എച്ച് എസ് എസ് കണ്ടമംഗലം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

സംസ്ഥാനത്തെ ആഭ്യന്തര വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്ന് 2010 ൽ രൂപം കൊടുത്ത പദ്ധതിയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ്. 2010 ഓഗസ്റ്റ് 2 ന് കേരളത്തിലെ 127 സ്ക്കൂളുകളിലായാണ് എസ്.പി.സി. പദ്ധതി ഔദ്യോഗികമായി ആരംഭിച്ചത്. ' We learn to serve' എന്ന ആപ്തവാക്യം ഉൾക്കൊണ്ടു കൊണ്ടുള്ള പ്രവർത്തനങ്ങളാണ് എസ്.പി.സി നടത്തിവരുനനത്. ആഭ്യന്തര വകുപ്പിനും വിദ്യാഭ്യാസ വകുപ്പിനുമൊപ്പം ഗതാഗത-വനം-എക്സൈസ്-തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ പിന്തുണയും എസ്.പി.സി. പദ്ധതിയ്ക്കുണ്ട്.

പൗരബോധവും ലക്ഷ്യബോധവും സാമൂഹ്യപ്രതിബദ്ധതയും സേവന സന്നദ്ധതയുമുള്ള ഒരു യുവ ജനതയെ വാർത്തെടുക്കുന്നതിനു വേണ്ടിയുള്ള ഘടനാപരമായ രണ്ടു വർഷത്തെ പരിശീലന പരിപാടി ഉൾക്കൊള്ളുന്നതാണ് ഈ പദ്ധതി. കായിക പരിശീലനം, പരേഡ്, ക്യാമ്പുകൾ, റോഡ് സുരക്ഷാ ക്യാമ്പൈനുകൾ, വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ഇൻഡോർ ക്ലാസ്സുകൾ, പ്രകൃതിപഠന ക്യാമ്പുകൾ എന്നിവ ഉൾപ്പെടുന്നതാണ് എസ്.പി.സി. പരിശീലനം.

2010 മുതൽ തന്നെ എസ്.പി.സി. പദ്ധതിയുടെ ഭാഗമായി മാറാൻ ഈ വിദ്യാലയത്തിന് അവസരം ലഭിച്ചു. പട്ടണക്കാട് പോലീസ് സ്റ്റേഷന്റെ പരിധിയിലാണ് നമ്മുടെ ഈ വിദ്യാലയം ഉൾപ്പെടുന്നത്. സ്ക്കൂൾ തല എസ്.പി.സി. പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നതിന് രണ്ട് അദ്ധ്യാപകരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. കമ്മ്യുണിറ്റി പോലീസ് ഓഫീസർമാർ എന്നാണ് അവരെ അറിയപ്പെടുന്നത്. 2010 മുതൽ സി.പി.ഒ. മാരായി സേവനം ചെയ്തിരുന്നത് ശ്രീ. രാജേഷ് സാറും ശ്രീമതി ജയ ടീച്ചറും ആയിരുന്നു. 2018 മുതൽ ശ്രീമതി അതുല്യ ടീച്ചർ എസ്.പി.സി. യുടെ സി.പി.ഒ. ആയി ചുമതലയേറ്റെടുത്തു. കേഡറ്റുകളുടെ പരേഡ് പരിശീലനത്തിനായി പട്ടണക്കാട് പോലീസ് സ്റ്റേഷനിൽ നിന്ന് രണ്ടു സിവിൽ പോലീസ് ഉദ്യോഗസ്ഥർ എത്തിച്ചേരാറുണ്ട്. ഒരു എസ്.പി.സി. യൂണിറ്റിൽ 88 കേഡറ്റുകളാണ് ഉണ്ടായിരിക്കുക. (44 സീനിയർ കേഡറ്റുകളും 44 ജൂനിയർ കേഡറ്റുകളും). എട്ടാം ക്ലാസ്സിലെ കുട്ടികൾക്കാണ് കേഡറ്റുകളാകാനുള്ള അവസരം ലഭിക്കുന്നത്. 2020-21 പ്രവർത്തനങ്ങൾ കൊറോണ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേഡറ്റുകൾക്ക് ഔട്ട്ഡോർ പരിശീലനമൊന്നും നല്കിയിരുന്നില്ല. എസ്.പി.സി. യുടെ ഔദ്യോഗിക എഫ്.ബി. പേജ്, യു ട്യൂബ് ചാനൽ തുടങ്ങിയ മാദ്ധ്യമങ്ങളിലൂടെ വിവിധ ലൈവ് ക്ലാസ്സുകൾ കേഡറ്റുകൾക്കായി നടത്തി വരുന്നു.


07/07/2021 നു രാവിലെ 7.30 മുതൽ 8.30 വരെ എസ്.പി,സി. യുടെ പ്രവേശന പരീക്ഷ ഓൺലൈനായി നടത്തപ്പെട്ടു. പൂർണ്ണമായും എസ്.പി.സി. സംസ്ഥാന ഡയറക്ടറേറ്റിന്റെയും ജില്ലാ ഓഫീസിന്റെയും നേതൃത്വത്തിലാണ് പരീക്ഷ നടത്തപ്പെട്ടത്. കുട്ടികൾക്ക് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ഒരു ഓൺലൈൻ അഭിമുഖം 13/07/2021 ന് സംഘടിപ്പിക്കുകയും ചെയ്തു. തുടർന്ന് 44 കുട്ടികളെ തെരഞ്ഞെടുക്കുകയും 6 കുട്ടികളെ വെയിറ്റിങ്ങ് ലിസ്റ്റിൽ ഉൾപ്പെടുത്തുകയും ചെയ്തു.

24/07/2021 ന് കേഡറ്റുകളെയും രക്ഷിതാക്കളെയും ഉൾപ്പെടുത്തി ഒരു ഓൺലൈൻ യോഗം സംഘടിപ്പിച്ചു. എസ്.പി.സി. പദ്ധതിയെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ രക്ഷിതാക്കളെ ബോധ്യപ്പെടുത്തി. എസ്.പി.സി. യുടെ ഓഫ് ലൈൻ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതുമായുള്ള നിർദ്ദേശങ്ങൾ നൽകുന്നതിനായി 12/12/2021 ൽ ഒരു ഓൺലൈൻ മീറ്റിങ്ങ് സംഘടിപ്പിച്ചു.

എസ്.പി.സി. യുടെ 12-ാമത് വാർഷിക ദിനം ജില്ലാ ഓഫീസിന്റെ നേതൃത്വത്തിൽ ഓൺലൈനായി വളരെ സമുചിതമായി ആഘോഷിച്ചു. കേഡറ്റുകൾ എല്ലാവരും തങ്ങളുടെ വീടുകളിൽ ദീപം തെളിയിച്ചു കൊണ്ട് ഈ ആഘോഷത്തിൽ പങ്കുചേർന്നു. ഇതിനോടനുബന്ധിച്ച് ഒരു ക്വിസ് മത്സരം നടന്നു.

കോവിഡ് പ്രസരണം വ്യാപകമായ സമയമായതിനാൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് എല്ലാ കേഡറ്റുകളും മേലധികാരികളുടെ നിർദ്ദേശപ്രകാരം തങ്ങളുടെ കുടുംബാംഗങ്ങളോടൊപ്പം വീടുകളിൽ പതാക ഉയർത്തി.

സർക്കാരിൽ നിന്നും ലഭിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിൽ 17/1/2022 മുതൽ കേഡറ്റുകൾക്ക് പി.ടി., പരേഡ് എന്നീ പരിശീലനങ്ങൾ ആരംഭിച്ചു. ബുധൻ വെള്ളി ദിവസങ്ങളിൽ ഡ്രിൽ ഇൻസ്ട്രക്ടർമാർ പരിശീലനത്തിന് നേതൃത്വം നല്കി.

അച്ചടക്കബോധവും ലക്ഷ്യബോധവുമുള്ള യുവതയെ വാർത്തെടുക്കുന്ന എസ്.പി.സി. പദ്ധതിയുടെ ഓരോ പ്രവർത്തനത്തിലും കണ്ടമംഗലം ഹയർ സെക്കൻ്ററി സ്കൂൾ എസ്.പി.സി. യൂണിറ്റ് ഏറെ പ്രതിജ്ഞാബദ്ധമാണ്.