എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/അക്ഷരവൃക്ഷം/ചില കോവിഡ്കാല തിരിച്ചറിവുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

{

 ചില കോവിഡ്കാല തിരിച്ചറിവുകൾ    

2019 -ന്റെ അവസാന മാസത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പൊട്ടിപ്പുറപ്പെട്ട "നോവൽ കൊറോണ വൈറൽ ഡിസീസ് " എന്ന "കോവിഡ്- 19 " നീണ്ട നാല് മാസങ്ങൾക്കിപ്പുറവും ലോക ജനതയുടെ മേൽ അതിന്റെ അധീശത്വം തുടരുകയാണ്. കൊറോണ വൈറസ് എന്ന ഈ ഇത്തിരിക്കുഞ്ഞൻ മനുഷ്യരാശിയ്ക്ക് മേൽ ഏല്പിച്ചു കൊണ്ടിരിയ്ക്കുന്ന കനത്ത പ്രഹരം തടയുന്നതിന് ലോകരാഷ്ട്രങ്ങൾ ഒന്നാകെ പണിപ്പെട്ടുകൊണ്ടിരിക്കുന്ന ഈ അവസരത്തിൽ ഇത് നമുക്ക് പകർന്നു നൽകുന്ന ചില വലിയ തിരിച്ചറിവുകൾ നാം കാണാതെ പോകരുത്. കൊറോണ നൽകുന്ന തിരിച്ചറിവുകളിൽ ഏറ്റവും പ്രധാനം, മനുഷ്യരാശിയ്ക്ക് മാത്രം അവകാശപ്പെട്ടതാണ് ഈ ഭൂമി എന്ന മനുഷ്യന്റെ അഹങ്കാരത്തിന് അറുതി വരുത്തേണ്ട കാലം അതിക്രമിച്ചിരിയ്ക്കുന്നു എന്നതാണ്‌. സകല ജീവജാലങ്ങൾക്കും അവകാശപ്പെട്ട ഈ ഭൂമി മറ്റെല്ലാ ജീവികളെയും അടിച്ചമർത്തിയും ഇല്ലാതാക്കിയും മനുഷ്യൻ കയ്യടക്കിയപ്പോൾ നിസ്സഹായരായ ആ ജീവജാലങ്ങളുടെ വിലാപം കേട്ട് ഈശ്വരൻ ഭൂമിയിലേയ്ക്കയച്ചതാവാം ഈ കുഞ്ഞൻ വൈറസിനെ; മരഷ്യരാശിയെ ഒരു പാഠം പഠിപ്പിയ്ക്കാൻ, എല്ലാം കീഴടക്കിയെന്ന അവന്റെ അഹങ്കാരം ശമിപ്പിയ്ക്കാൻ. കൊറോണ അതിന്റെ ജൈത്രയാത്ര തുടങ്ങി അഞ്ച് മാസങ്ങൾക്കിപ്പുറവും ലോകത്തിലെ അതിസമ്പന്ന രാഷ്ട്രങ്ങൾ പോലും ഇവനെ തുരത്തേണ്ടതെങ്ങനെയെന്നറിയാതെ ഇരുട്ടിൽത്തപ്പുകയാണ്. കൊറോണയിൽ നിന്നും ഓടിയൊളിയ്ക്കാനല്ലാതെ അവനെ കീഴടക്കുന്നതിനെക്കുറിച്ച് നമുക്കിപ്പൊഴും ചിന്തിയ്ക്കാൻ പോലും ആകുന്നില്ല.രാവെന്നോ പകലെന്നോ ഇല്ലാതെ ശ്വാസം വിടാൻ പോലും നേരമില്ലാതെ പരക്കം പാഞ്ഞ് എന്തെല്ലാമോ ചെയ്തു കൂട്ടിയിരുന്ന മനുഷ്യരാശി തീർത്തും നിശ്ചലാവസ്ഥയിലായിട്ട്തന്നെ ഇപ്പോൾ ഒരു മാസക്കാലം പിന്നിട്ടിരിയ്ക്കുന്നു. ഈ ഒരു മാസക്കാലം ലോകം അക്ഷരാർത്ഥത്തിൽ സ്തംഭിച്ചിട്ടും ഈ ഭൂമിയ്ക്ക് ഒരു ചുക്കും സംഭവിച്ചിട്ടില്ല എന്നതാണ് നാം മനസ്സിലാക്കേണ്ട സത്യം. ഇവിടെ പതിവ് പോലെ സൂര്യൻ ഉദിയ്ക്കുകയും അസ്തമിയ്ക്കുകയും ചെയ്യുന്നു, പക്ഷിമൃഗാദികൾ സ്വൈര്യമായും സന്തോഷമായും വിഹരിയ്ക്കുന്നു, കരയും കടലും ശുദ്ധമായിക്കൊണ്ടിരിയ്ക്കുന്നു, വൃത്തിയും വെടിപ്പുമുള്ള ജീവിതരീതിയും സമ്മർദ്ദങ്ങളില്ലാത്ത ജീവിതക്രമവും മനുഷ്യരെ കൂടുതൽ ആരോഗ്യവാന്മാരാക്കിയിരിക്കുന്നു, അനാവശ്യ ചെലവുകളൊഴിവാക്കി ലളിതമായ ജീവിതരീതി പിന്തുടരാൻ മനുഷ്യർ ശീലിച്ചുകൊണ്ടിരിയ്ക്കുന്നു, കുടുംബബന്ധങ്ങൾ കൂടുതൽ ഊഷ്മളമായിക്കൊണ്ടിരിയ്ക്കുന്നു, കുട്ടികൾ മാതാപിതാക്കളുടെ സാമീപ്യം കൊണ്ട് സന്തോഷമുള്ളവരായിരിക്കുന്നു. ഒരേ വീട്ടിൽ തമ്മിൽ കാണാനും മിണ്ടാനും സമയം കിട്ടാതെ അവരവരുടേതായ ലോകത്ത് എന്തിനോ വേണ്ടി പരക്കം പാഞ്ഞിരുന്ന കുടുംബാംഗങ്ങൾ ഒത്തൊരുമയോടു കൂടി, കണ്ടും കേട്ടും മിണ്ടിയും പറഞ്ഞും ജീവിച്ച് തുടങ്ങിയിരിക്കുന്നു. സ്കൂളും പാഠപുസ്തകങ്ങളും പരീക്ഷകളും തൽക്കാലത്തേയ്ക്കെങ്കിലും മാറ്റിവച്ച് കുട്ടികളെ സ്വതന്ത്രരാക്കിയപ്പോൾ അവരുടെ സർഗ്ഗവാസനകൾ ചിറക് വിടർത്തിത്തുടങ്ങിയിരിക്കുന്നു. കുട്ടികൾക്കീ ബന്ധനം ബോറടിയാകുന്നുവെന്ന് മുതിർന്നവർ വ്യകുലപ്പെടുമ്പോൾ ഞങ്ങൾ കുട്ടികൾക്ക് ചിരിയ്ക്കാനാണ് തോന്നുന്നത്. കാരണം, ഞങ്ങൾ ജീവിയ്ക്കുകയാണ്, ഞങ്ങളാഗ്രഹിച്ച തരത്തിലുള്ള ജീവിതം, അച്ഛനമ്മമാരോടൊപ്പം വീട്ടിൽ ചിലവഴിയ്ക്കാൻ സാധിയ്ക്കുന്ന ഈ അസുലഭാവസരം. എല്ലാം അല്പകാലം കഴിയുമ്പോൾ പഴയപടി ആയേക്കാം; പക്ഷേ എല്ലാം തീർത്തും പഴയപടി ആകാതിരിയ്ക്കാൻ നമുക്ക് പ്രാർത്ഥിയ്ക്കാം.നമ്മൾ മനുഷ്യർ ഇല്ലെങ്കിലും ഈ ഭൂമി നിലനിൽക്കും. നമ്മളിവിടെ ഉണ്ടാവണോ എന്നത് നമ്മൾ ചിന്തിയ്ക്കേണ്ടിയിരിക്കുന്നു. വിശ്വഗുരുവായ ശ്രീനാരായണ ഗുരുദേവൻ മനുഷ്യരാശിയോട് "അവനവനാത്മ സുഖത്തിനാചരിയ്ക്കുന്നവ അപരന്ന് സുഖത്തിനായ് വരേണം" എന്നരുളിച്ചെയ്തു. അന്യർക്ക് സുഖം നൽകാൻ നമുക്കായില്ലെങ്കിലും ദുഃഖം നൽകാതിരിയ്ക്കാനെങ്കിലും നമുക്ക് സാധിയ്ക്കട്ടെ. പ്രകൃതിയേയും മണ്ണിനേയും പുഴകളേയും സമുദ്രങ്ങളെ വരെയും ദ്രോഹിച്ച് നമ്മൾ മനുഷ്യർ ഇക്കാലമത്രയും കാട്ടിക്കൂട്ടിയ കോപ്രായങ്ങൾ നമുക്കവസാനിപ്പിയ്ക്കാം. നാമെല്ലാവരും കാലയവനികയ്ക്കുള്ളിൽ മറയുമ്പൊഴും നമുക്കീ നന്മകൾ ഇവിടെ അവശേഷിപ്പിയ്ക്കാം, വരും തലമുറയ്ക്കായി. ക്രിസ്തുദേവന്റെ ഉയിർപ്പിന്റെ ഈ അവസരത്തിൽ നമുക്കൊന്നായ് ഉയിർത്തെഴുന്നേൽക്കാം, ഉണർന്നെണീയ്ക്കാം: കൈമോശം വന്ന നന്മകൾ തിരിച്ച് പിടിച്ചു കൊണ്ട്, മനുഷ്യന്റെ നിസ്സാരതയെ മനസ്സിലാക്കിക്കൊണ്ട്, മനുഷ്യന്റെ എല്ലാ അഹങ്കാരങ്ങൾക്കും അതിരുകൾ തീർത്തു കൊണ്ട്, പുതിയൊരു ലോകം കെട്ടിപ്പടുക്കാം, പുതിയൊരു ജീവിതതാളം മെനയാം, വിവേകശാലികളായി വളരാം, പരസ്പരം സ്നേഹവും കരുതലും നൽകാം. ഒന്നും നമ്മുടെ സ്വന്തമല്ല, നമ്മൾ അതിഥികൾ മാത്രമാണ് അവകാശികളല്ല. എല്ലാം നല്ലതിനായിരിക്കട്ടെ, നന്മയുടെ പുതുലോകം പിറക്കട്ടെ.


അഖിൽ വിനായക് .എം.വി
8I എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ