എസ്. എൻ. എസ്.എം.എച്ച്.എസ്. എസ്. ഇളമ്പള്ളൂർ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

ഡിജിറ്റൽ സാക്ഷരത

പ്രായപരിമിതികളെ മറികടന്നുകൊണ്ട് വിവരസാങ്കേതികവിദ്യയുടെ അടിസ്ഥാനപാഠങ്ങൾ അഭ്യസിക്കുവാൻ മുത്തശ്ശന്മാരും മുത്തശ്ശിമാരും കുരുന്നുകളുടെ മുന്നിലെത്തിയപ്പോൾ പിറന്നുവീണത് സമർപ്പണബോധത്തിന്റെ സുവർണ്ണനിമിഷം. പ്രായമായവർക്ക് ഡിജിറ്റൽ സാക്ഷരത എന്ന മഹനീയലക്ഷ്യം മുൻനിർത്തി ഇളമ്പള്ളൂർ എസ് എൻ എസ് എം എച്ച് എസ് എസിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സംഘടിപ്പിച്ച പഠന ക്യാമ്പ് പൊതുവിദ്യാഭ്യാസ മേഖലയിൽ മാതൃക പ്രവർത്തനമായി. 20/09/2025 ശനിയാഴ്ച രാവിലെ 10: 30 ന് വിദ്യാലയാങ്കണത്തിൽ പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം കരുനാഗപ്പള്ളി മുൻസിഫ് കോടതിയിലെ സിവിൽ ജഡ്ജും വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിനിയുമായ ശ്രീമതി അശ്വതി നായർ നിർവഹിച്ചു. പി ടി എ അധ്യക്ഷൻ ശ്രീ. കെ.കൃഷ്ണൻകുട്ടി അധ്യക്ഷനായ ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ആർ.മനു സ്വാഗതം ആശംസിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീ. ബി. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് ഹെഡ്മാസ്റ്റർ,ശ്രീമതി അശ്വതി നായർക്ക് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ സ്നേഹോപഹാരവും പൊന്നാടയും സമർപ്പിച്ചു. വിദ്യാലയത്തിലെ സീനിയർ അധ്യാപിക ശ്രീമതി പി.എൽ ശോഭാകുമാരി, ശ്രീമതി സുശീലാമ്മ(റിട്ട. ഡെപ്യൂട്ടി തഹസിൽദാർ), ശ്രീമതി മണിയമ്മ(റിട്ട. അധ്യാപിക), ശ്രീ. സുകുമാരൻ(റിട്ട. ഉദ്യോഗസ്ഥൻ, ചന്ദനത്തോപ്പ് ഐ ടി ഐ), അഡ്വക്കേറ്റ് അഭിഷേക് എന്നിവർ ആശംസഭാഷണങ്ങൾ നടത്തി. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ.വി.ശ്യാംകുമാർ കൃതജ്ഞത അർപ്പിച്ചു. തുടർന്ന് പഠനക്യാമ്പിനെത്തിയവർക്ക് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികൾ വിവര സാങ്കേതികവിദ്യയുടെ അടിസ്ഥാനപാഠങ്ങൾ പകർന്നുനൽകി. ലിറ്റിൽ കൈറ്റ്‌സിന്റെ ചുമതലയുള്ള അധ്യാപകരായ ശ്രീമതി ധന്യ മുരളി, ശ്രീമതി അനിജ. വി.എസ്, ശ്രീമതി രശ്മി. എസ്.കൃഷ്ണൻ, ശ്രീ.വി. ശ്യാംകുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വിവരസാങ്കേതികവിദ്യയുടെ പഠനത്തിന് പ്രായം തടസ്സമല്ല എന്ന വലിയ സന്ദേശം ഉയർത്തിയാണ് ഇരുപത്തിയഞ്ച് പേർ പങ്കെടുത്ത പഠനശിബിരം അവസാനിച്ചത്.








FREEDOM FEST ASSEMBLY