എസ്..സി. വി.എൽ.പി.എസ്.കൊടുമൺ/ക്ലബ്ബ് പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സയൻസ് ക്ലബ്

എല്ലാ തിങ്കളാഴ്ച്ചയും ഉച്ചക്ക് 1.15 മുതൽ 2 മണി വരെ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ നടത്താറുണ്ട്. മനോരമ ടീച്ചറാണ് സയൻസ് ക്ലബ്ബിൻെറ ചുമതല വഹിച്ചിരുന്നത്. ശാസ്ത്ര പ്രാധാന്യമുള്ള ദിനങ്ങൾ സയൻസ് ക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ സ്ലൈഡ് ഷോകൾ,സയൻസ് ക്വിസുകൾ, പതിപ്പുകൾ എന്നിവ തയാറാക്കി ഭംഗിയായി ആചരിക്കാറുണ്ട്. മൂന്ന്,നാല് ക്ലാസിലെ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് ശാസ്ത്രപരീക്ഷണങ്ങൾ നടത്താറുണ്ട്. പരിസ്ഥിതി ദിനത്തിൽ സ്കൂൾ കോമ്പൗണ്ടിലെ ഏറ്റവും പ്രായം ചെന്ന മരമുത്തശ്ശിയെ മാല ചാർത്തി ആദരിക്കുകയും ,വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കൽ ഔഷധത്തോട്ട നിർമ്മാണം പിറന്നാൾ ചെടികളുടെ പരിപാലനം എന്നിവയും ക്ലബ്ബിൻെറ നേതൃത്വത്തിൽ നടക്കാറുണ്ട്. അങ്ങാടിക്കൽ എസ് എൻ വി എച്ച് എസിലെ സ്പേസ് പവലിയൻ സന്ദർശിക്കൽ, തുമ്പ വി എസ് എസ് സി സന്ദർശിച്ച് റോക്കറ്റ് വിക്ഷേപണം നേരിട്ട് കാണാൻ അവസരമൊരുക്കൽ ,സൗരക്കണ്ണട ഉപയോഗിച്ച് സൂര്യഗ്രഹണം നിരീക്ഷിക്കൽ ,ശാസ്ത്ര നാടകങ്ങൾ അവതരിപ്പിക്കൽ എന്നിവ സയൻസ് ക്ലബ്ബിൻെറ നേതൃത്വത്തിൽ നടത്തിയിട്ടുണ്ട്. ജനപ്രതിനിധികളെയും പൊതുജനങ്ങളെയും ഉൾപ്പെടുത്തി 'കളിപ്പങ്ക' ശാസ്ത്രോത്സവം ഗംഭീരമായി സംഘടിപ്പിച്ചു.

ഗണിത ക്ലബ്ബ്

റോസമ്മ ടീച്ചറിൻെറ ചുമതലയിൽ ചൊവ്വാഴ്ച്ചകളിൽ ഉച്ചക്ക് ഗണിത ക്ലബ്ബ് പ്രവർത്തനങ്ങൾ നടത്താറുണ്ട്. ചതുഷ് ക്രിയകൾ ,പാറ്റേണുകൾ, ജ്യാമിതീയ രൂപങ്ങളുടെ നിർമ്മാണം ശേഖരണം എന്നിവ കൈകാര്യം ചെയ്യുന്നു. ഗണിത വിജയത്തിലെ പഠനക്കിറ്റ് ഉപയോഗിച്ച് ഗണിതത്തിൻെറ അടിസ്ഥാനാശയങ്ങൾ ഉറപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നൽകാറുണ്ട്. ഗണിത ക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ സി ആർ സി തല ഗണിതോത്സവം സംഘടിപ്പിച്ചിട്ടുണ്ട്.

ഇംഗ്ലീഷ് ക്ലബ്ബ്

ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ച് എല്ലാ വ്യാഴാഴ്ച്ചയും ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തനങ്ങൾ ശശികല ടീച്ചർ, രമ്യ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു. ഗെയിമുകൾ, ആക്ഷൻ സോങ്സ്, ഡിസ്ക്രിപ്ഷൻസ്,പദ സഞ്ചയം വിപുലീകരിക്കൽ ,കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, സ്കിറ്റ്, എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നൽകാറുണ്ട്. ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് 'ഇംഗ്ളീഷ് ഫെസ്റ്റ്' സംഘടിപ്പിക്കാറുണ്ട്.

ആരോഗ്യ സുരക്ഷാ ക്ലബ്ബ്

വ്യക്തി ശുചിത്വം,പരിസര ശുചിത്വം, പോഷകാഹാരം,റോഡ് സുരക്ഷ എന്നീ വിഷയങ്ങളിലൂന്നിയ പ്രവർത്തനങ്ങളാണ് സിതാര ടീച്ചർ ആരോഗ്യ സുരക്ഷ ക്ലബ്ബിലൂടെ ചെയ്തു വരുന്നത്. ‍ഡോ. അങ്കുഷ് , ജെ എച്ച് എൈ ഷിബു, റിട്ട.അസി.എൻജിനീയർ തങ്കച്ചൻ, കൊടുമൺ ജനമൈത്രി ബീറ്റ് ഓഫീസേഴ്സ് നൗഷാദ്,ശ്രീകാന്ത് എന്നിവരുടെ നേതൃത്വത്തിൽ ആരോഗ്യ സുരക്ഷ ബോധവത്ക്കരണ ക്ലാസുകൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും നടത്തിയിട്ടുണ്ട്.

വിദ്യാരംഗം കലാസാഹിത്യ വേദി

മിനി ടീച്ചറിൻെറ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദി എല്ലാ ബുധനാഴ്ച്കളിലും ഉച്ചയ്ക്ക് കൂടാറുണ്ട്. പ്രശസ്ത നാടൻപാട്ട് കലാകാരനും സാംസ്കാരിക വകുപ്പിൻെറ സംസ്ഥാന അവാർഡ് ജേതാവുമായ ശ്രീ ആദർശ് ചിറ്റാർ വായന വാരാചരണത്തോടനുബന്ധിച്ചുള്ള ചടങ്ങിൽ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ചെയ്തു. കവിയരങ്ങ്, കഥയരങ്ങ് എന്നിവ സംഘടിപ്പിക്കാറുണ്ട്. ചിത്രരചനയിൽ താത്പര്യമുള്ള കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകാറുണ്ട്. സ്കൂളിൽ കുട്ടികൾ അവതരിപ്പിക്കുന്ന നാടകങ്ങൾക്ക് പ്രശസ്ത സിനിമ – നാടക അഭിനേതാക്കളുടെ നിർദേശവും സഹായവും ലഭിക്കാറുണ്ട്. പ്രവൃത്തി പരിചയ മേളകൾക്ക് പ്രത്യേക പരിശീലനം ലഭിച്ച അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിന്തുണ കുട്ടികൾക്ക് ലഭിച്ചു വരുന്നു. പ്രീപ്രൈമറി അധ്യാപികയായ ശ്രീജ ടീച്ചറിൻെറ അർപ്പണ മനോഭാവത്തോടെയുള്ള പരിശീലനമാണ് കലാമേളകൾക്ക് ഉന്നത വിജയത്തിന് കുട്ടികളെ പ്രാപ്തരാക്കുന്നു.

ഊർജ സംരക്ഷണ ക്ലബ്ബ്

കുട്ടികളിൽ ഊർജ സംരക്ഷണ അവബോധം വളർത്തിയെടുക്കുന്നതിനു വേണ്ടി 2020-21 അധ്യയന വർഷം മുതൽ SEP യുടെ നേതൃത്വത്തിൽ ഊർജ സംരക്ഷണ ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു. ശശികല ടീച്ചറാണ് SEPയുടെ സ്കൂൾ കോർഡിനേറ്ററായി ചുമതല വഹിക്കുന്നത്. കഴിഞ്ഞ വർഷം നടന്ന ഊ‍ർജോത്സവം ജില്ലാ തല മത്സരത്തിൽ കവിതാ രചന, ചിത്രരചന എന്നീ ഇനങ്ങളിൽ സ്കൂളിന് രണ്ടാം സ്ഥാനം ലഭിച്ചു. 2021-22 വർഷത്തെ ഊ‍ർജോത്സവം ജില്ലാ തല വാട്ടർ കളറിംഗ് മത്സരത്തിലും കുട്ടികൾ പങ്കെടുത്തു.

മലയാള മനോരമ നല്ലപാഠം, മാതൃഭൂമി സീഡ് ക്ലബ്ബ്

2018- 19 മുതൽ മലയാള മനോരമ നല്ലപാഠം മാതൃഭൂമി സീഡ് ക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. ജയശ്രീ ടീച്ചർ ആണ് കഴിഞ്ഞ വർഷം മുതൽ സീഡ് കോർഡിനേറ്ററിന്റെ ചുമതല വഹിക്കുന്നത്. സീഡ്- സീസൺ വാച്ച് പ്രവർത്തനങ്ങളിൽ കുട്ടികൾ സജീവമായി പങ്കെടുക്കുന്നു. സീഡ്, നല്ലപാഠം പ്രവർത്തകർ ഈ വർഷം ഏറ്റെടുത്ത പ്രധാന പ്രവർത്തനങ്ങൾ - തുളസീവനം പദ്ധതി, ബദാം മുത്തശ്ശിയെ ആദരിക്കൽ, സമുദ്ര ദിനം, പ്ലാസ്റ്റിക് മുക്ത ഭവനം, ഗാന്ധിജിയുടെ യാത്രകൾ, സഹപാഠിക്കൊരു കൈത്താങ്ങ്, വേനലിൽ ദാഹജലം, പൂമ്പാറ്റക്കൊരു പൂന്തോട്ടം, വീട്ടിലൊരു കൃഷിത്തോട്ടം, നമുക്കും സ്കൂളിലൊരു കൃഷിത്തോട്ടം പദ്ധതി.

ഇക്കോ ക്ലബ്ബ്

കുട്ടികളിൽ പരിസ്ഥിതി സംരക്ഷണ മനോഭാവം വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവ‍ർത്തിച്ചു വരുന്ന ഇക്കോ ക്ബബ്ബിന് നേതൃത്വം കൊടുക്കുന്നത് ദൃശ്യ ടീച്ചറാണ്. 2021-22 വ‍ർഷത്തിൽ സ്കൂൾ ഏറ്റെടുത്തിരിക്കുന്ന ഇക്കോ ക്ലബ്ബ് പ്രവ‍ർത്തനങ്ങൾ - അന്യം നിന്ന് പോകുന്ന കാർഷിക വിളകളുടെ സംരക്ഷണം, വൃക്ഷത്തൈ നടൽ, പൂന്തോട്ട നി‍‍ർമാണം, ചിത്രരചന,ക്വിസ് മത്സരങ്ങൾ.