എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ പരിസ്ഥിതി
കൊറോണക്കാലത്തെ പരിസ്ഥിതി
വ്യക്തികളുടെയും മനുഷ്യ സമൂഹത്തിന്റെയും ജീവന്റെ നിലനിൽപിന് മനുഷ്യ സമൂഹം സടകുടഞ്ഞ് എഴുന്നേൽക്കണമെന്ന് ഓർമ്മിപ്പിക്കുന്നതാണ് കൊവിഡ് വൈറസ്ബാധ. ജീവിതരീതികളിലെ തെറ്റായ ശൈലികളിൽ നിന്ന് പിൻമാറി സമൂഹത്തിന് ദ്രോഹകരമായ ജീവിതീതികളിൽ നിന്നും പിന്തിരിയാൻ കഴിയട്ടെ ഓരോരുത്തർക്കും. എന്തായാലും ഇപ്പോൾ ലോക്ക്ഡൗൺ പതിനെട്ടു ദിവസം പിന്നിടുമ്പോൾ പ്രകൃതിയാലും പരിസ്ഥിതിയാലും പ്രതീക്ഷയുടെ കിരണങ്ങൾ കണ്ടു തുടങ്ങിയിട്ടുണ്ട്. സമീപകാലത്തൊന്നും കാണാത്തത്ര അണ്ണാനും, കീരിയും ഓന്ത് വർഗ്ഗങ്ങളും വിവിധയിനം പക്ഷിവർഗ്ഗങ്ങളും പരിസരങ്ങളിൽ കാഴ്ചചയായി തുടങ്ങിയിരിക്കുന്നു. പുലർകാലത്ത് കിളികളുടെ കളകളശബ്ദങ്ങളോടെ ഉറക്കമുണരാൻ കഴിയുന്നു. നിത്യസന്ദർശകരല്ലാത്ത ഒരുപാടിനം പറവകൾ തലങ്ങും വിലങ്ങും പറക്കുന്നു. നാട് വിട്ടെന്ന് കരുതിയിരുന്ന പലതരം കിളികൂട്ടങ്ങൾ വീണ്ടും വിരുന്നെത്തുന്നു. വ്യവസായശാലകളുടെയും ലക്ഷകണക്കിന് വാഹനങ്ങളുടെയും പുകകുഴലുകൾ നിശ്ചലമായതോടെ അന്തരീക്ഷം ആകെ തെളിഞ്ഞിരിക്കുന്നു. തെളിവാർന്ന പ്രാണവായു ശ്വസിക്കാൻ കഴിയുന്നു. ജലസ്തോതസ്സുകൾ തെളിഞ്ഞു. തോടുകളും പുഴകളും അഴുക്കില്ലാതെ ഒഴുകുന്നു. വൃക്ഷങ്ങളും സസ്യജാലങ്ങളും നവോന്മേഷം കൈവരിച്ചിരിക്കുന്നു. ആരും മണൽ വാരുന്നില്ല. മരം വെട്ടുന്നില്ല. പാറ പൊട്ടിക്കുന്നില്ല. പാടവും തോടും നികത്തുന്നില്ല, വനം കൈയേറുന്നില്ല, കുന്നുകൾ ഇടിച്ചു നിരത്തുന്നില്ല. പ്രകൃതി മനുഷ്യന്റെ ദുരവസ്ഥ കൊണ്ട് കൈവിട്ട് പോയ സന്തുലിതാവസ്ഥ തിരിച്ചുപിടിച്ചിരിക്കുന്നു. ഈ ദുരന്തത്തെ നമ്മൾ അതിജീവിച്ചതിനു ശേഷവും പ്രകൃതിയെ നമ്മൾ ഇതുപോലെ നിലനിർത്താൻ പ്രയത്നിക്കണം. പ്രകൃതിയെ നമ്മൾ സ്നേഹിച്ചാൽ പ്രകൃതി നമുക്ക് ആവശ്യമായതെല്ലാം തരും. മറിച്ചാണെങ്കിൽ പ്രളയവും മഹാമാരികളും ഇനിയും നമ്മൾ നേരിടേണ്ടി വരും. നല്ലൊരു പ്രകൃതി സ്നേഹിയായി നമുക്ക് ഓരോരുത്തർക്കും മാറാൻ കഴിയട്ടെ. നോവൽ കൊറോണ വൈറസ് അഥവാ കോവിഡ്-19 മനുഷ്യനിൽ നിന്ന് മനുഷ്യരിലേക്ക് അതിവേഗം പകർന്നുകൊണ്ടിരിക്കുന്ന രോഗമാണ് കൊറോണ വൈറസ്. ലോകത്തെയാകെ പിടിച്ചു കുലുക്കി കൊറോണ അതിവേഗം പടർന്നു പിടിക്കുകയാണ്. ചൈനയിലെ വുഹാൻ നഗരത്തിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. ഇതിനുശേഷം ഈ രോഗം അമേരിക്ക, ഇറ്റലി, സ്പെയിൻ, ഫ്രാൻസ് എന്നിവിടങ്ങളിലുമെത്തി അതിസമ്പന്ന രാജ്യങ്ങൾ എന്ന് അഹങ്കരിച്ചിരുന്ന ഈ രാജ്യങ്ങൾ പോലും എന്ത് ചെയ്യണം എന്നറിയാതെ കൊറോണക്ക് മുന്നിൽ പകച്ചു നിൽക്കുന്നു. 2020 ജനുവരി 30 നാണ് കൊറോണ ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത്. അത് കേരളത്തിലെ തൃശൂർ ജില്ലയിലാണ്. ചൈനയിൽ വൈദ്യപഠനത്തിനുപോയി തിരിച്ചുവന്ന വിദ്യാർത്ഥിനിക്കാണ് അസുഖം ബാധിച്ചത്. പിന്നീട് രോഗികളുടെ എണ്ണം പടർന്നു. സംശയമുള്ളവരെ നിരീക്ഷണത്തിലാക്കി. ആരോഗ്യരംഗത്ത് കേരളം ലോകത്തിനുതന്നെ മാതൃകയായിക്കൊണ്ടിരിക്കുന്നു. 90 വയസ്സിനു മുകളിൽ പ്രായമുള്ളവർ വരെ രോഗമുക്തി നേടി. ലോകത്ത് തന്നെ ഇത് ആദ്യമായി ആണ്. ആരോഗ്യപ്രവർത്തകരും പോലീസും മറ്റു ഭരണസംവിധാനങ്ങളുമെല്ലാം തന്നെ ഒത്തൊരുമിച്ചു നടത്തുന്ന മുന്നേറ്റം പ്രശംസനീയം ആണ്. ഈ മഹാമാരിയെ നമ്മൾ പിടിച്ചു കെട്ടുക തന്നെ ചെയ്യും. അതിന് ഭരണസംവിധാനങ്ങൾ മാത്രം പോരാ.... നമ്മൾ ഓരോരുത്തരും സ്വയം കരുതണം. ജാഗ്രതയോടെ നമുക്ക് മുന്നേറാം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 27/ 09/ 2024 >> രചനാവിഭാഗം - ലേഖനം |