എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/അക്ഷരവൃക്ഷം/കൊറോണ ഭീതിയിലെ ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ഭീതിയിലെ ലോകം


ഇപ്പോൾ ലോകത്തെ തന്നെ ഭീതിയിലാഴ്ത്തിക്കൊണ്ടിരിക്കുന്ന മഹാമാരിയാണ് കൊറോണ വൈറസ് ഡിസീസ് അഥവാ കോവിഡ്-19. 1960-കളിലാണ് ഈ വൈറസിനെ ആദ്യമായി തിരിച്ചറിഞ്ഞത്. ഇതൊരു ആർ എൻ എ വൈറസ് ആണ്. ഗോളാകൃതിയിലുള്ള കൂർത്ത അഗ്രങ്ങളുള്ള തരത്തിലുള്ള ഇവയുടെ രൂപഘടനയെ തുടർന്നാണ് കൊറോണ വൈറസിന് ആ പേര് വന്നത്. പക്ഷികളിലും മൃഗങ്ങളിലും ഇവ രോഗമുണ്ടാക്കുന്നു. ഈ വൈറസ് അവയിൽ നിന്ന് മനുഷ്യരിലേക്ക് പകരാറുണ്ട്. അതിനാൽ ഇവയെ സൂണോട്ടിക വൈറസ് എന്നാണ് പറയുന്നത്. ഇവ ശ്വാസകോശത്തെ ബാധിക്കുന്നു. പനി, ചുമ, ജലദോഷം, തൊണ്ടവേദന, ശ്വാസതടസ്സം, ശ്വാസംമുട്ട് എന്നിവയാണ് രോഗലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ ന്യുമോണിയ, വൃക്ക തകരാർ എന്നിവ മൂലം മരണം വരെ സംഭവിക്കാം. വൈറസ് ശരീരത്തിൽ പ്രവേശിച്ച് 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും. ഈ ദിവസങ്ങൾ ഇൻക്യൂബേഷൻ പിരീഡ് എന്നാണ് അറിയപ്പെടുന്നത്. ശരീരത്തിൽ നിന്നു പുറത്തു വരുന്ന ഉമിനീർ തുള്ളി വഴിയാണ് രോഗം മറ്റൊരാളിലേക്ക് പകരുക. ഈ രോഗത്തിന് പ്രതിരോധ വാക്സിനുകൾ ഇതുവരെ കണ്ടെത്തിയിട്ടില്ല. ലക്ഷണങ്ങൾ കുറയ്ക്കാനുള്ള മരുന്നുകളാണ് ഉപയോഗിക്കുന്നത്. രോഗിക്ക് വിശ്രമം ആവശ്യമാണ്. കുട്ടികളിലും പ്രായമായവരിലും രോഗം ഗുരുതരാവസ്ഥയ്ക്ക് ഇടയാക്കുന്നു.


കൊറോണ വിറിഡെ എന്ന കുടുംബത്തിൽ പെട്ട വൈറസുകളെ പൊതുവായി വിളിക്കുന്ന പേരാണ് കൊറോണ വൈറസ്. ഇവയുടെ വ്യാസം വെറും 120 നാനോമീറ്ററാണ്. 2002-2003 കാലത്ത് 776 പേരുടെ ജീവനെടുത്ത സാർസ്, 2012 കാലത്ത് 858 പേരുടെ ജീവനെടുത്ത മെർസ് എന്നിവ കൊറോണ മൂലമുണ്ടായ രോഗങ്ങളാണ്. 2019 ഡിസംബർ അവസാനത്തോടെയാണ് പുതിയൊരു തരം കൊറോണ വൈറസ് പടരുന്നതായി ചൈനീസ് അധികൃതർ പുറത്തുവിട്ടത്. അതിനു മുമ്പ് കടുത്ത ന്യുമോണിയയെ തുടർന്ന് ചികിത്സ തേടിയിരുന്ന രോഗിയുടെ അസുഖം ഇതു മൂലമാണെന്ന് പിന്നീട് ഡോക്ടർമാർ തിരിച്ചറിഞ്ഞു. തുടർന്നാണ് ചൈനയിലെ വ്യാവസായിക കേന്ദ്രമായ വുഹാനിലെ മത്സ്യ മാംസ മാർക്കറ്റിന്റെ ഭാഗത്തുനിന്ന് ന്യുമോണിയയ്ക്ക് സമാനമായ കേസുകൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയത്. ഇവിടെ 11ലക്ഷത്തിലധികം ആളുകൾ താമസിക്കുന്നുണ്ട്. രോഗബാധയ്ക്കു കാരണം നോവൽ കൊറോണ വൈറസ് ആണെന്ന് ജനുവരി 7-ന് ചൈനയിലെ നാഷണൽ ഹെൽത്ത് കമ്മീഷൻ സ്ഥിരീകരിച്ചു.


വളരെ വേഗം ഈ രോഗം ഇന്ത്യയുൾപ്പെടെ എല്ലാ രാജ്യങ്ങളിലേക്കും വ്യാപിച്ചു. ലോകത്താകെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം1,00,156 ആയി. 1639763പേർക്ക് രോഗം ഉണ്ടെന്ന സ്ഥിരീകരിച്ചു (ഏപ്രിൽ10 അനുസരിച്ച്). അമേരിക്കയിലാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചതും മരിച്ചതും. ഇന്ത്യയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 6761 ആയി. മരണം 251 ആണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ പേർക്ക് സ്ഥിരീകരിച്ചത്. 506 പേർക്ക് രോഗം ഭേദമായി. കേരളത്തിൽ 364 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 2 പേരാണ് മരിച്ചത്. ഭേദമായവർ 124. ഇന്ത്യയിൽ ഏറ്റവും കൂടുതൽ രോഗം ഭേദമായവർ കേരളത്തിലാണ്. നിലവിൽ കേരളത്തിന് ആശ്വാസകരമായ വാർത്തകളാണ് വരുന്നത്. കോവിഡ് ഭേദമായവരുടെ നിരക്കിൽ കേരളം ലോക ശരാശരിയിൽ മുന്നിലാണ്. സമൂഹവ്യാപനം തടയാനായി ഇന്ത്യ മാർച്ച് 24മുതൽ 21 ദിവസത്തെ സമ്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. നിലവിലെ സാഹചര്യം വെച്ചുനോക്കുമ്പോൾ ലോക്ഡൗൺ നീട്ടാൻ സാധ്യതയേറെയാണ്.


കൊറോണ മൂലം 2020 ജപ്പാൻ ഒളിമ്പിക്സും മറ്റ് പ്രധാന കായിക മത്സരങ്ങളും മാറ്റിവെച്ചു. കൊറോണ പരത്തുന്ന ആഗോളഭീതി ചെറുതൊന്നുമല്ലെന്ന് ഇതിൽ നിന്ന് നമുക്ക് മനസ്സിലാക്കാം. കോവിഡ് പ്രതിരോധത്തിന് സഹായകരമാണെന്ന് കണ്ടെത്തിയിട്ടുള്ള ഹൈഡ്രോക്സി ക്ലോറോക്വിൻ മറ്റു രാജ്യങ്ങളിലോക്ക് കയറ്റുമതി നടത്തുന്നത് നമ്മളാണ്. ലോകമിപ്പോൾ ആഗോള ആരോഗ്യ അടിയന്തിരാവസ്ഥയിലാണ്. കോവിഡ്-19നെ തുടർന്നുള്ള അടച്ചിടൽ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ സാരമായി ബാധിക്കുമെന്നാണ് റിസർവ് ബാങ്ക് പറയുന്നത്. ലോകം ഇന്നേവരെ നേരിട്ടിട്ടില്ലാത്തത്ര വെല്ലുവിളികളെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.ഒറ്റക്കെട്ടായാണ് നാം ഈ മഹാമാരിയെ നേരിടുന്നത്. അധികൃതർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെല്ലാം നമുക്ക് വേണ്ടിയാണെന്ന് കരുതി അത് പാലിക്കുക. ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവ‍ത്തകരുടെ സേവനം ത്യാഗപൂർണ്ണവും പ്രശംസാർഹവുമാണ്. ആരോഗ്യപ്രവ‍ത്തകർ അവരുടെ ജീവൻ പണയം വെച്ചാണ് ജോലി ചെയ്യുന്നത്. ത്യാഗപൂർണ്ണമായ സേവനം. അതുകൊണ്ടുതന്നെ നമുക്ക് ലോക്ഡൗൺ നിയന്ത്രണങ്ങൾ പാലിച്ച് , സാമൂഹിക അകലം പാലിച്ച് പ്രവർത്തിക്കാം. ഇപ്പോഴാവശ്യം ഭയമല്ല, ജാഗ്രതയാണ്. കൊറോണക്കെതിരെ മരുന്നു കണ്ടുപിടിക്കാനുള്ള തീവ്ര ശ്രമത്തിനാണ് ലോകരാജ്യങ്ങൾ. രോഗത്തിന്റെ മരണക്കണക്കുകൾ സൂചിപ്പിക്കുന്നത് കൂടുതൽ ശതമാനം മരണവും സംഭവിക്കുന്നത് 60 വയസ്സിന് മുകളിൽ ഉള്ളവർക്കാണ്.


ഇന്ത്യയിൽ സമൂഹ വ്യാപന സൂചന ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് റിപ്പോർട്ട് നൽകുന്നുണ്ട്. അങ്ങനെ ഒന്നു ഉണ്ടാവാതിരിക്കാൻ നമുക്ക് പ്രാർത്ഥിക്കാം. ഉറക്കമില്ലാതെയുള്ള പോലീസുകാരുടെയും കളക്ടർമാരുടെയും പ്രവ‍ർത്തനങ്ങൾ പ്രശംസാർഹനീയമാണ്. ഈ കാലവും കഴിഞ്ഞുപോകും, പ്രത്യാശയോടെ കാത്തിരിക്കാം, നാം അതിജീവീക്കും. നിപയെ നാം അതിജീവിച്ചു, ഓഖിയും പ്രളയവും നാം അതിജീവീച്ചു, കൊറോണയെ നാം തുരത്തും. സാമൂഹിക അകലം പാലിക്കാം, സോപ്പ്, ഹാന്റ്‍വാഷ് എന്നിവ ഉപയോഗിച്ച് കൈ കഴുകാം കൊറോണയോട് ബൈബൈ പറയാം. ആശങ്കയല്ല ജാഗ്രതയാണ് വേണ്ടത്.

“ശാരീരിക അകലം സാമൂഹിക ഒരുമ”

സ്നേഹ എൻ പി
9 ബി എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര
തൃശ്ശൂർ വെസ്റ്റ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 09/ 01/ 2022 >> രചനാവിഭാഗം - ലേഖനം