എസ് .വി യു .പി .സ്കൂൾ പരിക്കളം/അക്ഷരവൃക്ഷം/അവധിക്കാലം
അവധിക്കാലം
അവധിക്കാലം എന്തെല്ലാം സ്വപ്നങ്ങൾ ആയിരുന്നു. ഒരാഴ്ച അമ്മമ്മയുടെ വീട്ടിൽ , ഒരാഴ്ച അച്ചാച്ഛൻറെ കൂടെ, കുറുമ്പിയാണെങ്കിലും ദിയയോടൊപ്പം കളിക്കുന്ന കാര്യമോർത്തപ്പോൾ സന്തോഷം അടക്കാനായില്ല. പക്ഷേ എന്ത് ചെയ്യാൻ കൊറോണ എന്റെ മാത്രമല്ല നമ്മുടെയെല്ലാം അവധിക്കാലസ്വപ്നങ്ങൾ തകർത്തുകളഞ്ഞില്ലേ. രാവിലെ ഒന്നുപുറത്തിറങ്ങിയാൽ അമ്മ തുടങ്ങും മോളെ കൊറോണയാണ് എങ്ങും പോവല്ലേ , എന്നാൽ ടി.വി.യോ ഫോണോ കാണാമെന്ന് വെച്ചാലോ അച്ഛൻ അയ്യോ മോളെ കണ്ണ്... ഒരു രക്ഷയുമില്ല. പിന്നെ ഞാൻ ആലോചിച്ചു.. ആരോടാ കൂട്ടുകൂടുക.. സങ്കടത്തോടെ ഞാൻ ഓർത്തു എനിക്കാരുമില്ല കളിക്കാൻ ... അപ്പോഴാണ് ഞാൻ ഓർത്തത് അന്ന് പെട്ടന്ന് സ്കൂൾ വിട്ടപ്പോൾ ലില്ലി ടീച്ചർ പറഞ്ഞത് അവധിക്കാലത്ത് മുഴുവൻ സമയവും കളിച്ച് തീർക്കരുത്.ഒരുപാട് പുസ്തകങ്ങൾ വായിക്കണം. ഞാൻ പുസ്തകങ്ങളോട് കൂട്ടുകൂടാൻ തന്നെ തീരുമാനിച്ചു. പഴയ കളിക്കുടുക്ക അച്ഛനോട് പറഞ്ഞ് വീണ്ടും എടുത്തു. അമ്മ പണ്ടു വാ യിച്ചു തന്ന കഥകൾ വീണ്ടും തനിച്ച് വായിച്ചു. അച്ഛൻ മൂന്ന് പുസ്തകങ്ങൾ കൊണ്ടുവന്നുതന്നു. "ധീരനായ ഉറുമ്പ് , കൊമ്പുള്ള ആട്ടിൻ കുട്ടി, തവള ഭാഗവതരുടെ കച്ചേരി , ഒരുപാട് കഥകൾ" . രണ്ടു പുസ്തകങ്ങൾ ഞാൻ വായിച്ചു തീർത്തു. എത്ര മനോഹരമായ കഥകൾ.... ഇതു കഴിഞ്ഞാൽ ഇനിയും പുസ്തകം കൊണ്ടുവരാൻ ഞാൻ അച്ഛനോട് പറയും , കൊറോണ കഴിയട്ടെ അച്ഛനോടൊപ്പം തീർച്ചയായും ഞാനും പോകും വായനശാലയിൽ . നമുക്ക് ഇഷ്ടമുള്ള കഥകൾ തെരഞ്ഞെടുക്കാലോ. ഇപ്പോൾ കുഞ്ഞുണ്ണിമാഷ് പറഞ്ഞത് ശരിയാണെന്ന് എനിക്കും തോന്നിതുടങ്ങി "വായിച്ചാൽ വളരും വായിച്ചില്ലെങ്കിലും വളരും , വായിച്ചാൽ വിളയും വായിച്ചില്ലെങ്കിൽ വളയും.” കൂട്ടുകാരെ പുസ്തകങ്ങൾ അത് നമ്മുടെ യഥാർത്ഥ കൂട്ടുകാർ തന്നെയാണ്. നമ്മെളെ ഒരിക്കലും വഴിതെറ്റിക്കാത്ത നേർവഴി കാണിച്ചുതരുന്ന കൂട്ടുകാർ. നമുക്ക് അവരോടൊപ്പം കൂട്ടുകൂടാം.
|