എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2025-26
സ്റ്റുഡന്റ് പോലീസ് കാഡറ്റ് 2025-26 വർഷത്തെ പ്രവർത്തനങ്ങൾ
ഫാത്തിമമാത സ്ക്കൂളിന്റെ യശസ്സ് ഉയർത്താൻ ഇനി സ്‍റ്റുഡന്റ്സ് പോലീസ് കേഡറ്റ്സും

വിദ്യാർത്ഥികളുടെ വ്യക്തിത്വം വികസിപ്പിക്കുക,സാമൂഹിക ഉത്തരവാദിത്ത ബോധം വളർത്തുക, നിയമാനുസൃതമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ ആരംഭിച്ച ഒരു പദ്ധതിയാണ് സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്‍സ് (എസ്.പി.സി).ഈ പദ്ധതി ഇന്ത്യയിൽ ആദ്യമായി ആരംഭിച്ചത് കേരളത്തിലാണ്. 2010 ലാണ് ഔപചാരികമായി ഈ പദ്ധതി ആരംഭിച്ചത്. മുൻകാല പോലീസ് മേധാവിയായ ജേക്കബ് പുന്നൂസ് ഐ.പി.എസ് ആണ് ഇതിന്റെ സൃഷ്ടാവ്. കേരള സർക്കാർ വിദ്യാഭ്യാസ വകുപ്പിന്റെയും പോലീസ് വകുപ്പിന്റെയും സഹകരണത്തോടെ ഈ പദ്ധതി നടപ്പിലാക്കി.സംസ്ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്ന് 2019 കൊടുത്ത പദ്ധതിയാണ് എസ് പി സി. മറ്റ് തദ്ദേശസ്വയംഭരണ വകുപ്പുകളുടെ പിന്തുണയോടു കൂടിയാണ് ഈ ഒരു പദ്ധതി പ്രവർത്തിക്കുന്നത്. കേരളത്തിൽ ആകെ 127 സ്കൂളുകളിലായി 11176 ഹൈസ്കൂൾ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി കൊണ്ടാണ് എസ് പി സി പദ്ധതിക്ക് തുടക്കം കുറിച്ചത് പൗരബോധവും ലക്ഷ്യബോധവും സാമൂഹ്യപ്രതിബദ്ധതയും സേവന സന്നദ്ധതയും ഉള്ള ഒരു യുവജനതയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. പെട്ടെന്നുണ്ടാകുന്ന സാമൂഹ്യ പ്രശ്നങ്ങളിൽ ഇടപെടാനും ദുരന്ത ഘട്ടങ്ങളിൽ ഉണർന്നു പ്രവർത്തിക്കാനുമുള്ള മനോഭാവവും കരുത്തും പുതുതലമുറയ്ക്ക് ഉണ്ടാക്കിയെടുക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കുന്നു. മൊബൈൽ ഫോണിലും ലഹരിയിലും അടിമപ്പെട്ടു കൊണ്ടിരിക്കുന്ന യുവതലമുറയെ സ്വഭാവ ശുദ്ധിയിലും പെരുമാറ്റ ശീലത്തിലും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു തലമുറയായി മാറ്റിയെടുക്കുക എന്നത് എസ്പിസിയുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ്. കുട്ടികളെ കായികമായും മാനസികമായും ശക്തരാക്കാൻ ഉതകുന്ന വിവിധതരം പരിശീലനങ്ങൾ ക്യാമ്പുകൾ എന്നിവ നടത്തപ്പെടുന്നു. എല്ലാ ബുധനാഴ്ചകളിലും ശനിയാഴ്ചകളിലും പരിശീലനവും നടത്തപ്പെടുന്നു അതുകൂടാതെ കായിക പരിശീലനം പരേഡ് ,റോഡ് സുരക്ഷാ ക്യാമ്പയിനുകൾ ,നിയമ സാക്ഷരത ക്ലാസുകൾ എന്നിവ ഇതിന്റെ ഭാഗമാണ്. സ്കൂൾതല ജില്ലാതല സംസ്ഥാനതല ക്യാമ്പുകളും എസ് പി സി അംഗങ്ങൾക്കായി സംഘടിപ്പിക്കുന്നു. ഈ പദ്ധതിയുടെ ഗുണം തിരിച്ചറിഞ്ഞ് മറ്റു പല സംസ്ഥാനങ്ങളിലേയും ഉദ്യോഗസ്ഥർ കേരളത്തിൽ എത്തുകയും ഇതേപ്പറ്റി പഠനങ്ങൾ നടത്തുകയും അവരുടെ സംസ്ഥാനത്ത് ഈ പദ്ധതി നടപ്പിലാക്കുകയും ചെയ്യുന്നു.
ഫാത്തിമ മാതാ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ 2025 - 2026 അധ്യായന വർഷത്തിലാണ് എസ്.പി.സി അനുവദിച്ചത്. എൻട്രൻസ് പരീക്ഷയും ,കായികക്ഷമത പരീക്ഷയും നടത്തിയാണ് കുട്ടികളെ തിരഞ്ഞെടുക്കുന്നത് . 87 കുട്ടികൾ എൻട്രൻസ് പരീക്ഷയിൽ പങ്കെടുക്കുകയുണ്ടായി ഇതിൽ നിന്നും 44 കുട്ടികൾക്കാണ് സെലക്ഷൻ ലഭിച്ചത്.ഫാത്തിമ മാത സ്ക്കൂളിന്റെ ചരിത്രത്തിൽ തങ്കലിപികളാൽ രേഖപ്പെടുത്താവുന്ന ഒന്നാണ് എസ്.പി.സി യുടെ തുടക്കം.
ഫാത്തിമമാതയുടെ കിരീടത്തിൽ മറ്റൊരു പൊൻതൂവലായി സ്‍റ്റുഡന്റ്‍സ് പോലീസ് കേഡറ്റ്സിന് ഔദ്യോഗിക തുടക്കം

ഫാത്തിമ മാത ഗേൾസ് ഹയർസെക്കന്ററി സ്ക്കൂളിലെ എസ്.പി.സി യുടെ ആദ്യ ബാച്ചിന്റെ ഔദ്യോഗിക ഉദ്‍ഘാടനം ജൂലൈ 2 ന് അടിമാലി പോലീസ് സർക്കിൾ ഇൻസ്‍പെക്ടർ ലൈജുമോൻ സാർ നടത്തുകയും എസ്പിസിയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് ക്ലാസ് എടുക്കുകയും ചെയ്തു. തുടർന്നുള്ള എല്ലാ ബുധൻ ശനി ദിവസങ്ങളിൽ കുട്ടികൾക്ക് പരേഡും,എക്സർസൈസും നടത്താനും തീരുമാനിച്ചു. . ജൂലൈ 11 ലോക ജനസംഖ്യ ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾ പ്ലക്കാടുകൾ നിർമ്മിച്ചു കൊണ്ടുവരികയും റാലി നടത്തുകയും ചെയ്തു, കൂടാതെ ഉപന്യാസ മൽസരം നടത്തുകയും ചെയ്തു.
എസ്.പി.സി ഡേ ദിനാഘോഷം

ആഗസ്‍റ്റ് 2 എസ്.പി.സി ഡേ ആചരിക്കുകയും തുടർന്നുള്ള മീറ്റിങ്ങിൽ സി.ഐ ലൈജുമോൻ സർ , പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സൗമ്യ അനിൽl , എച്ച്.എം സിസ്റ്റർ റെജിമോൾ മാത്യു, പ്രിൻസിപ്പാൾ സിസ്റ്റർ ഷേർളി കെ.സി യും യോഗത്തിൽ പങ്കെടുത്തു. അടിമാലി സി.ഐ ലൈജുമോൻ സാർ എസ്.പി.സി ഫ്ലാഗ് ഹോസ്റ്റിങ് നടത്തുകയും . കുട്ടികൾക്ക് എസ് പി സി യുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ് എടുക്കുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. എസ്.പി.സി യുടെ നേതൃത്വത്തിൽ തുടങ്ങുന്ന പച്ചക്കറി കൃഷിയുടെ ഔപചാരികമായ ഉദ്ഘാടനം നടത്തുകയും ചെയ്തു. തുടർന്ന് കുട്ടികൾ പോലീസ് സ്റ്റേഷൻ വിസിറ്റ് നടത്തുകയും അവിടെ വരുന്ന പരാതികളെക്കുറിച്ചും അവരുടെ റൂൾസുകളെ കുറിച്ചും എസ് ഐ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. ജയില്,ഷീൽഡ്, പഴയതും പുതിയതുമായ ആയുധങ്ങളും കാണിച്ചുകൊടുക്കുകയും അവ വിശദീകരിച്ചു കൊടുക്കുകയും ചെയ്തു. പോലീസുകാർ കുട്ടികൾക്ക് മധുരപലഹാരങ്ങൾ നൽകുകയും ചെയ്തു