എൽ എം എസ്സ് എൽ പി എസ്സ് പനച്ചമൂട്/അക്ഷരവൃക്ഷം/ആപത്ത് കാലത്ത് ...

Schoolwiki സംരംഭത്തിൽ നിന്ന്
ആപത്ത് കാലത്ത് ...
ഒരു മനോഹരമായ നാട്ടിൻ പ്രദേശം... പച്ചവിരിച്ച വയൽ വക്ക്... കിളികളുടെ കള കളശബ്ദം... എല്ലാം കൊണ്ട് സുന്ദരമായ ഒരു ഗ്രാമ പ്രദേശം. അവിടെ കുറച്ചു വീടുകൾ... അതിൽ ഒരു വീട്ടിൽ ഒരു ഭാര്യയും ഭർത്താവും താമസിച്ചിരുന്നു. അവർക്ക് കുട്ടികൾ ഇല്ലായിരുന്നു. ഒരിക്കൽ അവർക്ക് ഒരു നായക്കുട്ടിയെ കിട്ടി. ആ നായക്ക് അവർ വിക്രം എന്ന് പേരിട്ടു. കുഞ്ഞുങ്ങളില്ലാതെ വിഷമിച്ച് താമസിച്ചിരുന്ന അവർ വിക്രമിനെ ഒരു മകനെപ്പോലെ വളർത്തി. അവർക്ക് ഒരു കുഞ്ഞുണ്ടെങ്കിൽ അതിനു കൊടുക്കുന്നതിലേറെ സ്നേഹവും ഭക്ഷണവും കൊടുത്തു അവനെ വളർത്തി.

എവിടെ നിന്നോ വഴിതെറ്റി എത്തിച്ചേർന്ന ഒരു കുഞ്ഞു പൂച്ചയും ആ പ്രദേശത്തുണ്ടായിരുന്നു.വിക്രമും പൂച്ചയും വലിയ ചങ്ങാതിമാരായിരുന്നു. വിക്രമിന്റെ വീട്ടിൽ ആരുമില്ലാത്ത സമയം അവർ ഒരുമിച്ച് കളിച്ചു വളർന്നു. പൂച്ച ആ പ്രദേശത്തുള്ള ആളുകൾ കഴിച്ചിട്ടിടുന്ന അവശിഷ്ടങ്ങൾ കഴിച്ചു ജീവിച്ചു.ആ നായയാകട്ടെ വീട്ടിലുള്ള പലഹാരങ്ങളും കഴിച്ചു.

ഒരു ദിവസം പൂച്ച വിക്രമിനോട് ചോദിച്ചു, “എന്തു സുഖം ആണല്ലേ നിനക്ക്? മനുഷ്യരെപ്പോലെ ഒരച്ഛന്റെയും അമ്മയുടെയും സ്നേഹം കിട്ടി ജീവിക്കാൻ കഴിയുന്നു.” “എനിക്ക് ഈ ജീവിതം ഇഷ്ടമല്ല”,വിക്രം പറഞ്ഞു; “ നിന്നെപ്പോലെ പുറത്തൊക്കെ ചുറ്റിനടന്നു ചുറ്റുപാടുമുള്ള വീടുകളിൽ നിന്നും ഒരു ദിവസം തന്നെ പലതരം മീനുകൾ കഴിക്കാം;എല്ലാംകൊണ്ടും നിന്റെ ജീവിതമാണ് നല്ലത്.” അപ്പോൾ പൂച്ച പറഞ്ഞു, “ഉള്ളവന് ഇല്ലാത്തവന്റെ ദുഃഖം അറിയില്ല.” അങ്ങനെ പരാതികളും പരിഭവങ്ങളുമായി വർഷങ്ങൾ കഴിഞ്ഞു.

പ്രളയം വന്നു. അന്നു കുറെ ബുദ്ധിമുട്ടുകൾ ഒക്കെ ഉണ്ടായെങ്കിലും ഗ്രാമവാസികൾ തളർന്നില്ല. പക്ഷേ മഹാമാരിയായി വൈറസ് വന്നപ്പോൾ ഗ്രാമവാസികൾ തളർന്നുപോയി. എന്തിന് വലിയ രാജ്യങ്ങൾ പോലും മഹാമാരിക്കു മുമ്പിൽ മുട്ടുമടക്കി. ഗ്രാമത്തിൽ അന്നന്ന് ജോലി ചെയ്തു കിട്ടുന്ന കൂലി കൊണ്ട് ഭക്ഷണം തേടിയിരുന്ന വീടുകൾ പട്ടിണിയിലായി. മത്സ്യത്തൊഴിലാളികൾക്ക് ആർക്കും ജോലിയില്ല. മനുഷ്യരെപ്പോലെ നായയും പൂച്ചയും വിശന്നു അന്നം തേടിയിറങ്ങി... ഒന്നും കിട്ടിയില്ല… വിഷമത്തോടെ പൂച്ച വന്നു... വിക്രം പൂച്ചയോട് ചോദിച്ചു. “എന്താ വിഷമിച്ചിരിക്കുന്നത്?” “എനിക്ക് ഒരിടത്തുനിന്നും ആഹാരവും കിട്ടിയില്ല” “മനുഷ്യർക്ക് പോലും ആഹാരം കിട്ടുന്നില്ല... പിന്നെ അല്ലേ നിന്റെ കാര്യം”നായ പറഞ്ഞു. പൂച്ച നായയോട് ചോദിച്ചു; “നിന്റെ കാര്യമോ വിക്രം?” “ എനിക്ക് കിട്ടി… അവരുടെ മകൻ ഞാനായതുകൊണ്ട് എനിക്ക് അവർ കഴിക്കുന്നതിൽ പങ്കു തന്നു.” “ എനിക്ക് അതിൽ നിന്ന് കുറച്ചു തരാമോ” എന്ന് പൂച്ച വിക്രമിനോട് ചോദിച്ചു. വിക്രം; “ ഇല്ല ഞാൻ തരില്ല അവർ തരുന്നത് എനിക്ക് വേണം.” അപ്പോൾ പൂച്ച; “ വിക്രം, നീ അന്ന് എന്നോട് പറഞ്ഞത് എന്നെ പോലെ ആയാൽ മതിയെന്നല്ലേ? ഇന്ന് എനിക്ക് കഴിക്കാൻ ആഹാരം ഇല്ല...ചങ്ങാതിയായ നീ പോലും എനിക്ക് ആഹാരം തരുന്നില്ല.. ” വിശന്നു തളർന്ന പൂച്ച പതിയെ നടന്നു പോയി.

ആപത്തുകാലത്ത് സഹായിക്കുന്നവനാണ് യഥാർഥ ചങ്ങാതി.

അബി കൃഷ്ണൻ
3 B എൽ.എം.എസ് എൽ.പി.എസ് പനച്ചമൂട്
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ