എൻ എസ്സ് എസ്സ് എച്ച് എസ്സ് എസ്സ് ആലക്കോട്/അക്ഷരവൃക്ഷം/അറിയാതെ:പറയാതെ
അറിയാതെ:പറയാതെ
ഇരുപതു നിലഫ്ലാറ്റിന്റെ മൂന്നാം നിലയിൽ ബാൽക്കണിയുടെ അടുത്ത് ചാരുകസേരയിലിരുന്ന് താഴെയുള്ള കാഴ്ചകൾ കാണുകയാണ് വർക്കിയപ്പാപ്പൻ. പുറത്ത് നല്ല തിരക്കുണ്ട്. ജോലി കഴിഞ്ഞ് ആളുകൾ വണ്ടിയിൽ ചീറിപ്പാഞ്ഞ് പോവുകയാണ്. നടന്നു പോകുന്നവരുടെ കൂട്ടത്തിൽ തനിക്ക് പരിചിതവും അല്ലാത്തതുമായ മുഖങ്ങളുണ്ട്. വീട്ടിൽ വേലക്കാരിയും അപ്പാപ്പനും മാത്രമേ ഉള്ളൂ.മകനും മരുമകളും ഓഫീസിൽ നിന്നും കൊച്ചുമകൾ സ്കൂളിൽ നിന്നും വരാൻ നേരമായി.ഇന്നു കൂടിയേ ഞാനുണ്ടാവൂ എന്നു വേലക്കാരി പറഞ്ഞു.എന്തുകൊണ്ടാണെന്ന് അപ്പാപ്പൻചോദിക്കാൻ നിന്നില്ല.ആ ഇരിപ്പിൽ അപ്പാപ്പൻ ഉറങ്ങിപ്പോയി.ഉണർന്നത് ഒമ്പത് മണിക്കാണ്. ചുറ്റും നോക്കിയപ്പോൾ മരുമകൾ ടി വി കാണുന്നു.കൊച്ചുമകൾ ഫോണിൽ തോണ്ടുന്നു.മകൻ തന്റെ ജോലിയിൽ മുഴുകിയിരിക്കുന്നു.
വല്ലാത്ത ദാഹം തോന്നി മകളോട് കുറച്ചു വെള്ളം ചോദിച്ചു.അവൾക്ക് അത് അത്ര രസിച്ചില്ല.ടി വി നിർത്തി അവൾ മകന്റെ റൂമിലേക്ക് കയറിച്ചെന്നു.വലിയ ബഹളം കേട്ട് അപ്പാപ്പൻ തപ്പിത്തടഞ്ഞ് റൂമിന്റെ വാതിൽക്കൽ ചെന്നു.മകളുടെ ഉച്ചത്തിലുള്ള സംസാരം ഒന്നു ശ്രദ്ധിച്ചു. "വല്ല ഇറ്റലിയിലോ അമേരിക്കയിലോ ആയിരുന്നെങ്കിൽ അങ്ങ് തീർന്നു കിട്ടിയേനേ ". പിന്നെ മകന്റെ ഒച്ച ഉയർന്നു. അപ്പാപ്പൻ തന്റെ കട്ടിലിനടുത്തേക്ക് നടന്നു.മകൾ എന്താണു പറഞ്ഞതൊന്നും ഇതുവരെയും അപ്പാപ്പന് പിടി കിട്ടിയില്ല. പിറ്റേന്ന് രാവിലെ നഗരം നിശബ്ദമായിരുന്നു. പതിവിന് വിപരീതമായി എല്ലാവരെയും വീട്ടിൽ കണ്ടതുകൊണ്ട് അപ്പാപ്പൻ റൂമിൽ നിന്ന് പുറത്തിറങ്ങിയില്ല.അല്ലെങ്കിലേ മരുമകൾ റൂമിന് പുറത്തിറങ്ങാൻ സമ്മതിക്കുന്നില്ല. എങ്ങനേലും പുറത്തിറങ്ങിയാൽ പറയും: "അച്ഛനവിടെവിടേലും അടങ്ങിയിരുന്നുടെ ?"ദിവസങ്ങൾ കടന്നു പോയി.ഇടയ്ക്കിടെ "ഇറ്റലിയിലോ അമേരിക്കയിലോ ആയിരുന്നെങ്കിൽ " ആവർത്തിച്ചു.അപ്പാപ്പന് മനസ്സിലായില്ല.മരുമകളെ പേടിച്ച് ചോദിക്കാനും പോയില്ല.ഇടയ്ക്കൊരു ദിവസം അവളുടെ അനിയൻ അപ്പു വീട്ടിൽ വന്നു. പരിഭ്രമിച്ചായിരുന്നു അവന്റെ വരവ്. അവന്റെ പുറത്ത് വലിയ വടികൊണ്ട് അടി കിട്ടിയ ചുവന്ന പാടുണ്ടായിരുന്നു.അപ്പുവിന് അപ്പാപ്പനെയും അപ്പാപ്പന് അപ്പുവിനെയും വലിയ കാര്യമാണ്.എങ്ങനെയാ നിന്റെ പുറത്ത് ചുവന്ന പാടു വന്നത് എന്ന് അപ്പാപ്പൻചോദിച്ചപ്പോൾ അപ്പു പറഞ്ഞു: "പുറത്തിറങ്ങിയേന് എന്നെ പോലീസ് തല്ലി താ." അപ്പാപ്പന് കാര്യം പിടികിട്ടിയില്ല.അപ്പാപ്പൻ അപ്പുവിനെക്കൊണ്ട് തന്റെ റേഡിയോ തപ്പിയെടുപ്പിച്ചു. റേഡിയോ വാർത്ത വായനക്കാരൻ പറയുന്നത് അപ്പാപ്പൻ ശ്രദ്ധിച്ചു: "രാജ്യത്താകമാനം കൊറോണ വൈറസ് ബാധിച്ചിരിക്കുകയാണ് ഇറ്റലിയിൽ ഇന്നു മരണപ്പെട്ടത് അറുനൂറിലേറെപ്പേരാണ്.പ്രധാനമന്ത്രി രാജ്യത്ത് ഇരുപത്തിയൊന്നു ദിവസത്തെ ലോക്ക് ഡൗൺ നിർദ്ദേശിച്ചിരിക്കുകയാണ്..... "
മകൾ പറഞ്ഞതിന്റെ അർഥം അപ്പാപ്പന് മനസ്സിലായി.ആ മനസ്സ് ഒരു നിമിഷം തേങ്ങി.നേരിയ വിതുമ്പലിന്റെ ശബ്ദം റൂമിന് പുറത്ത് കേൾക്കാമായിരുന്നു. മകനും അപ്പുവും പലതവണ നിർബന്ധിച്ചിട്ടും അപ്പാപ്പൻ അന്ന് ഭക്ഷണം കഴിക്കാൻ കൂട്ടാക്കിയില്ല.പിറ്റേന്ന് രാവിലെ പല തവണ കൊച്ചുമകൾ തട്ടി വിളിച്ചിട്ടും അപ്പാപ്പൻ എഴുന്നേറ്റില്ല. മകൻ അപ്പാപ്പന്റെ കൈ പിടിച്ചു നോക്കി.തണുത്ത് മരവിച്ചിരുന്നു.ആശുപത്രിയിൽ കൊണ്ടു ചെന്നു.ഹൃദയാഘാതമായിരുന്നു. മകൾ ഇതു കേട്ടുകൊണ്ട് അടുത്തു നിൽപ്പുണ്ടായിരുന്നു. ഒരു നിമിഷം അവളുടെ കണ്ണുകൾ ഈറനണിഞ്ഞു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ