എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/അക്ഷരവൃക്ഷം/വിശപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
   വിശപ്പ്  
               ഹോട്ടലിലുള്ള എല്ലാവരും അവളെത്തന്നെ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയായിരുന്നു. വർഷ പക്ഷേ ആരേയും ശ്രദ്ധിക്കാതെ തന്റെ പ്ലേറ്റിൽ നിന്ന് ടേബിളിലേക്ക് തെറിച്ചുവീണ ചിക്കൻ പീസ് തിരിച്ചു പ്ലേറ്റിലേക്ക് തന്നെയിട്ടു. അവളുടെ ഈ പ്രവൃത്തി സുഹൃത്തുക്കൾക്ക് അരോചകമായി തോന്നി. എങ്കിലും അവർ ഒന്നും പറഞ്ഞില്ല. ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ വർഷ പ്ലേറ്റ് മൊത്തം വടിച്ചു തിന്നു. ഇത് കണ്ട അഖിൽ ചോദിച്ചു , " നിനക്ക് ഒരെണ്ണം കൂടി ഓർഡർ ചെയ്യട്ടെ " . "വേണ്ടടാ, ഇപ്പോത്തന്നെ വയർ ഫുള്ളായി ", വർഷ പറഞ്ഞു. അവളുടെ ഫ്രണ്ട്സ് ബിരിയാണി ഇത്തിരി തിന്ന ശേഷം മതിയാക്കി. ഇതു കണ്ട വർഷ വെയ്റ്ററിനോടു ബാക്കി വന്ന ബിരിയാണി പാക്ക് ചെയ്തു തരാൻ ആവശ്യപെട്ടു. "ടീ, നീ ഞങ്ങളെ നാണം കെടുത്താൻ ഇറങ്ങിയതാണോ ? നിനക്ക് വേണമെങ്കിൽ ഇനിയും വേറെ വാങ്ങിച്ചു തരാം ", വിഷ്ണു അവളോടു ദേഷ്യപ്പെട്ടു. അവൾ വിഷ്ണുവിനെ ഗൗനിച്ചില്ല. ഹോട്ടലിലുള്ള എല്ലാവരും അവളെ പരിഹാസത്തോടെ നോക്കി ഇരുന്നു. വെയ്റ്റർ പാക്ക് ചെയ്ത് തന്ന ബിരിയാണി വാങ്ങി അവൾ പുറത്തേക്കിറങ്ങി. വേറെ വഴിയില്ലാതെ ബില്ല് പേ ചെയ്ത ശേഷം കൂട്ടുകാർ അവളുടെ പിന്നാലെ ഇറങ്ങി. അവളെ പിന്തുടർന്ന് അവർ എത്തിയത് പാർക്കിങ് ഗ്രൗണ്ടിനടുത്ത് റോഡരികിൽ ഭിക്ഷ യാചിച്ച് ഇരുന്ന വൃദ്ധദമ്പതികളുടെ അരികിലാണ്. തങ്ങളുടെ നേരെ നീട്ടിയ ഭക്ഷണപ്പൊതി കണ്ട് അവരുടെ കണ്ണുകൾ തിളങ്ങി. നിറകണ്ണുകളോടെ അവർ ഭക്ഷണപ്പൊതി വാങ്ങി, നന്ദിയോടെ  കൈക്കൂപ്പി. "വർഷെ, നീ ഇത് എന്ത് ഭാവിച്ചാ?", ഗീത ചോദിച്ചു. "നീ വാ. ഞാൻ പറയാം."റോഡരികിലുള്ള മരത്തണലിലേക്ക് വിരൽ ചൂണ്ടി അവൾ പറഞ്ഞു. അവർ നാല് കൂട്ടുകാരും മരത്തണലിലുള്ള ബെഞ്ചിൽ ഇരിപ്പുറപ്പിച്ചു. ബെഞ്ചിലിരുന്നിട്ടും ദൂരെയെങ്ങോ നോക്കിയിരിക്കുന്ന അവളുടെ മുഖത്തിന് നേരെ വിരൽ ഞൊടിച്ചുകൊണ്ട് വിഷ്ണു ചോദിച്ചു,  "നീ ഇവിടെ ഒന്നും അല്ലേ ? " . അവളൊന്നു ഞെട്ടി. "വർഷ , നിനക്കെന്തെങ്കിലും പ്രശ്നമുണ്ടോ ? . കുറെ നേരമായി ഞങ്ങൾ ശ്രദ്ധിക്കുന്നു. ", അഖിൽ ചോദിച്ചു. "ഏയ്, എനിക്ക് കുഴപ്പമൊന്നുമില്ല " , അവൾ പറഞ്ഞു. "നീ ഇന്ന് ഇന്ന് എന്തു പണിയാ കാണിച്ചേ...ഞങ്ങളെ ശരിക്കും നാണംകെടുത്തി.  വിഷ്ണുവിന്റെ ബർത്ത്ഡേ ചിലവ് എന്നു പറഞ്ഞ് നീ  ഉത്സാഹം കാട്ടിയപ്പോഴേ തോന്നി... എന്തെങ്കിലും പണി തരാൻ ആണെന്ന് .ഇത്രക്ക് വേണ്ടായിരുന്നു. നിനക്ക് വേണമെങ്കിൽ ഞങ്ങൾ വേറെ വാങ്ങിച്ചു തരുമായിരുന്നല്ലോ". വർഷ ഒരു നനുത്ത പുഞ്ചിരിയോടെ അവരുടെ പരിഭവങ്ങൾ കേട്ടു. "ഞാൻ ഒരു കഥ പറയട്ടെ " , വർഷ ചോദിച്ചു. "ഇനീപ്പൊ ഒരു കഥേടെ കൂടി കുറവൊള്ളൂ " , വിഷ്ണു മുഖം കോട്ടി. "നീ പറാടി " , ഗീതയും അഖിലും അവളെ പ്രോത്സാഹിപ്പിച്ചു. 
                     "പത്തിരുപത് വർഷങ്ങൾക്ക് മുമ്പ് നടന്ന കഥയാണ്. ശ്രീലങ്കയിലെ വികസനങ്ങളൊന്നുമെത്താത്ത ഒരു ഗ്രാമം. ഗ്രാമത്തിന്റെ വിശുദ്ധിയും കാർഷികസമൃദ്ധിയും കാത്തു പരിപാലിക്കുന്ന ഗ്രാമീണർ. അവിടെയാണ് നമ്മുടെ കഥാനായിക ആരുഷിയും  അവളുടെ അച്ഛനും ജീവിച്ചിരുന്നത്. ആരുഷി, അവൾക്ക് ആറു വയസ് പ്രായം. പ്രസവത്തോടെ അമ്മ മരിച്ചു. കർഷകനായ അച്ഛൻ സോമചന്ദ്രനാണു അവളുടെ ഏക ആശ്രയം. സമ്പന്നരല്ലെങ്കിലും കൃഷിയിൽ നിന്നും ലഭിക്കുന്ന അന്നന്നത്തെ വരുമാനം കൊണ്ട് അവർ ജീവിച്ചു പോന്നു. ആരുഷിയുടെ കളിചിരികൾ അവരുടെ ജീവിതത്തെ വർണാഭമാക്കി. എന്നാൽ  ആ പകൽ എത്തിയ  വാർത്ത ഗ്രാമീണരുടെ സന്തോഷം മുഴുവൻ കെടുത്തിക്കളഞ്ഞു. 'തമിഴ്പ്പുലികളുടെ ആക്രമണം അയൽ ഗ്രാമത്തിലുമെത്തിയിരിക്കുന്നു. വൈകാതെ നമ്മുടെ ഗ്രാമത്തിലേക്കും അവർ എത്തിയേക്കും'. ഗ്രാമീണർ കയ്യിൽ കിട്ടിയതെടുത്ത് പലായനം ചെയ്യാൻ തുടങ്ങി. കൃഷിയെല്ലാം കരിഞ്ഞുണങ്ങി. ഭക്ഷ്യവസ്തുക്കൾക്ക് ക്ഷാമമായി. ഭൂരിഭാഗം ഗ്രാമീണരും പലായനം ചെയ്തു കഴിഞ്ഞിരിക്കുന്നു. എന്നാൽ സോമചന്ദ്രന് താൻ ജനിച്ചുവളർന്ന മണ്ണ് വിട്ട് പോകാൻ മനസ് വന്നില്ല. അവസാനം അയാളും ആരുഷിയും മാത്രം നിശബ്ദമായ ഗ്രാമത്തിൽ ബാക്കിയായി. ദാരിദ്ര്യത്തിന്റെ ദൈന്യത തന്റെ മകളുടെ മുഖത്ത് പ്രതിഫലിച്ചതു കണ്ട് അയാളുടെ മനസ് വിങ്ങി. ഗത്യന്തരമില്ലാതെ അയാളും പലായനം ചെയ്യാൻ തീരുമാനിച്ചു. ആകെ ആ വീട്ടിൽ അവശേഷിച്ചിരുന്ന ധാന്യപ്പൊടി കൊണ്ട് റൊട്ടിയുണ്ടാക്കി പൊതിഞ്ഞു കെട്ടി, മകളെയും തോളിലേറ്റി അയാൾ നടന്നുതുടങ്ങി. ഗ്രാമത്തിന്റെ അതിർത്തി കടന്നപ്പോൾ അയാൾ ഒന്നു തിരിഞ്ഞുനോക്കി. നിറഞ്ഞുവന്ന കണ്ണുകൾ തുടച്ചുകൊണ്ട് അയാൾ നടന്നുനീങ്ങി.  ഗ്രാമം കഴിഞ്ഞാൽ കുറെ വിജനമായ പ്രദേശമാണ്. നടന്ന് ക്ഷീണിക്കുമ്പോൾ ഇത്തിരി നേരം വിശ്രമിച്ചും , വിശപ്പിനെ അവഗണിച്ചും അയാൾ നടത്തം തുടർന്നു. ആരുഷിക്ക് വിശക്കുമ്പോൾ കയ്യിൽ കരുതിയ റൊട്ടിയിൽ നിന്ന് ചെറിയ ഭാഗം മകൾക്ക് കഴിക്കാൻ കൊടുത്ത് ,  സ്വന്തം വിശപ്പിനെ അവഗണിച്ച്, അവൾക്കായി അയാൾ റൊട്ടി മാറ്റിവച്ചു. നടത്തത്തിനിടയിൽ വിശപ്പിന്റെ കാഠിന്യത്താൽ അയാൾ വഴിയിൽ തളർന്നു വീണു. മരണം ഇനി അകലെയല്ലെന്ന് അയാൾ മനസ്സിലാക്കി. മരണത്തിന്റെ കയത്തിലേക്ക് വഴുതി വീഴുമ്പോഴും മകൾക്ക് വേണ്ടി മാറ്റി വെച്ച റൊട്ടി ആ അച്ഛൻ കൈയിൽ മുറുകെപ്പിടിച്ചിരുന്നു. അയാൾ പതിയെ മരണത്തിന് കീഴടങ്ങി. അച്ഛനെന്ത് പറ്റിയെന്നറിയാതെ ആരുഷി അച്ഛനടുത്ത് തന്നെയിരുന്നു. രാത്രിയായപ്പോൾ ആരുഷി അച്ഛന്റെ നെഞ്ചിൽ ചാഞ്ഞുറങ്ങി. പ്രഭാതമായപ്പോൾ അവൾ ഉണർന്നു. കണ്ണ് തിരുമ്മി ചുറ്റും നോക്കിയപ്പോൾ ഹിംസ്ര ജന്തുക്കൾ അച്ഛനെ സമീപിക്കുന്നത് കണ്ട് ഗത്യന്തരമില്ലാതെ റൊട്ടിപൊതിയുമെടുത്ത് അച്ഛനെ അവിടെ ഉപേക്ഷിച്ച് അവൾ നടന്നു നീങ്ങി. വിശക്കുമ്പോൾ മാത്രം റൊട്ടിയിൽ നിന്ന് അൽപം കഴിച്ച് അവൾ നടത്തം തുടർന്നു. റൊട്ടി തീർന്നപ്പോൾ വിശപ്പ് സഹിക്കാൻ കഴിയാതെ അവൾ സ്വന്തം മൂത്രം കുടിക്കാൻ തുടങ്ങി. ആ ആശ്രയവും തീർന്നപ്പോൾ അവൾ വിശപ്പ് കൊണ്ട് വലഞ്ഞു. വിശപ്പ് സഹിക്കാതായപ്പോൾ അവൾക്ക് സ്വബോധം നശിച്ചു തുടങ്ങി. വിശപ്പിന്റെ കാഠിന്യം കാരണം നടക്കുന്നതിനിടയിൽ വഴിയിൽ കണ്ട പച്ചിലകളെല്ലാം അവൾ പറിച്ചു തിന്നു . എന്നിട്ടും വിശപ്പ് മാറാതെ അവൾ വഴിയരുകിൽ ഉറുമ്പുകൾ അരിച്ചു കൊണ്ടിരുന്ന ഒരു പെരുച്ചാഴിയുടെ ജഡത്തെ ആർത്തിയോടെ സമീപിച്ചു

. ആ ജഡത്തിന്റെ മേൽ അരിച്ചിരുന്ന ഉറുമ്പുകളെ തട്ടി മാറ്റി, അവൾ അത് ആർത്തിയോടെ ഭക്ഷിച്ചു. അവൾ വീണ്ടും തന്റെ നടത്തം തുടർന്നു.അവൾ വീണ്ടും മുന്നോട്ടു നടന്നു. വെയിലിന്റെ തീക്ഷ്ണത അവൾക്ക് ശാപമായി അനുഭവപ്പെട്ടു. വൈകുന്നേരമായപ്പോഴേക്കും ആരുഷി ക്ഷീണിച്ചവശയായി. തനിക്കിനി ഒരടി നടക്കാനുള്ള ത്രാണിയില്ലെന്ന് അവൾ മനസിലാക്കി. എന്നാലവൾ വിശപ്പിനെതിരെ പോരാടി മുന്നോട്ട് നടക്കാൻ തീരുമാനിച്ചു. നടത്തത്തിനിടയിൽ അവൾ തളർന്ന് വീണു. ആ വീഴ്ച്ചയിൽ അവളുടെ ഇടതു കൈ മുറിഞ്ഞ് രക്തം പ്രവഹിക്കാൻ തുടങ്ങി. രക്തം വരവ് നിൽക്കും വരെ അവൾ അത് നക്കി കുടിച്ചു കൊണ്ടിരുന്നു. രക്തപ്രവാഹം നിന്നപ്പോൾ അടുത്തു കിടന്നിരുന്ന മുള്ള് കൊണ്ടവൾ ആ മുറിവ് കുത്തി കീറി വലുതാക്കി വീണ്ടും രക്തം വരുത്താൻ അവൾ ശ്രമിച്ചു. ആ മുറിവിലൂടെ വീണ്ടും രക്തം പ്രവഹിച്ചപ്പോൾ അവൾ ആർത്തി പൂണ്ട് അത് നക്കി കുടിക്കാൻ തുടങ്ങി. പക്ഷേ, അവൾ അറിഞ്ഞില്ല സ്വന്തം ശരീരം കുത്തി കീറാൻ ഉപയോഗിച്ച മുള്ള് വിഷമയമായ മുള്ളായിരുന്നു എന്ന സത്യം. പെട്ടെന്ന് അവളുടെ കാഴ്ച്ച മറയാൻ തുടങ്ങി. പതിയെ പതിയെ അവൾ ബോധരഹിതയായി. "ഇത്രയും പറഞ്ഞ് വർഷ നെടുവീർപ്പിട്ടു. " എന്നിട്ടെന്തുണ്ടായി ? ബാക്കി പറ.... " വർഷ കഥ പറയുന്നത് നിർത്തിയത് കണ്ട് ഗീത ചോദിച്ചു. വർഷ തുടർന്നു ... "ആ വഴിയിലൂടെ പലായനം ചെയ്തവർ ആരുഷിയെ കാണുകയും അവളെ ആശുപത്രിയിലാക്കുകയും ചെയ്തു. ആശുപത്രി അധികൃതർ അവളെ അനാഥാലത്തിലാക്കി. അനാഥാലയത്തിൽ നിന്ന് നല്ലവരായ ദമ്പതികൾ ആരുഷിയെ ഏറ്റെടുത്ത് സ്വന്തം മകളെ പോലെ വളർത്തി. കഥ പറഞ്ഞ് കഴിഞ്ഞപ്പോൾ അവൾ കൂട്ടുകാരെ നോക്കി പുഞ്ചിരിച്ചു. " ടീ, നിന്റെ കഥ പൊളിച്ചൂട്ടോ....." നിഖിൽ അഭിപ്രായപ്പെട്ടു.  "വർഷേ, ഞാനൊരു കാര്യം ചോദിക്കട്ടെ ?" അത്രയും നേരം നിശബ്ദനായിരുന്ന വിഷ്ണു ചോദിച്ചു. " എന്താ വിഷ്ണു? " വർഷ നെറ്റിചുളിച്ച് അവനെ സാകൂതം നോക്കി. "നീ തന്നെയാണോ ആ കഥയിലെ ആരുഷി ? " " ഒന്നു പോയെടാ ! നിനക്ക് വേറെ പണിയില്ലേ, നീ തമാശ പറയാനൊക്കെ തുടങ്ങീലോ...... " വിഷ്ണുവിനെ ഒരു പുഞ്ചിരിയോടെ നേരിട്ടശേഷം തന്റെ കൺകോണിൽ നിന്നൂറി വന്ന കണ്ണുനീർ ആരും കാണാതെ അവൾ തുടച്ചുമാറ്റി ! കാലം മായ്ക്കാത്ത തന്റെ  ഇടതു കൈയിലെ മുറിപ്പാട് അവൾ സുഹൃത്തുക്കളിൽ നിന്ന് മറച്ചു പിടിച്ചു !!!



റെയ്‌ഹാന കെ ബി
8D എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ