എസ്.എൻ എം.എച്ച്.എസ്.എസ് മൂത്തകുന്നം/അക്ഷരവൃക്ഷം/എൻ്റെ കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ കൊറോണക്കാലം
എനിക്ക് കൂട്ടുകാരെന്ന് വെച്ചാ ജീവൻ ആയിരുന്നു. എനിക്ക് സ്കൂളിൽ പോകുമ്പൊൾ ഏക ആശ്വാസം കൂട്ടക്കാരോടൊപ്പം ചെലവഴിക്കാം എന്നതായിരുന്നു. പത്താം ക്ലാസ്സിലെ പരീക്ഷയുടെ ചൂട് തലയിൽ കയറിയപ്പോൾ ചാറ്റിങ്ങും' മറ്റും കുറച്ചു കുറഞ്ഞുവെങ്കിലും പരീക്ഷ കഴിഞ്ഞ് കൂട്ടുകാരുമായി ചുറ്റിയടിക്കാമെന്ന ആശ്വാസത്തിലായിരുന്നു.

അപ്പോഴാണ് ചൈനയിൽ ഒരു വൈറസിനാൽ ഏറേ പേർ മരിക്കുന്നു എന്നൊക്കെ കേട്ടത് .ചൈനയിലല്ലേ നമുക്കെന്താ അതിൽ കാര്യം എന്നു വിചാരിച്ചു പിറ്റേന്നുള്ള പരീക്ഷക്കൊക്കെ ഞങ്ങൾ സ്കൂളിലെത്തിയപ്പോൾ സോപ്പിട്ട് കയ്യൊക്കെ കഴുകിയിട്ട് കയറാൻ പറഞ്ഞു. ഡൂട്ടിയിലുള്ള അധ്യാപകർ ഓരോ കുപ്പിയുമായി ഹോളിലേക്ക് വന്നു. കുപ്പിയിലുള്ളത് സാനിറ്റൈസർ ആണെന്ന് പിന്നീടാണറിഞ്ഞത് .പരീക്ഷയായതുകൊണ്ട് ടി.വി കട്ടു ചെയ്തിരുന്നു. ഫോൺ എനിക്ക് തൊടാൻ പോലും തരില്ലായിരുന്നു. വിവരങ്ങളൊക്കെ കൂട്ടുകാരിൽ നിന്നാണ് ഞാൻ അറിഞ്ഞിരുന്നത്.

ഞാൻ പഠിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് അനിയത്തി വന്നു പറഞ്ഞത് 'ചേട്ടാ ഇനി കുത്തിയിരുന്ന് പഠിക്കണ്ട പരീക്ഷയൊക്കെ മാറ്റിവച്ചു' .അവൾക്ക് പരീക്ഷ ഇല്ല എല്ലാവരേയും ജയിപ്പിച്ചു വിടും എന്നൊക്കെ പറഞ്ഞപ്പോൾ ഞാൻ കേൾക്കാത്ത പോലെ ഇരുന്നിരുന്നു.

പരീക്ഷ ഇല്ലെന്നറിഞ്ഞ സന്തോഷത്തിൽ ഞാൻ അമ്മയുടെ അടുത്തേക്കോടി അമ്മ വാർത്ത കേൾക്കുകയായിരുന്നു ഞാനപ്പോഴാണ് അറിഞ്ഞത് ഈ വൈറസ് ഒരു ഭയങ്കരനാണെന്ന് ഇതിന്റെ പേര് കൊറോണയെന്നാണെന്നും ഞാൻ അറിഞ്ഞു. പിന്നീട് ഓരോ ദിവസവും ഞാൻ വാർത്തകൾ കേൾക്കാനായി ശ്രദ്ധിച്ചു.കൂട്ടുകാരെയൊക്കെ വിളിച്ചപ്പോൾ അവർ പറഞ്ഞു 'എടാ അത്ര സന്തോഷിക്കുകയൊന്നും വേണ്ട ഇപ്പോ ആ ഒരു ചൂടിൽ പരീക്ഷയെഴുതിയാൽ നമുക്ക് നന്നായി പരീക്ഷ എഴുതാൻ പറ്റും കൂടുതൽ ദിവസം കിട്ടിയാൽ നമ്മൾ ഉഴപ്പും വീട്ടുകാർ ആ പഴയ പല്ലവി ആവർത്തിച്ചു കൊണ്ടിരിക്കും ഏതുസമയവും പഠിക്ക് പഠിക്ക് എന്നു പറഞ്ഞ്.' അതു കേട്ടപ്പോൾ ശരിയാണെന്നെനിക്കു തോന്നി.

പിന്നീടാണ് ഭീകരത ഞാനറിഞ്ഞത്.വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പാടില്ല, എപ്പോഴും സോപ്പിട്ട് കൈ കഴുകണം. അച്ഛനും വീട്ടിൽ തന്നെയുള്ളതുകൊണ്ട്‌ അമ്മയെ പറ്റിച്ച് കൂട്ടുകാരെ കാണാൻ പോകാനും പറ്റാതായി. എന്റെ വിഷമം കണ്ട് അച്ഛൻ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തന്നു. കൊറോണ ബാധിച്ച കുട്ടിയുടെ അവസ്ഥ വീഡിയോ കാണിച്ചു തന്നു .രോഗം വന്നാൽ മരുന്നില്ലെന്നും പ്രതിരോധമാണ് വേണ്ടതെന്നും വിഷുവിന് ഈ അവസ്ഥയൊക്കെ മാറുമെന്നും അപ്പോൾ പുറത്തൊക്കെ പോകാമെന്നും അച്ഛൻ പറഞ്ഞു.നമ്മൾ കാരണം മറ്റുള്ളവർക്കും മറ്റുള്ളവർ കാരണം നമുക്കും രോഗമുണ്ടാകരുതെന്ന തത്വം മനസിലാക്കിയ ഞാൻ കൂട്ടുകാരെയെല്ലാം: ഫോണിൽ വിളിച്ച് പുറത്തിറങ്ങരുതെന്നും ഇടക്കിടക്ക് കൈകൾ സോപ്പുപയോഗിച്ച് കഴുകണമെന്നും അകലം പാലിക്കണമെന്നും ആരോഗ്യ സംബന്ധമായ വാർത്തകൾ എപ്പോഴും കേൾക്കണമെന്നും പറഞ്ഞേൽപ്പിച്ചു. ലോകം മുഴുവനും പടർന്നു പിടിച്ച ഈ കൊറോണ വൈറസിനെ തുരത്താൻ നമ്മുടെ ഭരണകൂടത്തിനൊപ്പം നിന്നു പ്രവർത്തിക്കാൻ ഞാൻ തീരുമാനിച്ചു.

വിഷു ആയിട്ടും രോഗഭീതി കുറയാത്തതു കാരണം അമ്മയുടെ വീട്ടിലൊന്നും പോകാൻ സാധിച്ചില്ല. ഞാനും കൂട്ടുകാരും കൂടി ഒരു തീരുമാനമെടുത്തു ഇപ്രാവശ്യം വിഷു കൈനീട്ടം കിട്ടിയ പൈസ പാവപ്പെട്ടവർക്ക് വേണ്ടി കൊടുക്കണമെന്ന്. ഞങ്ങളുടെ അടുത്ത് വയസായ അച്ചിച്ചനും അമ്മൂമ്മയും താമസിക്കുന്നുണ്ട് മക്കളൊന്നും അവരെ തിരിഞ്ഞു നോക്കുന്നില്ല. ഞങ്ങൾ രണ്ടു പേർ അവർക്കാവശ്യമുള്ള കുറച്ചു മരുന്നും വീട്ടുസാധനങ്ങളുമായി അവരുടെ വീട്ടിൽ ചെന്നു. അവർ ആദ്യം വാങ്ങാൻ മടിച്ചുവെങ്കിലും ഞങ്ങൾ നിർബന്ധിച്ച് അതവരെ ഏൽപ്പിച്ചു. അവരുടെ കണ്ണുകളിൽ തിളങ്ങി നിന്ന കണ്ണുനീരിൽ ദൈന്യതയുടെ നിസ്സഹായത ഞാൻ കണ്ടു . ലോകത്തിൽ ഇങ്ങനെയും മനുഷ്യരുണ്ട് . ഉള്ളവർ ഇല്ലാത്തവർക്കു കൊടുക്കണം ,നമ്മുടെ തോൾ എപ്പോഴും അശരണർക്ക് താങ്ങാവണം എന്നാലെ മനുഷ്യൻ എന്ന പേരിന് അർത്ഥമുണ്ടാവൂ എന്നു ഞാൻ പഠിച്ചു ഈ കൊറോണക്കാലമാണ് അതിനു വഴിയൊരുക്കിയത്.അതിൽ എനിക്ക് അഭിമാനം തോന്നി.

അർജുൻ കെ എസ്
10 A എസ്.എൻ എം.എച്ച്.എസ്.എസ് മൂത്തകുന്നം
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ