ഗ്രന്ഥശാല

 
ഗ്രന്ഥശാലയുടെ  ചിത്രം

അറിവിന്റെ നിറവാണ് 'കരുത്ത്' എന്നതിൽ സംശയമില്ല. ഗ്രന്ഥശാലകൾ വിജ്ഞാന ഖനികളായിരിക്കെ ഏതു മേഖലയിലുളള അറിവും കരഗതമാക്കാൻ മറ്റെവിടെയും പോകേണ്ടതില്ല. വിദ്യാർത്ഥികൾക്ക് വിജ്ഞാന ലോകം പ്രദാനം ചെയ്യുന്ന പ്രസ്ഥാനമാണ് ഗ്രന്ഥശാലാ സംഘം.

നീലീശ്വരം എൻ എൻ ഡി പി ഹയർ സെക്കന്ററി സ്കൂളിന്റെ ഭാഗമായുള്ള ഗ്രന്ഥശാല രാവിലെ 10am - 4 pm വരെ എല്ലാ പ്രവർത്തി ദിവസങ്ങളിലും കൃത്യതയോടെ പ്രവർത്തിച്ചുവരുന്നു. 12000 - ൽപ്പരം പുസ്തകങ്ങൾ ഇവിടെയുണ്ട്. കൂടാതെ ബാലരമ, ബാലഭൂമി, ഡൈജസ്റ്റ് , ടെൽ മീ വൈ, കറന്റ് അഫയേഴ്സ്, പൊതു വിജ്ഞാനം, ആരോഗ്യം, തളിര്, സ്പോട്സ്, തുടങ്ങി വിജ്ഞാനപ്രദങ്ങളായ നിരവധി ആനുകാലികങ്ങളും മാതൃഭൂമി, മലയാള മനോരമ, ദി ഹിന്ദു തുടങ്ങിയ ദിന പത്രങ്ങളും ഈ ഗ്രന്ഥശാലയിൽ ഉണ്ട്. കുട്ടികൾക്ക് ആവശ്യാനുസരണം ഇവയെല്ലാം നല്കി വരുന്നു. ബാലസാഹിത്യം, സാഹിത്യം, ശാസ്ത്രം, ചരിത്രം, റഫറൻസ് എന്നിങ്ങനെ വിവിധ മേഖലകളെ അടിസ്ഥാനമാക്കിയും ഇംഗ്ലീഷ്, മലയാളം, ഹിന്ദി എന്നിങ്ങനെയും പുസ്തകങ്ങൾ ഗ്രന്ഥശാലയിൽ ക്രമീകരിച്ചിരിക്കുന്നു. യുപി വിഭാഗം കുട്ടികൾക്ക് ആഴ്ചയിൽ രണ്ട് പിരീഡും എച്ച് എസ് വിഭാഗം കുട്ടികൾക്ക് ആഴ്ചയിൽ ഒരു പിരീഡും ഗ്രന്ഥശാല ഫല പ്രദമായി ഉപയോഗിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് സ്വസ്ഥമായി ഇരുന്ന് വായിക്കാനും എഴുതാനും ഉദകുന്ന വിശാലമായ വായന മുറിയും ഗ്രന്ഥശാലയുടെ ഭാഗമായുണ്ട്.

പ്രവർത്തനങ്ങൾ

ജൂൺ 19 ന് വായനദിനത്തിന്റെ ഉദ്ഘാടനത്തോടെ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ കൂടുതൽ പ്രവർത്തനങ്ങൾ തുടങ്ങുന്നു.

1. പുസ്തകശേഖരണം

സർക്കാർ ഗ്രാന്റ് ഉപയോഗിച്ച് വാങ്ങിയ പുസ്തകങ്ങളെ കൂടാതെ പി ടി എ , പൂർവ വിദ്യാർത്ഥികൾ, സന്നദ്ധ സംഘടനകൾ, അഭ്യുദയകാംക്ഷികൾ, തുടങ്ങിയവരിൽ നിന്നും പുസ്തകങ്ങൾ ലഭിക്കുന്നു. കൂടാതെ കുട്ടികൾ അവരുടെ വീടുകളിൽ നിന്ന് ശേഖരിച്ചത്, ജന്മദിന സമ്മാനം പുസ്തകമായി ഗ്രന്ഥശാലയ്ക്ക് നല്കിയത് എന്നിങ്ങനെ പല വിധത്തിലുമുളള ഗ്രന്ഥശേഖരണവും നടക്കുന്നു.

 
വായന പ്രതിഭ 2022

2. ക്വിസ് മത്സരങ്ങൾ

പത്രവായന ശീലമാക്കി കുട്ടികളുടെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഓരോ മാസവും അവസാന ദിവസം പത്രമാധ്യമങ്ങളെ അടിസ്ഥാനമാക്കിയുളള ക്വിസ് മത്സരം, ദിനാചരണങ്ങളുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾ കുട്ടികളിൽ മതസൗഹാർദ്ദം വളർത്തുന്നതിനായി വിശുദ്ധ ഗ്രന്ഥങ്ങളായ രാമായണം, ബൈബിൾ, ഖുറാൻ എന്നിവയെ അടിസ്ഥാനമാക്കിയുള്ള ക്വിസ് മത്സരം എന്നിങ്ങനെ ഈ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വിവിധ ക്വിസ് മത്സരങ്ങൾ മുടങ്ങാതെ നടത്തിവരുന്നു. മത്സരങ്ങളിൽ വിജയികളായ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനായി സമ്മാനങ്ങൾ നല്കുന്നു. കൂടാതെ മികച്ച വായനക്കാരെ കണ്ടെത്തി സ്കൂൾ വാർഷികത്തിന് 'വായന പ്രതിഭ' പുരസ്കാരം നല്കുന്നു.

3. പതിപ്പ് തയ്യാറാക്കൽ

സ്വാതന്ത്ര്യ ദിനം,ഗാന്ധി ജയന്തി, കർഷകദിനം, കായിക മാമാങ്കം തുടങ്ങി വിവിധ മേഖലകളെ അടിസ്ഥാനമാക്കി പതിപ്പുകൾ തയ്യാറാക്കി കുട്ടി കളുടെ വിവിധ ആവശ്യങ്ങൾക്കായി ഗ്രന്ഥശാലയിൽ സൂക്ഷിക്കുന്നു.

4. പുസ്തകമേള

വായദിനത്തോടനുബന്ധിച്ച് എല്ലാ വർഷവും പുസ്തകമേള സംഘടിപ്പിക്കുന്നു. അന്താരാഷ്ട്ര പുസ്തകമേളയിൽ പങ്കെടുത്ത് പ്രോത്സാഹനസമ്മാനം ലഭിച്ചിട്ടുണ്ട്.

5. പുസ്തകപരിചയം

ഈ ഗ്രന്ഥശാലയിലെ പുസ്തകങ്ങളെ കുട്ടികൾക്കുപരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ദിവസം ഒരു പുസ്തകം(വായനക്കുറിപ്പോടു കൂടി) പരിചയ പ്പെടുത്തുന്നു.സമീപ പ്രദേശങ്ങളിലെ ലൈബ്രറികളുമായി സഹകരിച്ചുകൊണ്ട് കുട്ടികളെ വിവിധ മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നു , സമ്മാനങ്ങളും ലഭിക്കുന്നു. ദിനാചരണങ്ങളോടനുബന്ധിച്ച് കഥാരചന, കവിതാ രചന, ചിത്രരചന, പ്രസംഗം, നല്ല വായന, ആസ്വാദനക്കുറിപ്പ് തുടങ്ങിയവയിൽ മത്സരങ്ങൾ നടത്തി കുട്ടികളെ സബ്ജില്ല, ജില്ലാതല മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നു.

6.കൊറോണക്കാലത്തെ പ്രവർത്തനങ്ങൾ

കുട്ടികൾ വീട്ടിലായിരുന്നപ്പോഴും ഗ്രന്ഥശാലയുടെ പ്രവർത്തനങ്ങൾ ഓൺലൈൻ ആയി തുടരുന്നു. സാധാരണ നടത്തിവരാറുള്ള സ്കൂൾ, സബ്ജില്ല, ജില്ല, സംസ്ഥാനതല മത്സരങ്ങളെല്ലാം ഓൺലൈനിലായപ്പോഴും കുട്ടികൾ പിന്മാറിയില്ല. ഓൺലൈൻ ആയി അവർ പരിശീലനം നേടുകയും വിവിധ മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു വരുന്നു.

പത്രമാധ്യമങ്ങളെ അടിസ്ഥാനമാക്കിയുളള ക്വിസ് മത്സരവും ഓൺലൈനിലാക്കി അവർക്ക് ഇ-സർട്ടിഫിക്കറ്റ് നല്കി വരുന്നു. ലൈബ്രറിയിൽ നിന്ന് കുട്ടികൾക്ക് ആ വശ്യമുളള പുസ്തകം അവരുടെ വീട്ടിൽ എത്തിക്കുന്നു. സ്ക്കൂൾ ഗ്രന്ഥശാലയുടെ ചുമതല അധ്യാപകരിൽ ഒരാളായ ശ്രീമതി.ഉഷ.കെ.എസ് ആണ് നിർവഹിച്ചു വരുന്നത്. ഇതിനു പുറമെ 10 am -4 pm വരെയുളള ഗ്രന്ഥശാലയുടെ പ്രവർത്തനം മുടക്കമില്ലാതെ നടത്തുന്നതിനായി വെളിയിൽ നിന്ന് പരിചയ സമ്പന്നയായ ഒരു ലൈബ്രേറിയനും(ശ്രീമതി ഷിജി പ്രസാദ്) ഉണ്ട് എന്നത് ഈ ഗ്രന്ഥശാലയുടെ പ്രത്യേകതയാണ്.

ലക്ഷ്യങ്ങൾ

വിജ്ഞാനം വിരൽത്തുമ്പിലായിരിക്കുന്ന ഈ ലോകത്ത് നമ്മുടെ കുട്ടികളുടെ അറിവും അതിനനുസരിച്ച് വളർത്തി അവരെ മികച്ച വ്യക്തിത്വത്തിന് ഉടമകളാക്കി ജന്മനാടിന്റെ അഭിമാനമാക്കുക.