എസ് എൻ എം എൽ പി എസ് വരയാൽ/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

ചങ്ങമ്പുഴ കൃഷ്ണപിള്ള ഒരു നിർദ്ധനകുടുംബത്തിലെ അംഗമായിജനിച്ച ചങ്ങമ്പുഴ ബാല്യകാലവിദ്യാഭ്യാസം വളരെ ക്ലേശകരമായാണ്‌ നിർവ്വഹിച്ചത്‌. ഇടപ്പള്ളി മലയാളം പ്രൈമറി സ്കൂൾ, ശ്രീകൃഷ്ണവിലാസ്‌ ഇംഗ്ലീഷ്‌ medium സ്കൂൾ, ആലുവ സെന്റ് മേരീസ്‌ സ്കൂൾ, എറണാകുളം സർക്കാർ ഹൈസ്കൂൾ, സെന്റ്‌ ആൽബർട്ട്സ് സ്കൂൾ എന്നിവിടങ്ങളിൽ അദ്ധ്യയനം നടത്തി അദ്ദേഹം ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ഹൈസ്കൂൾ വിദ്യാഭ്യാസം അവസാനിച്ചകാലത്താണ്‌ അദ്ദേഹത്തിന്റെ സുഹൃത്തും ഇടപ്പള്ളിപ്രസ്ഥാനത്തിന്റെ ജനയിതാക്കളിൽ ഒരാളും കവിയുമായിരുന്ന ഇടപ്പള്ളി രാഘവൻപിള്ള അന്തരിച്ചത്‌. ഈ സംഭവം ചങ്ങമ്പുഴയുടെ ജീവിതത്തെ അഗാധമായി സ്പർശിച്ചു. 'രമണൻ' എന്ന വിലാപകാവ്യം എഴുതുന്നതിന് ഈ സംഭവം പ്രേരണയായി. ആ കൃതി മലയാളത്തിൽ അതിപ്രശസ്തമായി.

എറണാകുളം മഹാരാജാസ്‌ കോളേജിലും [2]തുടർന്ന് തിരുവനന്തപുരം ആർട്ട്സ്‌ കോളേജിലും പഠിച്ച്‌ അദ്ദേഹം ഓണേഴ്സ്‌ ബിരുദം നേടി. മഹാരാജാസ്‌ കോളേജിൽ പഠിക്കുന്നകാലത്തുതന്നെ ചങ്ങമ്പുഴ പ്രശസ്തനായ കവിയായിത്തീർന്നിരുന്നു. പല പ്രസിദ്ധകൃതികളും അന്നു പുറത്തുവന്നിരുന്നു. വിദ്യാഭ്യാസകാലഘട്ടം അവസാനിക്കും മുമ്പുതന്നെ അദ്ദേഹം ശ്രീദേവിഅമ്മയെ വിവാഹം ചെയ്‌തു. പഠനത്തിനുശേഷം ദുർവ്വഹമായ സാമ്പത്തിക ക്ലേശം നിമിത്തം യുദ്ധസേവനത്തിനുപോയി. അധികനാൾ അവിടെ തുടർന്നില്ല. രണ്ടുവർഷത്തിനു ശേഷം രാജിവെച്ചു മദിരാശിയിലെ ലോ കോളേജിൽ ചേർന്നു. എങ്കിലും പഠനം മുഴുമിക്കാതെ തന്നെ നാട്ടിലേക്കുമടങ്ങി.

പിൽക്കാലത്ത്‌ ചങ്ങമ്പുഴയെ പ്രശസ്തിയുടെ കൊടുമുടിയിലേയ്ക്കു നയിച്ച പല കൃതികളും ഇക്കാലത്താണ്‌ രചിക്കപ്പെട്ടത്‌. ഇതിനിടെ മംഗളോദയം മാസികയുടെ പത്രാധിപസമിതിയംഗമായും അദ്ദേഹം ജോലി ചെയ്തു. അനന്തരം അദ്ദേഹം എഴുത്തിൽ മുഴുകി ഇടപ്പള്ളിയിൽ സകുടുംബം താമസിച്ചു.