എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

ഭാരത് സ്കൗട്ട് & ഗൈഡ്

സ്കൗട്ട് മാസ്റ്റർ : പ്രകാശ് ജോർജ് കുര്യൻ (യു.പി.എസ്.എ.)‌
ഗൈഡ് ക്യാപ്റ്റൻ : സുജാകുമാരി ബി. (എച്ച് എസ്. എ. ഗണിതശാസ്ത്രം)‌
സ്കൗട്ട് മാസ്റ്റർ
പ്രകാശ് ജോർജ് കുര്യൻ HWBS
ഗൈഡ്സ് ക്യാപ്റ്റൻ
സുജാകുമാരി ബി.
അനിരുദ്ധ് ടി. സുരേഷ് 2016-17 രാഷ്ട്രപതി സ്കൗട്ട്

ആമുഖം

1909ലാണ് ഇന്ത്യയിൽ സ്കൌട്ട് പ്രസ്ഥാനം തുടങ്ങിയത്. ക്യാപ്ടൻ ടി.എച്ച്. ബേക്കർ ബാംഗ്ലൂരിൽ രാജ്യത്തെ ആദ്യ സ്കൌട്ട് ട്രൂപ് ഉണ്ടാക്കി. പിന്നീട് പൂണെ, മദ്രാസ്‌, ബോംബെ, ജബൽപൂർ തുടങ്ങിയ സ്ഥലങ്ങളിലും സ്കൌട്ട് പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇവയെല്ലാംതന്നെ ബ്രിട്ടീഷുകാരുടെ കുട്ടികൾക്കും ആംഗ്ലോ-ഇന്ത്യൻ കുട്ടികൾക്കും വേണ്ടി മാത്രമുള്ളതായിരുന്നു. 1911ൽ ജബൽപൂരിൽ ആദ്യത്തെ ഗൈഡ് കമ്പനി ഉണ്ടാക്കി.

ലക്ഷ്യം

യുവാക്കളുടെ മാനസികവും ശാരീരികവും ഭൌതികവുമായ കഴിവുകളെ പരിപോഷിപ്പിച്ചു സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുകയാണ് സംഘടനയുടെ ലക്‌ഷ്യം. വിവിധ തരത്തിലുള്ള ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിലൂടെ വിവിധ പ്രാദേശിക സാംസ്കാരിക സ്വഭാവങ്ങളുടെ സമന്വയമുണ്ടാക്കാനും അംഗങ്ങളിൽ ഐക്യവും ദേശീയമായ വീക്ഷണവും ഉണ്ടാക്കാൻ സഹായിക്കുന്നു.

ഭാരത് സ്കൗട്ട് & ഗൈഡ് കൂത്താട്ടുകുളം ഹൈസ്ക്കൂളിൽ

1970 കളിൽത്തന്നെ ജീവശാസ്ത്രാദ്ധ്യാപകനായിരുന്ന ശ്രീ ബാലൻ സാറിന്റെ നേതൃത്വത്തിൽ  കൂത്താട്ടുകുളം ഹൈസ്ക്കൂളിൽ ഭാരത് സ്കൗട്ടിന്റെ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചിരുന്നു. എന്നാൽ അദ്ദേഹം മറ്റൊരു സ്ക്കൂളിലേയ്ക്ക് പോയതോടുകൂടി നേതൃത്വം നൽകാൻ ആളില്ലാതെ സ്കൗട്ട് യൂണിറ്റ് പ്രവർത്തനം നിലച്ചു. പിന്നീട് 1991 ൽ പ്രകാശ് ജോർജ് കുര്യൻ (യു. പി. എസ്. എ.) ബേസിക് പരീക്ഷ എഴുതി വാറണ്ട് നേടിയതോടെ സ്കൗട്ട് യൂണിറ്റ് വീണ്ടും പ്രവർത്തനമാരംഭിച്ചു. ആ വർഷം ആരംഭിച്ച ആദ്യബാച്ചിൽ നിന്നും നാല് വിദ്യാർത്ഥികൾ രാഷ്ടുപതി സ്കൗട്ട് അവാർഡ് നേടി. സുധീഷ് കുമാർ എസ്., രഞ്ജിത് വി. ദിവാകരൻ, സുമേഷ് ശങ്കർ, ബെന്നി ജോൺ എന്നിവരായിരുന്നു ആദ്യ നാല് രാഷ്ട്രപതി സ്കൗട്ടുകൾ. രഞ്ജിത് വി. ദിവാകരൻ, സുമേഷ് ശങ്കർ എന്നിവർക്ക് ന്യൂഡൽഹിയിൽ നടന്ന രാഷ്ട്രപതി സ്കൗട്ട് റാലിയിൽ പങ്കെടുക്കാൻ അവസരം ലഭിക്കുകയും ചെയ്തു.
1995ൽ സുജാകുമാരി ബി. (എച്ച്. എസ്. എ. ഗണിതശാസ്ത്രം) ഈ സ്ക്കൂളിൽ ജോലിയിൽ പ്രവേശിച്ചതോടെ ഗൈഡ്സ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. ആ വർഷം ആരംഭിച്ച ആദ്യയൂണിറ്റിൽ നിന്ന് 9 പെൺകുട്ടികൾ രാജ്യപുരസ്കാർ അവാർഡുനേടി. രാഷ്ട്രപതി അവാർഡു നേടിയ ആദ്യ ഗൈഡായി ആ ബാച്ചിലെ റോണിയ എം. ബേബി മാറി. തുടർന്ന് എല്ലാവർഷങ്ങളിലും നിരവധി വിദ്യാർത്ഥികൾ സ്കൗട്ട് & ഗൈഡ്  യൂണിറ്റുകളിൽ ചേരുകയും മികച്ച പ്രവർത്തനം നടത്തുകയും ചെയ്യുന്നുണ്ട്.

സ്കൗട്ട് മാസ്റ്ററും ഗൈഡ് ക്യാപ്റ്റനും

സ്കൗട്ട് മാസ്റ്ററായി ശ്രീ പ്രകാശ് ജോർജ് കുര്യനും ഗൈഡ് ക്യാപ്റ്റനായി ബി. സുജാകുമാരിയും സേവനമനുഷ്ടിച്ചുവരുന്നു. സ്കൗട്ട് മാസ്റ്റർ പ്രകാശ് ജോർജ് കുര്യൻ 1991 ൽ ബേസിക് പരീക്ഷ ജയിച്ചു. തുടർന്ന് 1992 ൽ അഡ്വാൻസ്ഡും 1993 ൽ ഹിമാലയൻ വുഡ് ബാഡ്ജും നേടി. ഗൈഡ് ക്യാപ്റ്റൻ ബി. സുജാകുമാരി 1995 ൽ ബേസിക് പരീക്ഷയും 2015 ൽ അഡ്വാൻസ്ഡ് പരീക്ഷയും ജയിച്ചു. രണ്ടു പേരും ദീർഘകാലമായി സ്തുത്യർഹമായ സേവനം അനുഷ്ടിച്ചുവരുന്നു,

പ്രവർത്തനരീതി

സ്കൗട്ട് മാസ്റ്റർ പ്രകാശ് ജോർജ് കുര്യന്റെയും ഗൈഡ് ക്യാപ്റ്റൻ ബി. സുജാകുമാരിയുടെയും നേതൃത്വത്തിൽ ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് പ്രസ്ഥാനത്തിന്റെ ഒരു യൂണിറ്റ് നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ട്. രാജ്യപുരസ്കാർ, രാഷ്ട്രപതി മെഡലുകൾക്ക് എല്ലാ വർഷവും ധാരാളം കുട്ടികൾ അർഹത നേടുന്നുണ്ട‍്. പ്രകൃതി പഠനയാത്രകൾ, പ്രകൃതിസംരക്ഷണം, രോഗപ്രതിരോധ മാർഗ്ഗങ്ങൾ ലക്ഷ്യമാക്കിയുള്ള പൊതു ജനസമ്പർക്ക പരിപാടികൾ, എന്നിവ നടത്തിവരുന്നു. ആരോഗ്യപരിപാലനത്തിന് ഉതകുന്ന പ്രഥമ ശുശ്രൂഷ കുട്ടികൾ പരിശീലിക്കുന്നുണ്ട്. ആകസ്മികമായുണ്ടാകുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ‍ഡിസാസ്റ്റർ മാനേജ്‌മെന്റ്, ഫയർ ആന്റ് സേഫ്റ്റി എന്നീ വിഷയങ്ങളിൽ പ്രാവീണ്യം നേടുന്നുണ്ട്. എല്ലാ വെള്ളിയാഴ്ചകളിലും വൈകുന്നേരങ്ങളിൽ സ്കൗട്ട്സ് & ഗൈഡ്സിന് പരിശീലനം നൽകിവരുന്നു.

പരീക്ഷകൾ

സ്കൗട്ട് & ഗൈഡ്  യൂണിറ്റുകളിൽ ചേരുന്ന വിദ്യാർത്ഥികൾ അവരുടെ കഴിവ് തെളിയിക്കുന്നതിനായി ആറു പരീക്ഷകളിലൂടെ കടന്നുപോകുന്നുണ്ട്. പ്രവേശ്, പ്രഥമസോപാൻ, ദ്വിതീയസോപാൻ, ത്രിതീയസോപാൻ, രാജ്യപുരസ്കാർ, രാഷ്ട്രപതി എന്നിവയാണ് ആ പരീക്ഷകൾ. ഈ പരീക്ഷകളിൽ ഉന്നത വിജയം നേടുന്നതിനാവശ്യമായ പരിശീലനമാണ് സ്ക്കൂളിൽ നടക്കുന്ന ക്ലാസ്സുകളിലൂടെയും പ്രവർത്തനങ്ങളിലൂടെയും നൽകുന്നത്. ഈ പരിശീലനത്തിലൂടെ കടന്നുവരുന്ന വിദ്യാർത്ഥികൾ സാമൂഹ്യപ്രതിബദ്ധതയും ത്യാഗമനോഭാവവും, നേതൃത്വഗുണവും രാജ്യസ്നേഹവുമുള്ള ഉത്തമപൗരന്മാരായി വളർന്നുവരുന്നു. ജീവിതത്തിന്റെ വിവിധ മേഖലകളിൽ വിജയം കൈവരിച്ച ഞങ്ങളുടെ  പൂർവ്വവിദ്യാർതഥികൾ ഇതിന് തെളിവാണ്.

ക്യാമ്പിംഗ്

വിവിധ തലങ്ങളിൽ സ്കൗട്ട് & ഗൈഡുകൾക്കായി നടത്തുന്ന ക്യാമ്പുകളിൽ ഈ സ്ക്കൂളിലെ യുണിറ്റ് അംഗങ്ങൾ കൃത്യമായി പങ്കെടുക്കുന്നുണ്ട്. ജില്ലാറാലി, സംസ്ഥാനതലത്തിൽ നടക്കുന്ന ക്യാംബോരി, ദേശീയതലത്തിലുള്ള ജാംബോരി എന്നിവയിൽ പങ്കെടുക്കുന്നതിനും  മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിനും ഈ സ്ക്കൂളിലെ സ്കൗട്ട് ഗൈഡുകൾക്ക് കഴിയുന്നുണ്ട്.  മികച്ച പാർട്ടിസിപ്പേഷനുള്ള സമ്മാനങ്ങളും അഡ്വഞ്ചർ അവാർഡുകളും മിക്ക വർഷങ്ങളിലും നമ്മുടെ സ്ക്കൂളിലെ സ്കൗട്ട് & ഗൈഡുകൾക്ക് ലഭിച്ചുവരുന്നു.

ട്രക്കിംഗ് & ഹൈക്ക്

നമ്മുടെ സ്ക്കൂളിലെ സ്കൗട്ട് & ഗൈഡുകളിൽ സാഹസികതയും ധൈര്യവും കായികശേഷിയും വർദ്ധിപ്പിക്കുന്നതിനായി യൂണിറ്റുതലത്തിൽതന്നെ എല്ലാ വർഷവും ട്രക്കിംഗു് നടത്തുന്നുണ്ട്. പ്രകൃതി സംരക്ഷണത്തിൽ പങ്കാളികളാകുക, പ്രകൃതി സ്നേഹം വളർത്തുക, പ്രകൃതിയിൽ നിന്നും ജീവിതപാഠങ്ങൾ ഉൾക്കൊള്ളുക തുടങ്ങിയ ലക്ഷ്യത്തോടെ എല്ലാ വർഷവും  ഹൈക്കിംഗും  നടത്തുന്നുണ്ട്. മാപ്പിംഗ് പരിശീലനത്തിനും ഹൈക്ക് പ്രയോജനപ്പെടുത്തുന്നുണ്ട്.

ഭാരത് സ്കൗട്ട് & ഗൈഡ് വാർത്തകൾ

ജീവിത നൈപുണി പരിശീലനം

സ്കൗട്ട് മാസ്റ്റർ സോപ്പുനിർമ്മാണം പരിശീലിപ്പിക്കുന്നു


സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൗട്ട് ഗൈഡുകൾക്കായി സയൻസ് ക്ലബ്ബിന്റെ സഹായത്തോടെ സോപ്പുമിർമ്മാണ പരിശീലന ക്ലാസ്സ് നടത്തി. ക്ലാസ്സ് പ്രതിനിധികളും പരിശീലനപരിപാടിയിൽ പങ്കാളികളായി. ജീവശാസ്ത്രാദ്ധ്യാപകൻ അനിൽ ബാബു കെ.യും സ്കൗട്ട് മാസ്റ്റർ പ്രകാശ് ജോർജ് കുര്യനും ചേർന്നാണ് ക്ലാസ്സ് നയിച്ചത്. കുളിസോപ്പും അലക്കുസോപ്പും സ്വയം നിർമ്മിക്കുന്നതിലൂടെ സ്വയം പര്യാപ്തതയും സാമ്പത്തിക ലാഭവും എങ്ങെനെയുണ്ടാകുന്നുവെന്നും സോപ്പുനിർമ്മാണത്തിന്റെ ശാസ്ത്രീയവശങ്ങളും അനിൽ സാർ വിശദീകരിച്ചു. ശാസ്ത്രസാഹിത്യ പരിഷത് നൽകുന്ന സോപ്പു നിർമ്മാണ കിറ്റാണ് പറിശീലനത്തിന് ഉപയോഗിച്ചത്. പരിശീലനപരിപാടിയുടെ ഭാഗമായി നിർമ്മിച്ച സോപ്പുകൾ ക്യുവറിംഗിനു ശേഷം സ്കൗട്ട് ഗൈഡുകൾക്ക് വിതരണം ചെയ്യും.


ജില്ലാ ഓറിയന്റേഷൻ കോഴ്സ്

ജില്ലാ ഓറിയന്റേഷൻ കോഴ്സ്
മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെ സ്കൗട്ട് മാസ്റ്റർമാർക്കും ഗൈഡ് ക്യാപ്റ്റൻമാർക്കുമായി ആഗസ്റ്റ് 31, സെപ്റ്റംബർ 1 തീയതികളിൽ മൂവാറ്റുപുഴ സ്കൗട്ട് ഭവനിൽ  ജില്ലാ ഓറിയന്റേഷൻ കോഴ്സ് നടന്നു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. സാവിത്രി കോഴ്സ് ഉദ്ഘാടനം ചെയ്തു. അസി. സ്റ്റേറ്റ് ഓർഗ്ഗനൈസിംഗ് കമ്മീഷണർ സുധീഷ് കുമാർ, ആലുവ ജില്ലാ ട്രെയിനിംഗ് കമ്മീഷണൻ റോസക്കുട്ടി, മൂവാറ്റുപുഴ ജില്ലാ ട്രെയിനിംഗ് കമ്മീഷണൻ എ. വി. മനോജ്എന്നിവർ ക്ലാസ്സുകൾ നയിച്ചു. യൂണിറ്റ് തലപ്രവർത്തനങ്ങളുടെ ആസൂത്രണവും കാര്യക്ഷമമായ നടത്തിപ്പും സംബന്ധിച്ചായിരുന്നു ക്ലാസ്സുകൾ. കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ നിന്നും യൂണിറ്റിനെ പ്രതിനിധീകരിച്ച് സ്കൗട്ട് മാസ്റ്റർ പ്രകാശ് ജോർജ് കുര്യനും ഗൈഡേ ക്യാപ്റ്റൻ ബി. സുജാകുമാരിയും ജില്ലാ ഓറിയന്റേഷൻ കോഴ്സിൽ പങ്കെടുത്തു.

ദേശീയ അദ്ധ്യാപക ദിനം ആചരിച്ചു.

ദേശീയ അദ്ധ്യാപക ദിനം


സ്കൂൾ സ്കൗട്ട് & ഗൈഡ് യൂണിറ്റിന്റെ അഭിമുഖ്യത്തിൽ ദേശീയ അദ്ധ്യാപക ദിനം ലളിതമായ ചടങ്ങുകളോടെ ആചരിച്ചു. സ്കൗട്ട് ഗൈഡുകൾ രാവിലെ ഓഫീസിൽ ഹെഡ്മിസ്ട്രസ് ലേഖാ കേശവനെ സന്ദർശിച്ച്‌ പൂച്ചെണ്ടുനൽകി അദ്ധ്യാപക ദിനാശംസകൾ നേർന്നു. തുടർന്ന് ടീച്ചേഴ്സ് റൂമിലെത്തി എല്ലാ അദ്ധ്യാപകർക്കും പനിനീർപ്പൂവ് നൽകി ആശംസകൾ അറിയിച്ചു.




കൂത്താട്ടുകുളം ഉപജില്ലാ തൃതീയസോപാൻ ക്യാമ്പ്

തൃതീയസോപാൻ ക്യാമ്പിനു പുറപ്പെടുന്ന സ്കൗട്ട് ഗൈഡുകൾ (07-09-2018)



കൂത്താട്ടുകുളം ഉപജില്ലയിലെ ആറ് സ്കൗട്ട് & ഗൈഡ് യൂണിറ്റുകൾ ഉൾപ്പെടുന്ന കൂത്താട്ടുകുളം ഉപജില്ലാ തൃതീയസോപാൻ ക്യാമ്പ് ഇലഞ്ഞി സെന്റ് പീറ്റേഴ്സ് ഹയർ സെക്കന്ററി സ്ക്കൂളിൽ 07-09-2019 ന് ആരംഭിച്ചു. കുത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ സ്കൗട്ട് & ഗൈഡ് യൂണിറ്റിൽ നിന്നും 36 അംഗങ്ങൾ പങ്കെടുക്കുന്നുണ്ട്. ക്യാമ്പ് ഞായറാഴ്ച സമാപിക്കും.




ഹൈക്ക് 2018

ഹൈക്ക് 2018 (കൂര്മല)



കൂത്താട്ടുകുളം ഉപജില്ലാ തൃതീയസോപാൻ ക്യാമ്പ് നടക്കുന്ന ഇലഞ്ഞി സെന്റ് പീറ്റേഴ്സ് ഹയർ സെക്കന്ററി സ്ക്കൂളിൽ നിന്നും 08-09-2019 ന് സ്കൗട്ട് ഗൈഡുകൾ ഹൈക്ക് നടത്തി. നാലുകിലോമീറ്റർ അകലെയുള്ള കൂരുമലയിലേയ്ക്കായിരുന്നു ഹൈക്ക്. കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ സ്കൗട്ട് & ഗൈഡ് യൂണിറ്റിൽ നിന്നും 36 അംഗങ്ങൾ ഉൾപ്പെടെ 168 കുട്ടികൾ പങ്കെടുത്തു. സ്കൗട്ട് & ഗൈഡ് മൂവാറ്റുപുഴ ജില്ലാ സെക്രട്ടറി ജോഷി കെ. പോൾ, ക്യാമ്പ് ലീഡർ പ്രകാശ് ജോർജ് കുര്യൻ എന്നിവർ നേതൃത്വം നൽകി.




ചിത്രശാല

1993 ലെ സ്കൗട്ട് യൂണിറ്റ് അംഗങ്ങൾ ഹെഡ്‌മാസ്റ്റർ മാണി പീറ്ററിനൊപ്പം
ഈ സ്ക്കൂളിലെ ആദ്യ രാഷ്ട്രപതി ഗൈഡ് കുമാരി റോണിയ എം. ബേബിക്ക് കൂത്താട്ടുകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. നന്ദിനിയമ്മ ടീച്ചർ രാഷ്ട്രപതി ഗൈഡ് സർട്ടിഫിക്കറ്റ് നൽകുന്നു.(1997)
പ്രകൃതിയിലേയ്ക്ക് - ഹൈക്ക് 2016 (കിഴകൊമ്പ് കാവ്)
സേവനരംഗത്ത് - ഔഷധോദ്യാന നിർമ്മാണത്തിൽ (2015)
മയക്കുമരുന്ന് ബോധവൽക്കരണ ക്ലാസ് (2016)
പച്ചക്കറി വിത്തുവിതരണം (2015)
ഹൈക്ക് 2017 (ഫ്ലാഗ് സല്യൂട്ട്)
ഹൈക്ക് 2017 (കൊച്ചരീക്കൽ)
ഹൈക്ക് 2017 (കൊച്ചരീക്കൽ)
ഗൈഡ് ക്യാപ്റ്റനും ഗൈഡുകളും ക്യാമ്പിൽ (2017)
ഗൈഡുകൾ പരിശീലനത്തിൽ (2015)
സ്കൗട്ടുകൾ വെള്ളപ്പൊക്കദുരിതാശ്വാസ പ്രവർത്തനങ്ങളിൽ (2018 ആഗസ്റ്റ്)
സ്കൗട്ടുകൾ വെള്ളപ്പൊക്കദുരിതാശ്വാസ പ്രവർത്തനങ്ങളിൽ (2018 ആഗസ്റ്റ്)
സാമൂഹ്യസേവനരംഗത്ത്- ശുചിത്വഗ്രാമം റാലിയിൽ (2015)
ഗൈഡുകൾക്ക് സോപ്പു നിർമ്മാണ പരിശീലനം
ദേശീയ അദ്ധ്യാപക ദിനം 2018
ഹൈക്ക് 2018 (കൂര്മല)