എസ്.ജെ.എച്ച്.എസ്.എസ് വെളളയാംകുടി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കട്ടപ്പന പട്ടണത്തീൽനിന്നും രണ്ട് കിലോമീറ്റർ പടിഞ്ഞാറ് മാറി ഇടുക്കി റോഡരുകിൽ സ്ഥിതിചെയ്യുന്ന ശാന്തസുന്ദരമായ ഗ്രാമമാണ് വെള്ളയാംകുടി. പരിശുദ്ധിയുടെ സൗരഭ്യം പരത്തി ഉയർന്നുനിൽക്കുന്ന ഇടവകദേവാലയം കൂട്ടായ്മയുടെയും കരുത്തിന്റെയും ഒത്തൊരുമയുടെയും പ്രതീകമാണ്. അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ഈ പ്രദേശം കട്ടപ്പനയുടെ പ്രധാനഭാഗമായിത്തന്നെ മാറിക്കഴിഞ്ഞു. റണ്ടാം ലോകമഹായുദ്ധത്തെ തുടർന്നുണ്ടായ ഭക്ഷ്യക്ഷാമവും ഹൈറേഞ്ചിലേക്കുള്ള കുടിയേറ്റത്തിനു പ്രേരകമായി. പാലാ, മിനച്ചിൽ,കാഞ്ഞിരപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിൽനിന്നും വന്നവരായിരുന്നു കുടിയേറ്റക്കാറിൽ ഭൂരിഭാഗവും. കാട്ടുമൃഗങ്ങളുടെ ആക്രമണത്തിൽനിന്നും രക്ഷനേടാൻ മരങ്ങൾക്കുമുകളിൽ ഏറുനാടങ്ങളഅ‍ തീർത്താണ് ആദ്യകാലങ്ങളിൽ ജീവിച്ചിരുന്നത്. ആദ്യകാലത്ത് ഏലപ്പാറയിൽ ബസ്സിറങ്ങി അവിടെനിന്നും കാൽനടയായി ഉപ്പുതറ, അയ്യപ്പൻകോവിൽ വഴിയാണ് കർഷകർ ഇവിടെ എത്തിയിരുന്നത്. കട്ടപ്പന മുതൽ വെള്ളയാംകുടിവരെ റോഡിൽ ഒരുവശം പാടമായിരുന്നു. അതിനാൽ വലിയകണ്ടം എന്ന് ഈ പ്രദേശംഅറിയപ്പെടുന്നു. ഗിരിവർഗ്ഗക്കാരായ മന്നാൻസമുദായത്തിൽപെട്ടവരുടെ അധിവാസകേന്ദ്രമായിരുന്നു അന്ന് ഈ പ്രദേശം. അവർ പല കുടികളിലായാണ് കഴിഞ്ഞിരുന്നത്. ഓരോ കുടിയും അതിന്റെ നേതാവിന്റെ പേരിലാണ് അറിയപ്പെട്ടിരുന്നത്. ഈ പ്രദേശത്തെ നേതാവിന്റെ പേര് വെള്ളയാൻ എന്നായിരുന്നു. ഈ പ്രദേശത്ത് നടത്തേണ്ട വിളകളെല്ലാം ക്രമീകരിച്ചിരുന്നത് വെള്ളയാനായിരുന്നു. വെള്ളയാന്റെ കുടി എന്നതു ലോപിച്ച് വെള്ളയാൻകുടിയും പിന്നീട് വെള്ളയാംകുടിയും ആയി. കുടിയേറ്റം വ്യാപകമായതോടെ തനതായ ജീവിതശൈലിയും സംസ്കാരവും ആചാരനുഷ്ഠാനങ്ങളും ഉണ്ടായിരുന്ന ഗിരിവർഗ്ഗക്കാരിൽ ഭൂരിഭാഗവും ഇവിടം വിട്ടുപോയി. ആദ്യകാലത്ത് ഇവിടുത്തെ താമസം വളരെയേറെ ക്ലേശം നിറഞ്ഞതും ഭീതിനിറഞ്ഞതും ആയിരുന്നു. ഗതാഗതസൗകര്യമോ ഇല്ലാത്ത ജീവിതം ഇന്നത്തെ തലമുറയ്ക്ക് ചിന്തിക്കാനാവാത്തതാണ്. ഇരുവശവും നിബിഡവനമായിരുന്നു. മാത്രമല്ല കാട്ടുമൃഗങ്ങളുടെ ആക്രമണവും. കാട്ടുമൃഗങ്ങളിൽനിന്ന് രക്ഷനേടാൻ രാത്രികാലങ്ങളിൽ അവർ തീ കൂട്ടുക പതിവാണ്. സർക്കാരിന്റെ കുടിയിറക്കിനു പലതവണ അവർ ഇരയായി. കാട്ടാനകളുടെയും മറ്റ് കാട്ടുമൃഗങ്ങളുടെയും ആക്രമണത്തിൽ ജീവഹാനി സംഭവിച്ചവർ വളരെയേറെയാണ്. അതിശൈത്യവും കോടമഞ്ഞും മോശമായ കാലാവസ്ഥയും സഹിക്കാനാവാതെ പലരും തങ്ങളുടെ നാട്ടിലേക്കുതന്നെ തിരിച്ചുപോയി. മലമ്പനിയും മറ്റ് രോഗങ്ങളും ബാധിച്ച് തങ്ങളുടെ പ്രിയപ്പെട്ടവർ മരണത്തിന് കീഴടങ്ങേണ്ടിവന്ന ചരിത്രം ഇവിടുത്തെ ആദികാല കുടിയേറ്റക്കാർക്ക് ഉണ്ടായിട്ടുണ്ട്. ശരിയായ ചികിത്സ ലഭിച്ചിരുന്നുവെങ്കിൽ അവരിൽ പലരുടെയും ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നു. ഇതൊക്കെ ആണെങ്കിലും കുടിയേറ്റക്കാർ പ്രതീക്ഷകൈവിട്ടില്ല. കർഷകന്റെ അധ്വാനത്തിന്റെ വിയർപ്പുതുള്ളികൾ വനഭൂമിയിൽ പൊന്നുവിളയിച്ചു. ഇവിടെ കാർഷികവിളകൾ ധാരാളമായി ഉണ്ടായി. ദൈവാശ്രയബോധം കുടിയേറ്റകർഷകർക്കുണ്ടായിരുന്നു. ഇതിന്റെ ഉദാഹരണമാണ് ഇവിടെ രൂപംകോണ്ട ദേവാലയം. ആദ്യകാലങ്ങളിൽ ഇവർ മൃഗങ്ങളെ വേട്ടയാടിയിരുന്നു. രാത്രികാലങ്ങളിൽ ഇവയിൽനിന്ന് രക്ഷനേടാൻ കരിതേച്ച് നൃത്തംചെയ്തിരുന്നു. വിളകൾക്ക് കണ്ണുകിട്ടാതിരിക്കാന് നോക്കുകുത്തി വയ്ക്കുന്ന പതിവുണ്ടായിരുന്നു. വിളവെടുപ്പുനേരത്ത് അവർ നാടൻപാട്ടുകൾ പാടുമായിരുന്നു. നാടൻ പാട്ടുകൾ ഇന്ന് അന്യംനിന്നിരിക്കുന്നു. വയലുകൾ നിരത്തി കോൺക്രീറ്റ് കെട്ടിടങ്ങൾ ഉയർന്നുവന്നു.