എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ/അക്ഷരവൃക്ഷം/ഭൂമിയിലെ മാലാഖ

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമിയിലെ മാലാഖ

എന്നും വൈകുന്നേരം ഞാൻ അമ്മയെ വാതിൽപടിക്കൽ കാത്തിരിക്കും. കൈ നിറയെ സമ്മാനങ്ങളുമായി വരുന്ന അമ്മയാണ് എന്റെ മനസ്സ് മുഴുവനും. അമ്മയെ എന്റെ കുഞ്ഞനുജൻ കാണുന്നതിനു മുമ്പ് തന്നെ അമ്മയുടെ കയ്യിലെ എന്റെ ഇഷ്ടവിഭവങ്ങൾ കരസ്ഥമാക്കാനാണ് ആ കാത്തിരിപ്പ്. എന്നും ഇതൊരു പതിവായിരുന്നു.

എന്നാൽ കുറേ ദിവസങ്ങളായിട്ട് ആ കാത്തിരിപ്പ് വെറുതെയാവുകയാണ്. ഞാൻ മുത്തച്ഛനോടും മുത്തശ്ശിയോടും കാര്യങ്ങൾ തിരക്കി. അവർ എല്ലാ കാര്യങ്ങളും എനിക്ക് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞുതന്നു. എന്റെ കുഞ്ഞു മനസ്സ് ദുഃഖത്താൽ നിറഞ്ഞു. ലോകത്ത് പൊട്ടിപ്പുറപ്പെട്ട ആ മഹാമാരിയെ കുറിച്ച് ഞാൻ ചിന്തിച്ചു. ഞാൻ വിചാരിച്ചിരുന്നത് എന്റെ അമ്മ എനിക്കും അനുജനും മാത്രം സ്വന്തമാണെന്നായിരുന്നു. പക്ഷേ... അങ്ങ് ദൂരെ ആശുപത്രിയിൽ സ്വന്തം ജീവൻ പണയം വെച്ച് മറ്റുള്ളവർക്ക് വേണ്ടി ജോലി ചെയ്യുകയായിരുന്നു ഞങ്ങളുടെ അമ്മ.

അമ്മയെക്കുറിച്ചുള്ള ഓർമ്മകളാൽ എന്റെ മിഴികൾ നിറഞ്ഞൊഴുകി. എത്രനാൾ കഴിഞ്ഞായിരിക്കാം അമ്മ വരികയെന്ന് ഞാൻ ചിന്തിച്ചു. അമ്മയുടെ ചക്കരയുമ്മ എനിക്കും എന്റെ കുഞ്ഞനുജനും എന്നാണാവോ ഇനി കിട്ടുക. ഞാൻ ഈശോയുടെ രൂപത്തിലേക്ക് നോക്കി കണ്ണുകളടച്ചു പ്രാർത്ഥിച്ചു. എന്തോ ഒരു ഉൾപ്രേരണയാൽ മനസ്സിനെ പരൂഴപ്പെടുത്തി ഞാനും അനുജനും ഇനി അമ്മ കൊണ്ടുവരുന്ന സമ്മാനങ്ങൾക്ക് വേണ്ടി അടികൂടുകയില്ലയെന്ന് തീരുമാനിച്ചു. അച്ഛനും മുത്തച്ഛനും മുത്തശ്ശിയും പറയുന്നതുകേട്ട് നല്ല കുട്ടികളായി വളരും, കാരണം അമ്മയാണ് ഞങ്ങളുടെ മാതൃക.

രോഗംമൂലം വലയുന്ന ആളുകൾക്കും മരണത്തോടുമല്ലിടുന്ന ആളുകൾക്കും വേണ്ടി രാവും പകലും കഷ്ട്ടപ്പെടുന്ന എന്റെ അമ്മയും അമ്മയുടെ സുഹൃത്തുക്കളും എത്രയോ ഉയരങ്ങളിലാണ്. ഉയരങ്ങളിലെ മാലാഖമാരാണ് അവർ. എന്റെ ദുഃഖം എല്ലാം ഇല്ലാതായി. മാസങ്ങൾക്ക് ശേഷം വരുന്ന അമ്മയെ സന്തോഷത്തോടെ സ്വീകരിക്കാനായി ഞാനും അനുജനും കാത്തിരുന്നു. ഞങ്ങളും ഒരു പ്രതിജ്ഞയെടുത്തു, അമ്മയെപ്പോലെ മറ്റുള്ളവർക്ക് വേണ്ടി ജീവൻ ബലി അർപ്പിക്കുവാൻ തയ്യാറാണെന്ന്. ഞങ്ങൾക്കുറപ്പുണ്ടായിരുന്നു കുറെ നാളുകളുടെ കാത്തിരിപ്പിനു ശേഷം ഞങ്ങളുടെ അമ്മ ഞങ്ങൾക്കരികിലേയ്ക്ക് വരുമെന്ന് ഒരു മാലാഖയെപ്പോലെ.

A Dedication to All the Nurses who Dedicated Their Lives for the Entire Human Generation.👌👍👏

അന്ന ജോജു
6 D സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്കൂൾ കരിമണ്ണൂർ
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ