എസ് പി ഡബ്യൂ എച്ച് എസ് ആലുവ/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ആലുവ-നാട്ടറിവുകളും,നാട്ടു വിശേഷങ്ങളും

ഉദ്ദേശം രണ്ടേകാൽ സഹസ്രാബ്ദങ്ങൾക്കു മുമ്പുതന്നെ അതായത് മഹാശിലായുഗം കാലം മുതൽ തന്നെ ഇവിടെ ജനവാസം ഉണ്ടായിരുന്നുവെന്ന് കരുതാനാവശ്യമായ ചരിത്രാവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ആണ്ടോടാണ്ട് കുംഭമാസത്തിൽ ആലുവ മണപ്പുറത്ത് നടന്നിരുന്ന ശിവരാത്രി മഹോത്സവമാണ് ആലുവായുടെ പ്രസിദ്ധി പുറംനാടുകളിൽപോലും എത്തിച്ചത്. ആലുവ ഒരു തീർത്ഥാടന കേന്ദ്രമായതും ദക്ഷിണകാശി എന്ന അപരനാമം നേടിയതും അങ്ങനെയാണ്. ആലുവ എന്ന സ്ഥലനാമമുണ്ടായതിനു പിന്നിൽ പുരാണകഥകളിൽ പരാമർശിക്കുന്ന “പാലാഴി മഥന”വുമായി ബന്ധപ്പെടുത്തി ഒരു ഐതിഹ്യം പ്രചാരത്തിലുണ്ട്. പാലാഴിമഥനത്തിനിടയിൽ കാളകൂടം എന്ന ഉഗ്രവിഷം ഉണ്ടായി. അത് ഭൂമിയിൽ വീണാൽ ലോകനാശം സംഭവിക്കുമെന്നു കണ്ട് ബ്രഹ്മാവ് ഈ വിഷം ശിവനു നൽകി. ശിവൻ ആ വിഷം വായിലേക്കൊഴിക്കുന്നതു കണ്ടു ഭയന്ന പാർവ്വതി ശിവന്റെ കഴുത്തിൽ പിടിച്ച് വിഷം തൊണ്ടയിൽ തടഞ്ഞുനിർത്തി. കാളകൂടവിഷം എന്നർത്ഥം വരുന്ന “ആലം” “വാ”യിൽ കൊണ്ട ശിവനെ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രമുള്ള നാട് അങ്ങനെ ആലുവാ എന്നറിയപ്പെട്ടുവത്രെ. ആലുവ ശിവക്ഷേത്രത്തിന്റെ പടിഞ്ഞാറ് വില്വമംഗലം സ്വാമിയാർ നട്ടുവളർത്തിയ ആൽവൃക്ഷത്തിൽ നിന്നാണ് ആലുവ എന്ന പേർ ഉത്ഭവിച്ചതെന്ന് മറ്റൊരു ഐതിഹ്യവുമുണ്ട്. മധ്യകാലഘട്ടത്തിൽ ആലുവ പ്രദേശം ആലങ്ങാട് നാടുവാഴിയുടെ കീഴിലായിരുന്നു. മങ്ങാട്ടു കൈമൾമാർ എന്നായിരുന്നു ആലങ്ങാട് നാടുവാഴികൾ അറിയപ്പെട്ടിരുന്നത്. കേരളത്തിലെ ബഹുശതം നാടുവാഴി പ്രദേശങ്ങളിലൊന്നായിരുന്ന ആലങ്ങാടിന്, 18-ാം നൂറ്റാണ്ടിൽ ശക്തി പ്രാപിച്ചുവന്ന പുതിയ മേൽക്കോയ്മകൾ അംഗീകരിക്കേണ്ടി വന്നു. 18-ാം നൂറ്റാണ്ടിൽ കൊച്ചിയുടെ സമീപപ്രദേശം എന്ന നിലയിൽ ആലുവ ഉൾപ്പെട്ട ആലങ്ങാടും, പറവൂരും കൊച്ചിയുടെ മേൽക്കോയ്മയ്ക്ക് കീഴിലായി. 1756-ൽ പ്രസ്തുത പ്രദേശങ്ങൾ കൊച്ചിയും, തിരുവിതാംകൂറും പിടിച്ചടക്കാൻ തെക്കോട്ട് പടനീക്കം നടത്തിയ സാമൂതിരിയുടെ കൈപ്പിടിയിലായി. സാമൂതിരിക്ക് പക്ഷേ തിരുവിതാംകൂറുമായുള്ള പോരാട്ടത്തിൽ തോൽവിയടയേണ്ടിവന്നെങ്കിലും കൊച്ചിയുടെ മേൽക്കോയ്മയുണ്ടായിരുന്ന ആലങ്ങാടും പറവൂരും ഉൾപ്പെടെയുള്ള പല പ്രദേശങ്ങളും സാമൂതിരി തന്റെ കൈവശം നിലനിർത്തി. കൊച്ചി രാജാവ് ഇതിനെതിരെ തിരുവിതാംകൂറിന്റെ സഹായത്തോടു കൂടി സാമൂതിരിയുടെ സൈന്യത്തെ തോൽപ്പിച്ചോടിക്കുകയും അതിന്റെ പ്രതിഫലമായി, കൊച്ചിയുടെ മേൽക്കോയ്മയ്ക്കു കീഴിലുണ്ടായിരുന്ന ആലങ്ങാട്, പറവൂർ നാടുവാഴികൾ അവരുടെ ദേശങ്ങൾ തിരുവിതാംകൂറിന് വിട്ടുകൊടുക്കുകയും തിരുവിതാംകൂറിൽ നിന്ന് അടുത്തൂൺ പറ്റി പാർത്തുകൊള്ളാമെന്ന് സമ്മതിക്കുകയും ചെയ്തു. അതുകൊണ്ടാണ് 1949-ൽ തിരു-കൊച്ചി രൂപീകരണ കാലത്തും, 1956-ൽ ഐക്യകേരള രൂപീകരണം വരെയും ഈ പ്രദേശങ്ങൾ തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റെ ഭാഗമായി നിലകൊണ്ടത്. 18-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ടിപ്പു സുൽത്താൻ തിരുവിതാംകൂർ ആക്രമിക്കാൻ പടയോട്ടം നടത്തുന്നതിനിടയിൽ കൊച്ചി കീഴടക്കുന്നതിനായി ആലുവയിൽ പെരിയാറിന്റെ തീരത്ത് തമ്പടിക്കുകയുണ്ടായി. അതിനിടയിൽ പറവൂരും ആലങ്ങാടും ടിപ്പു കീഴടക്കിയിരുന്നു. ടിപ്പുസുൽത്താൻ ബ്രിട്ടീഷുകാരുമായുള്ള ഏറ്റുമുട്ടലിൽ ചതിയിൽ വധിക്കപ്പെട്ടതിനെ തുടർന്ന് കുറച്ചുകാലം ആലങ്ങാടും, പറവൂരും ബ്രിട്ടീഷ് അധീനതയിലായി. എന്നാൽ തിരുവിതാംകൂർ രാജാവ് തന്റെ അധീനതയിലായിരുന്ന ഈ പ്രദേശങ്ങൾ തിരിച്ചു കിട്ടണമെന്നാവശ്യപ്പെട്ട് ബ്രിട്ടീഷധികാരികൾക്ക് കത്തയച്ചു. അന്നത്തെ ഗവർണർ ജനറലായിരുന്ന കോൺവാലീസ് പ്രഭു ഇതേപ്പറ്റി അന്വേഷിക്കാൻ ഒരു കമ്മീഷനെ നിയോഗിച്ചു. തുടർന്ന് ഈ പ്രദേശങ്ങളും കൂടെ കുന്നത്തുനാടും തിരുവിതാംകൂറിന് വിട്ടുകൊടുത്തു. അങ്ങനെ കൊച്ചിരാജ്യത്തിന്റെ മധ്യത്തിൽ തന്നെ ഒരു വലിയ പ്രദേശം തിരുവിതാംകൂറിന്റേതായി വളരെക്കാലം നിലനിന്നു. അക്കാലത്ത് ആലുവ ഉൾപ്പെട്ട ആലങ്ങാട് ആദ്യം ഒരു സർവ്വാധികാര്യക്കാരുടെ ഭരണത്തിൻകീഴിലായിരുന്നു. പിന്നീട് കോട്ടയം ഡിവിഷനിൽപ്പെട്ട ഒരു താലൂക്കായി. 1925-ലെ മഹാത്മാഗാന്ധിയുടെ ആലുവാ സന്ദർശനം അവിസ്മരണീയമായ ചരിത്രസംഭവമാണ്. ആലുവ മുനിസിപ്പാലിറ്റിയും, യു.സി കോളേജും, സംസ്കൃത പാഠശാലയും നൽകിയ സ്വീകരണത്തിൽ അദ്ദേഹം പങ്കെടുത്തു. ഈ പരിപാടികളുടെ ദൃക്സാക്ഷിയും യു.സി കോളേജിലെ അധ്യാപകനും പിൽക്കാലത്ത് ലോകപ്രസിദ്ധ പത്രപ്രർത്തകനും, രാഷ്ട്രീയ വിമർശകനുമൊക്കെയായ മാൽക്കം മാഗ്റിഡ്ജ് തന്റെ ആത്മകഥയിൽ മഹാത്മാ ഗാന്ധിയുടെ ആലുവ സന്ദർശനത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്. ആലുവയിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ച ഈ സന്ദർശനം ഇന്നാട്ടുകാരായ ധാരാളമാളുകളെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രവർത്തകരാക്കി മാറ്റി. 1924-ൽ ശ്രീനാരായണഗുരു ആലുവയിൽ ഒരു സർവ്വമത സമ്മേളനം വിളിച്ചുകൂട്ടി. ഈ സമ്മേളനത്തിനു ശേഷമാണ് കേരളത്തിൽ മതങ്ങൾ തമ്മിലുള്ള സംവാദം എന്ന ആശയം സാർവ്വത്രികമായത്. ആലുവയുടെ ചരിത്രത്തിൽ അവിസ്മരണീയ സ്ഥാനമുള്ള സ്ഥാപനങ്ങളാണ് സെമിനാരികൾ . കേരളത്തിലെ പഴക്കം ചെന്ന സെമിനാരികളിലൊന്നായ വരാപ്പുഴ സെമിനാരി 1933-ൽ മാറ്റി സ്ഥാപിച്ചതാണ് സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസായമേഖലയായ ആലുവായിലെ ആദ്യ ഫാക്ടറിയായി അറിയപ്പെടുന്നത് പണ്ട് “ബാലകൃഷ്ണൻ കമ്പനി” എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ സ്റ്റാൻഡേർഡ് പോട്ടറി വർക്സ് ആണ്. സ്റ്റാൻഡേർഡ് പോട്ടറി വർക്സ് തെക്ക് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ചൂർണ്ണിക്കര പഞ്ചായത്തിലാണ്. വളരെക്കാലം ആലുവ തിരുവിതാംകൂറിലെ ഏക റെയിൽവേ സ്റ്റേഷൻ ആയിരുന്നു. തിരുവിതാംകൂറിലെ രണ്ടു പ്രധാന ദേശീയ പാതകൾ ആലുവയുമായി ബന്ധപ്പെട്ടതായിരുന്നു. ആലുവയിലെ വൻകിട വ്യവസായ സ്ഥപാനമായ 'കാത്തായി കോട്ടൺമിൽ ' പതിനൊന്നാം വാർഡിൽ സ്ഥിതി ചെയ്യുന്നു. ഇപ്പോൾ പൂട്ടികിടക്കുന്നു. ആലുവായുടെ പ്രസിദ്ധി പുറം നാടുകളിൽ വ്യാപിപ്പിച്ചത് ആണ്ടോടാണ്ട് കുംഭമാസത്തിൽ ആലുവ മണപ്പുറത്ത് നടന്നിരുന്ന ശിവരാത്രി മഹോത്സവമാണ്. ആലുവ ഒരു തീർത്ഥാടന കേന്ദ്രമായതും 'ദക്ഷിണകാശി' എന്ന അപരനാമം നേടിയതും അങ്ങനെയാണ്. തിരുവിതാംകൂറിലെ ഒരു പ്രമുഖ വേനൽകാല സുഖവാസ കേന്ദ്രമായി ആലുവ അറിയപ്പെട്ടത് ആലുവായിലെ പരിശുദ്ധിയും നൈർമല്യവും കൊണ്ടായിരുന്നു. തിരുവിതാംകൂർ മഹാരാജാവ്, പോർട്ടുഗീസ്, ഡച്ചുകാർ , ബ്രിട്ടീഷുകാർ എന്നിവരെല്ലാം ചരിത്ര പ്രസിദ്ധമായ ആലുവാപുഴയിൽ ആകൃഷ്ടരായിരുന്നു. ആരാധ്യനായ ശ്രീ നാരായണ ഗുരു തന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗവും ആലുവായിൽ ചെലവഴിച്ചിരുന്നു.

പെരിയാർ

കേരളത്തിലെ നദികളിൽവച്ച് ഏറ്റവും നീളം കൂടിയതും ഏറ്റവും കൂടുതൽ വെള്ളം ഒഴുകുന്നതുമായ നദിയാണ് പെരിയാർ. കേരളത്തിന് ഏറ്റവും നിർണായകമായ നദിയാണ് പെരിയാർ. കേരളത്തിന്റെ വിദ്യുത്ച്ഛക്തി സ്രോതസായ ഇടുക്കി ജലവൈദ്യുത പദ്ധതി നിലനിൽക്കുന്നതും നിരവധി പട്ടണങ്ങൾക്ക് കുടിവെള്ളവും ജലസേചനവും നൽകുന്നതും പെരിയറാണ്. ഇടുക്കി ജില്ലയിലെ ചൊക്കാംപെട്ടി കുന്നുകളിൽ ഉത്ഭവിച്ച് 25 കിലോമീറ്റര് പിന്നിട്ട് മുല്ലയാറുമായി ചേർന്ന് പെരിയാർ കടുവാ സങ്കേതത്തിലൂടെ ഒഴുകുന്നു. കിഴക്കോട്ടൊഴുകി രണ്ടായി പിരിയുന്ന പുഴയുടെ സുന്ദരമല വിഭാഗം തമിഴ്നാട്ടിലേക്ക് ഒഴുകുന്നു. പെരിയാർ വിഭാഗം വീണ്ടും രണ്ടായി പിരിഞ്ഞു പെരിയാർ തടാകത്തിലേക്കും പരിഞ്ഞാറോട്ടുള്ള ഭാഗം അയ്യപ്പൻകോവിൽ ഭാഗത്തേക്ക് തിരിയുന്നു. വണ്ടിപ്പെരിയാർ, ഏലപ്പാറ, പ്രദേശങ്ങളിലൂടെ കൈവഴികളായി ഒഴുകുന്ന പെരിയാർ അയ്യപ്പൻകോവിലിൽ ഇടുക്കി അണക്കെട്ടിൽ പ്രവേശിക്കുന്നു. പ്രധാന പെരിയാർ നദി വടക്കോട്ടൊഴുകി എറണാകുളം ജില്ലയിൽ പ്രവേശിച്ച നേര്യമംഗലം ഭൂതത്താൻകെട്ട് ഭാഗത്ത് ഇടമലയറുമായി യോജിച്ചു പടിഞ്ഞാറോട്ട് ഒഴുകുന്നു. ആലുവ പ്രദേശത്തെത്തി വേമ്പനാട്ടു കായലിൽ പതിക്കുന്ന നദി അന്തിമമായി അറബിക്കടലിൽ അവസാനിക്കുന്നു.

പെരിയാറ്റിലെ തുരുത്തുകൾ

പെരിയാറിനു കുറുകെയുള്ള കോട്ടപ്പുറം പാലം നടുവിൽ വലിയ പണിക്കൻ തുരുത്തും കാണാം

ബകപുരം| കാഞ്ഞൂർ തുരുത്ത്|പരുന്തുറാഞ്ചിത്തുരുത്ത് |ആലുവ തുരുത്ത് | ഉളിയന്നൂർ തുരുത്ത്| അബു തുരുത്ത്| ഇടമുള തുരുത്ത്|ഗോതുരുത്ത് |പഴമ്പിള്ളി തുരുത്ത്| ചെറിയ പണിക്കൻ തുരുത്ത്| വലിയ പണിക്കൻ തുരുത്ത് |കണ്ടൻ തുരുത്ത് |കുന്നത്തുകടവ് തുരുത്ത്|ചെറിയതേയ്ക്കാനം