എസ്.എസ്.ജി.എച്ച്.എസ്.എസ്. പയ്യന്നൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പയ്യന്നൂർ

കേരളത്തിലെ കണ്ണൂർ ജില്ലയുടെ വടക്കേയറ്റത്ത് സ്ഥിതിചെയ്യുന്ന ഒരു പ്രധാന പട്ടണമാണ്‌ പയ്യന്നൂർ. ദേശീയപാത 66ൽ പെരുമ്പ പുഴയുടെ തീരത്താണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ നാഴികക്കല്ലായ ഉപ്പ് സത്യാഗ്രഹത്തിന് വേദിയായ പയ്യന്നൂർ കേരള ചരിത്രത്തിലും പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

പേരിനു പിന്നിൽ

പയ്യന്നൂർ എന്ന പേരിന്റെ നിഷ്പത്തിയെക്കുറിച്ച് പല വാദങ്ങൾ നിലവിലുണ്ട്. സംഘരാജവായിരുന്ന പഴൈയെന്റെ ഊരാണ് പയ്യന്നൂർ ആയതെന്നാണ് ഡോ. എം. ജി എസ് നാരായണൻ പറയുന്നത്. സുബ്രഹ്മണ്യസ്വാമിക്ഷേത്രം സ്ഥിതി ചെയ്യുന്നതിനാൽ പയ്യന്റെ (സുബ്രഹ്മണ്യസ്വാമി) ഊര് എന്ന അർത്ഥത്തിലാണ് ഈ പേരു വന്നത് എന്നും വാദിക്കുന്നവരുണ്ട്.

പയ്യന്നൂരിന്റെ സ്വാതന്ത്ര്യസമരചരിത്രം

സൈമൺ കമ്മിഷൻ ബഹിഷ്കരണ സമരത്തെ തുടർന്നു 1928ലാണ് പയ്യന്നൂരിന്റെ രാഷ്ട്രീയ സമരച്ചരിത്രം ആരംഭിക്കുന്നത് . ജവഹർ ലാൽ നെഹ്രുവിന്റെ അധ്യക്ഷതയിൽ പയ്യന്നൂരിൽ ചേർന്ന കെ പി സി സി സമ്മേളണം പൂർണസ്വരാജ് പ്രമേയം പാസ്സാക്കി കോൺഗ്രസിന്റെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലുകളിലൊന്നായ ദണ്ഡിയാത്രയ്ക്ക്‌ ഐക്യദാർ|ഡിയമായി 1930 ഏപ്രിൽ 13ന്‌ ഉപ്പുണ്ടാക്കി സത്യഗ്രഹം നടത്താൻ കേരളത്തിലെ നേതാക്കൾ തയ്യാറായി. കെ. കേളപ്പന്റെ നേതൃത്വത്തിൽ പയ്യന്നൂർ കടപ്പുറമാണ്‌ കേരളത്തിലെ ഉപ്പുസത്യാഗ്രഹത്തിന്‌ വേദിയായത്‌. കോഴിക്കോട്‌ നിന്നായിരുന്നു ജാഥ പുറപ്പെട്ടത്‌. ഒയ്യാരത്ത്‌ ശങ്കരൻ നമ്പ്യാരും സി.എച്ച്‌. ഗോവിന്ദൻ നമ്പ്യാരുമായിരുന്നു ജാഥ നയിച്ചത്‌. അവർ ഏപ്രിൽ 22ന്‌ പയ്യന്നൂരിലെത്തി 23ന്‌ കാലത്ത്‌ കെ. കേളപ്പന്റെ നേതൃത്വത്തിൽ പയ്യന്നൂർ കടലിൽ നിന്നും വെള്ളം എടുത്ത്‌ കുറിക്കി ഉപ്പുണ്ടാക്കുകയും പയ്യന്നൂർ അങ്ങാടിയിൽ അത്‌ വിൽക്കുകയും ചെയ്തു.

വിദേശവസ്ത്ര ബഹിഷ്കരണം, ഖാദി പ്രചരണം മദ്യവർജ്ജനം, അയിത്തോച്ചാടനം എന്നീ സാമൂഹ്യപ്രവർത്തനങ്ങളെല്ലാം പയ്യന്നൂരിൽ സജീവമായിരുന്നു. 1934ൽ ഹരിജൻ ഫണ്ട് ഏറ്റുവാങ്ങുന്നതിനായി ഗാന്ധിജി പയ്യന്നൂരിൽ വന്നിരുന്നു. 1953ൽ ആചാര്യ വിനോബാ ഭാവേയും പയ്യന്നൂരിൽ വരികയുണ്ടായി.

ചിറക്കൽ ‌‌‌തമ്പുരാന്റെ അധികാര പരിധിയിലായിരുന്നു പയ്യന്നൂരിലെ ഭൂമിയിൽ കർഷകർക്കും തൊഴിലാളികൾക്കും അടിമകളെ പോലെ ജീവിക്കേണ്ടി വന്നിരുന്നു. ചൂഷണവും മർദ്ദനവും കൊണ്ട് പൊറുതിമുട്ടിയ ജീവിതം. വഴിനടക്കാനും വിദ്യനേടാനും ഇവിടെയും പോരാട്ടം നടന്നു. വഴിനടക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള സമരത്തിൽ എ.കെ.ജി. തല്ല് കൊണ്ട് ബോധംകെട്ടുവീണത് പയ്യന്നൂരിലാണ്. തുടർന്നുണ്ടായ പോലീസ് വെടിവെപ്പിൽ ബി. പൊക്കനെന്ന ഹരിജൻ കർഷകത്തൊഴിലാളി മരണപ്പെട്ടു. കോറോം വെടിവെപ്പിനെ തുടർന്ന് ഒളിവിൽ പോയവരാണ് 1948ൽ മുനയൻകുന്നിൽ വെടിയെറ്റ് മരിച്ചത്.

സ്വാമി ആനന്ദതീർത്ഥരുടെ ശ്രീനാരായണ വിദ്യാലയം ഹരിജനോദ്ധാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ഐതിഹ്യം

പരശുരാമൻ മഴുവെറിഞ്ഞു സിന്ധു സമുദ്രത്തിൽ നിന്നും വീണ്ടെടുത്ത കന്യാകുമാരി മുതൽ ഗോകർണം വരെയുള്ള കര 64 ഗ്രാമങ്ങളായി വിഭജിച്ചു - 32 മലയാള ഗ്രാമങ്ങളും 32 തുളു ഗ്രാമങ്ങളും. അവസാന മലയാള ഗ്രാമം പയ്യന്നൂർ ആയിരുന്നു. ശ്രീ സുബ്രമണ്യ സ്വാമി ക്ഷേത്രമായിരുന്നു പയ്യന്നുരിന്റെ ഗ്രാമക്ഷേത്രം. തുളുവന്നൂർ ആയിരുന്നു തൊട്ടടുത്ത തുളുഗ്രാമം.

കണ്ടങ്കാളി

കണ്ണൂ ജില്ലയിലെ പയ്യന്നൂർ പട്ടണത്തിൽ നിന്ന് ഏകദേശം രണ്ട് കിലോമീറ്റർ തെക്ക് മാറിയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.

കണ്ടങ്കാളി ഗ്രാമത്തിന്റെ കിഴക്കും തെക്കും അതിർത്തിയായി പെരുമ്പ നദിയാണ്. പെരുമ്പ ജങ്ഷനിലൂടെയാണ് ദേശീയപാത കടന്നുപോകുന്നത്. പയ്യന്നൂരാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ.

സംസ്കാരം

പരമ്പരാഗതമായി പുരോഗമന പ്രസ്ഥാനങ്ങളുടെയും തെയ്യം, പൂരക്കളി, കോൽക്കളി എന്നിവയുൾപ്പെടെയുള്ള പരമ്പരാഗത, അനുഷ്ഠാന കലകളുടെ രൂപങ്ങളുടെയും ഭവനമാണ് കണ്ടങ്കാളി.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • ഗവണ്മെന്റ് ബോയ്സ് സ്കൂൾ, പയ്യന്നൂർ
  • ഗവണ്മെന്റ് ഗേൾസ് സ്കൂൾ, പയ്യന്നൂർ
  • സെൻറ്.മേരീസ് ഗേൾസ് സ്കൂൾ, പയ്യന്നൂർ
  • എസ് എസ്‌ ജി എച് എസ്‌ എസ്‌ കണ്ടങ്കാളി, പയ്യന്നൂർ
  • പയ്യന്നൂർ കോളേജ്
  • ശ്രീ നാരായണ എഞ്ചിനീയറിംഗ് കോളേജ്, പയ്യന്നൂർ
  • ഗുരുദേവ് ആർട്സ് ആൻഡ്‌ സയൻസ് കോളേജ്, പയ്യന്നൂർ
  • സയ്യിദ് അബ്ദുറഹ്മാൻ ഭാകഫി തങ്ങൾ മെമ്മോറിയൽ ഹൈസ്കൂൾ,പയ്യന്നൂർ
  • റെസിഡൻഷ്യൽ വിമൻസ് പോളി ടെക്‌നിക് കോളേജ്, കോറോം

ആരാധനാലയങ്ങൾ

  • ശ്രീ സുബ്രമണ്യ സ്വാമി ക്ഷേത്രം, പയ്യന്നൂർ.
  • C.S.I Christ Church പയ്യന്നൂർ.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • എസ്എസ്ജിഎച്ച്എസ്എസ് പയ്യന്നൂർ, കണ്ടങ്കാളി : ഷേണായ് സ്മാരക ഗവ. ഹയർ സെക്കന്ററി സ്കൂൾ, കണ്ണൂർ ജില്ലയിൽ പയ്യന്നൂർ നഗരസഭയിലെ കണ്ടങ്കാളിയിൽ സ്ഥിതിചെയ്യുന്നു. ഹൈസ്കുൾ ഹയർസെക്കന്ററി വിഭാഗങ്ങളിലായി ആയിരത്തിലധികം കുട്ടികൾ പഠിക്കുന്നു. 1939 ഏപ്രിൽ ആറാം തീയ്യതി കേവലം 42 സെന്റിൽ എൽ.പി. സ്കൂളായിപ്രവർത്തനം ആരംഭിച്ചു. 1962 ൽ യു.പി. സ്കൂളായും 1982 ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 2010 ൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിലുള്ള വിദ്യാലയങ്ങൾ ഗവൺമെന്റ് ഏറ്റെടുത്തപ്പോൾ വിദ്യാലയം ഷേണായ് സ്മാരക ഗവ. ഹയർ സെക്കന്ററി സ്കൂൾ ആയി മാറി.
  • എ. കുഞ്ഞിരാമൻ അടിയോടി സ്മാരക ജി.വി.എച്ച്.എസ്.എസ്. പയ്യന്നൂർ: ഗവ.ബോയ്സ് ഹൈസ്കൂൾ എന്ന് അറിയപ്പെടുന്ന ഈ വിദ്യാലയം മദ്രാസ് സംസ്ഥാനത്തെ മലബാർ ജില്ലയിലെ ആദ്യ ബോർഡ് ഹൈസ്കൂൾ ആണ്. പയ്യന്നൂർ നഗരമദ്ധ്യത്തിൽ സ്ഥിതിചെയ്യുന്നു. ഇന്ന് കണ്ണൂർ ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട വിദ്യാഭ്യാസ സാംസ്കാരിക പ്രവർത്തന കേന്ദ്രം. 1917 ൽ സ്ഥാപിക്കപ്പെട്ടു. 2022ൽ ഈ സ്കൂളിൽ പെൺകുട്ടികൾക്കും അഡ്മിഷൻ നൽകുവാൻ സർക്കാർ ഉത്തരവിറക്കി.
  • ജി.ജി.എച്ച്.എസ്.എസ് പയ്യന്നൂർ: കണ്ണൂർ ജില്ലയിലെ പയ്യന്നൂർ നഗരസഭയിൽ നഗരമധ്യത്തിലുള്ള പയ്യന്നൂർ ഗവ ഗേൾസ് എച്ച്.എസ്.എസ് പയ്യന്നൂരിലെ എകഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ.ആണ് ഇത് 1982- ആരംഭിചു.
  • സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ: പയ്യന്നുർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ് മേരീസ് ഹൈസ്ക്കൂൾ ഫോർ ഗേൾസ് പയ്യന്നൂർ 1961-ൽ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
  • പയ്യന്നൂർ കോളേജ്: കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്തുള്ള എടാട്ട് സ്ഥിതി ചെയ്യുന്ന ഒരു എയ്‌ഡഡ് കോളേജാണ് പയ്യന്നൂർ കോളേജ്. കണ്ണൂർ സർവ്വകലാശാലയോടാണ് ഈ കലാലയം അഫിലിയേറ്റ് ചെയ്തിരിക്കുന്നത്.

ശ്രദ്ധേയരായ വ്യക്തികൾ

  • എൻ. സുബ്രഹ്മണ്യ ഷേണായി : വടക്കേ മലബാറിലെ ഒരു പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും കമ്മ്യൂണിസ്റ്റു് പാർട്ടി പ്രവർത്തകനുമായിരുന്നു സുബ്രഹ്മണ്യം ഷേണായി. പയ്യന്നൂരിലായിരുന്നു അദ്ദേഹം ജീവിച്ചിരുന്നത്. ജനനം - 1913 മെയ് 5. 1928-ൽ പയ്യന്നൂരിൽ നടന്ന നാലാം കേരള രാഷ്ട്രീയ സമ്മേളനത്തിൽ ഏറ്റവും പ്രായം കുറഞ്ഞ സേവകനായിരുന്നു സുബ്രഹ്മണ്യം ഷേണായി. 1935-ൽ വടക്കൻ കേരളത്തെ പ്രതിനിധീകരിച്ചു് കെ.പി.സി.സി. അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. ആധുനിക കേരള ശില്പികളായ എ.കെ.ജി, കൃഷ്ണപിള്ള, ഇ.എം.എസു് എന്നിവരുടെ സ്വാധീനത്താൽ അദ്ദേഹം ഒരു കമ്മ്യൂണിസ്റ്റു് പ്രവർത്തകനും തൊഴിലാളി സംഘാടകനുമായിമാറി. രണ്ടു തവണ പയ്യന്നൂർ നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിച്ച് കേരളാ നിയമസഭാഗംമായി പ്രവർത്തിച്ചിരുന്നു. 2006-ൽ അന്തരിച്ചു.
  • എ. കുഞ്ഞിരാമൻ അടിയോടി: ഇന്ത്യയിലെ ആദ്യ വിദ്യാർഥി രക്തസാക്ഷി. പയ്യന്നൂർ ഹൈസ്കൂളിൽ വിദ്യാർഥിയായിരിക്കെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾക്കൊപ്പം ചേർന്നു. ഗവ.ബോയ്സ് ഹൈസ്കൂൾ എന്ന് അറിയപ്പെടുന്ന വിദ്യാലയം 2005 ൽ, സ്കൂളിലെ പൂർവവിദ്യാർത്ഥിയും സ്വാതന്ത്ര്യസമരസേനാനിയും ഇന്ത്യയിലെ ആദ്യ വിദ്യാർത്ഥി രക്തസാക്ഷിയുമായ എ.കുഞ്ഞിരാമൻ അടിയോടി സ്മരണാർത്ഥം എ.കുഞ്ഞിരാമൻ അടിയോടി ഗവ.വൊക്കേഷണൽ ഹയർ സെക്കൻററി സ്കൂൾ എന്ന് പുനർ നാമകരണം ചെയ്യപ്പെട്ടു.

ചിത്രശാല

എസ്എസ്ജിഎച്ച്എസ്എസ് പയ്യന്നൂർ
എൻ. സുബ്രഹ്മണ്യ ഷേണായി
എസ്എസ്ജിഎച്ച്എസ്എസ് പയ്യന്നൂർ