എൻ എസ് എസ് വി എച്ച് എസ് എസ് മുണ്ടത്തിക്കോട്/അക്ഷരവൃക്ഷം/ഒരു വേനലവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു വേനലവധിക്കാലം

മുറ്റത്ത് സൈക്കിൾ ചവിട്ടുകയായിരുന്ന സച്ചുവിനോട് അമ്മ വിളിച്ചു പറഞ്ഞു : "സച്ചു അച്ഛനെ ലീവ് കിട്ടിയെടാ.." സന്തോഷത്തോടെ ചേച്ചി പറഞ്ഞു: ഇപ്രാവശ്യത്തെ വെക്കേഷൻ നമുക്ക് അടിച്ചുപൊളിക്കണം. അച്ഛൻ പറഞ്ഞിരുന്നല്ലോ ഈ വരവിന് നമ്മളെ മൈസൂരിൽ കൊണ്ടുപോകാം എന്നും അവിടത്തെ കൊട്ടാരവും മൃഗശാലയും പൂന്തോട്ടവും എല്ലാം കാണിച്ചു തരാമെന്നും.

സച്ചൂട്ടന് സന്തോഷമായി . അവൻ മനസ്സിലോർത്തു . ഇപ്രാവശ്യത്തെ വിഷു സൂപ്പർ ആവും. പടക്കം പൊട്ടിക്കാനും കണി കാണാനും ഒക്കെ അച്ഛൻ ഉണ്ടാവും. ഒരു 100 രൂപയെങ്കിലും വിഷുക്കൈനീട്ടമായി അച്ഛന്റെ കയ്യിൽ നിന്ന് വാങ്ങിക്കണം. അവന്റെ മനസ്സിൽ ലഡ്ഡു പൊട്ടി . "സച്ചു നമുക്ക് എന്തൊക്കെയാണ് കൊണ്ടുവരേണ്ടത് എന്ന് അച്ഛൻ ചോദിച്ചത്രേ, ഇനി വെള്ളിയാഴ്ച വിളിക്കാം എന്ന് പറഞ്ഞിട്ടുണ്ട് "ചേച്ചി പറയുന്നത് കേട്ട് അവൻ മനസ്സിലോർത്തു . ഞാനൊരു റിമോട്ട് കാർ കൊണ്ടുവരാൻ പറഞ്ഞിരുന്നല്ലോ. ഇനി വിളിക്കുമ്പോൾ ഒന്നുകൂടി ഓർമ്മിപ്പിക്കാം . അച്ഛൻ വരുന്ന വിവരം കൂട്ടുകാരെയെല്ലാം അറിയിക്കണം . അവൻ സൈക്കിളുമെടുത്ത് പുറത്തേക്കിറങ്ങി . അപ്പോൾ അമ്മ വിളിച്ചു പറയുന്നുണ്ടായിരുന്നു , റോഡിൽ നിറയെ വണ്ടികൾ കാണും .

വെള്ളിയാഴ്ച രാവിലെ നീണ്ട ഫോൺ അടി ശബ്ദം കേട്ട് അവൻ പാതിമയക്കത്തിൽ എണീറ്റ് കിടക്കുമ്പോൾ അമ്മ അച്ഛനോട് ഫോണിൽ സംസാരിക്കുകയാണ് . അവൻ കിടക്കയിൽ നിന്ന് എഴുന്നേൽക്കാതെ അമ്മയോട് ഉറക്കെ വിളിച്ചു പറഞ്ഞു, "അമ്മേ . എന്റെ റിമോട്ട് കാറിൻറെ കാര്യം പറയണേ.." കുറച്ചുനേരം കഴിഞ്ഞ് അമ്മ തന്ന ചായ കുടിക്കുമ്പോൾ അവൻ അമ്മയോട് ചോദിച്ചു, "റിമോട്ട് കാറിന്റെ കാര്യം പറഞ്ഞില്ലേ? അച്ഛൻ വാങ്ങിച്ചോ?" അമ്മ ദേഷ്യത്തോടെ പറഞ്ഞു, " വിമാനം ഒക്കെ നിർത്താൻ പോവുകയാണ് , അച്ഛനെ വരാൻ തന്നെ സാധിക്കുമോ എന്ന് സംശയമാണ്. പിന്നെയാണ് അവന്റെ റിമോട്ട് കാർ ". വീർത്ത മുഖവുമായി അമ്മ അടുക്കളയിലേക്ക് പോയി അവൻ ചേച്ചിയോട് ചോദിച്ചു , "ചേച്ചി , അമ്മയ്ക്ക് എന്തു പറ്റി?" ചേച്ചി പറഞ്ഞു, "ലോകം മുഴുവൻ കൊറോണയാണത്രേ... കേരളത്തിലും എത്തിയത്രേ ..." ചേച്ചിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. എന്താണ് ഈ കൊറോണ എന്ന് ചോദിക്കുമ്പോഴേക്കും മുത്തശ്ശി പറയുന്നത് കേട്ടു . "ഈശ്വരാ ...എന്റെ കുട്ടിക്ക് ഒരു ആപത്തും വരുത്തല്ലേ .."എന്തിനെന്നറിയാതെ അവന്റെ കണ്ണുകളും അപ്പോൾ നിറഞ്ഞിരുന്നു.

ശ്രേയ എ എസ്
8C എൻ എസ്സ് എസ്സ് വി എ ച്ച് എസ്സ് എസ്സ് മുണ്ടത്തിക്കോട്
വടക്കാഞ്ചേരി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 22/ 01/ 2022 >> രചനാവിഭാഗം - കഥ