സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിദ്യ അഭ്യസിക്കാൻ വെമ്പൽ കൊണ്ടിരുന്ന ഒരു സമൂഹത്തിന്റെ ജീവിതത്തിൽ ഒരു വിദ്യാലയത്തിൻെറ കടമ അന്വർത്ഥമാക്കിക്കൊണ്ട് 1951-ൽ 62 വിദ്യാർഥികളും രണ്ട് അധ്യാപകരുമായി സെർവ് ഇന്ത്യ ആദിമജാതി ലോവർ പ്രൈമറി സ്കൂൾ, വെണ്ണിയോട് ആരംഭിച്ചു. 03-09-1951ന് സ്ഥാപിതമായ ഈ  സരസ്വതി ക്ഷേത്രത്തിന് കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന മലബാർ ഡി. ഇ. ഒ അംഗീകാരം നൽകി. Dis/G12/51 dtd 24-10-51 എന്ന ഉത്തരവുപ്രകാരം ഡി.ഇ.ഒ, സെൻട്രൽ മലബാർ കോഴിക്കോട് സ്കൂളിന് സ്ഥിര അംഗീകാരം നൽകി. ശ്രീ.എൻ മാധവൻ നായർ കേരള ആദിമജാതി സേവക് സംഘമായിരുന്നു തുടക്കകാലത്തെ മാനേജർ. മഹാമനസ്കനായ ശ്രീ.ബ്രഹ്മ സുരയ്യ പട്ടർ നൽകിയ കെട്ടിടത്തിൽ സെർവ് ഇന്ത്യ സൊസൈറ്റി സെക്രട്ടറിയായ ശ്രീ. എൽ.എൻ. റാവുവിന്റെ നേതൃത്വത്തിൽ ഈ വിദ്യാലയം സ്ഥാപിതമായി.

ഇന്ത്യൻ സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം പിറവിയെടുത്ത സ്കൂളിന്റെ ചരിത്രം ഫ്രീഡം മൂവ്മെന്റ് സെർവ് ഇന്ത്യാ പ്രസ്ഥാനങ്ങളുമായും അവയ്ക്ക് ചുക്കാൻപിടിച്ച ശ്രീമതി. ആനിബസന്റ്, എൽ. എൻ.റാവു എന്നീ പ്രമുഖരുമായും ഇഴ ചേർന്നിരിക്കുന്നു. ആദിവാസി വിഭാഗങ്ങളായ പണിയർ, കുറിച്യർ, വയനാടൻ പുലയർ, കാട്ടുനായ്ക്കർ എന്നിവരെ അക്ഷരാഭ്യാസം ചെയ്യിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സ്കൂൾ ആരംഭിച്ചത്. മഹത് വ്യക്തിയായ ശ്രീ.എം. കെ.ജിനചന്ദ്രൻ എം.പി ഒരു മാതൃകാ സ്ഥാപനമായി ഈ വിദ്യാലയം കെട്ടിപ്പടുക്കുന്നതിൽ മുഖ്യൻ ആയിരുന്നു. ശ്രീ. എം ജെ കൃഷ്ണമോഹന്റെ അകാല വിയോഗത്തെ തുടർന്ന് ശ്രീ.എം ജെ വിജയപത്മൻ സ്കൂളിന്റെ സാരഥ്യം ഏറ്റെടുക്കുകയും സ്കൂൾ മാനേജർ ആയി സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചുപോരുകയും ചെയ്യുന്നു. ദീർഘവീക്ഷണവും നന്മയുമുള്ള മഹാനുഭാ വരിലൂടെ പിറവിയെടുത്ത ഈ വിദ്യാലയം സമൂഹക്ഷേമം മാത്രം ലക്ഷ്യം വെച്ചുകൊണ്ട് ആദർശ മൂല്യങ്ങളിൽ ഉറച്ച സേവന തൽപരത എന്നും കാത്തുസൂക്ഷിക്കുന്ന മാനേജ്മെന്റിന്റെ തണലിലാണ് പ്രവർത്തിച്ചുവരുന്നത്. ശ്രീ. ശങ്കരൻ മാസ്റ്റർ ആയിരുന്നു ഈ സരസ്വതി ക്ഷേത്രത്തിന്റെ പ്രഥമ ഹെഡ്മാസ്റ്റർ.

കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ 1,2,9 വാർഡുകളിലെ വിദ്യാർഥികൾ ഈ സ്കൂളിനെ ആശ്രയിച്ചാണ് ഇന്നും വിദ്യാഭ്യാസം നേടുന്നത്. പ്രാക്‌തന ഗോത്രവർഗ്ഗക്കാർ തിങ്ങിപ്പാർക്കുന്ന ഇടങ്ങൾ തേടി പിടിച്ചാണ് ആദിമ ജാതി സേവക്സംഘം സെർവ് ഇന്ത്യാ ആദിമ ജാതി സ്കൂളുകൾ ആരംഭിച്ചത്. 2021-22 വർഷത്തിൽ സ്കൂളിൽ 60 കുട്ടികൾ പഠിക്കുന്നുണ്ട്. ഇതിൽ 50 പേരും ഗോത്രവർഗ്ഗ വിഭാഗത്തിലെ കുട്ടികളാണ്.

സപ്തതി ആഘോഷിക്കുന്ന വെണ്ണിയോട് എസ്.എ.എൽ.പി സ്കൂളിന് നീണ്ട 70 വർഷങ്ങളുടെ കഥകൾ അനുഭവങ്ങൾ, ചരിത്രങ്ങൾ ഏറെയുണ്ട്. വിദ്യാലയം പിന്നിട്ട വഴികൾ ഉയർച്ചയുടെയും ത്യാഗത്തിന്റെയുമാണ്. ഇവിടെ അദ്ധ്യാപകരായി വന്ന് പടിയിറങ്ങിയ ഗുരുക്കന്മാരെയും വിദ്യ അഭ്യസിക്കാനായി കടന്നുവന്ന  ഓരോ കുരുന്നുകളെയും ഞങ്ങൾ സ്മരിക്കുന്നു.

കോട്ടത്തറ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന വെണ്ണിയോട് എസ്.എ. എൽ. പി സ്കൂൾ ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ ഇനിയും മുന്നേറണ്ടതുണ്ട്. ആധുനിക വിദ്യാഭ്യാസം പാവപ്പെട്ട വിദ്യാർഥികൾക്കും  സൗജന്യമായി ലഭ്യമാക്കേണ്ടതുണ്ട്. സ്കൂളിന്റെ മുന്നോട്ടുള്ള കുതിച്ചുയർപ്പിന് ഏറെ വിലങ്ങുതടികൾ ഉണ്ടെങ്കിലും വിദ്യാലയത്തിന്റെ സർവ്വ തോന്മുഖമായ വളർച്ചാലക്ഷ്യം വെച്ചുകൊണ്ട് അധ്യാപകരും പി.ടി.എയും മറ്റ്  അഭ്യദയകാംക്ഷികളും പരിശ്രമിക്കുന്നുണ്ട്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം