എസ് എൻ ഡി പി ഹയർസെക്കണ്ടറി സ്കൂൾ ചെന്നീർക്കര ./സ്കൂൾ ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ തുടങ്ങാനുള്ള അപേക്ഷ 89-ാംനമ്പർ എസ്.എൻ .ഡി .പി.ശാഖ ആദ്യമായി സമർപ്പിക്കുന്നത് എരുത്തിലു നിൽക്കുന്നതിൽ ശ്രീ ഗോപാലൻ സാർ പ്രസിഡന്റായിരുന്ന കാലത്താണ് .എഡ്യൂക്കേഷൻ ഡയറക്ടർ സുന്ദരരാജ നായിഡു നേരിട്ട് സ്ഥലം സന്ദർശിച്ചു അനുകൂലമായ റിപ്പോർട്ട് നൽകി. പി.കെ.കമലാസനൻ സാർ ശാഖാ പ്രസിഡന്റായപ്പോൾ സ്കൂൾ സ്‌ഥാപനകാര്യത്തിന് ആക്കം കൂടി .'മലങ്കുറ്റി' എന്നറിയപ്പെടുന്ന കുന്നിന്റെ നെറുക കിളച്ച് നിരപ്പാക്കി കെട്ടിടം പണി ആരംഭിച്ചു .ഹൈസ്കൂളിനാണു അപേക്ഷ സമർപ്പിച്ചതെങ്കിലും പട്ടം താണുപിള്ള യു .പി സ്കൂളു കൂടി അനുവദിക്കുകയായിരുന്നു . ശാഖാ പ്രവർത്തകരുടെ ശ്രമദാനവും ഉല്പന്നദാനവും ഉത്സാഹവും ഈ വിദ്യാലയം പടുത്തുയർത്താൻ സഹായകമായി. എസ്.എൻ.ഗിരി എസ്.എൻ.ഡി .പി ഹൈസ്കൂൾ എന്നായിരുന്നു പേര്.

1953 ജൂൺ 1 ന് ഔദ്യോഗികമായി സ്കൂൾ പ്രവർത്തിച്ചു തുടങ്ങി.ചക്കിട്ടപ്പടിയിലെ ഓല മേഞ്ഞ കെട്ടിടത്തിലാണ് സ്കൂൾ തുടങ്ങിയത്.ഏതാനും ദിവസത്തിനു ശേഷം പുതിയ കെട്ടിടത്തിലേക്ക് മാറി .പത്തനംതിട്ട മാക്കാംകുന്ന് സ്വദേശി ചാക്കോസാറായിരുന്നു ആദ്യ ഹെഡ് മാസ്റ്റർ .ഫസ്റ്റ് ഫോമും (5-ാംക്ലാസ് )ഫോർത് ഫോമും (8-ാംക്ലാസ്)ആണ് ആരംഭിച്ചത് .രണ്ട് ഡിവിഷൻ വീതമുണ്ടായിരുന്നു. 1956 ൽആദ്യ എസ്.എസ്.എൽ.സി.ബാച്ച് പുറത്തു വന്നു.ആ വർഷം തന്നെ പരീക്ഷയ്ക്കു് സ്‌കൂളിൽ സെന്റർ അനുവദിച്ചിരുന്നു. രണ്ടാമത്തെ ഹെഡ് മാസ്റ്റർ ശ്രീ. പന്തളം കെ.പി ആയിരുന്നു .അഖില കേരള പ്രശസ്തി നേടിയ സാഹിത്യകാരൻ ഈ സ്കൂളിന്റെ ഹെഡ് മാസ്റ്റർ ആയി വന്നത്‌ അഭിമാനിക്കത്തക്ക വസ്തുതയാണ് .
1998ൽ ഇവിടെ പ്ലസ് ടു അനുവദിച്ചു .അന്നത്തെ സ്കൂൾ മാനേജരായിരുന്ന ശ്രീ എം.കെ പുരുഷോത്തമന്റെ നേതൃത്വത്തി ലുള്ള കമ്മിറ്റി പ്ലസ് ടു ക്ലാസ്സുകൾക്കുള്ള അടിസ്ഥാന സൗകര്യം ഒരുക്കി .2003 ൽ ഒരു വർഷം നീണ്ടു നിന്ന പരിപാടികളോടെ അറുപതാം വാർഷികം ആഘോഷിച്ചു. ഇപ്പോൾ സയൻസ് ,ഹ്യുമാനിറ്റീസ്,കോമേഴ്‌സ് ബാച്ചുകളിലായി 449 കുട്ടികൾ പഠിക്കുന്നു .