എസ്.ജെ.എൽ.പി സ്കൂൾ പെരിയാമ്പ്ര/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മണക്കാട് പഞ്ചായത്തിലെ പുരാതന സ്കൂളുകളിൽ മുൻനിരയിൽ ഉള്ള പെരിയാമ്പ്ര സെൻറ് ജോൺസ് എൽ പി സ്കൂൾ 1096-ആം ആണ്ട് (10/10/1096 ) മുതൽ പ്രവർത്തനഗീകാരം ലഭിച്ചിട്ടുള്ളതാണ്. തിരുവിതാംകൂർ പബ്ലിക് ഇൻസ്‌ട്രക്ഷൻ ഡയറക്ടറുടെ ഉത്തരവ് പ്രകാരം ശ്രീ കുര്യൻ ടി ജെ തളിയംചിറ എന്ന വ്യക്തി അദ്ദേഹത്തിന്റെ പുരാതന ക്രിസ്ത്യൻ തറവാടായ കുളിരാങ്കൽ ചാന്ത്യം കുടുംബത്തിലെ അംഗങ്ങൾക്കും പണിക്കാരുടെ കുട്ടികൾക്കും അദ്ദേഹത്തിന്റെ ഇടവക അംഗങ്ങൾക്കും നല്ലവരായ നാട്ടുകാരുടെ കുട്ടികൾക്കും വിദ്യാഭ്യാസം ലഭിക്കുന്നതിന് നിർവാഹം ഇല്ലാതിരുന്ന സാഹചര്യത്തിൽ പെരിയാമ്പ്രയിൽ 383/7, 383/6 എന്നീ സർവ്വേ നമ്പറിലുള്ള സ്ഥലം സ്വന്തമായി വാങ്ങി ആ സ്ഥലത്ത് ഈ സ്കൂൾ സ്ഥാപിച്ചു. ഇന്നത്തെ റോഡുകളുടെ സ്ഥാനത്തു വെറും നടപ്പാത മാത്രമാണ് ഉണ്ടായിരുന്നത്. കെട്ടിട നിർമാണത്തിനാവശ്യമായ തടി ഓട് മുതലായ സാധന സാമഗ്രികൾ തലച്ചുവടായാണ് എത്തിച്ചിരുന്നത്. തേക്കിൽ നിർമിതമായ കെട്ടിടവും സ്ഥലവും സ്കൂൾ മാനേജ്മെന്റിന്റെ സ്വന്തമാണ്. ആദ്യ കാലങ്ങളിൽ ഒന്നും രണ്ടും ക്ലാസുകൾ മാത്രമാണ് ഉണ്ടായിരുന്നത് തുടർന്ന് ഒന്ന് മുതൽ അഞ്ച് വരെയുള്ള ക്ലാസുകൾ പ്രവർത്തനം ആരംഭിച്ചു. മാനേജർ ശ്രീ ടി ജെ കുര്യൻ 25 വർഷത്തോളം മാനേജർ ആയി തുടർന്നു. അന്ന് പഠിപ്പിച്ചിരുന്ന അധ്യാപകർക്ക് നെല്ലും അണയുമാണ് ശമ്പളമായി മാനേജർ നൽകിയിരുന്നത് 1121-ൽ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റ് ആയപ്പോൾ ഈ വിദ്യാലയം സെന്റ് ജോൺസ് എൽ. പി സ്കൂൾ ആയി മാറി.