എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര/എന്റെ ഗ്രാമം
എന്റെ നാട് - ചെന്നീർക്കര
സാമുഹിക - സാംസ്‌കാരിക ചരിത്രം
ചെന്നീർക്കരയെക്കുറിച്ചു പരാമർശിക്കുന്ന ചരിത്രരേഖകളിൽ പ്രാമാണ്യം അർഹിക്കുന്നത് റോബർട്ട് സീവെല്ലിന്റെ ദക്ഷിണേന്ത്യൻ ലിഖിതങ്ങളാണ് (South Indian Incriptions).കൊടുമൺ ഭൂവിഭാഗം ഉൾപ്പെടുന്ന ചെന്നീർക്കര സ്വരൂപം ശക്തിഭദ്രൻ എന്ന സ്ഥാനപ്പേരോടുകൂടിയ രാജാക്കന്മാരാണ് ഭരണം നടത്തിയിരുന്നതെന്ന് റോബർട്ട് സീവെൽ രേഖപ്പെടുത്തിയിരിക്കുന്നു . ചെന്നീർക്കര രാജകുടുംബം ചെന്നീർക്കരയിൽനിന്നും കൊടുമണ്ണിൽ ഏതുകാലത്ത ആസ്ഥാനം ഉറപ്പിച്ചു എന്നു സമർത്ഥിക്കുന്നതിനുള്ള ചരിത്രരേഖകൾ ലഭ്യമല്ല. കാലപ്രവാഹത്തിൽ ചെന്നീർക്കര രാജകുടുംബം അന്യം നിന്നുപോവുകയും പാണ്ഡ്യരാജവംശമായ പന്തളം നാട്ടുരാജ്യത്തിൽ ലയിക്കുകയുംചെയ്തു.
തിരുവിതാംകൂർ മഹാരാജാവായിരുന്ന അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയുടെ കാലത്തു തിരുവിതാംകൂറിന്റെ യുദ്ധച്ചിലവിലേക്കായി കപ്പം കൊടുക്കാനുള്ള ആസ്തി ഇല്ലാതിരുന്നതിനാൽ ഈ നാട്ടുരാജ്യം പിന്നീട് തിരുവിതാംകൂറിന്റെ ഭാഗമായിത്തീരുകയും ചെയ്തു .
ഏ .ഡി ഒൻപതാം ശതകത്തിൽ ജനിച്ച മലയാള ബ്രാഹ്മണനായിരുന്ന ശക്തിഭദ്രൻ എന്ന സംസ്കൃത കവിയാണ് തെക്കേ ഇന്ത്യയിലെ തന്നെ ആദ്യത്തെ സംസ്കൃത നാടകമായ ആശ്ചര്യചൂഡാമണിയുടെ കർത്താവെന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിരിക്കുന്നു .ഇദ്ദേഹം ശങ്കരാചാര്യരുടെ സമകാലീനനായിരുന്നു എന്നും രേഖപ്പെടുത്തിയിട്ടുണ്ട് . ചെന്നീർക്കര എന്ന സ്ഥലത്തിനു ഭാഷാപരമായ വ്യാഖ്യാനം ഒന്നിലധികം പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും ഇതിൽ പ്രാധാന്യം അർഹിക്കുന്നത് ചെമന്ന നീർ (ചെം+നീർ )ലോപിച്ചു ചെന്നീർക്കര ഉണ്ടായി എന്നതാണ്. യുദ്ധങ്ങൾ നടന്ന സ്ഥലം എന്ന അർത്ഥത്തിൽ ചെന്നീർക്കര ചോരവീണ സ്ഥലം എന്ന വ്യാഖ്യാനത്തിനാണ് കൂടുതൽ വിശ്വാസ്യതയുള്ളത് .ഒരു കാലത്തു പടയാളികൾക്ക് യുദ്ധമുറകൾ അഭ്യസിക്കുന്നതിനുള്ള സ്ഥലമായിരുന്നു ചെന്നീർക്കര.മുറിപ്പാറമൺ മൈതാനം എന്ന ചരിത്രപരാമർശത്തിൽനിന്നും മേൽപ്പറഞ്ഞ വാദഗതികൾക്ക് പ്രസക്തിയേറുന്നു . പ്രകൃതി രമണീയതകൊണ്ടും സാംസ്കാരിക പൈതൃകം കൊണ്ടും അനുഗ്രഹിക്കപ്പെട്ട പ്രദേശമാണ് ചെന്നീർക്കര ഗ്രാമപഞ്ചായത്ത്. ചെന്നീർക്കര സ്വരൂപത്തിലെ നാടുവാഴികൾ പണികഴിപ്പിച്ച തുമ്പമൺ വടക്കുംനാഥ ക്ഷേത്രത്തിലെ ചുമർചിത്രങ്ങളും ദാരുശില്പങ്ങളും ക്ഷേത്രത്തിന്റെ വസ്തുകലാഭംഗിയും ചെന്നീർക്കരയുടെ സാംസ്‌കാരിക ചരിത്രത്തിന്റെ പഴമയിലേക്ക് വിരൽചൂണ്ടുന്ന തെളിവുകളാണ്.പച്ചിലച്ചാറ്, നിറമുള്ള കല്ല്, കരിക്കട്ട തുടങ്ങി പ്രകൃതിയിൽനിന്നും നേരിട്ടെടുത്ത വസ്തുക്കൾ ഉപയോഗിച്ചു വരച്ച ചുമർചിത്രങ്ങൾ ഇന്നും കേടുപാടുകൾ കൂടാതെ നില നിൽക്കുന്നു .മോർ -ആൻ മോർ ഇഗ്നാത്ത്യോസ് ഏലിയാസ് തൃതീയൻ പാത്രിയാർക്കീസ് ബാവായുടെ കബറിടം സ്ഥിതി ചെയ്യുന്ന മഞ്ഞിനിക്കരയിലെ ക്രിസ്‌തീയ തീർത്ഥാടനകേന്ദ്രം ചെന്നീർക്കരയിലാണ്. 1932-ലെ നിവർത്തന പ്രക്ഷോഭത്തിന്റെ ഭാഗമായി മുറിപ്പാറമണ്ണിൽ നടന്ന മഹാസമ്മേളനത്തിലും നിയമലംഘന സമരത്തിന്റെ ഭാഗമായി അമ്പലത്തുംപാട്ട് നടന്ന നിയമലംഘന പ്രഖ്യാപനത്തിലും ഈ പ്രദേശത്തുനിന്നും നിരവധി ദേശസ്നേഹികൾ പങ്കെടുത്തിട്ടുണ്ട് .ചെന്നീർക്കരയിൽ നടന്ന ഹിന്ദു ക്രിസ്‌ത്യൻ ലഹളയിൽ ടി.എം വർഗീസ്,സി.കേശവൻ എന്നിവർ മധ്യസ്ഥരായി പങ്കെടുത്തു. സി.കേശവൻ പറഞ്ഞ വാക്കുകൾ ഇന്നും പ്രസക്തമാണ്. "ഈ ചെന്നീർക്കര ശിവക്ഷേത്രത്തിലെ ശിവനും തൊട്ടു മുൻപിൽ കാണുന്ന പള്ളിയിലെ ക്രിസ്തുവും തമ്മിൽ എന്ന് പരസ്പരം വഴക്കിടുന്നുവോ അന്ന് എന്നെ വിളിച്ചാൽ മതി.ഞാൻ രണ്ടുപേരേയും അറസ്‌റ്റു ചെയ്തു കൊണ്ടുപോകാനുള്ള ഉത്തരവിടുന്നതാണ് ". അങ്ങനെ ഹിന്ദു ക്രിസ്ത്യൻ ലഹള അവസാനിച്ചു . അച്ചൻകോവിലാറിന്റെ തീരത്തു സ്ഥിതി ചെയ്യുന്ന ശാന്തസുന്ദരമായ ഈ ഗ്രാമം സാംസ്കാരികമായി ഉന്നത സ്ഥാനം അലങ്കരിക്കുന്നു.ഈ പഞ്ചായത്തിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയം പ്രക്കാനം സി.എം. എസ്.എൽ പി സ്കൂളാണ്.ഏറ്റവും പുതിയത് കേന്ദ്രീയ വിദ്യാലയവും .