എസ്സ്.ജെ.എൽ.പി.എസ്സ്.കൊച്ചറ/എന്റെ ഗ്രാമം
കൊച്ചറ ഗ്രാമത്തിന്റെ ചരിത്രം
ചരിത്രം എന്നും ഒരു അനുസ്മരണമാണ്. അതുപോലെ ഇന്നലകളുടെ പുനർ വ്യാഖ്യാനവും ആണ്. 1946 - 50 കാലഘട്ടത്തിൽ കേരളം നേരിട്ട രൂക്ഷമായ ഭക്ഷ്യ ശാമ പരിഹാരാർത്ഥം പീരുമേട് താലൂക്കിൽ ധാരാളം ചതുപ്പ് നിലങ്ങൾ കൃഷിക്കാർക്ക് കുത്തക പാട്ടമായും അലോട്ട്മെന്റ് ആയും തിരുകൊച്ചി മന്ത്രിയായിരുന്ന ഇക്കണ്ട വാര്യരുടെ കാലത്ത് വിട്ടുകൊടുത്തു തുടങ്ങി.ഈ അവസരത്തിൽ കൃഷി തൽപരരായിരുന്ന അനവധി ആളുകൾ കിഴക്കോട്ട് കുടിയേറി. അന്ന് നെറ്റിത്തൊഴു പ്രദേശങ്ങൾ വെറും പുൽമേടുകളും കാട്ടു മൃഗങ്ങളുടെ വിഹാര രംഗവും ആയിരുന്നു. കോട്ടയം പാല,,കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ,മുക്കുളം തുടങ്ങിയ നാട്ടിൻപുറങ്ങളിൽ നിന്ന് എത്തിയവരാണ് ഇവിടത്തെ ആദ്യകാല കുടിയേറ്റക്കാർ.
കൊച്ചറ എന്ന പേരിന്റെ ആവിർഭാവം
ചക്കുപള്ളം പഞ്ചായത്തിലെ കുരുവിക്കാട്ട് പാറയിൽ നിന്ന് ആരംഭിച്ച നെൽപ്പാടങ്ങൾക്ക് നടുവിലൂടെ ശാന്തമായി ഒഴുകി കൂട്ടാറിൽ പതിക്കുന്ന കൊച്ചറ തോടിന് വളരെ പ്രാധാന്യമുണ്ട്. തമിഴ്നാട്ടിലേക്ക് വെള്ളം കടത്തുന്നതിന് ഈ തോടിന് കുറുകെ മൺചിറ നിർമ്മിക്കുകയും കനാൽ വെട്ടിത്തുറന്ന് കൊച്ചു ചിറ നിർമ്മിക്കുകയും ചെയ്തതിനാൽ ഈ പ്രദേശത്തിന് കൊച്ചറ എന്ന പേര് ഉണ്ടാവുകയും ചെയ്തു.
സ്കൂളിന്റെ ആരംഭം
കൊച്ചറ പ്രദേശത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒന്നുമില്ലാതിരുന്നതിനാൽ ഇവിടെയുള്ള ആളുകൾ വിദ്യാലയത്തിനു വേണ്ടി പരിശ്രമിക്കുകയും ശ്രീ കൊച്ചറ കൃഷ്ണൻ നായർ അധ്യക്ഷനായ ജനകീയ കമ്മറ്റിക്ക് രൂപം നൽകുകയും ചെയ്തു. കത്തോലിക്കാ പള്ളിയിൽ നിന്നും 3 ഫർലോങ്ങ് മാറി ആനക്കണ്ടം പാറക്ക് സമീപം കൊച്ചറ കുന്നിൽ ഉദ്ദേശം 750 രൂപ ചിലവു വരുന്ന ഷെഡ് നിർമ്മിച്ചു. 12-01-1958-A. E. O സ്ഥലം സന്ദർശിക്കുകയും C439/58 ഓർഡർ പ്രകാരം സ്കൂൾ ആരംഭിക്കുവാൻ അനുവാദം നൽകുകയും ചെയ്തു.17-11-1958 ൽ കൊച്ചറ എൽ പി സ്കൂൾ പഞ്ചായത്ത് പ്രസിഡന്റ് കെ. കെ കോര ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി എംഎൽഎ ആയിരുന്ന ശ്രീ കെ. റ്റി തോമസ് കരിപ്പാപറമ്പിൽ ആണ് സ്കൂളിന് തറക്കല്ലിട്ടത്. 31 കുട്ടികളെ ചേർത്ത് ത്രേസ്യാമ്മ മാത്യു ടീച്ചർ ഹെഡ്മിസ്ട്രസ് ആയി ക്ലാസ് ആരംഭിച്ചു. സ്കൂളിന്റെ ആദ്യകാല മാനേജരായി ശ്രീ വി.ജെ ജോർജിനെ മൂന്നാർ എ.ഇ.ഒ അംഗീകരിക്കുകയും സെന്റ് ജോർജ് എൽ പി സ്കൂൾ എന്ന പേര് നൽകുകയും ചെയ്തു. പൊതുജനങ്ങളിൽ നിന്ന് സംഭാവന സ്വീകരിച്ചുകൊണ്ട് സ്കൂൾ നടത്തിപ്പിന് ആവശ്യമായ തുക ഉണ്ടാക്കുവാൻ കഴിയാതെ വന്ന സാഹചര്യത്തിൽ മൂന്നാർ എ.ഇ. ഒ സ്ഥലത്തെത്തുകയും സ്കൂൾ മാനേജർ ശ്രീ വി.ജെ ജോർജ് വെട്ടുകാട്ടിലിന് സ്വന്തമായി സ്കൂൾ നടത്താൻ സാധ്യമല്ല എങ്കിൽ ഏതെങ്കിലും ഒരു സ്ഥാപനത്തിന് സ്കൂൾ വിട്ടുകൊടുക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു. ഇതിന്റെ വെളിച്ചത്തിൽ 17-05-1961ൽ എ.ഇ. ഒ യുടെ NOC123/59 ഓർഡർ പ്രകാരവും 30-6-61ലെ വിദ്യാഭ്യാസ ഡയറക്ടറുടെ ഓർഡർ പ്രകാരം സ്കൂളിന്റെ മാനേജ്മെന്റ് ചങ്ങനാശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ നെറ്റിത്തൊഴു ഇടവകയ്ക്ക് കൈമാറി.പ്രസ്തുത സമയത്ത് ശ്രീ കെ. സി മാണി, ശ്രീ കെ. വി ചാക്കോ, ശ്രീ എൻ.വി മൈക്കിൾ, ശ്രീ പി.എം ജോസഫ്, ശ്രീമതി വി.പി സാറാമ്മ, ശ്രീമതി കെ. എ ഏലിയാമ്മ എന്നിവർ ഈ സ്കൂളിലെ അധ്യാപകരായിരുന്നു.