിടും. എന്നാൽ സ്കൂളിലെ ചില കൂട്ടുകാർക്ക് കഴിക്കാൻ ഒന്നും ഉണ്ടാകില്ല. അവൾ കൊണ്ട് വരുന്ന ഭക്ഷണം കൂട്ടുകാരെയും വിളിച്ചിരുത്തി ഒരുമിച്ചിരുന്നു കഴിക്കും. നല്ല മനസ്സുള്ളവളായിരുന്നു. മറ്റുള്ളവർക്ക് നന്മ ചെയ്യാൻ അവൾ ആഗ്രഹിച്ചിരുന്നു. 
    ഒരു ദിവസം അച്ഛനോട് പറഞ്ഞു. അച്ഛാ നമുക്ക് ആവശ്യത്തിലധികം സ്വത്ത്‌ ഉണ്ടല്ലോ. നമ്മുടെ വീടിനടുത്തു ഒരു പാട് പാവപ്പെട്ടവർ താമസിക്കുന്നു. വീടില്ലാത്തവർ, ഒരു നേരത്തെ കഞ്ഞിക്കുടിക്കാൻ പോലും നിവർത്തിയില്ലാത്തവർ, മരുന്ന് വാങ്ങുവാൻ പോലും കഴിയാത്തവർ, മക്കളെ പഠിപ്പിക്കുവാൻ നിവർത്തിയില്ലാത്തവർ അങ്ങനെ പലരും. 
    ആ ധനികൻ മകളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. എന്നിട്ട് ചോദിച്ചു. നീ എന്താണ് പറഞ്ഞു വരുന്നത്. അവളുടെ മനസിലുണ്ടയിരുന്നത് തുറന്നു പറഞ്ഞു. അച്ഛാ നമ്മുടെ സ്വത്തിൽ നിന്നും പകുതി ഇവർക്കു വീതിച്ചു കൊടുത്താലോ. എനിയ്ക്കാണെങ്കിൽ ഇതിന്റെ ഒന്നും ആവശ്യമില്ല. മാത്രമല്ല നല്ല ശമ്പളവും ഉണ്ട്. നമുക്ക് നല്ല രീതിയിൽ ജീവിക്കുകയും ചെയ്യാം. 
    പെട്ടന്ന് അയ്യാൾ കോപിഷ്ടനായി. അയാളുടെ മുഖം ചുവന്നു തുടുത്തു. അയ്യാൾ ആക്രോശിച്ചു. ഇതെല്ലാം ഞാൻ പടുത്തുയർത്തിയതും, നിന്നെ പഠിപ്പിച്ചു ഒരു ഡോക്ടർ ആക്കിയതും മറ്റുള്ളവരെ സഹായിക്കുവാൻ വേണ്ടിയല്ല. ഇനിയും പലതും നേടുവാനുണ്ട്. ആരു മരിച്ചാലും, ജീവിച്ചാലും അതൊന്നും നമുക്ക് പ്രശ്നമില്ല. നമുക്ക് സമ്പാദിച്ചു കൂട്ടണം. നിന്റെ മനസ്സിൽ ആരെ കുറിച്ചും ഒരു സഹതാപവും വരുവാൻ പാടില്ല. കർക്കശമായ സ്വരത്തിൽ പറഞ്ഞു. 
    ദിവസങ്ങൾ പലതും കഴിഞ്ഞുപോയി. ഒരു ദിവസം വീടിനടുത്തുള്ള ഒരാൾ ഗൾഫിൽ നിന്നും വന്നു. അയ്യാൾ ഈ ധനികന്റെ കയ്യിൽ നിന്നും പലിശക്ക് കുറച്ചു പണം കടം വാങ്ങിയാണ് ഗൾഫിൽ പോയത്. പോയാലുടനെ അയച്ചുകൊടുക്കാമെന്നു പറഞ്ഞു. പക്ഷെ ഇതുവരെയും കൊടുത്തില്ല. അയ്യാൾ വന്നതും അറിഞ്ഞു, ധനികൻ അയ്യാളുടെ വീട്ടിലേക്ക് പോയി. അവിടെ ആകെ പ്രശ്നമായി. വഴക്കായി, അടിയായി. നാട്ടുകാർ ഇടപെട്ടു ധനികന്റെ പൈസ വാങ്ങിക്കൊടുത്തു. 
    കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ആണ് ഒരു ഭീകരമായ വാർത്ത കേൾക്കുന്നത്. കൊറോണ എന്ന വൈറസിനെ കുറിച്ച്. വൈകാതെ തന്നെ നമ്മുടെ നാടും ദേശവുമെല്ലാം നടുങ്ങി വിറച്ചു. പലർക്കും കൊറോണ പിടിപെടുന്നു. ഗൾഫിൽ നിന്നും വന്ന വ്യക്തിക്കും കൊറോണ സ്ഥിതീകരിച്ചു. അയാളോട് വഴക്കുണ്ടാക്കിയ ഈ ധനികനും കൊറോണ പിടിപ്പെട്ടു. ഈ പിശുക്കനായ ധനികൻ ആശുപത്രിയിൽ അഡ്മിറ്റ്‌ ആയി. 
    വെന്റിലേറ്ററിൽ കിടന്നുകൊണ്ട് അയ്യാൾ വധനകൊണ്ട് പിടയുകയാണ്. ഒന്നു ശ്വാസം വിടുവാൻപോലും പറ്റുന്നില്ല. അയാളുടെ മനസ്സിൽ ഭയം തോന്നിത്തുടങ്ങി. മരണം തൊട്ടടുത്തു നിൽക്കുന്നു. ഓ... എന്തൊരു കഷ്ടമാണ്. എന്റെ മകൾക്കും കൊറോണ ബാധിക്കുമോ... എങ്കിൽ ഞാൻ ഉണ്ടാക്കി വച്ചതെല്ലാം എന്താകും. ധനികൻ മരണത്തിന്റെ വേദനയിൽ നിന്നും പറഞ്ഞു. എനിക്ക് ഒന്നും വേണ്ട. എന്റെ ജീവൻ മാത്രം മതി. പക്ഷെ ശബ്‌ദം പുറത്തു വരുന്നില്ല. ഒന്ന് അനങ്ങുവാൻപോലും പറ്റുന്നില്ല. അയ്യാളുടെ മകൾ അയ്യാളെ ശുശ്രുഷിക്കുകയാണ്. മകളെ കണ്ട് അയ്യാൾ കരഞ്ഞു. മകൾ പറഞ്ഞ കാര്യങ്ങൾ അയ്യാൾക്ക് ഓർമയിൽ വന്നു. 
    മകളുടെ എല്ലാകാര്യങ്ങളും അയ്യാൾ സാധിച്ചുകൊടുക്കുമായിരുന്നു. പക്ഷേ ഇതുമാത്രം സാധിച്ചുകൊടുത്തില്ല. അയ്യാൾ ഓർത്തു ദുഃഖിച്ചു കൊണ്ടേയിരുന്നു. ഭാഗ്യമെന്നു പറയട്ടെ. മകളുടെ നല്ല ശുശ്രുഷയും നല്ല മനസ്സും കാരണമായിരിക്കാം ആ ധനികൻ കൊറോണ എന്ന വലിയ മാരിയിൽനിന്നും രക്ഷപ്പെട്ടു. അയ്യാൾ വീട്ടിൽ വന്നിട്ട്, മകളുടെ ആഗ്രഹം അനുസരിച്ചു തന്റെ സ്വത്തിൽ നിന്നും മുക്കാൽ ഭാഗവും ദരിദ്രർക്ക് വീതിച്ചു കൊടുത്തു. 
    ധനികന് ഒരുകാര്യം മനസ്സിലായി. ദൈവം നമുക്ക് തരുന്ന ഫലം അത് നമുക്ക് മാത്രമുള്ളതല്ല. മറ്റുള്ളവർക്കും കൂടെയുള്ളതാണ്. 
രവ്യ. ആർ. വി
VII B എൽ .എം .എസ് .യു .പി .എസ് .പരശുവയ്ക്കൽ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ