എൻ.എസ്.എസ്.യു.പി.എസ് ഉപ്പട/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെടുന്ന നിലമ്പൂർ ഉപജില്ലയിലെ ഉപ്പട എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എൻഎസ്എസ് യുപിസ്കൂൾ ഉപ്പട. 1952 ൽ ദീർഘ ദർശികൾ ആയ ഏതാനും വ്യക്തികൾ ചേർന്ന് ആരംഭിച്ച ഈ സ്കൂൾ പിന്നീട് നായർ സർവീസ് സൊസൈറ്റി ഏറ്റെടുത്തു. അക്കാലത്ത് ഈ പ്രദേശത്തെ ജനങ്ങൾക്ക് ഏക ആശ്രയമായ വിദ്യാലയവും ഉപ്പട എൻഎസ്എസ് യുപിസ്കൂൾ ആയിരുന്നു. ഈ അധ്യയന വർഷത്തോടെ 70 വർഷങ്ങൾ പൂർത്തിയാക്കുന്ന ഈ സ്കൂളിൽ ഇന്ന് എഴുന്നൂറോളം കുട്ടികളും 24 അധ്യാപകരും മറ്റ് ജീവനക്കാരും ഉണ്ട്. കേരളത്തിലെ മറ്റ് പൊതുവിദ്യാലയങ്ങൾ പോലെ തന്നെ ഗുണമേന്മാ വിദ്യാഭ്യാസം ഉറപ്പുവരുത്താൻ പ്രതിജ്ഞാബദ്ധമാണ് ഉപ്പട എൻ എസ് യു പി സ്കൂളും.

സ്വതന്ത്രഭാരതത്തിൽ 1950- 51 കാലഘട്ടത്തിൽ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന നിലമ്പൂരിൽ നിന്നും ഏകദേശം പതിനെട്ട് കി.മീ. അകലെ ഘോരവനത്തിനു നടുവിൽ ഉപ്പട എന്ന പ്രദേശത്ത് വസിച്ചിരുന്ന ഏതാനും കൃഷിക്കാരുടെയും കർഷകത്തൊഴിലാളികളുടെയും കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് യാതൊരു സൗകര്യങ്ങളും ഇല്ലാതിരുന്ന കാലം.

ഏകദേശം 7 കി. മീറ്ററിൽ കൂടുതൽ ദൂരം വരുന്ന ചുങ്കത്തറയിൽ മാത്രമാണ് അന്നൊരു വിദ്യാലയം ഉണ്ടായിരുന്നത്. എന്നാൽ വന്യമൃഗങ്ങൾ ഉള്ള കാട്ടിൽകൂടി തങ്ങളുടെ കുഞ്ഞുങ്ങളെ അത്രയും ദൂരം പറഞ്ഞുവിടാൻ ആരുംതന്നെ മനസ്സു വെച്ചില്ല. ആയതിനാൽ ഇതിനൊരു ശാശ്വത പരിഹാരം എന്ന നിലയ്ക്ക് ഈ നാട്ടിലെ കൃഷിക്കാരിൽ പ്രധാനികളായിരുന്ന ജനാബ് കാർകുഴിയിൽ മൊയ്തീൻ കുട്ടി സാഹിബ്. പൊട്ടൻ ചാലിൽ ഉണ്ണിമുഹമ്മദ് കുട്ടി മുസ്ലിയാർ, ശ്രീ. കളരിക്കൽ ചിന്നൻനായർ, ശ്രീ. കളരിക്കൽ ശങ്കരൻ നായർ, വട്ടോളി കോടക്കുട്ടി, കളത്തിങ്കൽ കുട്ടികൃഷ്ണൻ നായർ, പാലിയേക്കര കണ്ണൻനായർ, ഒടുങ്ങാട്ട് രാമൻ നായർ, പെരിച്ചാത്ര കുമാരൻ, ഈയക്കാടൻ വേലു, കാർകുഴിയിൽ ഉണ്ണീൻ എന്നിവരടങ്ങുന്ന ഒരു കമ്മിറ്റി രൂപീകരിച്ചു. ഇപ്പോൾ സ്കൂൾ നിൽക്കുന്ന സ്ഥലത്ത് 40 അടി നീളത്തിൽ ഒരു ഷെഡ് നിർമിച്ച് അതിൽ 20 കുട്ടികളെ പരേതനായ ശ്രീധരൻ മാസ്റ്റർ പഠിപ്പിക്കുകയും തുടർന്ന് 1952 -ൽ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനാബ് കബീർ സാഹിബ് ഒന്നാം ക്ലാസ് അനുവദിക്കുകയും ചെയ്തു.

1953 മുതൽ ശ്രീ. കളരിക്കൽ ചിന്നൻനായർ തുടർന്ന് അദ്ദേഹത്തിന്റെ മകൻ കുട്ടൻ നായർ എന്നിവരുടെ മാനേജ്മെൻറ് ലാണ് വിദ്യാലയം പ്രവർത്തിച്ചിരുന്നത്. 1963 ഇത് ഒരു യുപി സ്കൂളായി ഉയർന്ന് മലപ്പുറം ജില്ലയിലെ ഒരു ഒന്നാംകിട സ്കൂൾ ആയി മാറി.

1976 ശ്രീ. ടി. കെ. മാധവൻ നായർ, ശ്രീ. കെ. രാഘവൻ നായർ എന്നിവരുടെ നേതൃത്വത്തിലുള്ള ഉപ്പട കരയോഗം സ്കൂളിൻറെ ഭരണകാര്യങ്ങളിൽ ഏർപ്പെടുകയും 1978 മുതൽ പൂർണ്ണമായും എൻ. എസ്. എസ്. മാനേജ്മെൻറ് ചുമതലയിൽ ഏൽപ്പിക്കുകയും ചെയ്തു.

ആദ്യകാല പ്രധാന അധ്യാപകരായി ടി. അലി മുഹമ്മദ് മാസ്റ്റർ, എം. മുഹമ്മദ് മുസ്ലിയാർ, എ. കെ. കൃഷ്ണൻ നായർ, കെ. രാമനെഴുത്തച്ഛൻ, പരമേശ്വരൻ നമ്പൂതിരി, പി. ശങ്കുണ്ണി വാര്യർ, കെ. മാധവൻ, വി.കെ. ശങ്കരൻ എന്നിവരും, 1995- നു ശേഷം കെ. കെ. ഗൗരിയമ്മ, കെ. ശാന്തകുമാരി, എം. കെ. ശാന്തമ്മ, വി.കെ. ശാന്തമ്മ, എം. ജെ. ജോസഫ്, എസ് ബീന, സോമൻ ശേഖരൻ ഉണ്ണിത്താൻ, എസ്. വിനോദ് കുമാർ, സി. ബി. ബിജി, ഒ. ഭാരതിക്കുട്ടി, കെ. ശ്രീകുമാർ (ഇൻചാർജ്), ശോഭ.എസ്. നായർ,  കെ. വേണുഗോപാൽ, ബേബിലത, ആർ. ശ്രീദേവി, എന്നിവരും സേവനമനുഷ്ഠിക്കുകയുണ്ടായി. 1963 മുതൽ 1995 വരെയുള്ള നീണ്ട കാലയളവിൽ പ്രധാനാധ്യാപകൻ ആയിരുന്നത് ശ്രീ. കെ. മാധവൻ മാസ്റ്റർ ആയിരുന്നു.  ആ കാലഘട്ടത്തിൽ ആയിരത്തി അഞ്ഞൂറിൽപ്പരം കുട്ടികളും അമ്പതോളം അധ്യാപകരും ഉള്ള ജില്ലയിലെ ഒന്നാംകിട എയ്ഡഡ് സ്കൂളായി ഇത് ഉയർന്നു.

ആദ്യകാല വനിതാ അധ്യാപികയായി ഈ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നത് ശ്രീമതി  എൻ. ടി. ഏലിയാമ്മ ടീച്ചർ ആയിരുന്നു. കൂടാതെ ശ്രീ. രാമൻ നായർ, കെ. ടി. ജോൺ, കെ. ജെ. എബ്രഹാം, ഒ.വി. മത്തായി  എന്നിവർ ഈ സ്ഥാപനത്തിന്റെ ആദ്യകാല അധ്യാപകരായി ജോലി ചെയ്തിരുന്നവരാണ്.   

ഇപ്പോൾ 710 കുട്ടികളും 23 അധ്യാപകരും ഉള്ള ഈ സ്കൂളിന്റെ പ്രധാനാധ്യാപകൻ സി ആർ പ്രേംചന്ദ് ആണ് പിടിഎ പ്രസിഡൻറ്  ബാബു മാത്യു , എംടിഎ പ്രസിഡൻറ് ഫെബിന എന്നിവരുടെ നേതൃത്വത്തിൽ ശക്തമായ ഒരു പിടിഎയും ഇവിടെ പ്രവർത്തിച്ചു വരുന്നു.  

2003-04 അധ്യയന വർഷം മുതൽ കാലം ആവശ്യപ്പെടുന്ന മാറ്റങ്ങളും പരിഷ്കാരങ്ങളും ഉൾക്കൊണ്ടുകൊണ്ട് ഈ വിദ്യാലയം അക്കാദമികവും അക്കാദമികേതരവുമായ രംഗത്ത് ഉയർച്ചയുടെ വഴിയിലാണ്. ഐ.ടി. അധിഷ്ഠിത വിദ്യാഭ്യാസം ആരംഭിച്ചതും, ഇംഗ്ലീഷ് മീഡിയം ഡിവിഷനുകൾ ആരംഭിച്ചതും, കരാറടിസ്ഥാനത്തിലെങ്കിലും സ്കൂൾ ബസ് എന്ന ആശയം പ്രാവർത്തികമാക്കിയതും എല്ലാം പ്രസ്തുത വർഷത്തിലാണ്. ഇന്ന്  മനോഹരമായി ഫർണിഷ് ചെയ്ത ഒരു കമ്പ്യൂട്ടർ ലാബും നാല് സ്മാർട്ട് ക്ലാസ്സ് റൂമുകളും സമ്പൂർണ്ണ ഡിജിറ്റൽ പഠന സൗകര്യങ്ങളും സ്കൂളിനുണ്ട്, സ്വന്തമായി സ്കൂൾ ബസ് ഉണ്ട്, ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിൽ ഇംഗ്ലീഷ്- മലയാളം മീഡിയം ഡിവിഷനുകൾ ഉണ്ട്. കൂടാതെ, മികച്ച ഉച്ചഭക്ഷണ വിതരണ സംവിധാനം, ലൈബ്രറി-ലബോറട്ടറി സൗകര്യങ്ങൾ, ആരോഗ്യ കായിക വിദ്യാഭ്യാസം, കലാ സാഹിത്യ പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കാനുള്ള സൗകര്യങ്ങൾ, പ്രവൃത്തിപരിചയ പരിശീലനങ്ങൾ, വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള അവസരങ്ങൾ, ജൈവവൈവിധ്യോദ്യാനം,  ജൈവ പച്ചക്കറിത്തോട്ടനിർമ്മാണം, പൂന്തോട്ട നിർമ്മാണം, മറ്റ് ഹരിതവൽക്കരണ പ്രവർത്തനങ്ങൾ,  മികച്ച ഭൗതിക സൗകര്യങ്ങളോടുകൂടിയ  പ്രീ- പ്രൈമറി വിദ്യാഭ്യാസം,  രക്ഷാകർതൃ പരിശീലനങ്ങൾ, കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസ്സുകൾ, ഊഷ്മളമായ അധ്യാപക- വിദ്യാർത്ഥി, അധ്യാപക- രക്ഷാകർതൃ ബന്ധങ്ങൾ നിലനിർത്തുന്നതിൽ പ്രത്യേകശ്രദ്ധ, വിവിധ ഗ്രാന്റുകൾ- സ്കോളർഷിപ്പുകൾ- മറ്റ് ആനുകൂല്യങ്ങൾ എന്നിവ കുട്ടികൾക്ക് പരമാവധി ലഭ്യമാക്കുന്നതിൽ പ്രത്യേകശ്രദ്ധ, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള പ്രചരണ- പ്രവർത്തന പരിപാടികൾ.....,.  തുടങ്ങി കാലം ആവശ്യപ്പെടുന്നവയെല്ലാം ഇന്ന് ഉപ്പട എൻ എസ്. എസ്. യു. പി. സ്കൂളിന് സ്വന്തമാണ്. അങ്ങനെ നാടിന് യോജിച്ച ഗ്രാമീണ വിദ്യാലയമായി ഈ സ്കൂൾ തലയെടുപ്പോടെ നിൽക്കുന്നു.