എൽ.എം.എസ്.എൽ.പി.എസ്. മംഗലത്തുകോണം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

125 വർഷങ്ങൾക്കു മുമ്പ് അർക്കനാശാൻ നടത്തിയ കുടിപ്പള്ളിക്കൂടം കാലാന്തരത്തിൽ പള്ളിയായും എൽ. എം. എസ്. എൽ. പി. സ്കൂളായും പരിണമിച്ചു. ഇതിനായി സ്ഥലം നൽകിയത് എള്ളുവിള കാരണവരായിരുന്ന ശ്രീ. മല്ലൻപ്നാറ്റി എന്ന മഹാമനസ്കൻ ആയിരു ന്നു.48 ഏക്കർ ഭൂമി കൈവശം വെച്ച് അനുഭവിച്ച് മംഗളമായി കഴിഞ്ഞിരുന്ന അവരുടെ തറവാട് സ്ഥിതിചെയ്തിരുന്ന കോണം (സ്ഥലം) മംഗളംകോണം എന്ന് വിളിക്കപ്പെട്ടു. പിന്നീട് തിരുവിതാംകൂർ ദിവാനായിരുന്ന ശ്രീ. മാധവറാവുവിന്റെ ഭരണകാലത്തെ കച്ചേരി രേഖകളിൽ ഇതിനെ മംഗലത്തുകോണം എന്ന് രേഖപ്പെടുത്തിയെന്നും അങ്ങനെയാണ് മംഗലത്തുകോണം എന്ന പേര് സാർവത്രികമായതെന്നുമാണ് ശ്രീ. മല്ലൻപ്നാറ്റിയുടെ ഇളമുറക്കാരുടെ വിശദീകരണം.തെക്കൻതിരുവിതാംകൂറിൽ സുവിശേഷം അറിയിക്കുക എന്ന ഉദ്ദേശ്യത്തോടെ ലണ്ടൻ മിഷൻ സൊസൈറ്റി അയച്ച റവ.സാമുവൽ മെറ്റിയർ എന്ന മിഷണറി തിരുവനന്തപുരം ജില്ലയുടെ പല ഭാഗങ്ങളിലും അനേകം സഭകളും സ്കൂളുകളും സ്ഥാപിച്ചു .1886 ൽ മെറ്റിയർ മിഷ്ണറിയുടെ പ്രവർത്തനങ്ങളുടെ ഫലമായി ഈ കുടിപ്പള്ളിക്കൂടത്തിൽ ആരാധനകൾക്ക് ആരംഭം കുറിച്ചു. തുടർന്ന് 1915 - ൽ ഇത് ഒരു ലോവർ പ്രൈമറി സ്കൂളായി പരിണമിച്ചു. അതിനുശേഷം പള്ളിയുടെയും സ്കൂളിന്റെയും വികസനത്തിനായി ശ്രീ. ശങ്കരപണിക്കരുടെ പക്കൽനിന്ന് 65 സെന്റ് സ്ഥലം സമ്പാദിച്ച് അവിടെ ഒരു കെട്ടിടം നിർമ്മിച്ചു. ഓലമേഞ്ഞ ഈ കെട്ടിടത്തിൽ വച്ച് ഞായറാഴ്ച ദിവസങ്ങളിൽ ആരാധനയും മറ്റ് ദിവസങ്ങളിൽ സ്കൂൾ ക്ലാസ്സുകളും നടത്തി വന്നു. സ്കൂൾ അഭിവൃദ്ധി പെട്ടപ്പോൾ ഈ കെട്ടിടത്തോട് ചേർന്ന് പടിഞ്ഞാറുവശത്തായി ഒരു ഹാൾ നിർമ്മിച്ചു. അതോടെ ഈ കെട്ടിടത്തിന് 'T' ആകൃതി കൈവന്നു. കാലക്രമേണ ഈ കെട്ടിടത്തിൽ ആരാധനയും സ്കൂളും ഒരുമിച്ച് നടത്തുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടായി. അങ്ങനെ തൽസ്ഥാനത്ത് പുതിയ ആലയം നിർമ്മിക്കുകയും സ്കൂളിന്റെ സുഗമമായ നടത്തിപ്പിനായി പള്ളിയുടെ തെക്കുഭാഗത്ത് സ്കൂൾ കെട്ടിടം നിർമ്മിക്കുകയും ചെയ്തു. 2017 -ൽ ഉണ്ടായ ഓഖി കൊടുങ്കാറ്റിനെ തുടർന്ന് അപകടാവസ്ഥയിലായ പഴയ സ്കൂൾ കെട്ടിടം പൊളിച്ചുമാറ്റി അതേ സ്ഥലത്ത് ദക്ഷിണകേരള മഹായിടവക എല്ലാവിധ ഡിജിറ്റൽ സൗകര്യങ്ങളോടുകൂടിയ ഇന്നു കാണുന്ന പുതിയ ബഹുനില മന്ദിരം നിർമ്മിച്ചു.2020- മാർച്ച് 4-ന് മോസ്റ്റ് റവ. എ.ധർമ്മരാജ്‌ റസാലംതിരുമേനി പുതിയ ബഹുനില മന്ദിരം ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിച്ചു. അർക്കനാശാന്റെ കുടിപ്പള്ളിക്കൂടത്തിൽ നിന്നാരംഭിച്ച് റവ.സാമുവൽ മെറ്റിയർ മിഷനറിയിലൂടെ വളർന്ന് പല പടവുകൾ കയറി എൽ. എം. എസ്. എൽ. പി. എസ്. മംഗലത്തുകോണം ഇന്നും വളർന്നുകൊണ്ടിരിക്കുകയാണ്.