എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള/അക്ഷരവൃക്ഷം/ഒരു ലോക്ക് ഡൗൺ ദിനം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു ലോക്ക് ഡൗൺ ദിനം

വിശന്ന് പൊരിഞ്ഞ വയറുമായി സോനു തന്റെ കൊച്ചു പൂന്തോട്ടത്തിലേയ്ക്ക് ഓടി .വലിയ പ്രതീക്ഷയോടെ തൂവാലൻ തുമ്പിക്ക് പിന്നാലെ കൂടി .തുമ്പിയെക്കൊണ്ട് കല്ലെടുപ്പിയ്‌ക്കണം .അസ്തമന സൂര്യന്റെ കിരണങ്ങളേറ്റ് പൂന്തോട്ടമാകെ മഞ്ഞളിയ്ക്കുവാൻ തുടങ്ങി .പൂമ്പാറ്റകൾ ,കുഞ്ഞിക്കിളികൾ ഇങ്ങനെ ഒന്നിന് പുറകെ മറ്റൊന്നായി അങ്ങോട്ടുമിങ്ങോട്ടും വട്ടമിട്ട് പറക്കുന്നു .സോനു കുനിഞ്ഞ് തറയിൽ നിന്നും ഒരു കല്ലെടുത്തു .എങ്ങോട്ടേയ്ക്കെന്നില്ലാതെ ഒറ്റ ഏറ് .പെട്ടന്ന് അവന്റെ കണ്ണുകൾ നിറഞ്ഞു . വീട്ടിനുള്ളിലേക്ക് കയറാൻ മടി തോന്നി .അടുക്കള വാതിലിൽ കലങ്ങിയ കണ്ണുകളുമായി ഒരേ ഇരിപ്പാണ് 'അമ്മ .മാലയും വളയും ഒന്നുമില്ല അമ്മയ്‌ക്ക്‌ .അച്ഛനെ ഗൾഫിലയയ്ക്കാൻ സന്തോഷത്തോടെ ഊരി കൊടുത്തതാ .ഏഴെട്ട്‌ മാസത്തോളം പണി കിട്ടാതെ അലഞ്ഞു .പച്ച പിടിച്ച് തുടങ്ങിയപ്പോഴേയ്ക്കും ഒരു കൊറോണ എന്ന് പറഞ്ഞ് അമ്മ കരയുന്നുമുണ്ട് .

നന്നേ വിശക്കുന്നു .തൊട്ടടുത്ത വീട്ടിലെ നഴ്‌സാന്റിയുടെ മക്കളുണ്ടായിരുന്നെങ്കിൽ എന്തെങ്കിലും കിട്ടുമായിരുന്നു .പക്ഷെ മാളുവും മനുവും അമ്മച്ചിയുടെ വീട്ടിലാണ് . നഴ്‌സാന്റിയുടെ വീട്ടിൽ ആർക്കും പ്രവേശനമില്ല .ക്വാറന്റയീനാണ് . മഞ്ഞയോ പിങ്കോ കാർഡായിരുന്നെങ്കിൽ നേരത്തെ തന്നെ റേഷൻ കിറ്റ് കിട്ടുമായിരുന്നു .കഞ്ഞി കുടിച്ച് മടുത്തു .പക്ഷെ ഹിന്ദിക്കാരി അമ്മൂമ്മയ്‌ക്കൊപ്പം വരുന്ന ആ കുട്ടി എപ്പോ കിട്ടിയാലും ചൂടു കഞ്ഞി ഒറ്റവലിക്കല്ലേ മോന്തിക്കുടിക്കുന്നത് .ഇന്നലെ ആ മെമ്പർ മാമനും കൂട്ടരും ചേർന്ന് ചുറ്റും എല്ലാ വീടുകളിലും കിറ്റുകൾ നൽകി .ഗൾഫ് കാരന്റെ വീടെന്ന കാരണത്താൽ അതും നഷ്ടമായി .

പെട്ടെന്ന് നഴ്‌സാന്റിയുടെ മതിലിനടുത്ത് ചിതറിക്കിടക്കുന്ന പത്രങ്ങൾ അവന്റെ ശ്രദ്ധയിൽപ്പെട്ടു .അവനതെടുത്ത് വായിക്കാൻ തുടങ്ങി ."കുഞ്ഞുവാവയെ കൈകളിൽ വച്ചു കണ്ടശേഷം കൊറോണ ബാധിച്ച അമ്മ എന്നന്നേയ്‌ക്കുമായി കണ്ണുകളടച്ചു ."വാവയ്ക്ക് ഇനി അമ്മയില്ല .സോനു പറഞ്ഞു .അവന്റെ പരിഭവങ്ങൾ എങ്ങോ പറന്നു പോയി .അമ്പരപ്പിക്കുന്ന മറ്റൊരു വാർത്ത അവനെ തടഞ്ഞു -'ഓസോൺ പാളിയിലെ ദ്വാരം അടഞ്ഞു .'പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ടീച്ചർ പഠിപ്പിച്ച കാര്യങ്ങൾ അവന്റെ മനസ്സിൽ മിന്നിമറഞ്ഞു . അവൻ നെടുവീർപ്പിട്ടു .ഇനി എല്ലാം നേരെയാകും .ഇതുപോലെ കോറോണയും നശിക്കും അച്ഛൻ പണമയയ്‌ക്കും ................................................................................അങ്ങനെ ഒരുപാട്‌ ശുഭ പ്രതീക്ഷകളുമായി സോനു വീട്ടിനുള്ളിലേക്ക് കയറി വാതിലടച്ചു .

അക്ഷര എസ് ജെ
6 B എൽ എം എസ് എച്ച് എസ് എസ് അമരവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കഥ